എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ഹെവിന്റെ ചീരത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
ഹെവിന്റെ ചീരത്തോട്ടം

ചീരച്ചെടികൾക്കരികിൽ നിന്ന് ഫോട്ടോ എടുത്ത് അമ്മയോട് പറഞ്ഞ് വാട്ട്സ് ആപ്പിലൂടെ ടീച്ചറിന് അയച്ചുകൊടുക്കുമ്പോൾ ഹെവിന് എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും തോന്നി. ലോക്ക് ഡൗൺ കാലത്തെ പരിശ്രമം പ്രതീക്ഷിക്കാതെ ഒരു ദിവസം സ്കൂൾ അടച്ച് വീട്ടിലിരിക്കാൻ തുടങ്ങിയപ്പോൾ അവന് ദു:ഖം സഹിക്കാനായില്ല. ഇനിയിപ്പോൾ എന്തു ചെയ്യും? പഠിക്കാൻ മിടുക്കനാണെങ്കിലും കളിക്കാനാണ് ഹെവിന് കൂടുതൽ ഇഷ്ടം. സ്ക്കൂളിൽ കളിക്കുന്നതിന് ടീച്ചറിൻ്റെ വക വഴക്കും ശിക്ഷയും ഒരുപാട് കിട്ടാറുണ്ട്. എങ്ങനെ കളിക്കാതിരിക്കും? തൻ്റെ പ്രായക്കാരായ കുട്ടികളെ കാണുന്നതു തന്നെസ്കൂളിൽ എത്തുമ്പോഴാണ്.ഒരു വലിയ റബ്ബർ കാടിനുള്ളിലാണ് ഹെവിൻ്റെ കൊച്ചു വീട്. അടുത്ത് ഒരു വീടുപോലുമില്ല. വളരെ ദൂരം ചെന്നാലേ വീടുകൾ കാണാനാകൂ. സ്കൂളിൽ നിന്നും വീട്ടിലെത്തിയാൽ ചേച്ചി പിന്നെയും എഴുത്തും വായനയും തുടങ്ങും. തനിക്കത് കാണുമ്പോഴേ അവളോട് ദേഷ്യം തോന്നും. അവൾക്ക് എന്നോടൊപ്പം ഒന്നുകളിച്ചാലെന്താ ? പിന്നെ അമ്മയുടെ വഴക്കു മുഴുവൻ താൻ കേൾക്കണം പഠിക്കാത്തതിന്. ടി വി കാണാമെന്നു വച്ചാൽ അത് കേടായിരിക്കുവാണ്. ക്ലാസ്സിൽ കൂട്ടുകാർ ടി വി യിൽ കണ്ട കാർട്ടൂണിനെക്കുറിച്ചും സിനിമയെക്കുറിച്ചും പറഞ്ഞു രസിക്കുമ്പോൾ താൻ വായ് തുറന്ന് അത് കേട്ടിരിക്കും. ഒരു ദിവസം ടീച്ചറിനോട് അമ്മപറയുന്നത് കേട്ടു. ടീച്ചറേ വൈകുന്നേരമായാൽ അവരുടെ അപ്പച്ചൻ ടി വി ഓണാക്കും രാത്രി പത്തു മണി വരെ പിന്നെ അതും കണ്ടിരിക്കും. പിള്ളേർക്കൊന്നും പഠിക്കാൻ പറ്റില്ല. അതു കൊണ്ട് ടി വി കേടായപ്പോൾ പിന്നെ നന്നാക്കിയില്ല. അതു കൊണ്ടു തന്നെ സ്കൂളിൽ ചെന്ന് കൂട്ടുകാരോടൊപ്പം ഓടിച്ചാടി കളിക്കുന്നതാണ് ഹെവിൻ്റെ ഏറ്റവും വലിയ സന്തോഷം. വീട്ടിലിരിപ്പായപ്പോൾ ഹെവിന് ആകെ സങ്കടമായി. കുറച്ചു സമയം പടം വരച്ചും പഴയ കളിക്കുടുക്ക കളിലെ കഥകൾ വായിച്ചും ഉറങ്ങിയും സമയം തള്ളി നീക്കി. ഒരു ദിവസം പുറത്ത് സാധനം വാങ്ങാൻ പോയിട്ട് വന്ന അച്ഛൻ കുറച്ച് പച്ചക്കറിവിത്തും കൊണ്ടുവന്നു. പിന്നെ എല്ലാവരും കൂടി വിത്തുകൾ നട്ടു വെള്ളമൊഴിക്കുന്ന ജോലി ഹെവിൻ ഏറ്റെടുത്തു വിത്ത് പൊട്ടി മുളച്ചു വരുന്ന ചെറുതൈകൾ കണ്ടപ്പോൾ അവന് ഏറെ സന്തോഷമായി. അങ്ങനെ വളർന്നു വന്ന ചീരതൈകളാണിവ. വാട്സ്ആപ്പിലെ ഫോട്ടോ കണ്ടിട്ട് ടീച്ചർ നന്നായി എന്ന് അറിയിച്ചപ്പോൾ അവന് അഭിമാനം തോന്നി. കൃഷിയുടെ മഹത്വം അവൻ അറിയുകയായിരുന്നു.

അഭിനവ്
3 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ