ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വില്ലൻ

ഇന്ന് ലോകരാജ്യങ്ങൾ ഒന്നടങ്കം നേരിടുന്ന ഒരു വലിയ വിപത്താണ് കൊറോണ വൈറസിന്റെ (കോവിഡ്-19 ) വ്യാപനം. മനുഷ്യജീവന് പുല്ലുവില പോലും നൽകാതെ താഴ്ന്നവനെന്നോ ഉയർന്നവനെന്നോ, കുട്ടികളെന്നോ മുതിർന്നവരെന്നോ, കറുത്തവരെന്നോ വെളുത്തവരെന്നോ, യാതൊരുവിധ വ്യത്യാസവുമില്ലാതെ എല്ലാവരെയും ഒരുപോലെ വിറപ്പിക്കുകയാണ് കൊറോണ. ഇന്ന് നമുക്ക് കാണാൻ കഴിയുന്നത് ശ്മാശാനഭൂമികളായ വൻകിടരാജ്യങ്ങളെയാണ്. കൊറോണയുടെ ജന്മം ചൈനയിലെ വുഹാൻ ആണെങ്കിലും ഇതിനകം തന്നെ അത് ലോകം മുഴുവൻ സഞ്ചരിച്ച് കഴിഞ്ഞു. ഇതിന്റെ ആരംഭത്തിൽ തന്നെ എല്ലാവരും ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഒരു പക്ഷെ കൊറോണയുടെ വ്യാപനം തടയാമായിരുന്നു. മനുഷ്യസ്വാധീനമുള്ള വൻകിടരാജ്യങ്ങളായ അമേരിക്ക, ഇറ്റലി, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ വ്യാപിച്ചിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെയും ഇന്ന് കൊറോണ ബാധിച്ചിരിക്കുകയാണ്. ആദ്യമായി തൃശൂരിലാണ് രോഗം സ്ഥിതീകരിച്ചത്. മലയാളികൾ ഇന്ന് ഒറ്റക്കെട്ടായി കൊറോണയെ ചെറുത്തു നിർത്തുകയാണ്. എന്തുവന്നാലും ഒറ്റക്കെട്ടായി നിൽക്കണം എന്ന സന്ദേശമാണ് ഇന്ന് കേരളം മറ്റുരാജ്യങ്ങൾക്ക് നൽകുന്നത്. കൊറോണയുടെ ആരംഭത്തിൽത്തന്നെ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സഹകരിച്ച എല്ലാ ഡോക്ടർമാർക്കും നഴ്‌സുമാർക്കുമായി സംഘടിപ്പിച്ച ജനത കർഫ്യുവിലും നമ്മുടെ ഇന്ത്യ മഹാരാജ്യം മുഴുവൻ സഹകരിച്ചു. പ്രളയം കേരളത്തെ അന്ന് വിഴുങ്ങിയതുപോലെ ഇന്ന് കൊറോണ ലോകം മുഴുവനെയും വിഴുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നമ്മൾ ഓരോരുത്തരും കൊറോണയെ ചെറുക്കണം എന്ന് സ്വയം തീരുമാനമെടുക്കണം. കൈകൾ എല്ലായിപ്പോഴും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വീട്ടിലുള്ള വയസായവരെ നന്നായി പരിചരിക്കുക. കൂട്ടം കൂടി നിൽക്കുന്നത് പരമാവധി ഒഴിവാക്കുക. മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടുമ്പോൾ പരമാവധി ഒരു മീറ്റർ അകലം പാലിക്കുക. പനി, ചുമ, ശ്വാസതടസം ഇങ്ങനെ ഏതെങ്കിലും വിധത്തിലുള്ള അസുഖങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടുക. എവിടെപ്പോയാലും മാസ്ക് നിർബന്ധമായും ധരിക്കുക തുടങ്ങിയവയിലൂടെ കൊറോണയെ ഒരു പരിധിവരെ നമുക്ക് തടയാം. ലോക്ഡൗണിൽ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അതുല്യ എസ് എൽ
9 C ലിയോ തേർട്ടീന്ത് എച്ച് എസ് എസ്,പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം