എ.യു.പി.സ്കൂൾ തിരുത്തി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രത്തിനൊപ്പം നടന്ന തിരുത്തിസ്കൂൾ........
പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനദശകങ്ങളും ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യകാല ദശകങ്ങളും ഇന്ത്യ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ തീ ചൂളയിലായിരുന്നു . അന്നത്തെ മലബാർ ജില്ല ഈ സമരങ്ങളുടെ മുൻപന്തിയിൽ തന്നെ നിലയുറപ്പിച്ചു . അന്നത്തെ യുവാക്കൾ ശ്ലാഘനീയമായ സാക്ഷരതാ പ്രവർത്തനങ്ങൾ നടത്തി . വിദ്യാലയങ്ങൾ ആരംഭിക്കുക , വയോജന ക്ലാസ്സുകൾ സംഘടിപ്പിക്കുക , സാംസ്കാരിക സംഘങ്ങൾ പടുത്തുയർത്തുക എന്നിവയ്ക്ക് അവർ നേതൃത്വം നൽകി. അതിൻറെ ഫലമായി നാട്ടിൽ വിദ്യാലയങ്ങളും വായനശാലകളും ഉയർന്നുവന്നു .
ഈ സന്ദർഭങ്ങളിലാണ് തിരുത്തിയിൽ നെടുവഞ്ചേരി ഇല്ലം വക ചെറുശേരിപാറയിൽ ഒരു പ്രധാന വിദ്യാലയം ഉയർന്നുവന്നത് . ഇത് ചേലേബ്ര , തേഞ്ഞിപ്പലം , വള്ളിക്കുന്ന് ഭാഗങ്ങളിലെകുട്ടികളെ അക്ഷരജ്ഞാനം ഉള്ളവരാക്കി . പ്രൈമറി വിദ്യാഭ്യാസം നേടി അധ്യാപകരാവാൻ അർഹതനേടിയവരെ മറ്റു പ്രദേശങ്ങളിൽ നിന്നും വരുത്തി അവിടെ അദ്ധ്യാപകനായി നിയമിച്ചു . ബെപ്പൂരിൽനിന്ന് നാരായണൻ മാസ്റ്റർ, നമ്പ്യാർ മാസ്റ്റർ , രാമൻ മാസ്റ്റർ , എന്നിവർ ഇങ്ങനെ എത്തി പ്പെട്ടവർആണ് . ഈ വിദ്യാലയത്തിൽ പഠിച്ചവർ ആരും തന്നെ ഇന്ന് ജീവിച്ചിരിക്കുന്നതായി അറിയില്ല .
ഈ സ്ഥാപനം 1921 ലെ കൊടുംകാറ്റിലും പേമാരിയിലുംപെട്ട് നിലം പൊത്തി . പിന്നീട് തിരുത്തി നടുവഞ്ചേരി ഇല്ലത്തെ കളത്തിലേക്ക് ഈ വിദ്യാലയം മാറ്റി . ഈ കാലഘട്ടത്തിൽ ഇവിടുത്തെ യുവാക്കൾ സി. കെ. കുട്ടി രാമൻ നായരുടെ നേതൃത്വത്തിൽ ഒരു എയ്ഡഡ് എലിമെൻററി സ്കൂളിന് വേണ്ടി ശ്രമമാരംഭിച്ചു. തിരുത്തിക്കളം ഇതിനെ സർവാത്മനാ സഹായിച്ചു . തൽഫലമായി 1933 ൽ സർക്കാർ അനുവാദത്തോടെ സി.കെ കുട്ടി രാമൻനായരുടെ മാനേജ്മെൻറിൽ . തിരുത്തി ഹിന്ദു എയ്ഡഡ് എലിമെൻററി തിരുത്തൂട്ടിൽ ആരംഭിച്ചു .
ഒന്നു മുതൽ മൂന്നു കൂടിയ ക്ലാസുകൾക്ക് അംഗീകാരം കിട്ടി. മറ്റു ക്ലാസുകൾ തുടങ്ങിയെങ്കിലും അനുവാദം ലഭിച്ചില്ല. ഈ സ്ഥാപനത്തിൻറെ ആരംഭത്തോടെ കളത്തിൽ നടത്തിയിരുന്ന സ്കൂൾ നിർത്തലാക്കി. തിരുത്തി എയ്ഡഡ് എലിമെന്ററി സ്കൂളിലെ ആദ്യത്തെ പ്രധാന അധ്യാപകൻ ചെറുപറമ്പത്തെ എം ശിവരാമൻ നായരായിരുന്നു. പിന്നീട് പലരും അദ്ധ്യാപകരായി വന്നു പോവുകയും ചെയ്തു. അക്കാലത്തെ സാമൂഹിക വ്യവസ്ഥയും സമ്പത്ത് വ്യവസ്ഥയും നിയമവ്യവസ്ഥയും പ്രോത്സാഹജനകമായിരുന്നില്ല . രക്ഷിതാക്കൾക്കും കുട്ടികൾക്കും വിദ്യാഭ്യാസത്തോട് വലിയ വിമുഖതയായിരുന്നു. അങ്ങേയറ്റം അധ്വാനിച്ചിട്ടും ആരംഭത്തിൽ മൂന്നു ക്ലാസുകളിലായി 85 ഓളം കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു . സന്താനനിയന്ത്രണം സങ്കൽപ്പത്തിൽ പോലും വരാത്ത കാലത്ത് നൂറുകണക്കിന് കുട്ടികൾ അലക്ഷ്യമായി തെക്ക് വടക്ക് നടന്നിരുന്ന കാലത്തെ നിലയാണിത് . അഞ്ച്, എട്ട് ക്ലാസുകളിൽ പാസായവർ അക്കാലത്ത് പരിശീലനം കഴിഞ്ഞ് അധ്യാപകരായിരുന്നു . എന്നിട്ടും പരിശീലനം കഴിഞ്ഞ അധ്യാപകർ വിരളമായിരുന്നു . അങ്ങനെയിരിക്കെ 1934 പി മാധവമേനോൻ എന്ന എച്ച്. ഇ. ടി. ടി. സി പാസായ കുമാരനെല്ലൂർക്കാരൻ തിരുത്തി സ്കൂളിലെ പ്രധാന അധ്യാപകനായി ചാർജെടുത്തു . സി. എം നാരായണൻ നായർ, സി വേലായുധൻ നായർ, ടി. പി കുട്ടികൃഷ്ണൻ നായർ, എ അയ്യപ്പ പണിക്കർ, ആർ.വി ശങ്കരൻ നായർ, ശങ്കര മേനോൻ തുടങ്ങിയ ഒരു സംഘം പ്രശസ്ത അധ്യാപകർ ഈ സ്കൂളിൻറെ പേരും പെരുമയും അങ്ങേയറ്റം വളർത്തിയെടുത്തു .
1938 തിരുത്തൂട്ടിൽനിന്ന് സ്കൂൾ കണ്ണിക്കുളങ്ങരയ്ക്കുമാറ്റി . ഇന്ന് സ്കൂൾ നിലനിൽക്കുന്ന സ്ഥലമാണ് കണ്ണിക്കുളങ്ങര ടി. പി. മാധവമേനോന് ശേഷം സി. എം. നാരായണൻ നായരുടെ കാലം വരെ സ്കൂൾ നൂറുമേനി നിലനിർത്തി . നിയമപരവും സാമൂഹികവുമായ നിരവധി മാറ്റങ്ങൾ 1938 നും 2012നും ഇടയിൽ നടന്നു . വിദ്യാഭ്യാസ സമ്പ്രദായത്തിനും പഠന വിഷയങ്ങൾക്കും പഠനരീതിക്കും സാഹചര്യങ്ങൾക്കും പറഞ്ഞറിയിക്കാൻ കഴിയാത്ത മാറ്റമുണ്ടായി. വിദ്യാഭ്യാസം കച്ചവട ചരക്കായി . കാർ ഫാക്ടറി, തുണിമില്ല് തുടങ്ങിയവപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ ശാലകളായി മാനേജർമാർ കമ്പനി മുതലാളിമാരും . ചരക്കുകളുടെ മേന്മയല്ല, ലാഭമാണ് നോട്ടം .