ജി.എച്ച്.എസ്. കൂടല്ലൂർ‍‍/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നിളാ നദിയുടെ ദൃശ്യ ചാരുത നിറഞ്ഞു നിൽക്കുന്ന കൂടല്ലൂർ ഗ്രാമം എം. ടി വാസുദേവൻ നായരെന്ന മഹാ പ്രതിഭയുടെ തൂലിക തുമ്പിലൂടെ സുപരിചിതമാണ്.വള്ളുവനാടൻ ഗ്രാമത്തിന്റെ തനതു കാഴ്ചയാൽ സമ്പന്നമാണ് കൂടല്ലൂർ ഗ്രാമം.ഇവിടെ വിജ്ഞാനത്തിന്റെ പ്രകാശഗോപുരമായി കൂടല്ലൂർ ഹൈസ്കൂൾ തലയുയർത്തി നിൽക്കുന്നു.

ഉപരി പഠനത്തിന് യാതൊരുവിധ സംവിധാന ങ്ങളുമില്ലാത്ത എൺപതുകളിൽ കൂടല്ലൂരിൽ ഒരു യു.പി സ്കൂളും ഹൈസ്കൂളും സ്ഥാപിക്കുക എന്നത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു. ഈ സ്വപ്നം നെഞ്ചിലേറ്റി ഒരു കൂട്ടം മാന്യ വ്യക്തികൾ കൂടല്ലൂർ എഡ്യൂക്കേഷൻ സൊസൈറ്റി എന്നപേരിൽ ഒരു കമ്മറ്റി രൂപീകരിക്കുകയും രണ്ട് ഏക്കറോളം സ്ഥലം വാങ്ങുകയും ചെയ്തു.നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് സർക്കാർ ഒരു യു. പി സ്കൂൾ അനുവദിച്ചപ്പോൾ കൂടല്ലൂർ എഡ്യൂക്കേഷൻ സൊസൈറ്റി അതിനാവശ്യമായ സ്ഥലം വിട്ടുകൊടുക്കുകയും കെട്ടിട സൗകര്യം ഇല്ലാത്തതിനാൽ തൊട്ടടുത്തുള്ള മദ്രസയിൽ 17.10.1981 ൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു.

തുടക്കത്തിൽ അഞ്ചാം തരം മാത്രമായിരുന്നു പഠനം. ഏകദ്ധ്യാപകനായി ശ്രീ. മുഹമ്മദ്‌ മാസ്റ്ററെ നിയമിച്ചു. തുടർന്ന് 6,7 ക്ലാസുകൾ ആരംഭിച്ചു. ഉദാരമതികളായ നാട്ടുകാരുടെയും അയൽ പ്രദേശത്തുകാരുടെയും ആത്മാർത്ഥമായ സഹകരണം കൊണ്ടും 1985ൽ തൃത്താല ബ്ലോക്കിന്റെ NREP പദ്ധതി പ്രകാരവും നാല് ക്ലാസ്സ്‌ മുറികളുള്ള സ്ഥിരം കോൺക്രീറ്റ് കെട്ടിടം സ്ഥാപിച്ചു. കുട്ടികളുടെ ബാഹുല്യം കണക്കിലെടുത്ത് വീണ്ടും ആറ് ക്ലാസ്സ്‌ മുറികളുള്ള താത്കാലിക ഷെഡ് സ്ഥാപിച്ചു.

1 997ൽ ശ്രീ. എസ്. ശിവരാമൻ എം. പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ അനുവദിക്കുകയും തികയാത്ത ഒരു ലക്ഷത്തിൽപരം രൂപ വീണ്ടും നാട്ടുകാരിൽ നിന്ന് ശേഖരിച്ച് 4 ക്ലാസ്സ്‌ മുറികളുള്ള ഒരു സ്ഥിരം കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഉദ്ഘാടനം ബഹു.എം. പി. ശ്രീ. എസ്. അജയകുമാർ നിർവഹിക്കുകയും ചെയ്തു. അതോടെ സർക്കാരിന്റെ കണക്കിൽ 6 ക്ലാസ്സ്‌ മുറികളും ഓഫീസ്, സ്റ്റാഫ്‌ റൂം എന്നിവക്കുള്ള മുറികളും തികഞ്ഞു. എന്നാൽ വീണ്ടും രണ്ട് ക്ലാസുകൾ ഷെഡിൽ തന്നെ പ്രവർത്തിക്കേണ്ടി വന്നു. ധാരാളം സ്ഥലസൗകര്യം ഉള്ളതിനാൽ അഞ്ചാംതരം ഒരു ഡിവിഷൻ കൂടി ലഭിക്കാൻ അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ മുഹമ്മദ്‌ മാസ്റ്ററും പി ടി എ പ്രസിഡന്റ് ടി.ആർ.ഡി. നമ്പീശനും ശ്രമങ്ങൾ നടത്തി. 1998-1999 സാമ്പത്തിക വർഷം ബ്ലോക് പഞ്ചായത്ത് ഇ. എ. എസ് പദ്ധതിയിൽ ഉൾപ്പെടുത്തി എം. പി ഫണ്ടിൽ നിന്നും രണ്ട് ക്ലാസ്സ്‌ മുറികൾ കൂടി അനുവദിക്കപ്പെട്ടു.

2000-2001സാമ്പത്തിക വർഷത്തിൽ ജില്ലാ പഞ്ചായത്ത് രണ്ട് അധിക ക്ലാസ്സ്‌ മുറികൾ നിർമ്മിക്കാനാവശ്യമായ 3 ലക്ഷം രൂപ അനുവദിച്ചു.പിന്നീട് ഹെഡ്മാസ്റ്റർ ആയ ഷാഹുൽ ഹമീദ്, ഹെഡ്മിസ്ട്രെസ്സുമാരായ എൽ. സാവിത്രിയമ്മ, ടി. ശാന്തകുമാരി എന്നിവരുടെ അകമഴിഞ്ഞ സേവനം ഈ കെട്ടിട നിർമ്മാണത്തിന് ലഭിച്ചിട്ടുണ്ട്. ആദ്യ കാല കോൺട്രാക്ടർ ആയ ശ്രീ.അബ്ദുൽ റസാഖ്, കൺവീനർ ശ്രീ. ശിവശങ്കരൻ എന്നിവരുടെ സേവനവും സ്കൂൾ വികസനത്തിന്‌ മുതൽക്കൂട്ടായി.