ജി. എഫ്. യു. പി. എസ് ഉദിന‌ൂർകടപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസറഗോഡ്‌ ജില്ലയുടെ തെക്കെ അറ്റത്തായി കവ്വായിക്കായലിനും അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ ഏകഗവ.അപ്പർ പ്രൈമറി വിദ്യാലയമാണ്‌ ഗവ.ഫിഷറീസ്‌ യു.പി.സ്കൂൾ ഉദിനൂർകടപ്പുറം. 1915-ൽ പ്രദേശത്തെ ഉല്പതിഷ്ണുവായ ശ്രീ.എറങ്കൻ കുഞ്ഞിക്കൊട്ടന്റെ മേൽനോട്ടത്തിലാണ്‌ വിദ്യാലയം സ്ഥാപിതമാവുന്നത്‌, മദിരാശി സംസ്ഥാനത്തിനു കീഴിൽ സൗത്ത്‌ കാനറാ ഡിസ്‍ട്രിക് ബോ‍‍‍‍‍‍‍‍‍ർ‍ഡിന് കീഴിൽ വിദ്യാലയത്തിന്‌ അംഗീകാരം നേടാനായതോടെ സർക്കാരിൽ നിന്നും ഗ്രാന്റുകൾ ലഭിച്ചുതുടങ്ങി. യാത്രാസൗകര്യങ്ങൾ പരിമിതമായിരുന്ന അക്കാലത്ത്‌ തന്നെ വിദ്യാഭ്യാസത്തിന്റെ വില മനസ്സിലാക്കിയവരായിരുന്നു നമ്മുടെ പൂർവ്വസൂരികൾ എന്നതിൽ നമുക്ക്‌ അഭിമാനിക്കാം. 1915-ൽ ഒന്നാംക്ലാസ്സും തുടർന്ന്‌ ക്രമമായി അഞ്ചാം ക്ലാസ്സ്‌ വരെയുള്ള എൽ. പി.വിദ്യാലയമായി മാറി. കുഞ്ഞിക്കൊട്ടന്റെ സ്‌കൂൾ, കന്നുവീട്ടിലെ സ്‌കൂൾ എന്നിങ്ങനെയുള്ള പേരിലായിരുന്നു വിദ്യാലയം ആദ്യകാലത്ത്‌ അറിയപ്പെട്ടിരുന്നത്‌.

ഉദിന‍ൂർ വില്ലേജിന്റെ ഭാഗമായുള്ള കടപ്പുറമായതിനാൽ സർക്കാർ രേഖകളിൽ ഈ പ്രദേശം ഉദിനൂർകടപ്പുറമെന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. 1946-ൽ വിദ്യാലയം ഫിഷറീഷ്‌ ഡിപ്പാർട്ട്‌മെന്റ്‌ ഏറ്റെടുത്തതോടെ ഗവ.ഫിഷറീസ്‌ എൽ.പി.സ്കൂൾ ഉദിനൂർകടപ്പുറം നിലവിൽ വന്നു. പിലിക്കോടുള്ള ശ്രീ.കുഞ്ഞമ്പു നമ്പ്യാർ, തലശ്ശേരിക്കാരനായ ശ്രീ.അബ്ബാസ്‌, അച്യുതൻ മാഷ്‌, കണ്ണ‍ൂർക്കാരനായ ശ്രീ.കൃഷ്ണൻ മാഷ്‌ തുടങ്ങിയവരായിരുന്നു അക്കാലത്തെ പ്രമുഖ അധ്യാപകർ. പഴയ സ്‌കൂളിലെ കിഴക്ക്‌- പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലായിരുന്നു എൽ.പി. ക്ലാസ്സ‍ുകൾ പ്രവർത്തിച്ചിരുന്നത്‌. വലിയപറമ്പ്‌, ഇടയിലക്കാട്‌, മാടക്കാൽ പ്രദേശങ്ങളിലെ ഏക വിദ്യാലയമായിരുന്നതിനാൽ എല്ലാവരും പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ വിദ്യാലയത്തെയാണ്‌ ആശ്രയിച്ചിരുന്നത്‌. കൂട്ടികൾ കൂടുതലായതിനാൽ ഓരോ ക്ലാസ്സിനും രണ്ട്‌ വീതം ഡിവിഷനുകൾ ഉണ്ടായിരുന്നു. സ്ഥലപരിമിതിമൂലം പഴയ സ്‌കുളിന്റെ വടക്ക്‌ ഭാഗത്തായി നിർമ്മിച്ച ഷെഡ്ഡുകളിലും ക്ലാസ്സുകൾ നടത്തിയിരുന്നു. ഉപരിപഠനത്തിനായി സെന്റ്‌ പോൾസ്‌ യു.പി. സ്‌കൂളിൽ മാത്രമാണ്‌ അന്ന്‌ സൗകര്യങ്ങൾ ഉണ്ടായിരുന്നത്‌. റോഡുകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത്‌ കാൽനടമാത്രമായിരുന്നു ശരണം. അതുകൊണ്ട്‌ തന്നെ അഞ്ചാം ക്ലാസ്സോടെ പലരും പഠനം നിർത്തിയിരുന്നു. സ്‌കൂൾ അപ്ഗ്രേഡ്‌ ചെയ്യാനുള്ള ശ്രമങ്ങൾ അക്കാലത്ത്‌ തന്നെ തുടങ്ങിയിരുന്നു. പ്രദേശത്തെ ചെറുപ്പക്കാരുടെയും നാട്ടുകാരുടെയും സമ്മർദ്ദഫലമായി 1953ൽ ശ്രീ.പി.പി. ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന കാലഘട്ടത്തിലാണ്‌ അപ്ഗ്രേഡ്‌ ചെയ്യപ്പെട്ട്‌ യു.പി.വിദ്യാലയമായി മാറുന്നത്‌, കാസറഗോഡ്‌ ജില്ല അന്ന്‌ നിലവിൽ വന്നിട്ടില്ല. കണ്ണൂർ ജില്ലയിൽ നിന്നും അപ്ഗ്രേഡ് ചെയ്യപ്പെട്ട ഏക വിദ്യാലമായിരുന്നു എന്നതിൽ നമുക്ക്അഭിമാനിക്കാം. ശ്രീ.എറങ്കൻ കുത്തിക്കൊട്ടൻ, ശ്രീ.എറങ്കൻ കുഞ്ഞപ്പു, താഴത്തുവളപ്പിൽ കുഞ്ഞമ്പു, പ്രദേശത്തെ അധ്യാപകനായ ശ്രീ.കുഞ്ഞമ്പുമാസ്റ്റർ, പ്രസ്തുത കാലഘട്ടത്തിലെ അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ ഇവരുടെയൊക്കെസേവനം ഇത്തരുണത്തിൽ പ്രത്യേകം പ്രസ്ത്യാവ്യമാണ്.

കന്നുവീട് കടപ്പുറത്തെ ശ്രീ.എറങ്കൻ കുഞ്ഞിക്കൊട്ടന്റെ മകളായ ശ്രീമതി എം നാരായണിയാണ് ആവശ്യമായ കെട്ടിടം വിദ്യാലയത്തിനായി നിർമ്മിച്ച് നൽകിയത്. ശ്രീ.സി.പി.രാഘവൻ നായരായിരുന്നു ഉദിനൂർ കടപ്പുറം ഫിഷറീസ് യു.പി.സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്റർ. അക്കാലത്തെ പ്രഗദ്ഭ അധ്യാപകരായ ശ്രീ. സി.പി.രാഘവൻ നായർ, ശ്രീ.ടി.കെ. കൃഷ്ണൻ മാസ്റ്റർ, കെ.ബാലകൃഷ്ണൻ നായർ, ശ്രീ.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർതുടങ്ങിയവർ വിദ്യാലയ കാര്യങ്ങൾക്കൊപ്പം നാടിന്റെ ഉണർവ്വിനായും പ്രവർത്തിച്ചവരാണ്.1980 കളിൽ അധ്യാപകരായിരുന്ന ഹെഡ്മാസ്റ്റർ ശ്രീ.ബാലകൃഷ്ണൻ, സഹഅധ്യാപകരായ ശ്രീ. സി.വി. ബാലകൃഷ്ണൻ (സാഹിത്യകാരൻ), ഉദിനൂരിലെശ്രീ.കുഞ്ഞികൃഷ്ണൻ, മെട്ടമ്മലിലെ ശീ. ബാലകൃഷ്ണൻ, ചെറിയ രാഘവൻ മാഷ് എന്ന സി.രാഘവൻ മാഷ്, ശ്രീ. ശശിധരൻ പിള്ള, ശ്രീ.ദാമോദരൻ തുടങ്ങിയ അധ്യാപകർകുട്ടികളുടെ മനസ്സിൽ സ്ഥാനം പിടിച്ചവരാണ്.

പടന്നഗ്രാമപഞ്ചായത്തിന്റേയും (വലിയപറമ്പ് ഗ്രാമപഞ്ചായത്ത്നിലവിൽ വന്നിട്ടില്ല) നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റേയും വിദ്യാഭ്യാസ വകുപ്പിന്റേയുംജില്ലാ പ്രഥമിക വിദ്യാഭ്യാസ പരിപാടി (ഡി.പി.ഇ.പി)യുടെയും സഹകരണത്തോടെവാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിന് 2007 ൽ സ്വന്തം കെട്ടിടത്തിലേക്ക്പൂർണമായുംമാറാനായി.പ്രതാപകാലത്ത് ഡിവിഷനുകൾ പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിൽ ഇന്ന് കുട്ടികളുടെ എണ്ണം കുറവാണ്. പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ പരിമിതമായതുകൊണ്ട് കൂടുതൽ സൗകര്യങ്ങൾ തേടി മറ്റ് പ്രദേശങ്ങളിലേക്ക് ആളുകൾ താമസം മാറിപ്പോകുന്നത് ഇതിന് കാരണമായിട്ടുണ്ട്. സുനാമി പോലുള്ള പ്രതിഭാസങ്ങളും കുട്ടികളുടെ എണ്ണക്കുറവിന് കാരണമാണ്. കന്നുവീട് പ്രദേശത്തെ കുട്ടികൾ മാത്രമാണ്ഇ ന്ന് എൽ.പി. ക്ലാസ്സുകളിൽ അധ്യയനം നടത്തുന്നത്, വലിയപറമ്പ, തൃക്കരിപ്പൂർ കടപ്പുറം ഭാഗത്തെ കുട്ടികൾ കൂടി യു.പി.ക്ലാസ്സുകളിൽ അധ്യയനത്തിനായി എത്തുന്നുണ്ട് എന്നത് സന്തോഷകരമാണ്.