ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കോവിഡ് കാലം ഓർമ്മപ്പെടുത്തുന്നത്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം ഓർമപ്പെടുത്തുന്നത്

ഭൂമുഖത്തെ സകല ജീവജാലങ്ങളും പ്രകൃതിയോട് ഇണങ്ങി കൊണ്ടാണ് ജീവിക്കുന്നത്. എന്നാൽ ഇതിൽ നിന്നും ഭിന്നമായി നിരന്തരം പ്രകൃതിയെ വെല്ലുവിളിച്ച് ജീവിക്കുന്നവനാണ് മനുഷ്യൻ. മനുഷ്യന്റെ ഈ അഹങ്കാരത്തിന് പ്രകൃതി യാതൊരു മുന്നറിയിപ്പുമില്ലാതെ മറുപടി നൽകുന്ന കാഴ്ച കഴിഞ്ഞ കുറെകാലമായി നമ്മൾ കണ്ടു വരുന്നു. പുരോഗതിയുടെ വലിയ പടവുകൾ താണ്ടിക്കയറിയ നമ്മുടെ മുൻതലമുറയുടെ ജീവിതം പ്രകൃതിയുമായി ഏറെ ഇണങ്ങി ചേർന്നതായിരുന്നു. ഈ ഇണക്കം അവരിൽ സൃഷ്ടിച്ച സംസ്കാരത്തെയും സാമൂഹികജീവിത കാഴ്ചപ്പാടിന്റെയും ആ പഴയ കാലത്തിലേക്ക് എന്റെ വീട്ടിലെ പ്രായം ചെന്നവരിലൂടെ ഒരു യാത്ര നടത്താൻ ശ്രമിക്കുകയാണ് കോവിഡിന്റെ ഈ ലോക്ഡൗൺ കാലത്ത് ഞാൻ. പാർപ്പിടസംസ്കാരത്തിന് സാമൂഹിക സംസ്കാരവുമായി വലിയ ബന്ധം ആ കാലത്ത് ഉണ്ടായിരുന്നു. ഏതൊരു വ്യക്തിയെ സംബന്ധിച്ചും ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്നമാണ് സ്വന്തമായി ഒരു വീടൊരുക്കൽ. വീട് ആഡംബരത്തിനും പൊങ്ങച്ചം കാണിക്കലിന്റെയും അടയാളമായി തീർന്നിരിക്കുകയാണ് ഇന്നത്തെ കാലഘട്ടത്തിൽ. കേരളത്തിന് പഴയ ഒരു പാർപ്പിട സംസ്കാരം തന്നെ ഉണ്ടായിരുന്നു എന്നത് വലിയ ഒരു അത്ഭുതമായി തോന്നാം. പണ്ടുകാലത്ത് കേരളത്തിൽ ബഹുഭൂരിപക്ഷം വീടുകളും ഓലമേഞ്ഞതായിരുന്നു. കൂട്ടത്തിൽ ഓടിട്ട വീടുകളും നമുക്ക് കാണാം. കേരവൃക്ഷം ധാരാളം ഉള്ള കേരളീയർ അതിന്റെ ഓല പ്രത്യേകരീതിയിൽ മെ ടഞ്ഞെടുത്ത് വീട് മേയാൻ ഉപയോഗിക്കുമായിരുന്നു. 500-800-1000-1500 എന്നിങ്ങനെ ഓരോ വീടും മേയാൻ ഉപയോഗിക്കുന്ന ഓലയുടെ എണ്ണം ആ വീടിന്റെ പെരുമ കൂടി കാണിക്കുന്നതാണ്. വർഷത്തിലൊരിക്കൽ ഇത്തരം വീടുകൾ കെട്ടി മേയും ഓരോ വർഷവും മുൻവർഷം മേഞ്ഞ പഴയ ഓല കത്തിച്ച് വളമാക്കി കൊയ്തൊഴിഞ്ഞ പാടങ്ങളിൽ നിരത്തിയിടും ഇങ്ങനെ ഓലകെട്ടി മേയുന്നതിന് തൊട്ടു മുൻപത്തെ ദിവസം ഓല പൊളിച്ചിട്ട് പൊടി തട്ടിയ വീടിനകത്ത് ആകാശം കണ്ടു കിടക്കുക എന്നത് അന്നത്തെ കുട്ടിക്കാലത്തെ വലിയൊരു കൗതുകവും ആനന്ദകരവുമായിരുന്നു . പുര കെട്ടി മേയുന്നത് ഓരോ വീട്ടുകാരുടെയും ഉത്സവമാണ്. നാട്ടിൻപുറത്തെ കർഷകത്തൊഴിലാളികളും മറ്റുള്ളവരും ഇത്തരത്തിൽ പുര മേച്ചിൽ നടത്തിയത് കൂലി കൊടുത്തു കൊണ്ടല്ല, അവർ കൂട്ടം ചേർന്ന് പരസ്പരം സഹായത്തോടെ ചെയ്തു പോകുന്ന ഒരു പ്രവൃത്തിയായിരുന്നു ഇത്. ഓരോ വ്യക്തിയുടെയും വീടെന്ന സങ്കൽപം പൂവണിയുന്നത് പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തു കൊണ്ടല്ല. ഇന്നത്തേതു പോലെ ഓരോ മേഖലയും മെഷീൻ ഉപയോഗിച്ച് വലിയ ക്വാറികൾ ഉണ്ടാക്കി ചെങ്കൽ വെട്ടി യിരുന്നില്ല. ഓരോ പറമ്പിലും വീട് വച്ചതിന്റെ സ്മരണയ്ക്കായി ഒരു കല്ലുവെട്ടാംകുഴി ഉണ്ടാകും. കാലക്രമേണ അത് നികന്നു പോവുകയും ചെയ്യും. ഇന്ന് ഒരു ചെറിയ വീട് പൊളിഞ്ഞു വീഴുമ്പോൾ പോലും അതിൽനിന്നുണ്ടാകുന്ന കോൺക്രീറ്റ് വേസ്റ്റും മറ്റും എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് നമ്മൾ . ഇത് പറയുമ്പോൾ ഞാൻ അർത്ഥമാക്കുന്നത് പുതിയ ഒട്ടേറെ സൗകര്യങ്ങൾ ഉള്ള വീട് എന്ന നമ്മുടെ സങ്കൽപ്പം തെറ്റാണെന്നല്ല. മറിച്ച് പ്രകൃതിക്കനുയോജ്യമായ ഒരു കെട്ടിട സംസ്കാരം നമുക്ക് ഉണ്ടായിരുന്നു എന്നത് മാത്രമാണ്. ഇനിയെങ്കിലും വൻ കെട്ടിടസമുച്ചയങ്ങൾ ഉയർന്നുവരുമ്പോൾ അതിന്റെ ആവശ്യം പൂർണമായും കണ്ടെത്തേണ്ടതുണ്ട്. അതിനുമുമ്പ് ഓരോ പ്രദേശത്തും ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങൾ ഉപയോഗയോഗ്യമാക്കണംഎന്നിട്ട് അവിടെ പുതിയ കെട്ടിടങ്ങളുടെ ആവശ്യമുണ്ടെങ്കിൽ മാത്രം വലിയ കെട്ടിടം പടുത്തുയർത്തിയാൽ മതിയാവും. ഇല്ലെങ്കിൽ അത് നമ്മുടെ പ്രകൃതിക്ക് നൽകുന്ന ദുരന്തം വളരെ വലുതാകും

വൈഷ്‌ണ വി എസ്
7 B ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം