എ.എൽ.പി.എസ്. കുറ്റിപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം. 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടക്കലിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരുപാട് ചരിത്രപ്രാധാന്യം ഉറങ്ങിക്കിടക്കുന്ന കോട്ടക്കലിലെ കുറ്റിപ്പുറം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് .എൽ .പി യോട് ചേർന്ന് അഞ്ചാം ക്ലാസുള്ള അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത് .പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം വഹിച്ചിട്ടുണ്ട്.
പഴയ മലബാറിന്റെ ചരിത്രം പ്രതിപാദിക്കുന്ന രേഖകൾ വിരളമാണെന്നതു പോലെ തന്നെ കോട്ടക്കലിന്റെയും പരിസരപ്രദേശങ്ങളുടെയും പുരാവൃത്തവും ഒട്ടുമുക്കാലും കേട്ടുകേൾവി മാത്രമാണ്. വള്ളുവക്കോനാതിരിയുടെ അധീനതയിലെ സൈനികത്താവളമായിരുന്ന ഇവിടെ കൂറ്റൻ മതിലുകളും ആഴമുള്ള കിടങ്ങുകളും ഏതാനും കോട്ടകൊത്തളങ്ങളും ജനവാസം കുറഞ്ഞ ഇടതൂർന്ന സമൃദ്ധമായ കാടുമായിരുന്ന് ഉണ്ടായിരുന്നത്. സാമൂതിരിയുടെ മന്ത്രിയായിരുന്ന പാണ്ടമംഗലം മൂസ്സതിനെ (തിനയഞ്ചേരി ഇളയത്) ചതിയിലൂടെ വള്ളുവക്കോനാതിരിയുടെ കോട്ടയ്ക്കൽ സൈന്യത്തലവൻ കരിയൂർ മൂസ്സത് വധിച്ചതിൽ അരിശം മൂത്ത് സാമൂതിരി സേവകർ മൂന്നാർപ്പാട് തമ്പുരാന്റെ നേതൃത്വത്തിൽ കോട്ടക്കലെത്തിയ കരിയൂർ മുസ്സതിനെ യുദ്ധം ചെയ്തു കൊലപ്പെടുത്തിയതോടെ ഈ സ്ഥലം സാമൂതിരിയുടെ സ്വാധീനതയിലായി. മലബാറിനൊപ്പം കോട്ടയ്ക്കലും ടിപ്പുവിനും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും കീഴ്പ്പെട്ടു.മൈസൂർ സുൽത്താന്മാരുടെ ആക്രമണ പ്രതിരക്ഷാർത്ഥം തിരുവിതാംകൂറിൽ അഭയം തേടിപ്പോയ കിഴക്കേ കോവിലത്തുക്കാരും വൈകാതെ സ്ഥിരതാമസമാക്കാൻ തുടങ്ങിയ കാലം തൊട്ട് ഈ പ്രദേശം വളർച്ചയുടെ പടവുകൾ ഓരോന്നായി കയറാൻ തുടങ്ങി.കോട്ടയ്ക്കലിന്റെ പൂർവ്വകഥ കുറ്റിപ്പുറ മുൾപ്പെടെയുള്ള പഞ്ചായത്തിലെ മുഴുവൻ സ്ഥലങ്ങളുടെയും കൂടി ചരിത്രമാണല്ലോ. എങ്കിലുമൊരിടത്തും ഒരു ചരിത്രഗ്രന്ഥത്തിലും കുറ്റിപ്പുറത്തിനെക്കുറിച്ച് പരാമർശിച്ചു കാണുന്നില്ല. ചൊല്ലുന്ന വീരകഥകളില്ലാത്തതാവാം കാരണമെന്ന് ഊഹിക്കുന്നു. ഭാരതവും കേരളവും സ്വന്തം പഞ്ചായത്തും മലയാളിയ്ക്ക് പിറന്നുവീണനാടാണെങ്കിലും ജനിച്ചു പിച്ചവെച്ചു വളർന്ന മണ്ണിനോട് മുലപ്പാൽമണമുള്ള മധുരമൂറുന്ന ഒരു സ്നേഹം കാത്തുസൂക്ഷിക്കാത്തവരായി ആരുമുണ്ടാവില്ല. കുറ്റിപ്പുറം നമുക്ക് പ്രിയപ്പെട്ടതാകുന്നതും അങ്ങനെയാണ്. ഓർമ്മകൾ ഹരിശ്രീ കുറിക്കുന്ന പിഞ്ചിളം ഹൃദയത്തിൽ പതിയുന്ന വ്യക്തികളും സംഭവങ്ങളും മരിക്കുവോളം ജീവിതത്തിൽ പിന്തുടർന്നുകൊണ്ടിരിക്കുമെന്ന് പറയാറുണ്ട്. മനസ്സുകൊണ്ട് ഇടയ്ക്കിടെ ബാല്യത്തിലേക്ക് തിരിച്ചുനടക്കുന്നവരാണ് എല്ലാവരും.
കോട്ടക്കൽ
കുറ്റിപ്പുറത്തിനുമാത്രമായി എന്തുചരിത്രം? അന്വേഷണ വഴിയിൽ ഇങ്ങനെ ചോദിച്ചും കൊണ്ടാണ് പലരും പഴങ്കഥ പറഞ്ഞുതുടങ്ങിയത്. ചരിത്രത്തിന് മുതൽക്കൂട്ടാക്കാൻ ഉതകുമാറ് ഒന്നും സംഭാവന ചെയ്തിട്ടില്ല. കുറ്റിപ്പുറം ഗ്രാമത്തിന്റെ ചന്തവും ഗന്ധവും വാക്കുകൾകൊണ്ടോ ക്യാമറ കൊണ്ടോ ആരും ഇതുവരെ പകർത്തിവെച്ചിട്ടില്ലാ അതും ആവാം ഇരുപതര ചതുരശ്രകിലോമീറ്റർ വലുപ്പമുള്ള ഇന്നത്തെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ സ്ഥലനാമങ്ങൾ മിക്കതും ഇവിടെ നൂറ്റാണ്ടുകളായി നിലനിനിന്നിരുന്ന ആവാസവ്യവസ്ഥയുടെ പ്രത്യക്ഷോദാഹരണങ്ങളാണ്. നായാടിപ്പാറയും ചാലിയത്തെരുവും കാവതികളവും പാണർപടിയും പോലെ പക്ഷേ പറഞ്ഞു സമർത്ഥിക്കാൻ ഒരു പുരാണം കുറ്റിപ്പുറത്തെക്കുറിച്ച് മുത്തശ്ശി തോറ്റങ്ങളിൽപ്പോലും കണ്ടെത്താനാകില്ല. പേരിന്റെ മുന്നിലോ പിന്നിലോ കോട്ടയ്ക്കൽ എന്നെഴുതി ചേർത്തില്ലെങ്കിൽ സ്വന്തം അസ്തിത്വം പോലുമില്ല. കുറ്റിപ്പുറത്തിന് - കത്തുകളും മണിയോർഡറുകളും വഴിമാറിപ്പോയെന്നും വരാം.ഭൂവിസ്തൃതിയിൽ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ഏറ്റവും വലിയ പ്രദേശമാണ് കുറ്റിപ്പുറം, ഗ്രാമപഞ്ചായത്തിലെ 15 (ആമപ്പാറ) 16 (കുറ്റിപ്പുറം തെക്കേത്തല) 17 (പൂഴി ക്കുന്ന്) വാർഡുകൾ ചേരുന്ന മൊത്തം സ്ഥലം കോട്ടക്കൽ അംശം കുറ്റിപ്പുറം ദേശം എന്നറിയപ്പെടുന്നു. അയ്യായിരത്തോളം ജനങ്ങളും ഏകദേശം ആയിരത്തിമുന്നൂറ് വീടുകളുമുള്ള ഗ്രാമത്തിന്റെ പടിഞ്ഞാറ് കോട്ടയ്ക്കൽ നായാടിപാറ. ചെനയ്ക്കൽ റോഡും തെക്ക് മാറാക്കര പഞ്ചായത്തും കിഴക്ക് കോട്ടൂരും വടക്ക് ചീനംപുത്തൂരും പാണ്ടമംഗലവും അതിരിടുന്നു.ജനങ്ങൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങൾക്കരികെ കച്ചവടസ്ഥാപനങ്ങൾ ഉണ്ടാവുകയും ആ അങ്ങാടിക്ക് ഒരു പേര് പ്രചാരത്തിലാവുകായും ചെയ്യുക സർവ്വസാധാരണമാണല്ലോ. പൊട്ടിപ്പാറ, ആമപ്പാറ, മദ്രസുംപടി, അടിവാരം, ഫാറൂക്ക് നഗർ, താഴെചെനക്കൽ, എരട്ടാക്കൽ, ആലിൻചുവട്, മുളിയൻകുന്ന്, പൂഴിക്കുന്ന്, ആലിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ മിക്കവയും മേൽപ്പറഞ്ഞ രീതിയിൽ ഇരുപതോ ഇരുപത്തഞ്ചോ വർഷം മുമ്പുമാത്രം രൂപപ്പെട്ടിട്ടുള്ളവയാണ്.
കുറ്റിപ്പുറത്ത് കാവ് ഭഗവതി ക്ഷേത്രം
നമ്മുടെ സംസ്കാരത്തിന്റെ പരിസരസംബന്ധിയായ ജൈവഘടകമാണ് കാവുകൾ. അവ വൃക്ഷലതാദികളുടെ ലഘുസമുച്ഛയം മാത്രമല്ല മനുഷ്യനെപ്പോലെ സ്വതന്ത്ര അസ്തിത്വമുള്ള ജൈവസാന്നിധ്യം തന്നെയാണ്. സന്താനലബ്ധി , സമൃദ്ധമായ വിളവ് ലഭിക്കൽ, ഐശ്വര്യം എന്നിവ ലക്ഷ്യമാക്കി മാന്ത്രികമായ അനുഷ്ഠാനങ്ങളെ ദ്രാവിഡ സംസ്ക്കാരത്തിന്റെ കാലം തൊട്ടേ ആരാധിച്ചുപോരുന്നു. കുറ്റിപ്പുറത്തെ സമൃദ്ധമായ കാർഷിക സംസ്കാരത്തിന്റെ ദൃഷ്ടാന്തമാണ് ഈ കാവുസങ്കൽപ്പം. ഈ സ്ഥലത്തിന് കുറ്റിപ്പുറം എന്ന പേരുലഭിച്ചതിനും കാവ് ഒരു കാരണമായിരിക്കാം. (കൊടുങ്ങല്ലൂരമ്മയുടെ കൊച്ചനുജത്തി കുട്ടിത്ത പുരാട്ടി ഇരിപ്പുറപ്പിച്ച സ്ഥലം -കുട്ടി ഇരിപ്പുറപ്പിച്ച് പുറം ലോപിച്ച് കുറ്റിപ്പുറമായതായി അനുമാനിക്കാം).ആരാധനാലയങ്ങളുടെ ആയുസ്സ് നിർണയിച്ചാൽ എത്തുക, പലപ്പോഴും ഐതിഹ്യങ്ങളുടെ വിസ്മയകാഴ്ചകളിലായിരിക്കും. പകലുമുഴുവൻ കൈമെയ് മറന്ന് അധ്വാനിക്കുന്ന മനുഷ്യന് പ്രകൃതി മാതൃദേവതയാണ്. ശക്തിസ്വരൂ പിണിയാണ്. പേമാരിയും കൊടുങ്കാറ്റും കൊടിയ വരൾച്ചയും അവന് പേടിസ്വപ്നമാണ്. പ്രകൃതി പ്രതിഭാസങ്ങൾ മനുഷ്യന്റെ ആരാധനാമൂർത്തികളായതിൽ അത്ഭുതപെടാനൊന്നുമില്ല. വർഷത്തിലൊരിക്കൽ വലിയ വിളവ് നേടിയനാൾ ഗ്രാമവാസികൾ ഒത്തുകൂടി ദേവീപൂജയും ആഘോഷങ്ങളും നടത്തിയിരുന്നത് തികച്ചും സ്വാഭാവികം. ക്ഷേത്രങ്ങളുടെയും അതിലൂടെ വളർന്ന് വികാസം പ്രാപിച്ച അനുഷ്ഠാന പരമ്പരാഗത നാടൻ കലാരൂപങ്ങളുടേയും ഉറവിടം തേടിയവർ എത്തിച്ചേർന്നത് ഈ വിശ്വാസത്തിലാണ്. കൃഷി തൊഴിലാക്കിയ ഇടത്ത് ഗ്രാമപൂജക്ക് ദേവിക്കായി ഒരമ്പലം. കുറ്റിപ്പുറത്തുകാവിന്റെ ഉത്ഭവവും അതുതന്നെയാകാനാണ് സാധ്യത. മാരകമായ സാക്രമിക രോഗങ്ങളുടെ മൂലകാരണം ദേവീകോപമാണെന്ന വിശ്വാസവും ആരാധനയുടെ മറുപുറം തന്നെ. കാലാകാലം ചിറകെട്ടിയും മറ്റും വെള്ളം ശേഖരിച്ചുനിർത്താൻ ഒരു കൈത്തോട്, ഇരുകരകളിലായി പരന്നുകിടക്കുന്ന കൃഷിഭൂമീയും ഒറ്റമെയ്യും മനസ്സുമായി കൃഷിയിറക്കുന്ന കർഷകരും, പ്രകൃതി ചതിക്കാതിരുന്നാൽ നൂറുമേനി വിളവ്, കൊയ്‌ത്തുകഴിഞ്ഞു അറനിറഞ്ഞാൽ വിളക്കാത്ത ദേവിയ്ക്ക് പൂജ, ആട്ടും പാട്ടുമായി ഉത്സവം  ഇത് കുറ്റിപ്പുറത്തിന്റേയും ശീലമാണ്.
വമ്പൻ പാലമരങ്ങളും ഇലഞ്ഞികളും കെട്ടുപിണഞ്ഞ ഊഞ്ഞാൽ വള്ളികളുമുള്ള കൂറ്റൻ കാവുകൾ കുറ്റിപ്പുറത്ത് പല ദിക്കുകളിലായി ഒരുപാടെണ്ണമുണ്ടായിരുന്നു. കാവി നടുത്ത് മനയാത കാവനാട്ട് മന. ദേവീചൈതന്യം ഇവിടെയും കുടിവെയ്ക്കപ്പെട്ടിട്ടുണ്ട്. ആ കഥ ഇങ്ങനെ.മനയിലെ അച്ഛൻ തിരുമേനിയും കാര്യസ്ഥൻ നായരും കൊടുങ്ങല്ലൂരമ്പലത്തിൽ ദീർഘകാലം ഭജനമിരുന്ന് അനാരോഗ്യം അനുവദിക്കാതായപ്പോൾ ശിഷ്ടകാലം ഇല്ലത്ത് എന്ന് തീരുമാനിച്ചു തിരിച്ചുപോന്നു. പാടം വഴി നടന്ന് ഇരുവരും മനപ്പടിക്കലെത്തി. അകായിൽ കടക്കുംമുമ്പേ തേവാരമാകാമെന്ന് നിരീച്ച് തിരുമേനി കയ്യിലുണ്ടായിരുന്ന ഓലക്കുട മനയുടെ പൂമുഖത്തിനടുത്ത് ചാരിവെച്ച് തോട്ടിലിറങ്ങി മുങ്ങിനിവർന്ന് ഈറൻ മാറി കുടയെടുക്കാൻ മുതിർന്ന തിരുമേനി സ്തംഭിച്ചുപോയി. കുടയനങ്ങുന്നില്ല.യാത്ര പറഞ്ഞു പോയ കാര്യസ്ഥൻ നായർ തിരികെ വന്നുപറഞ്ഞു എന്റെ കൂട തോട്ടിൻകരയിലെ ആൽത്തറയിൽ വെച്ച് കുളിക്കാനിറങ്ങിയതാ തിരിച്ചുവന്നപ്പോൾ എടുക്കാൻ വയ്യ .ദേവീചൈതന്യം ആവാഹിക്കപ്പെട്ട് കൂടെ പോന്നതാണെന്ന് നായർ .കുടവെച്ചസ്ഥലം കുടപ്പുറത്തമ്മയായി പിന്നെയത് കുറ്റിപ്പുറത്തമ്മയായി .തിരുമേനി കുടവെച്ച കാവനാട്ട് മനയിലും ഭഗവതി കുടിയിരുന്നു. രണ്ടിടത്തും ഭദ്രകാളിയാണ് പ്രതിഷ്ഠ. എങ്കിലും ശാന്തസ്വരൂപം കളിയാടുന്നതാണ് പ്രകൃതം. 1948 വരെ നിറയെ കച്ചവടക്കാരും പൂതനും തിറയും കാട്ടാളനും നാട്ടുതാലപ്പൊലിയും ആനയും അമ്പാരിയുമായി ഉത്സവം നടത്തിയിരുന്ന മനയിൽ കുറ്റിപ്പുറത്തുകാവിലെ മീനഭരണിയും പ്രസിദ്ധമാണല്ലോ. ഈ ഭഗവതി കുടിയിരുത്തലുകൾ കൊണ്ടാവാം കൊടുങ്ങല്ലൂരിലേക്ക് ഇവിടെനിന്നും കെട്ടെടുത്ത് തീർത്ഥ യാത്ര പാടില്ല എന്ന വിശ്വാസം ജനങ്ങളിൽ ദൃഢമായത്.ഒരു കാലത്ത്‌ വസൂരിമരണങ്ങളുണ്ടായതൊക്കെ ഈ വിശ്വാസം തെറ്റിച്ചതിന്റെ ഫലമാണെന്നും ഇവർ കരുതുന്നു.
നല്ലാട്ട് കാവിലെ കലങ്കരി മഹോത്സവം ദ്രാവിഡ ഗോതാനുഷ്ഠാനത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണ്. മധ്യമസംമ്പ്രദായത്തിൽ പൂജനടത്തുന്ന കാവിലെ കലങ്കരി ഗ്രാമത്തിന്റെ കൊയ്ത്തുത്സവമാണ് .ദേവിക്ക് പൊങ്കാലയിട്ട് നേദിക്കുന്നതും കോഴിവെട്ട് കുരുതിയും ഗ്രാമത്തിന്റെ അഭിവൃദ്ധിക്കാണ്. ഏഴാം നാൾ മുതലുള്ള ചടങ്ങ് സർപ്പം തുള്ളലിന്റെ പരമ്പരാഗത ആചാരങ്ങളേയാണ് സൂചിപ്പിക്കുന്നത്. പള്ളൂവടകുടത്തിന്റെ നിർത്സരിയിൽ പുള്ളാത്തിയുടെ ഭഗവതിതോറ്റങ്ങളുടെ നാദവും വീണയുടെ പാട്ടും കൂടി കുഴയുന്ന ഉച്ഛസ്ഥായിയുടെ യോഗാത്മകതയിൽ അരിപ്പൊടി, മഞ്ഞപ്പൊടി, കരിപ്പൊടി, ചുണ്ണാമ്പ് തുടങ്ങിയവ ഉപയോഗിച്ച് വരയ്ക്കുന്ന കളങ്ങളുടെ വർണപ്പൊലിമയും കുരുത്തോല കയ്യിലേന്തിയ കന്യകമാർ ഉറഞ്ഞുതുള്ളി കളം മായിക്കുന്ന ചാരുദൃശ്യവും ബാല്യത്തിലെ മിഴിവാർന്ന ഓർമ്മയാണ്. അതിനോടനുബന്ധിച്ച് ഗ്രാമീണരൊരുക്കിയിരുന്ന കൊറ്റിയും വേട്ടക്കാരനും ചിത്രഗുപ്തനും യമനും തുടങ്ങിയ രംഗാവിഷ്കാരങ്ങൾ ഗ്രാമീണ നാടകവേദിയുടെ ജീവസ്സുറ്റ അരങ്ങുകളായിരുന്ന കാലത്തിന്റെ കടൽത്തിരകൾ എല്ലാം മായ്ച്ചുകളഞ്ഞു.ഏതാണ്ട് പത്തുമുപ്പത്തഞ്ചുവർഷങ്ങളുടെ പഴക്കമേയുള്ളൂ സുബ്രഹ്മണ്യൻ കോവിലിന്. ഗ്രാമത്തിന്റെ ഉത്സവങ്ങളുടെ പട്ടികയിലേക്ക് ഇതോടെ തേർപ്പുജയും വരവേൽക്കപ്പെട്ടു. കുറ്റിപ്പുറം തെക്കേത്തലയിലുള്ള സ്വയംഭൂ ശിവക്ഷേത്രം നിൽക്കുന്നിടം പുണ്യപുരാതനസ്ഥലമായിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു.
കുറ്റിപ്പുറത്തിന്റെ രണ്ടുകരകളായി കീറിമുറിച്ചുകൊണ്ട് ഒഴുകുന്ന കൈത്തോടിന്റെ കിഴക്കേകര ഹൈന്ദവ ഭൂരിപക്ഷ പ്രദേശമായും പടിഞ്ഞാറേ ഭാഗം മുസ്ലീങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമായും മാറിയിട്ടുള്ളതായി കാണാം. ചിറതാങ്ങിയും വെള്ളം കെട്ടി നിർത്തിയും കൃഷിയെ സ്നേഹിച്ച് വിളവിറക്കിയിരുന്നവർ കരവ്യത്യാസം മറന്ന് കൂട്ടു കൃഷിനടത്തി. സൗഹാർദ്ദത്തിന്റെ വിളവെടുത്ത് മനസ്സിന്റെ പത്തായങ്ങളിൽ സ്നേഹം കോരിനിറച്ചു.കന്നി തുലാം മാസങ്ങളിൽ നട്ട് ധനുവിലോ മകരത്തിലോ കൊയ്തെടുക്കുന്ന മുണ്ടകനും മിഥുനത്തിൽ വിതച്ച് കന്നിയിൽ വിളവെടുത്തിരുന്ന വിരിപ്പുകൃഷിയും സമൃദ്ധമായിരുന്നു ഇവിടെ. വിസ്തൃതമായി കിടന്നിരുന്ന വീട്ടുപറമ്പുകളെ കണ്ടംതിരിച്ച് മോടൻ, എള്ള്, ഉഴുന്ന്, ചേന, ചേമ്പ്, കാവിത്ത്, കിഴങ്ങ്, മരച്ചീനി, വാഴ, മഞ്ഞൾ, ഇഞ്ചി, പച്ചക്കറികൾ തുടങ്ങിയവ നട്ട് നടത്തിയിരുന്ന പതിവ് മിക്കവീടുകളിലും ഉണ്ടായിരുന്നു. ചക്കയുടെയും മാങ്ങയുടെയും കാലമായാൽ കറിയു മുപ്പേരിയും വറുത്തതും വെച്ചതും എല്ലാം ചക്കമയം അഥവാ മാങ്ങമയം. രണ്ടുദിവസം വാഹനബന്ദ് പ്രഖ്യാപിച്ചാലും വലിയ മുട്ടില്ലാതെ കഴിഞ്ഞുകൂടാം ഇന്നത്തെപ്പോലെ പട്ടിണികിടക്കേണ്ട.
കോട്ടക്കൽ  ചന്ത

1860-ൽ കോവിലകം കാരണവരായിരുന്ന ഏറാൾപ്പാട് തമ്പുരാൻ കോട്ടയ്ക്കലങ്ങാടിയിൽ ആഴ്ചച്ചന്ത സ്ഥാപിച്ചത്. ഭൂരിപക്ഷം വരുന്ന ഇവിടുത്തെ കർഷകർക്ക് ഉൾക്കുളിരേകിയ സംഭവമായിരുന്നു. വലിയൊരു സാമൂഹ്യമാറ്റത്തിന് ഇത് നിമിത്തമായി. ശനിയാഴ്ചയിലെ കോട്ടക്കൽ ആഴ്ചച്ചന്ത പ്രസിദ്ധമായിരുന്നു. നാട്ടിലും വീട്ടിലുമുണ്ടാകുന്ന എന്തും സ്വന്തം ഉപയോഗത്തിനെടുത്ത് മിച്ചമുള്ളത് ചന്തയിൽ കൊണ്ടുപോയി വിൽക്കാം. രാവിലെയാണ് നാൽക്കാലി ,വെറ്റില, അടക്ക, തേങ്ങ, കുരുമുളക്, കോഴികൾ ഇവയുടെയൊക്കെ വ്യാപാരം. കിട്ടുന്ന കാശിന് കപ്പാളയിൽ ചന്തക്കോളും വാങ്ങി തിരികെ വീട്ടിലേക്ക് പാടത്തുകൂടെ വരിവരിയായി നടന്നുപോകുന്നവരുടെ ചിത്രം ഒട്ടൊക്കെ മാഞ്ഞുതുടങ്ങി. ഒരാഴ്ച ചന്ത പോകാൻ കൂടിയില്ലെങ്കിൽ വീട്ടിൽ പലവ്യഞ്ജനങ്ങളും ഉണക്കമീനുമൊന്നുമുണ്ടാകില്ല. അടുത്തയാഴ്ചയാകണം പിന്നെ സാധനങ്ങൾ വാങ്ങിക്കാൻ.കാളത്തേക്കും, ഏത്തവും, ധാന്യങ്ങൾ സംഭരിച്ചിരുന്ന ചേരിക്കല്ല് എന്ന കലവറകളും വിസ്മൃതിയിലായി. മുളങ്കാടുകൾ ഓർമ്മയായി. പറമ്പതിർത്തികൾ സംരക്ഷിച്ചിരുന്ന ഇല്ലിക്കോൽ വേലികൾ ചിതലെടുത്തു. ഓടക്കുറ്റിയിൽ മണ്ണണ്ണയൊഴിച്ച് കത്തിച്ചു നടന്ന രാത്രികൾ മറക്കാറായിട്ടില്ല. മുളയും കവുങ്ങും വെട്ടി പുരയ്ക്കും പീടികക്കും കഴുക്കോലും പട്ടികകളും തീർത്തതും പുല്ലും ഓലയും ചേർത്ത് പുരകെട്ടിമേഞ്ഞിരുന്നതും പറഞ്ഞാൽ പുതുതലമുറയ്ക്ക് വിശ്വാസം വരില്ല. പാടവരമ്പിലൂടെയും കൊയ്ത്തുതീർന്നാൽ പാടത്തിനു കുറുകെയും ദൂരെ ദിക്കിലുള്ളവർ ചന്തയിലേക്കും അങ്ങാടിയിലേക്കും സ്കൂളിലേക്കും ജോലിയ്ക്കും മറ്റും നിരയായി പോയിരുന്നതും, ആതവനാട് വളാഞ്ചേരി ഭാഗങ്ങളിൽ നിന്നും തൈര് കുടം തലയിലേറ്റിയ വാല്യക്കാർ കിഴക്കേ കോവിലകത്തേക്ക് നടന്നുവന്നിരുന്നതും കൗതുകം തോന്നിക്കുന്ന കാഴ്ചകളായിരുന്നു. ചേറു കോരിയെറിഞ്ഞ് വരമ്പ് പുഷ്ടിപ്പെടുത്തുന്നതും കൈയ്യും മുഖവും കെട്ടി കാളകളെ പൂട്ടുന്നതും തോട്ടിൽ എരുമകളെ കുളിപ്പിക്കുന്നതും ഊർച്ചമരത്തിലെ അഭ്യാസങ്ങളും കണ്ട് കണ്ട് അങ്ങനെ വഴുക്കലുള്ള പാടവരമ്പിലൂടെ നടന്നുനീങ്ങിയത് ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. പാടത്ത് തെക്കേത്തലയിൽ മൊയ്‌ദീൻ മാഷുടെ പീടികക്കരയിൽ ചുമടിറക്കി ചായകുടിച്ചും ഒരു പുകവിട്ടും നടത്തം തുടർന്നാൽ കുറ്റിപുറം പോസ്റ്റോഫീസിന്റെ സമീപം തോട്ടിൽ വെറ്റില വെള്ളം മുക്കാനും, ചുമടിക്കാനും ,കാപ്പിയേറാടിക്കണ്ടത്തിലെ കടയിൽ നിന്നും കാപ്പികുടിക്കാനും സൗകര്യമുണ്ടായിരുന്നു. നല്ലാട്ടമ്പലത്തിന്റെ പടിഞ്ഞാറേഭാഗത്ത് നല്ലാട്ട് അയ്യപ്പന്റെ വകയായി പണിതിട്ട കരിങ്കല്ലത്താണി പഴയ സ്മരണകൾ അയവിറക്കി നിൽക്കുന്നത് ഇന്നും കാണാം. കരിങ്കൽതൊട്ടികൾ നിർമ്മിച്ച് കന്നുകാലികൾക്ക് വെള്ളം കുടിക്കാൻ സൗകര്യമൊരുക്കിയിരുന്ന സമ്പ്രദായവും ഉണ്ടായിരുന്നു വഴിനീളെ നടന്നുവലഞ്ഞ് ദാഹിച്ചുവീട്ടിലെത്തുന്നവർക്ക് കാലുകഴുകികയറാൻ ഒരുകിണ്ടിവെള്ളം എപ്പോഴും പൂമുഖത്തുണ്ടാകും. കുടിക്കാൻ നാരങ്ങയിലയിട്ട മോരുവെള്ളം വീട്ടിനകത്തും.വിശാലമായ വീട്ടുപറമ്പിനഴകായി തലയുയർത്തി നിന്നിരുന്ന വൈക്കോൽ കൂനകളും തൊഴുത്തിലെ കന്നുകുടുംബവും തൊടിയിൽ ചിക്കിചിനക്കി കൊത്തിപ്പെറുക്കി തിന്നുനടന്നിരുന്ന തള്ളകോഴിയും കുഞ്ഞുങ്ങളും വളർന്ന് പന്തലിച്ച് തണൽ വിരിച്ചു നിന്നിരുന്ന പറമ്പിലെ വൻമരക്കൂട്ടങ്ങളും ഏറെക്കുറെ വിസ്മൃതിയിലാണ്ടു.ആണ്ടോടാണ്ട് മെതിയും തിമർത്തിരുന്ന വീടുകൾ പലതും കൃഷിയെ പിണ്ഡം വെച്ചകറ്റി. നാടൻ നെല്ലും ഉണക്കലരിച്ചോറും രുചിക്ക് ചേരില്ലെന്ന് ആരാണ് നമ്മെ പഠിപ്പിച്ചത്?പറങ്കിമാങ്ങ പഴുത്തുവീണ് ചീഞ്ഞുകിടക്കുന്ന മലഗന്ധം വമിക്കുന്ന മൊട്ടൻ പറമ്പുകളിലൂടെ നീളെയും കുറുകെയും കയറിയിറങ്ങി അയൽവീടുകളിൽ പേൻകൊല്ലാൻ സമയം ചെലവഴിച്ചിരുന്ന നാട്ടിൻപുറത്തെ യുവതികൾ ഇന്ന് സീരിയലുകൾക്ക് കൂട്ടിരിക്കുകയാണ് . ചെമ്മണ്ണുകലക്കി തേച്ചുമിനുക്കി ചാണകം മെഴുകിയിട്ട് മുറ്റവും വേലിപടർപ്പിലെ പൂക്കളും എവിടെയോ അദൃശ്യമായി. അഞ്ചു സെന്റ് ഭൂമിയുടെ ചുരുങ്ങിയ അകലത്തിൽ പാർക്കാൻ പഠിച്ചപ്പോഴേയ്ക്കും ഹൃദയങ്ങൾ തമ്മിലുള്ള ദൂരം വർദ്ധിച്ചത് നാം അറിഞ്ഞില്ല.
ജന്മികുടിയാൻ സമ്പ്രദായവും ജാതിവ്യവസ്ഥയും ഇവിടെയും കൊടികുത്തിവാണിരുന്നു. കുറ്റിപ്പുറത്തെ പാടത്തുകൂടെ നടന്ന് പാണ്ടമംഗലം ഭാഗത്തെത്തുമ്പോൾ അമ്പലത്തിനു കുറച്ച് ഇപ്പുറമുള്ള ഇടവഴിയിലൂടെ കയറി ക്ഷേത്രപരിസരം അശുദ്ധമാക്കാതെ വേണമായിരുന്നു മുസ്ലീങ്ങളും താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളും യാത്ര ചെയ്യേണ്ടിയിരുന്നത്.ആമ പാറ മദ്രസുംപടി റോഡരുകിൽ ഇപ്പോൾ കോരങ്ങോട്ട് കുടുംബം താമസിക്കുന്നിടത്തായിരുന്നു പണ്ട് അവിഞ്ഞിക്കാട്ടുമന. 1950ആയപ്പോഴേക്കും കെട്ടിടഭാഗങ്ങൾ ഓരോന്നായി പൊളിക്കപ്പെട്ടു. എഴുപതുകളുടെ മധ്യത്തോടെ അവകാശിയായിരുന്ന കോട്ടയ്ക്കലെ വലിയ കുട്ടേട്ടൻ രാജ മന ഇവിടെനിന്നും മാറ്റി സ്ഥാപിച്ചു. പടിഞ്ഞാറ്റേക്കര ദാമോദരൻ നമ്പൂതിരി പന്നിയമ്പള്ളി വാരിയത്ത് പാർവ്വതി എന്ന കുഞ്ഞിവാരസ്യാർ, ചെങ്കുളത്ത് കൃഷ്ണൻ മേനോൻ പന്നിക്കോട്ട് മാധവിക്കുട്ടിയമ്മ തുടങ്ങിയവരുടെ ജന്മിത്വങ്ങളിലുള്ള കുറ്റിപ്പുറത്തിന്റെ മണ്ണ് കാലങ്ങളായി ഹിന്ദുക്കളും മുസ്ലിങ്ങളും കൈവശക്കാരായും പാട്ടകുടിയാന്മാരായും പകഭേദമില്ലാതെ അനുഭവിച്ചുപോരുന്നു.മലബാറിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സാമ്രാജ്യത്വ വിരുദ്ധസമരമായിരുന്നു 1921 ലെ മലബാർ കലാപം. ജന്മികുടിയാൻ ബന്ധങ്ങളും കാർഷികപ്രശ്നങ്ങളും ജാതിവ്യവസ്ഥയും ചർച്ചചെയ്യപ്പെടാൻ കലാപം വലിയ നിമിത്തമായി. ഹിന്ദു മുസ്ലിം ഐക്യത്തിന് പേരുകേട്ടതും പി.എസ്. വാരിയരുടെ പ്രഭാവം കൊണ്ട് പ്രശസ്തവുമായിത്തീർന്ന കോട്ടക്കലിൽ കലാപം ഗുരുതരമായി ബാധിച്ചില്ല. കുറ്റിപ്പുറത്ത് പക്ഷേ ഒട്ടേറെ ഭവനങ്ങൾ ലഹളയുടെ മറവിൽ കൊള്ളയടിക്കപ്പെട്ടു. പട്ടാളം കോട്ടപ്പറബിലും ചെനക്കലും തമ്പടിച്ച് റോഡുകൾ കേന്ദ്രീകരിച്ച് കവാത്തുനടത്തി. ദുർഘടങ്ങളായ ഇടവഴികളും നട്ടുച്ചയ്ക്കു പോലും ഇരുൾ വീഴ്ത്തുന്ന വൻമരക്കാടുകളുമുള്ള ഗ്രാമത്തിന്റെ ഉള്ളറകളിലേക്ക് ബ്രിട്ടീഷ് പട്ടാളത്തിന് കടക്കാനായില്ല. നിരപരാധികളായ മുസ്ലിം സഹോദരരെ പോലീസ് വേട്ടയിൽ നിന്നും രക്ഷിക്കാൻ തെങ്ങിൻകുഴികളിലും തട്ടിൻപുറത്തുമൊളിപ്പിച്ച കഥകൾ ഗ്രാമം മറന്നിട്ടില്ല. മുതുവത്തിൻകുന്നിൻമുകളിൽ വെച്ച് ഒരാൾക്ക് പട്ടാളത്തിന്റെ വെടിയേറ്റതും മറ്റൊരാളെ പട്ടാളം പീഡിപ്പിച്ചതും ഏതാനും മുസ്ലിം സഹോദരരെ പട്ടാളം നാടുകടത്തിയതുമൊക്കെ പലരും ഓർത്തെടുക്കുന്നു.
വെള്ളപ്പൊക്കം
1924-ൽ കലാപം അമർന്നു. ജനങ്ങൾ സാധാരണജീവിതത്തിലേക്ക് മടങ്ങിവരാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് കുറ്റിപ്പുറം ഒന്നാകെ മുങ്ങിത്താഴ്ന്ന വലിയൊരു വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തിന്റെയും തുടർന്നുണ്ടായ പകർച്ചവ്യാധികളുടേയും വിഹ്വലതയാർന്ന ചിത്രങ്ങൾ പഴം മനസ്സുകളിൽ ഇപ്പോഴുമുണ്ട്.ചെറിയ ജനലുകളും കിളിവാതിലുകളും ധാരാളമുള്ള വലിയ നാലു കെട്ടുവീടുകളിൽപോലും നട്ടുച്ചയ്ക്ക് ഇരുട്ട് പതുങ്ങിനിൽപ്പുണ്ടാവും. രാത്രി കോൽവിളക്കും റാന്തലും (പാനീസ്) മാടമ്പിവിളക്കും ചിമ്മിനിയും കത്തിച്ചാണ് ഇരുട്ടകറ്റുക. രാത്രി അധികം വൈകും മുമ്പേ ഗ്രാമം ഉറക്കത്തിലേക്ക് വീഴുകയായി. അപൂർവ്വം രാത്രിയാത്രക്കാർക്ക് ഓലച്ചൂട്ടോ ഓടക്കുറ്റിയോ ആണ് വെളിച്ചത്തിന് ശരണം. ഇന്നിപ്പോൾ പതിനൊന്നിനും പന്ത്രണ്ടിനും ഇടയ്ക്കാണ് പലപ്പോഴും വീടുകളിൽ രാത്രി ലൈറ്റണയുന്നതും. നിഴലു നോക്കി നേരമറിഞ്ഞിരുന്നതുമൊക്കെ ഓർക്കുന്നവർ ഇന്നുമുണ്ട്.റോഡുകളൊന്നും നിർമ്മിച്ചിട്ടില്ലാത്ത കാലത്ത് ഗ്രാമം തികച്ചും ഒറ്റപ്പെട്ടാണ് കിടന്നിരുന്നത്. ദേശവുമായി പുറംലോകത്തെ ബന്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളും കുറവായിരുന്നു. നാഴികകളോളം കുണ്ടനിടവഴികളിലൂടെയോ പാടവരമ്പുകളിലൂടെയോ ഏറെദൂരം താണ്ടിയായിരുന്നു വിഷം തീണ്ടിയവരെയും ഗർഭിണികളെയും മറ്റും ചണച്ചാക്ക് തുന്നഴിച്ച് മുളകീറി കെട്ടി മഞ്ചലിൽ കിടത്തി കൊണ്ടുപോയിരുന്നത്. മാരകമായ അസുഖങ്ങൾ പിടിപെട്ട് വിദഗ്ധ ചികിത്സ ലഭിക്കാതെ മരണപ്പെട്ടുപോയ ഒരുപാട് നിർഭാഗ്യവാൻമാരുണ്ട്. നാട്ടുചികിത്സയായിരുന്നു ജനങ്ങൾക്ക് ലഭിച്ചിരുന്ന ഏക വൈദ്യസഹായം. കാലം ഒരുപാട് പുരോഗമിച്ചതിനുശേഷമാണ് കോട്ടയ്ക്കലിൽ ഒരു എം.ബി.ബി.എസ്. ഡോക്ടർ പ്രാക്ടീസ് തുടങ്ങിയത്. ആറ്റുപുറത്ത് തറവാട്ടിലെ പ്രഗത്ഭരായ വൈദ്യന്മാരുടെ ചികിത്സ നാട്ടിൽ കോളറ പോലുള്ള മാരകരോഗങ്ങൾ പടർന്നുപിടിച്ച സമയത്ത് വലിയതുണയായിരുന്നിട്ടുണ്ട്.
P.S. Varier
കാലവർഷം ചതിച്ച് കൃഷിനശിച്ചും രോഗപീഢനകളാൽ ആരോഗ്യം തകർന്നും നിരാലംബമായകാലത്ത് തൊഴിലില്ലായ്മയും പട്ടിണിയും അരക്ഷിതാവസ്ഥയും കൂട്ടുചേർന്ന ഗ്രാമീണരുടെ കഷ്ടപ്പാടുകൾക്ക് മുട്ടുശാന്തിയായത് കോട്ടക്കൽ കോവിലകത്തെ ജോലികളായിരുന്നു. നെല്ലുകുത്താനും കന്നുപൂട്ടാനും അടുക്കളപണിക്കും മറ്റു പുറംവേലകൾക്കുമായി പറ്റംപറ്റമായി ഇവിടുന്ന് നാട്ടുകാർ പോയിരുന്നതായി കേൾക്കുന്നു.1902 ൽ വൈദ്യരത്നം പി.എസ്. വാരിയർ കോട്ടക്കലിൽ ചെറിയ രീതിയിൽ ഒരു വൈദ്യശാലയ്ക്കും തുടക്കമിട്ടതോടെ അവിടത്തെ പണികളിൽ നിന്ന് കിട്ടുന്ന വരുമാനത്തിലൂടെ ജീവിക്കാമെന്ന നിലയിലേക്ക് ജനങ്ങൾ മാറിചിന്തിക്കാൻ തുടങ്ങി .പശുവിൻപാലോ പച്ചമരുന്നുകളോ വാരിയത്തുകൊടുത്താൽ അരിക്കുള്ള കാശുകിട്ടുമെന്ന നിലയായി. കുറേപേർ അങ്ങനെ ആര്യവൈദ്യശാലയിൽ പണിക്കുനിന്നു. കണ്ണഞ്ചിപ്പിക്കുന്ന ദീനാറുകളും സ്വർഗ്ഗതുല്യമായി ജീവിതവും സ്വപ്നം കണ്ട് ചിലർ ലോഞ്ചിൽ ദുബായിലേക്ക് കടന്നു. ചിലർ പട്ടാളത്തിൽ ചേർന്നു.
കോട്ടക്കൽ ആര്യവൈദ്യ ശാല
ഏകദേശം 150-200 വർഷത്തെ പഴക്കമേയുള്ളു കുറ്റിപുറം ജുമാമസ്ജിദിന് കോട്ടയ്ക്കൽ പാലപ്പുറയിലെ പള്ളിയിലേക്കായിരുന്നു അതിനുമുമ്പ് ഇവിടെനിന്നും മയ്യത്ത് കൊണ്ടുപോയിരുന്നതും വിശ്വാസികൾ വെള്ളിയാഴ്ചകളിൽ പള്ളികൂടിയിരുന്നതും. വീട്ടുവരാന്തകളിലും പീടികമുറികളിലും കുട്ടികൾക്കായി നടത്തിയിരുന്ന മതപഠനക്ലാസുകൾ ആലിക്കലിൽ ആദ്യത്തെ മദ്രസ് സ്ഥാപിക്കപ്പെട്ടതോടെ ചിട്ടയായ ഔദ്യോഗിക രീതിയിലേക്ക് മാറി. മറ്റിടങ്ങളിലും വൈകാതെ മദ്രസാനിർമ്മാണം നടന്നു. കുറ്റിപ്പുറം പള്ളിയിൽ ഖുതുബ നിർവഹിച്ചിരുന്ന ബഹുമാനത്തിനും സ്നേഹത്തിനും പാത്രീഭൂതനായിരുന്നു ആദ്ധ്യാത്മിക നേതാവും അത്ഭുതസിദ്ധികളുള്ള ആളുമായിരുന്നു തങ്ങൾ. സാന്ത്വനവചസുകൾ ഓതിയിരുന്ന തങ്ങളുടെ വീട് നാട്ടുകാരുടെ സങ്കടങ്ങൾക്ക് നല്ലൊരു അത്താണിയായിരുന്നു. അമരിയിൽ, തയ്യിൽ, കരുവക്കോടിൽ ,പുളിക്കൽ ,കാലൊടി തുടങ്ങിയ ചില തറവാട്ടുനാമങ്ങൾ കൂടുതലായി പണ്ടുമുതലേ കേട്ടുവരുന്നു. 1973-ൽ സർവ്വേ നടത്തിയവേളയിലും അതിനു മുമ്പും കാവതികളും കിഴക്കേപ്രദേശത്തെ ഏതാനും ഭാഗങ്ങൾ കുറ്റിപ്പുറത്തോടു ചേർന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. അവിടെയുള്ള എൽ.പി.വിദ്യാലയം കുറ്റിപ്പുറം നോർത്ത് എന്നാണ് ഇന്നും അറിയപ്പെടുന്നത്. സ്ഥാപിതവർഷം കൃത്യമായി അറിയില്ലെങ്കിലും ഒരുകാര്യമുറപ്പിക്കാം വലിയ കാലവ്യത്യാസമുണ്ടാകില്ല. കുറ്റിപ്പുറത്ത് രൂപീകൃതമായി വിദ്യാലയങ്ങൾ തമ്മിൽ.                                                                                                                                                                                               ആമപ്പാറയിലെ നരസിംഹ മൂർത്തി ക്ഷേത്രം നിത്യനിദാ നപൂജാകർമ്മങ്ങളും പൗഷ്ടിക ക്രിയകളുമൊക്കെയായി വളരെ നല്ല നിലയിൽ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നതായി പറയപ്പെടുന്നു. നാറാണത്തു തിരുവടികൾ  സ്ഥാപിച്ചതാണ് ഈ ക്ഷേത്രം എന്ന് ഐതീഹ്യം ഉണ്ട്.
കർമ്മികളും നടത്തിപ്പുകാരുമൊക്കെയായി ഹൈന്ദവ പുരോഹിത വൃന്ദം ഇവിടെ പുലർന്നിരുന്നതായി കണക്കാക്കപ്പെടുന്നു. തെളിവായി സമീപത്തുള്ള ചില സ്ഥല നാമങ്ങളുമുണ്ട്. വേദപഠനത്തിനായി സംസ്കൃതപാഠശാല (കളരി) സമൂഹം ഏറ്റെടുത്ത് രൂപംകൊണ്ട് സ്ഥാപിച്ചതാവാം ഇന്നുള്ള വിദ്യാലയം. വിളക്ക് കോന്തുനായർ എന്ന ആളാണ് ഈ വിദ്യാലയം സ്ഥാപിച്ചതിലെ മുഖ്യ സൂത്രധാരൻ. 1900ത്തിന്റെ ആദ്യത്തോടെ രൂപംകൊണ്ട് സ്ക്കൂളിന് 1926 ൽ സർക്കാർ അംഗീകാരം ലഭിച്ചു. അമരിയിൽ കുഞ്ഞിക്കോമു ആണ് അന്ന് സ്കൂൾ മാനേജർ 1936 ൽ വീണ്ടും മാനേജ്മെന്റ് കൈമാറ്റം നടന്നതായി പറയപ്പെടുന്നു. സ്ക്കൂളിലെ അധ്യാപകരായിരുന്ന പുല്ലൂർ ശങ്കുണ്ണിനായർ ബന്ധുവായിരുന്ന അച്ചുതൻനായർ എന്നിവർ ചേർന്ന് ഉടമസ്ഥാവകാശം ഏറ്റെടുത്തെങ്കിലും അധികം വൈകാതെ കുഞ്ഞിക്കോമുവിന് തിരിച്ച് വിറ്റു.ആഴ്വഞ്ചേരി ത്രിനേശൻ എന്ന വലിയ തംബ്രാക്കൾക് ജന്മിത്തമുള്ളതും  പാറമ്മൽ ഉമ്മാളുമ്മ എന്ന കൈവശാധികാരമുളളതുമായ പറമ്പിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്ക്കൂൾ ഉടമസ്ഥാവകാശം ലഭിച്ചതോടെ ഭൂമിയുടെ കൈവശവും കുഞ്ഞിക്കോമുവിൽ നിക്ഷിപ്തമായി.ഇന്ന് ജീവിച്ചിരിക്കുന്ന പഴയകാല അദ്ധ്യാപകരിൽ ഏറ്റവും മുതിർന്ന ശ്രീ. പുല്ലൂർ ശങ്കുണ്ണിനായർ 1932 ലാണ് സ്കൂളിൽ അദ്ധ്യാപകനായി ജോലിക്കെത്തുന്നത്. അച്യുതൻ നായർ, എം.കെ. സുബ്രഹ്മണ്യൻ രത്നത്ത് കുഞ്ചുക്കുട്ടി തുടങ്ങിയവരായിരുന്നു അന്നിവിടുത്തെ മറ്റദ്ധ്യാപകർ. 1939ൽ സ്കൂൾ അഞ്ചാം തരം വരെ ഉയർത്തി മൂന്ന് പ്രധാന കെട്ടിടങ്ങൾ കാണുന്നതിൽ മദ്ധ്യഭാഗത്തെ പഴയ ആ ബിൽഡിംഗ് മാത്രമെ തുടങ്ങിയകാലം തൊട്ടുണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം പിന്നീടുണ്ടാക്കിയവയാണ് .മായാണ്ടിമാഷ്, ഏറാടിമാഷ്, അരവിന്ദാക്ഷൻ നെടു പുതുക്കുടി ശ്രീദേവി ടീച്ചർ എന്നിവർ വിവിധ കാലഘട്ടങ്ങളിലായി ഇവിടുത്തെ അധ്യാപകരായിരുന്നു. 1947-48 അധ്യയനവർഷത്തിൽ അഞ്ചാംതരം പരീക്ഷ പാസായത് രണ്ടു പേർ മാത്രമാണ് . മാന്തൊടി രാവുണ്ണിക്കുട്ടി നായരും പുല്ലാട്ടുതൊടി രാഘവനും. 1947 ആഗസ്റ്റിൽ വെള്ളക്കാർ ഇന്ത്യ വിട്ടുപോയി. സ്കൂളിൽ മീറ്റിംഗ് ഉണ്ട് വരണം എന്ന് അധ്യാപകർ ഓരോ വീട്ടിലും ചെന്ന് ക്ഷണിച്ച് വിദ്യാലയമുറ്റത്ത് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് പലരും ഓർക്കുന്നു. യോഗശേഷം മിഠായി വിതരണവും ഉണ്ടായി.
പട്ടാളറിക്കാഡുകൾ പ്രകാരം ഇന്ത്യ-ചൈന യുദ്ധകാലത്ത് 1962 ഒക്ടോബർ 22ന് നേഫ എന്ന ഇന്ത്യൻ അതിർത്തിയിൽ വെച്ച് മിസ്സിംഗ് രേഖപ്പെടുത്തപ്പെട്ട കുന്നനാത്ത് ശ്രീധരൻ നായർ അഞ്ചാം ക്ലാസുവരെ പഠിച്ചത് ഈ സ്കൂളിലായിരുന്നു. 18-ാം വയസ്സിൽ സൈന്യത്തിൽ പ്രവേശനം നേടി ഭാരതത്തിലെ വിവിധ കേന്ദ്രങ്ങളിൽ സേവനമനുഷ്ഠിച്ച് ഒടുവിൽ ജീവിതത്തിൽ നിന്ന് മിസ്സിംഗ് ആകുമ്പോൾ ആ ധീരാത്മാവിന് പ്രായം കേവലം ഇരുപത്തിയെട്ട്. അദ്ദേഹത്തിന്റെ പത്നി മാന്തൊടി പത്മാവതിയമ്മയുടെ കണ്ണുകളിലെ നനവ് ഇനിയും ഉണങ്ങിയിട്ടില്ല. മാതൃരാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നതിനിടെ വീരമൃത്യു വരിച്ച ജവാനെയോർത്ത് ഈ വിദ്യാലയത്തിന്റെ കൽച്ചുമരുകൾ കോരിത്തരിപ്പോടെ നെടുവീർപ്പിടുന്നുണ്ടാകാം.ആദ്യകാല ഗുരുനാഥൻമാരുടെ സ്തുത്യർഹങ്ങളായ സേവനങ്ങളും സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ അവർ പ്രകടിപ്പിച്ചിരുന്ന താത്പര്യങ്ങളും നാട്ടുകാർ ചാരിതാർത്ഥ്യത്തോടെ ഇന്നും ഓർക്കുന്നു. നാട്ടിലെ ക്ലബുകളുമായി കൂട്ടുചേർന്ന് അധ്യാപകർ മുന്നിട്ടിറങ്ങിയതോടെ ഗ്രാമത്തിന്റെ സർവ്വതോന്മുഖമായ വികസനങ്ങൾക്കും കലാപ്ര വർത്തനങ്ങൾക്കും ആക്കം കൂടി. ദേശപുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും കൂടിയാലോചനകൾക്കും പണ്ടുമുതലേ വേദിയായിരുന്നു ഈ വിദ്യാലയം.
കോട്ടക്കൽ പോസ്റ്റോഫീസിൽ നിന്നും കത്തെടുത്ത് കുറ്റിപ്പുറത്തുകാർക്കെത്തിച്ചുകൊടുക്കുന്ന ശിപായിയേയും പ്രതീക്ഷിച്ച് കുത്തിയിരിക്കുന്നത് ഇവിടുത്തുകാരുടെ ഒരു ശീലമായിരുന്നു. കാടാമ്പുഴയ്ക്കടുത്തുള്ള ബ്രാഞ്ച് തപാലാപ്പീസിലേക്ക് തപാലുമായി പാടത്തൂടെ കുന്തവും കയ്യിലേന്തി കുടമണി കിലുക്കികൊണ്ട് ധൃതിയിൽ നടന്നു പോയിരുന്ന ഏർക്കരയിലെ ശങ്കരൻനായർ എന്ന അഞ്ചലോട്ടക്കാരനോട് കുട്ടികളും മുതിർന്നവരും കളിയായിട്ട് ചോദിക്കും.കത്തുണ്ടോ ? കത്തല്ല നിനക്കിട്ടൊരു കുത്താണ് എന്ന് പറഞ്ഞു ശങ്കരൻനായർ കണ്ണുരുട്ടും.1956 ഡിസംബർ 24നാണ് പ്രതീക്ഷകൾക്ക് പുതുജീവനേകി ഇവിടെ ബ്രാഞ്ച് തപാലപ്പീസ് തുടങ്ങുന്നത്. വെളിച്ചപ്പാട്ടിൽ നാരായണക്കുറുപ്പുമാഷ്ക്കായിരുന്നു പോസ്റ്റ്മാസ്റ്ററുടെ ചാർജ്ജ്. കുട്ട്യാമനായിരുന്നു ആദ്യത്തെ പോസ്റ്റ്മാൻ കുറുപ്പുമാഷിനുശേഷം തോക്കാംപാറയിലെ നാരായണൻ പോസ്റ്റുമാസ്റ്ററായി എത്തി. തടിച്ച അഴികളുള്ള ചെറിയ ജാലകത്തിനിടയിലൂടെ കൈകടത്തി ഇൻലന്റും സ്റ്റാമ്പും വാങ്ങി ദൂരെയുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കത്തയച്ച് മറുപടിക്കായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നവർ ഇന്ന് എഴുതാൻ മടിയുള്ളവരായി. ഫോണുണ്ടല്ലോ, മൊബൈലും.
1949-ൽ കോട്ടക്കൽ പഞ്ചായത്ത് നിലവിൽ വന്നു. 1962-ൽ പഞ്ചായത്തിലേക്ക് ജനാധിപത്യരീതിയിലുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് നടന്നു. അതിനുമുമ്പുവരെ ഓരോ പ്രദേശത്തുനിന്നുമുള്ള നോമിനി കളായിരുന്നു ഭരണം നിയന്ത്രിച്ചിരുന്നത്. ആദ്യത്തെ തെരഞ്ഞെടുപ്പിൽ ചീനംപുത്തൂർ ആമപ്പാറ മദസുംപടി പ്രദേശങ്ങളെ പ്രതിനിധീകരിച്ച് കരുവക്കോട്ടിൽ അഹമ്മദുകുട്ടിഹാജി ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. കുണ്ടിൽ മുഹമ്മദ് ലീഗ് സ്ഥാനാർത്ഥിയായും അച്ചുതൻകുട്ടിനായർ കോൺഗ്രസ് ടിക്കറ്റിലും മത്സരരംഗത്തുണ്ടായിരുന്നു. ആമപ്പാറയിലെ നരസിംഹമൂർത്തീക്ഷേത്രത്തിന് പടിഞ്ഞാറ് പാടത്തുണ്ടായിരുന്ന മണൽത്തിട്ടയിൽ രാഷ്ട്രീയ സമ്മേളനം നടന്നിട്ടുള്ളതായി ചിലരെങ്കിലും ഓർക്കുന്നുണ്ട്.