ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
മാലാഖ

ദേവൂട്ടീ... നീയെവിടാ... ഒന്നിങ്ങുവന്നേ... ദേവൂട്ടീ.... ഈ കൊച്ച് ഇതെവിടാണാവോ..? അമ്മേ,.. ദേവൂട്ടീനെ കണ്ടാർന്നോ... തലയിൽ എണ്ണതേച്ചിട്ട് പെണ്ണ് ഒളിച്ചുകളിക്കാ.... "അവളാ മാവിന്റെ ചോട്ടിലുണ്ട് " അത്ശരി, നീയിവിടാർന്നോ.... ഞാൻ വിളിച്ചത് കേട്ടില്ലേ.... "അമ്മാ... ഞാൻ ഇപ്പ വരാം. ഈ ചിരട്ടേല് വെള്ളം വെച്ചിട്ടുണ്ട്. കിളികൾ വരോന്നു നോക്കട്ടെ.... " എന്റെ ദേവൂട്ടിയെ.... കിളികളൊന്നും വരില്ലാ... നിന്റെ ഒരു കാര്യം. "അമ്മ വെറുതെപറയാ... ഇന്നലെ അച്ഛമ്മ പറഞ്ഞ കഥയിൽ കിളികൾ വെള്ളം തേടി അലയുകയായിരുന്നു. "ഓ... ശരി ശരി സമ്മതിച്ചു. ഇനി വാ കുളിക്കാൻ പോവാം ".ഇന്ന് ഞാൻ തന്നെ കുളിച്ചോളാം. അമ്മ മോനുസ്സിനെ കുളിപ്പിച്ചാൽ മതി. മീനൂം രാധേയും സ്വന്തമായാണ് കുളിക്കുന്നത്. ദേവൂട്ടീ.... നീ തേച്ചാലേ മുടീന്ന് എണ്ണപോവില്ല. വാ ഞാൻ കുളിപ്പിക്കാം ". "ഇപ്പൊ തന്നെ നെറുക ചൂടായി.... വേഗം വന്നേ, അമ്മേടെ സമയം കളയാതെ.... ". അങ്ങനെ അമ്മ ദേവൂനെ കുളിപ്പിച്ച് കുഞ്ഞുടുപ്പിടീച് പൊട്ടു തൊട്ട് സുന്ദരിയാക്കി.

അവൾ മുത്തശ്ശിയുടെ അടുത്തേക്ക് ഓടി. "അച്ഛമ്മേ... ഞാൻ കിളികൾക്കായി ചിരട്ടയിൽ വെള്ളം വെച്ചിട്ടുണ്ട്. അമ്മ പറയാ കിളിയൊന്നും വരില്ലാന്ന്... ശരിയാണോ അച്ഛമ്മേ.... ". മുറുക്കിച്ചുവന്ന ചുണ്ടുകൾ വിടർന്നു. മോണകാട്ടി മുത്തശ്ശി ചിരിച്ചു... "വരാതെ എവിടെപ്പോവാൻ...". അതൊക്കെ പോട്ടെ... ഇന്ന് എന്ത് കഥയാ എനിക്ക് പറഞ്ഞു തരാൻ പോവുന്നത്? കരടിയമ്മാവന്റെയോ കാക്കച്ചിയുടെയോ... "സമയമാവട്ടെ... നല്ലൊരു കഥപറഞ്ഞു തരാട്ടോ... " വേഗം പറയ് അച്ഛമ്മേ... "ഇല്ലില്ല... ഇപ്പോൾ പറ്റില്ല. രാത്രിയാവട്ടെ... അച്ഛമ്മക്ക് ഉച്ചയുറക്കത്തിന്റെ സമയമായി... വാ... നമുക്ക് അകത്തേക്ക് പോവാം...." ദേവൂട്ടീ മുത്തശ്ശിയുടെ കൈപിടിച്ച് അകത്തേക്ക് പോയി. മോനൂസിനെ അമ്മ ഉറക്കുകയാണ്. ദേവുട്ടിയും അച്ഛമ്മയും കൂടി മുറിയിലേക്ക് പോയി. അവർ കിടന്നു. അല്പസമയത്തിന് ശേഷം അച്ഛമ്മ കൂർക്കംവലി തുടങ്ങി. ദേവൂട്ടി തിരിഞ്ഞും മറിഞ്ഞും കിടന്നു. അവൾക്ക് ഉറങ്ങാൻ കഴിയുന്നില്ല. കിളികൾ വന്നിട്ടുണ്ടാകുമോ...? അവൾ പതിയെ എണീറ്റ് നടന്നു.

"അച്ചമ്മേടെ ദേവൂട്ടി ഇതെങ്ങോട്ടാ... ഒന്നിങ്ങു വന്നേ... " "എന്താ അമ്മേ...? " ദേവൂട്ടീ.... ഞാൻ നാളെ മുതൽ ആശുപത്രിയിൽ ജോലിക്ക് പ്രവേശിക്കുവാ... "അതിനമ്മേടെ ലീവ് തീർന്നിട്ടില്ലല്ലോ... " "ഇല്ല, പക്ഷേ ജോലിയിൽ കയറേണ്ട സമയമാണിത്... ദേവൂട്ടി കേട്ടില്ലേ "കോവിഡ് " എന്ന അസുഖം ലോകത്തെ ഇല്ലാതാക്കുന്നു എന്ന്... " അതുകൊണ്ട് എന്റെ മോള് അച്ഛമ്മ പറയണത് അനുസരിക്കണോട്ടോ... "വാ ഇവിടെ കിടക്ക് ".അവൾ അവിടെ കിടന്ന് ഉറങ്ങിപ്പോയി. രാത്രിയായി, എല്ലാവരുമൊത്തുള്ള അത്താഴവും കഴിഞ്ഞു. പിറ്റേന്ന്, മോനുസിനെയും ദേവൂട്ടിയെയും മാറിമാറി വാരിപ്പുണർന്ന ശേഷം അമ്മ ജോലിക്ക് പോയി.

ദിവസം മൂന്ന് കഴിഞ്ഞു, അമ്മയെ കണ്ടിട്ട്. ദേവൂട്ടി അച്ഛമ്മയോട് ചോദിക്കാറുണ്ട് അമ്മ എപ്പോൾ വരും എന്ന്. എന്നാൽ ഒരേയൊരു ഉത്തരം... "നാളെ വരും ". ദേവൂട്ടി വാശിയെടുത്തു, അമ്മയെ കാണണം.... എനിക്ക് അമ്മയെ കാണണം. അങ്ങനെ ഒരു ദിവസം അച്ഛൻ അവളെയും മോനുസിനെയും കൂട്ടി ആശുപത്രിയുടെ പുറത്ത് കാത്തുനിന്നു... അമ്മയെ കാണാൻ. എന്നാൽ ദൂരെ നിന്ന് അമ്മയെ കണ്ട് ഫോണിലൂടെ സംസാരിക്കാനുള്ള അവസരമേ ദേവൂട്ടിക്ക് കിട്ടിയുള്ളൂ.... അവൾ സംസാരിച്ചു. "അമ്മേ... എന്താ വരാത്തത്... ദേവൂട്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര ദിവസമായെന്നോ... എന്റെ മുടീലെ എണ്ണ ഇപ്പഴും പോയിട്ടില്ല.... വാ അമ്മേ നമുക്ക് വീട്ടിലേക്ക് പോവാം ". സങ്കടം അടക്കിക്കൊണ്ട് അമ്മ പറഞ്ഞു... "നീ എന്തിനാ ദേവൂട്ടീ ഇങ്ങനെ കരയുന്നത്... ഇവിടെ രോഗം ബാധിച് മുറിയിൽ നിന്നിറങ്ങാത്ത കുട്ടികളുണ്ട്. അവർക്കെല്ലാം ഇപ്പോൾ ഞാനാണ് അവരുടെ അമ്മ.... ""അമ്മ എത്രയും വേഗം വീട്ടിലേക്ക് വരാട്ടോ..... ഇപ്പൊ ദേവൂട്ടി പൊയ്ക്കോ... "

മോനുസിന്റെ കരച്ചിൽ കേട്ട് ആളുകളെല്ലാവരും ദേവൂട്ടിയെയും അച്ഛനെയും മാറിമാറി നോക്കി. എത്രയും പെട്ടെന്ന് അമ്മ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ അവർ മടങ്ങി. തന്റെ മക്കളെ ഇനിയെന്ന് കാണാനാവും... ആ മാതൃഹൃദയം വിങ്ങി. ആ കണ്ണുനീരിൽ ലോകത്തിലെ സർവരെയും രക്ഷിക്കണേ എന്ന പ്രാർത്ഥന കാണാമായിരുന്നു.

സാഹില നസ്‌റിൻ
XI(സയൻസ് ) ഗവണ്മെന്റ് ഗേൾസ് എച് എസ് എസ് പെരുമ്പാവൂർ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ