ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/വൈറസും സോപ്പും വെള്ളവും

Schoolwiki സംരംഭത്തിൽ നിന്ന്
സോപ്പ് ഉപയോഗിയ്ക്കുമ്പോൾ വൈറസ് നശിയ്ക്കുന്നത് എങ്ങനെ?

പ്രിയപ്പെട്ട കൂട്ടുകാരേ ലോകം മുഴുവൻ കൊറോണ എന്ന പകർച്ചവ്യാധിയിൽ COVID 19എന്ന വൈറസിന്റെ അക്രമണത്തിൽ പകച്ചുനിൽക്കുകയാണല്ലോ.എല്ലാ രാജ്യങ്ങളും ഈ വൈറസിനെതിരെ ഒറ്റക്കെട്ടായി പൊരുതുകയാണ്.നമ്മളും ലോക്ക് ഡൗണിലൂടെ കടന്ന് പൊയ്ക്കൊണ്ടിരിക്കുകയാണല്ലോ. COVID 19എന്ന് പേരിട്ടിരിയ്ക്കുന്ന കൊറോണ വൈറസ് കുടുംബത്തിലെ ഒരു അംഗമാണ് നമ്മുടെ എതിരാളി.എല്ലാ രാജ്യങ്ങളും അവരുടെ ജനങ്ങളോട് ഈ രോഗം പകരാതെ തടയുന്നതിനും വൈറസിനെ നശിപ്പിയ്ക്കാനുമായി പ്രാഥമികമായി ചെയ്യാൻ പറഞ്ഞിരിയ്ക്കുന്ന മൂന്നുകാര്യങ്ങൾ ആണ് മാസ്ക്ക് ഉപയോഗിയ്ക്കുക കൈകൾ സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയായി കഴുകുക സാമൂഹ്യ അകലം പാലിയ്ക്കുക എന്നിവ.

സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുമ്പോൾ വൈറസ് നശിയ്ക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം.അതിനായി ആദ്യം നമ്മൾ വൈറസിനെപ്പറ്റി ചെറുതായി അറിഞ്ഞിരിയ്ക്കണം.ഇലക്ട്രോൺ മൈക്രോസ്കോപ്പ് കൊണ്ടുമാത്രം കാണാൻ കഴിയുന്ന അതിസൂഷ്മമായ ഒന്നാണ് വൈറസ്.അതിന് സ്വന്തമായി മൂന്ന് കാര്യങ്ങൾ മാത്രമാണുള്ളത്.ഏറ്റവും ഉള്ളിൽ ഒരു ജനിതകവസ്തു അതിനുചുറ്റിലായി പ്രോട്ടീൻ കൊഴുപ്പ് ഇവകൊണ്ടുള്ള ആവരണവും.ഇത്രയും ലളിതമായ ഘടനയാണ്ഒരു വൈറസിനുള്ളത്.

ഇനി നമ്മൾ പരിചയപ്പെടേണ്ടത് സോപ്പിന്റെ ഘടനയാണ്.ഒരു സോപ്പ് തന്മാത്രയ്ക്കും രണ്ട് പ്രധാന ഭാഗങ്ങൾ ഉണ്ട്.വെള്ളത്തിനെ ഇഷ്ടപ്പെടുന്ന ഹൈഡ്രോഫിലിക് ആയ ഭാഗവും കൊഴുപ്പിനെ ഇഷ്ടപ്പെടുന്ന ഒപ്പം വെള്ളത്തെ പേടിയുള്ള ഹൈഡ്രോഫോബിക് ആയ ഭാഗവും.

നമ്മൾ കയ്യിൽ എണ്ണമയം പറ്റിയാൽ വെറുതെ എത്രപ്രാവശ്യം കഴുകിയാലും അത് പോകില്ലല്ലോ.എന്നാൽ സോപ്പ് ഉപയോഗിച്ച് കഴുകുകയാണെങ്കിൽ പെട്ടെന്നുതന്നെ കയ്യിലെ എണ്ണമയം പോകുന്നത് കാണാം.അതെ തത്വം തന്നെയാണ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുമ്പോൾ വൈറസിനെ നശിപ്പിയ്ക്കുന്നതും.സോപ്പ് തന്മാത്രയിലെ ഹൈഡ്രോഫിലിക് ആയ ഭാഗം ജലത്തിനോട് കൂട്ടുകൂടുന്നു.അതുപോലെ ഹൈഡ്രോഫോബിക് ആയ ഭാഗം വൈറസിന്റെ ഉപരിതലത്തിലെ കൊഴുപ്പ് പാളിയുമായി കൂട്ടുകൂടുന്നു.എന്നിട്ട് ആ കൊഴുപ്പ് പാളിയെ അടർത്തി വെള്ളത്തിൽ ലയിപ്പിയ്ക്കുന്നു.അതായത് വൈറസിന്റെ ഘടന അവിടെ നശിപ്പിയ്ക്കപ്പെടുന്നു.

സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുമ്പോൾ ഇങ്ങനെ വൈറസുകൾ നശിപ്പിയ്ക്കപ്പെടുകയും ഘടന നഷ്ടമായ വൈറസ് വെള്ളത്തോടൊപ്പം പുറത്ത്പോവുകയും ചെയ്യുന്നു. ആൾക്കഹോൾ അടിസ്ഥാനമാക്കിയ സാനിറ്റൈസറുകൾ ഉപയോഗിയ്ക്കുമ്പോഴും സംഭവിയ്ക്കുന്നത് ഇതാണ്.

കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുന്നതടക്കമുള്ള വ്യക്തിശുചിത്വശീലങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാകട്ടെ.

ഹരികൃഷ്ണൻ യു എസ്
8M ജി വി എച്ച് എസ് എസ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - ലേഖനം