Schoolwiki സംരംഭത്തിൽ നിന്ന്
രാജാവിന്റെ ദുരവസ്ഥ
കിലോമീറ്ററുകളോളം തൻ്റെ സുഹൃത്തുക്കളെയും മറ്റ് പ്രജകളെയും തേടി ആ രാജാവ് നടന്നു. വളരെ പെട്ടെന്ന് തനിക്ക് നഷ്ടപ്പെട്ട തൻ്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ള എല്ലാവരെയും കുറിച്ചുള്ള ഓർമകൾ ആ മൃഗരാജൻ്റെ മനസിൽ തിളച്ചു മറിഞ്ഞു. വനത്തിൽ താൻ തികച്ചും ഏകനായതുപോലെ . ഇന്നലെ വരെ തലയുയർത്തി നിന്ന യൂക്കാലിപ്റ്റസ് പോലെ പ്രതാപികളായ വൃക്ഷങ്ങളെയൊക്കെ ചില യന്ത്രങ്ങൾ മുറിച്ചു മാറ്റുന്നു. ഇതൊക്കെ കണ്ട സിംഹത്തിന് മറഞ്ഞിരിക്കുന്ന അപകടം മനസിലായി. അത്യധികം ഹൃദയവേദനയോടെ ആ രാജാവ് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങി അടുത്തു കണ്ട മനുഷ്യരോടെല്ലാം സഹായമഭ്യർത്ഥിച്ചു. എന്നാൽ അവർക്കെല്ലാം ഗർജനം മാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളൂ. കൂടുതൽ അപകടങ്ങളുണ്ടാകുമെന്ന് പേടിച്ച് സിംഹം വീണ്ടും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു. കുറേ സമയം കഴിഞ്ഞപ്പോൾ ഭക്ഷണമോ വെള്ളമോ കിട്ടാതെ ആ കാനന മന്നൻ ബോധരഹിതനായി വീണു. പിറ്റേന്ന് കിഴക്ക് സൂര്യൻ പൊങ്ങിയപ്പോൾ താൻ ഒരു ഇരുമ്പ് കൂടിനകത്താണെന്ന് രാജാവ് മനസിലാക്കി.തന്നെ കാണാൻ ആവേശത്തോടെ മുന്നിൽ നിൽക്കുന്ന മനുഷ്യരെ കണ്ടപ്പോൾ തൻ്റെ പ്രജകളെയും സ്വന്തക്കാരെയുമെല്ലാം രാജാവിന് ഓർമ വന്നു. അന്നൊക്കെ തൻ്റെ കാടാകുന്ന സാമ്രാജ്യത്തിലെ ജീവിതം എന്ത് രസമായിരുന്നു. ഇന്നിപ്പോൾ ഈ തടവറയ്ക്കുള്ളിൽ ഓർമകൾക്കല്ലാതെ മറ്റൊന്നിനും സ്ഥാനമില്ലല്ലോ. സിംഹ രാജൻ്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പാവം എല്ലാവരെയും ഭയപ്പെടുത്തിയിരുന്ന ആ മൃഗരാജൻ വിതുമ്പിക്കൊണ്ട് തൻ്റെ ദുരവസ്ഥ തന്നെ കാണാൻ വന്ന മനുഷ്യരോട് പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ അവൻ്റെ ഗർജനം കേട്ട് അവർ പൊട്ടിച്ചിരിക്കുന്നത് അവൻ കണ്ണീരിനിടയിലൂടെ കണ്ടു. സ്വന്തം സങ്കടങ്ങൾ പങ്കു വയ്ക്കാൻ പോലും ആരുമില്ലല്ലോ. കുറെ കഴിഞ്ഞപ്പോൾ തനിക്ക് കഴിക്കാനായി മാംസമൊക്കെ എത്തിയിരിക്കുന്നത് അവൻ കണ്ടു. അപ്പോഴാണ് രാജാവിന് കാര്യങ്ങൾ വ്യക്തമായി മനസിലായത്. താൻ ഏതോ മൃഗശാലയിലാണ്. നേരമ്പോക്കിനായി മനുഷ്യരെത്തുന്ന സ്ഥലം. അവിടെ പലയിടങ്ങളിലായി തൻ്റെ പല പ്രജകളും ബന്ധുക്കളുമൊക്കെ ഇതുപോലുള്ള തടവറകളിലുണ്ടെന്ന് രാജന് മനസിലായി. എന്തൊക്കെ സൗകര്യങ്ങൾ ലഭിച്ചിട്ടും രാജാവിന് തൃപ്തിയായില്ല.തൻ്റെ സാമ്രാജ്യത്തിലൂടെ സ്വച്ഛന്ദം വിഹരിച്ച് കണ്ടെത്തുന്ന ഇരയെ കഴിക്കുന്നത്രയും സ്വാദ് ഉണ്ടായിരുന്നില്ല മൃഗശാലയിലെ മാംസത്തിന്.മനുഷ്യരുടെ സ്വാർത്ഥതയ്ക്കും ക്രൂരതയ്ക്കും പലപ്പോഴും ബലിയാകേണ്ടി വരുന്നത് ഇതുപോലുള്ള നിരവധി നിസഹായരായ ജീവജാലങ്ങളാണ്. അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നും പറിച്ചു മാറ്റപ്പെടുമ്പോഴുണ്ടാകുന്ന മനോവേദന കഠിനഹൃദയനായ മനുഷ്യന് എങ്ങനെ മനസിലാകാനാണ്. താൻ സ്വതന്ത്രനായി , പ്രതാപത്തോടെ വിഹരിച്ചു നടന്ന തൻ്റെ സ്വന്തം കാനന സാമ്രാജ്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന നാശത്തെപ്പറ്റി പരിതപിച്ചു കൊണ്ട്, പഴയ കാലത്തെ സുന്ദര സ്മരണകൾ അയവിറക്കിക്കൊണ്ട് ജീവിതത്തിൻ്റെ ബാക്കി കാലം ആ കൂട്ടിൽ നിസഹായതയോടെ , നിരാശനായി ആ മൃഗരാജന് കഴിയേണ്ടിവന്നു.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ
|