സി എം എസ് എച്ച് എസ് കറ്റാനം/അക്ഷരവൃക്ഷം/കൊറോണപ്പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണപ്പാഠം

വുഹാനിൽ ഉടലെടുത്ത കൊറോണ വൈറസ് ഇന്ന് ലോകം മുഴുവൻ പടർന്നിരിക്കുന്നു. കൊറോണ വൈറസ് കാരണം ലോകം തന്നെ അടച്ചിട്ടിരിക്കുകയാണ്. കൊറോണ വാർത്തകൾ പ്രചരിച്ചു തുടങ്ങിയപ്പോൾ മുതൽ എല്ലാവരും ഭയപ്പെട്ടിരുന്നു. എന്നാൽ ഭയമല്ല ജാഗ്രതയാണ് വേണ്ടത്. കോവിഡ് 19 ലോകത്തെ ഉഴുതുമറിച്ചു. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിലെ രാജകുമാരനും പ്രധാനമന്ത്രിയും ഉൾപ്പെടെ പല രാഷ്ട്രത്തലവന്മാരും അതിനു വിധേയരായി. നിമിഷക്കണക്കിൽ മരണനിരക്ക് ഉയരുന്നു. രോഗികളുടെ എണ്ണം പെരുകുന്നു. കേരളത്തിൽ ആരോഗ്യ പ്രവർത്തകർ പോലും രോഗബാധിതരാകുന്നു. ആരോഗ്യ പ്രവർത്തകരും സ്വന്തം ജീവൻ പോലും പണയം വെച്ച് സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്നു.

എന്നാൽ കൊറോണ വൈറസിന് ഒരുപാട് നല്ല വശങ്ങൾ കൂടിയുണ്ട്. വൈറസിന് എല്ലാവരും തുല്യരാണ്. പണ്ഡിതനെന്നോ പാമരനെന്നോ, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ, സുന്ദരൻ എന്നോ വിരൂപൻ എന്നോ, പ്രമുഖൻ എന്നോ കുപ്രസിദ്ധനെന്നോ, വേർതിരിവില്ല. എല്ലാവരും തുല്യരാണെന്ന തിരിച്ചറിവാണ് കോവിഡ് നമ്മെ പറയാതെ പഠിപ്പിക്കുന്നത്. നാം പിന്തുടർന്ന രീതികൾക്ക് കൊറോണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. പരസ്പരം കൈ കൊടുക്കാൻ മടിക്കുന്നു. ഇവിടെയാണ് ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായുള്ള നമസ്തേ ക്ക് പ്രസക്തിയേറുന്നത്. വിവാഹങ്ങൾക്ക് ആർഭാടം വേണ്ട, ആരാധനാലയങ്ങളിൽ ചടങ്ങുകൾ മാത്രമാക്കുക, ഉത്സവങ്ങളിൽ അമിത ആഘോഷം കുറയ്ക്കുക തുടങ്ങിയവയൊക്കെ കൊറോണക്കാലം മാറിയാലും പാലിക്കാവുന്ന നിർദ്ദേശങ്ങളാണ്. വ്യക്തി ശുചിത്വം പാലിക്കുന്നതിൽ ഇപ്പോൾ നമ്മൾ ഏറെ ശ്രദ്ധാലുക്കളാണ്. കൊറോണ ഭീതി മറികടന്നാലും ഇത് തുടരാം. കുട്ടിക്കാലം മുതൽ സമൂഹത്തോടും ദൈവത്തോടും മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഉള്ള ഉത്തരവാദിത്വം പഠിപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ ഉണ്ട്. എന്നാൽ അവനവനോടുള്ള ഉത്തരവാദിത്വം ഇതിലൊക്കെ അപ്പുറമാണ്. സത്യവും നീതിയും സ്നേഹവും ഇവിടെയാണ് തുടങ്ങേണ്ടത്.

അന്ധവിശ്വാസങ്ങളെ അകറ്റാം. സ്വയം അമാനുഷികരെന്നു പ്രചരിപ്പിച്ച ആൾദൈവങ്ങളെ കൊറോണക്കാലത്ത് കാണാനേയില്ല. ഈ തിരിച്ചറിവ് കൊറോണ കടന്നുപോകുന്നതോടെ ഇല്ലാതാക്കേണ്ടതല്ല, എക്കാലവും കാത്തു സൂക്ഷിക്കേണ്ടതാണ്.

അദ്വൈത് ധനേഷ്
8.ബി സി.എം.എസ്.എച്ച്. എസ്, കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ