ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര/അക്ഷരവൃക്ഷം/ഇനി ശീലമാകണം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ഇനി ശീലമാകണം ശുചിത്വം

സമൂഹം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിയിൽ 'ശുചിത്വം ' നാം ചർച്ചചെയ്യുന്നതിന് വളരെയേറെ പ്രസക്തിയുണ്ട്. ഇന്ന് മാത്രമല്ല, ഇക്കാലമത്രയും ഇനി മുമ്പോട്ടും ആരോഗ്യസംരക്ഷണത്തിന് അനിവാര്യമായ ഘടകം തന്നെയാണ് 'ശുചിത്വം '. വ്യക്തിശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെ പല ഘട്ടങ്ങളിലായി നമുക്കിത് ശീലമാക്കാം. ശുചിത്വം നാം ശീലമാക്കുന്നതോടെ നിരവധി പകർച്ചവ്യാധികളിൽ നിന്ന് ഒരു പരിധി വരെ മുക്തി നേടാവുന്നതാണ്.

ലോകത്തെ കൊറോണ വൈറസ് എന്ന മഹാമാരി വലയം ചെയ്തിട്ട് നാളുകൾ ധാരാളമായിരിക്കുന്നു. രോഗപ്രതിരോധത്തിന്റെ ഭാഗമായി സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശത്താൽ പല രാജ്യങ്ങളും ഇപ്പോൾ ലോക്ഡൗൺ നടപ്പാക്കിയിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കുക അതുവഴി സമൂഹവ്യാപനം തടയുകയും രോഗവ്യാപനത്തിന്റെ തോത് കുറക്കുകയുമാണ് ലോക്ഡൗൺ കൊണ്ടുള്ള ഉദ്ദേശ്യം. ലോക്ഡൗൺ പൂർണ്ണമായോ അല്ലെങ്കിൽ ഭാഗീകമായോ പിൻവലിക്കുന്ന സാഹചര്യത്തിൽ എങ്ങനെ ഈ പകർച്ചവ്യാധിയെ പിടിച്ചുനിർത്താനാകും എന്നാണ് ഇനി ചിന്തിക്കേണ്ടത്. ലോക്ഡൗണിന് ശേഷം ചില കാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് വ്യക്തിശുചിത്വം.വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ മാത്രമേ സാമൂഹ്യശുചിത്വം ഉറപ്പുവരുത്താൻ സാധിക്കുകയുള്ളൂ. വ്യക്തി ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കി വേണം മുന്നോട്ടുപോകാൻ. കൃത്യമായ ഇടവേളകളിൽ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് സമയമെടുത്ത് നന്നായി കഴുകുക. പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ സാനിറ്റൈസർ കൈയ്യിൽ കരുതുകയും അതുപയോഗിച്ചു കൈകൾ വൃത്തിയാക്കുകയും മാസ്ക് ധരിക്കുകയും വേണം. മുഖത്തും മറ്റും ഇടയ്ക്കിടെ കൈകൾ കൊണ്ട് സ്പർശിക്കാതിരിക്കുകയും ചെയ്യുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മറയ്ക്കുക. അതുവഴി രോഗാണുക്കൾ വായുവിലൂടെ പടരുന്നത് ഒഴിവാക്കാൻ സാധിക്കുന്നതാണ്. പൊതുസ്ഥലങ്ങളിൽ നാം കർശനമായി പാലിക്കേണ്ട ധാരാളം ശുചിത്വമുറകളുണ്ട്. അവയിലൊന്നാണ് പൊതുസ്ഥലങ്ങളിൽ തുപ്പുന്ന സ്വഭാവം അവസാനിപ്പിക്കുക എന്നത്. പൊതുശുചിമുറികൾ ഉപയോഗിക്കുന്നത് കുറയ്ക്കുക, അത്യാവശ്യങ്ങൾക്കല്ലാതെ പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുക, വലിയ തിരക്കുള്ള ചടങ്ങുകൾ ഒഴിവാക്കുക, കൂട്ടം കൂടാനുള്ള സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുക തുടങ്ങിയവയെല്ലാം നമ്മുടെ ശീലങ്ങളായി മാറണം. വീടുകളിലും വിദ്യാലയങ്ങളിലും 'ഡ്രൈ ഡേ ' ആചരിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്യുക. കൊതുക് പടർത്തുന്ന ധാരാളം പകർച്ചവ്യാധികളുണ്ട്. അവയിൽ ഒന്നാണ് ഡെങ്കിപ്പനി.ഇവ തടയാനായി കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക എന്നതാണ് ചെയ്യാനുള്ളത്. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, ജലം മലിനമാകാതെ ശ്രദ്ധിക്കുക, വീട്ടുമുറ്റത്തിൽ നിന്നും ചിരട്ട, മുട്ടത്തൊണ്ട് ഇവകൾ ഒഴിവാക്കുക തുടങ്ങിയവ പ്രത്യേകം ശ്രദ്ധിക്കുക.

കഴിഞ്ഞ വർഷങ്ങളിൽ നാം മഹാജല പ്രളയത്തെ അഭിമുഖീകരിച്ചിരുന്നു. ഒരുമയോടെയും സമഭാവനയോടെയും നാം അതിനെ അതിജീവിക്കുകയും ചെയ്തു. എന്നാൽ പ്രളയത്തിനു ശേഷം പരിസരം മലിനമാവുകയും തുടർന്ന് എലിപ്പനി പോലെയുള്ള അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്തു. വെള്ളം ക്ലോറിനേഷൻ നടത്തി വൃത്തിയാക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ക്യാമ്പുകളിൽ ആരോഗ്യത്തെ സംരക്ഷിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാക്കുക, വ്യക്തിശുചിത്വം പാലിക്കുക ഇവയൊക്കെയാണ് നാം ആ ദിവസങ്ങളിൽ സ്വീകരിച്ച സുരക്ഷാമുൻകരുതലുകൾ.

നേരത്തെ പറഞ്ഞതുപോലെ വ്യക്തിശുചിത്വം പാലിച്ചാൽ സാമൂഹ്യശുചിത്വം ഉറപ്പാക്കാവുന്നതാണ്. പൊതുസ്ഥലങ്ങളിൽ തുപ്പുക, പുഴയിലും മറ്റും മാലിന്യം തള്ളുക തുടങ്ങിയവ ശക്തമായ നിയമത്താൽ സർക്കാർ പൂർണ്ണമായും ഇല്ലാതാക്കണം. വായുവിനെ മലിനമാക്കും വിധം ഫാക്ടറികളിൽ നിന്നും ഉയർന്നു വരുന്ന പുക നമ്മുടെ ആരോഗ്യത്തിന് ഭീഷണിയാണ്.

ലോകത്തെ ഇന്ന് മുൾമുനയിലാക്കിയ കൊറോണ വൈറസിന് എതിരായുള്ള മരുന്നും മറ്റും കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ ശാസ്ത്രം നടത്തുന്നുണ്ട്. ഇതുവരേയും കണ്ട്പിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ രോഗം വരാതിരിക്കാനുള്ള സുരക്ഷാനടപടികൾ സ്വീകരിക്കുക എന്നതാണ് ചെയ്യാനുള്ളത്. രോഗം വന്നിട്ട് ചികിത്സ എടുക്കുന്നതിലല്ല സ്വഭാവികമായ രോഗപ്രധിരോധ ശേഷി ഉറപ്പുവരുത്തുന്നതിലാണ് കാര്യം. ചികിത്സയേക്കാൾ ഉചിതം പ്രതിരോധമാണ് . രോഗം വരാതിരിക്കാനുള്ള ഉത്തമമായ സുരക്ഷാനടപടിയാണ് ശുചിത്വം പാലിക്കൽ. ഇത്തരം മഹാമാരികൾ ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യ ശുചിത്വ ശീലങ്ങളിൽ ഗുണപരവും ഫലപ്രദവുമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നതിൽ സംശയമില്ല.

അഫിമോൾ അഷ്റഫ്
10 സി റ്റി റ്റി വി എച്ച് എസ് എസ്
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം