ഗവ.എച്ച്.എസ്. കോഴഞ്ചേരി/അക്ഷരവൃക്ഷം/ഈ സമയവും കടന്നു പോകും
ഈ സമയവും കടന്നു പോകും
'കൊറോണ', അതൊരു മൂന്നക്ഷരങ്ങളായി ഒതുങ്ങുന്നതല്ല. അത് രാജ്യങ്ങളായ രാജ്യങ്ങൾ മുഴുവൻ കയറിയിറങ്ങി ഇപ്പോഴിതാ ഈ കൊച്ചു കേരളത്തിൽ എത്തിയിരിക്കുന്നു. അതിന്റെ ഭാഗമായി എല്ലാവരുമിപ്പോൾ തന്റെ രാജ്യത്തെ കൊറോണ വൈറസ് അഥവാ കോവിഡ് 19 ൽ നിന്നും രക്ഷിക്കാൻ വീട്ടിലിരിക്കുകയാണ്. ഇതാദ്യമായാണ് ഒരു രാജ്യത്തെ മുഴുവൻ സംരക്ഷിക്കാനായി ഞാനും എന്റെ കുടുംബവും വീട്ടിലിരിക്കുന്നത്. നേരത്തെയൊക്കെ അവധി കിട്ടാൻ കാത്തിരിക്കുമായിരുന്നു. സ്കൂളിൽ പോകാനുള്ള മടി കൊണ്ടായിരുന്നു അത്. എന്നാലിപ്പോൾ മെയ് 3 വരെ വീട്ടിൽ തന്നെ ഇരിക്കണം എന്നു പറഞ്ഞപ്പോൾ വല്ലാത്തൊരു വിമ്മിഷ്ഠം. പക്ഷേ അനുസരിക്കാതിരിക്കാൻ പറ്റുകയുമില്ല. ജനുവരി 30ന് ആദ്യ കോവിഡ് റിപ്പോർട്ട് ചെയ്തതിനു ശേഷം രണ്ടാമത്തേത് റിപ്പോർട്ട് ചെയ്തത് മാർച്ച് 8 ന് ഞങ്ങളുടെ ജില്ലയിലായിരുന്നു. ഞങ്ങളുടെ അടുത്തുള്ള സ്ഥലത്തായിരുന്നു റിപ്പോർട്ട് ചെയ്തത്. അത്കൊണ്ട് സ്വാഭാവികമായും പേടി തോന്നി. എന്നാൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കളക്ടറും മറ്റ് ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ആത്മവിശ്വാസം തന്നു. ഞങ്ങൾ പത്തനംതിട്ടക്കാർക്ക് കളക്ടർ ഞങ്ങളുടെ സ്വന്തം 'കളക്ടർ ബ്രോ' ആണ്. അദ്ദേഹത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും എന്നെ അദ്ദേഹത്തിന്റെ ആരാധകയാക്കി. അദ്ദേഹത്തോടുള്ള ആരാധന ഈ ഉദ്യോഗത്തോടും കൂടിയായി. അങ്ങനെ ഈ കൊറോണക്കാലത്ത് ഐ. എ. എസ്. പരീക്ഷയ്ക്കു വേണ്ടി പരിശ്രമിക്കുവാനും തയ്യാറെടുക്കുവാനും തുടങ്ങി. കേരളം കൊറോണയ്ക്കെതിരായി ചെയ്ത പ്രവർത്തനങ്ങൾ ചെറുതൊന്നുമല്ലെന്ന് എല്ലാവർക്കുമറിയാം. വിദേശ രാജ്യങ്ങളിലെ മാധ്യമങ്ങൾ ഞങ്ങളുടെ ഈ കൊച്ചു കേരളത്തെ അഭിനന്ദിക്കുന്നതു കാണുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നു. ആരോഗ്യ പ്രവർത്തകരോട് ബഹുമാനവും ആദരവും തോന്നിയ നിമിഷങ്ങൾ. ദൈവതുല്യരായ അവരെ മനസ്സിലാക്കാൻ ഈ നിപ്പയും കൊറോണയും വേണ്ടിവന്നു. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും വൈകുന്നേരത്തെ പതിവു വാർത്താ സമ്മേളനങ്ങൾ കാണുമ്പോൾ തന്നെ മനസ്സിനൊരു ആശ്വാസം തോന്നുന്നു. മുഖ്യമന്ത്രിയുടെ വാക്കുകൾ കേൾക്കുമ്പോൾ വീട്ടിലെ ഒരു മുതിർന്ന ആൾ കാര്യങ്ങൾ വിവരിച്ച് തരുന്നതായി തോന്നും. ആരോഗ്യമന്ത്രി തന്റെ ആരോഗ്യപ്രവർത്തകരെ "മക്കളെ" എന്ന് അഭിസംബോധന ചെയ്യുമ്പോൾ തന്നെ ആരോഗ്യമന്ത്രിക്ക് ആരോഗ്യപ്രവർത്തകരോടുള്ള കരുതൽ വ്യക്തമാകും. എന്നാൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന വ്യാജൻമാരുടെ സന്ദേശങ്ങൾ ഭയമുളവാക്കുന്നു. ഈ സമയത്ത് വിദ്യാഭ്യാസ വകുപ്പ് ചെയ്യുന്ന പ്രവർത്തനങ്ങളും ചെറുതല്ല. സമഗ്ര വഴി ഇ- പുസ്തകങ്ങൾ ലഭ്യമാക്കിയത് അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഉപകാരമായി. എന്നാൽ സ്മാർട്ട് ഫോണുകൾ ഇല്ലാത്ത കുട്ടികളുടെ കാര്യം വിഷമകരമാകുന്നു. കൊറോണ കാരണം മാറ്റിവെച്ച എസ്. എസ്. എൽ. സി. , ഹയർ സെക്കണ്ടറി പരീക്ഷകൾ ടെൻഷൻ ഉണ്ടാക്കുന്നു. പത്താം ക്ലാസ്സിലെ ഒരു കുട്ടിക്കു വേണ്ടി സ്ക്രൈബായി പ്രവർത്തിക്കുന്ന എനിക്ക് അതിന്റെ വിഷമം അറിയാം. പരീക്ഷ ഇനിയെന്ന് എന്ന ആകുലത എല്ലാ കുട്ടികളുടെയും ഉളളിലുണ്ട്. ഈ അവധിക്കാലത്ത് വീട്ടിലിരിക്കുന്ന സമയത്ത് കറന്റ് ചാർജ് കൂടാൻ സാധ്യതയുള്ളതിനാൽ എല്ലാവരും പരമാവധി പ്രകൃതിയെ ആശ്രയിക്കേണ്ടതാണ്. പകലുകളിൽ ലൈറ്റിന്റെ ഉപയോഗം കുറയ്ക്കുക. പകലുകൾ പരമാവധി ഉപയോഗപ്പെടുത്തുക. കൃത്യമായ ഒരു ദിനചര്യ ഉണ്ടാക്കാവുന്ന നാളുകളാണിത്. ഈ ലോക്ക് ഡൗൺ കാലത്ത് കുടുംബത്തോടൊപ്പം ഒരുപാടു സമയം ചെലവഴിക്കാൻ സാധിക്കുന്നു. എനിക്ക് വ്യക്തിപരമായി അത് തിരിച്ചറിയാൻ കഴിയുന്നു. നേരത്തെയൊക്കെ വെക്കേഷനായാലും അമ്മയെ കിട്ടുകയില്ലായിരുന്നു. ട്രെയിനിങ്ങ്, പേപ്പർ വാല‌്യുവേഷൻ തുടങ്ങിയവയിൽ അമ്മ തിരിക്കിലായിരുന്നു. എന്നാലിപ്പോൾ, അച്ഛനും അമ്മയും മുത്തശ്ശിയും ചേച്ചിമാരുമായി വീട് സന്തോഷത്തോടെ പോകുന്നു. കൂടാതെ കുട്ടികൾക്ക് അടുത്ത അധ്യയന വർഷത്തേക്കുമുള്ള തയ്യാറെടുപ്പുകൾക്കും ഈ കൊറോണക്കാലം സഹായിക്കുന്നു. ഈ സമയത്ത് ബന്ധുക്കളും സുഹൃത്തുക്കളുമായി ഫോണിൽ ബന്ധം നിലനിർത്താൻ സാധിച്ചു. ഫോണിൽ ധാരാളം സമയം കളിക്കാൻ സാധിച്ചു. കുറെ സിനിമകളും ടിവിയിൽ കണ്ടു.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം