എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ശ്രീ. ടി.വി.ഇന്നസെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ശ്രീ. ടി.വി.ഇന്നസെന്റ്

തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട താലൂക്കിലെ ചിറയ്ക്കൽ പഞ്ചായത്തിൽ തെക്കേത്തല വറീതിൻ്റെയും മർഗലീത്തയുടേയും മകനായി 1948 ഫെബ്രുവരി 28-ന് ജനനം. വറീത്-മർഗലീത്ത ദമ്പതികളുടെ എട്ടുമക്കളിൽ അഞ്ചാമനും ആണ്മക്കളിൽ മൂന്നാമനുമായിരുന്നു അദ്ദേഹം. ഡോ. കുര്യാക്കോസ്, സെലീന, പൗളി, സ്റ്റെൻസിലാവോസ്, അഡ്വ. വെൽസ്, ലിണ്ട, ലീന എന്നിവരായിരുന്നു സഹോദരങ്ങൾ. ലിറ്റിൽ ഫ്ലവർ കോൺവൻ്റ് ഹൈസ്കൂൾ, നാഷണൽ ഹൈസ്കൂൾ, ഡോൺ ബോസ്കോ എസ്.എൻ.എച്ച്.എസ് എന്നിവിടങ്ങളിൽ പഠനം. എട്ടാം ക്ലാസിൽ വച്ച് പഠനമുപേക്ഷിച്ച് അഭിനയമോഹവുമായി മദ്രാസിലേക്ക് തിരിച്ചു. സിനിമയിലെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിട്ടാണ് തുടക്കം. 1972-ൽ റിലീസായ നൃത്തശാലയാണ് ആദ്യ സിനിമ. പിന്നീട് ഉർവ്വശി ഭാരതി, ഫുട്ബോൾ ചാമ്പ്യൻ, നെല്ല് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയവേഷങ്ങൾ ചെയ്തു. സിനിമകളിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ കർണാടകയിലെ ദാവൻഗരെയിലേക്ക് പോയി തീപ്പെട്ടിക്കമ്പനി നടത്തിയെങ്കിലും അത് സാമ്പത്തികപരമായി വിജയിച്ചില്ല. തുടർന്ന് ചെറുകിട ജോലികൾ ചെയ്ത് മദ്രാസിൽ തുടർന്നു.

സിനിമയിലെ തുടക്കകാലത്ത് തന്നെ ഡേവിഡ് കാച്ചപ്പള്ളിയുമായി ചേർന്ന് ശത്രു കമ്പയിൻസ് എന്ന നിർമ്മാണക്കമ്പനി ആരംഭിച്ചു. ശത്രു കമ്പയിൻസ് ബാനറിൽ ഇളക്കങ്ങൾ, വിടപറയും മുൻപേ, ഓർമ്മക്കായി, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. നിർമ്മാണക്കമ്പനി സാമ്പത്തികബാധ്യത നേരിട്ടതോടെ ഇന്നസെൻറ് ആ ശ്രമം ഉപേക്ഷിച്ച് വീണ്ടും അഭിനയത്തിലേക്ക് തിരിഞ്ഞു. ഇടക്കാലത്ത് ഇടതുപക്ഷ പാർട്ടിയായ ആർ.എസ്.പിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയായും 1979 മുതൽ 1983 വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലറായും പ്രവർത്തിച്ചു.

ഭരതൻ സംവിധാനം ചെയ്ത് 1982-ൽ റിലീസായ ഓർമ്മക്കായി എന്ന സിനിമയിലെ കഥാപാത്രമാണ് ഇന്നസെൻറിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. തൃശൂർ ഭാഷയിൽ ഇന്നസെൻ്റ് ആദ്യമായി സംസാരിക്കുന്നതും ഈ സിനിമയിലാണ്. പിന്നീടങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങൾ. സിനിമയിലെ തൃശൂർ ഭാഷ ഇന്നസെൻറായി പരിണമിച്ചതും അക്കാലത്താണ്. മലയാള സിനിമകളിൽ ഇന്നസെൻ്റ് - കെപിഎസി ലളിത എന്നിവർ ജനപ്രിയ ജോഡികളുമായി. ഏകദേശം ഇതുവരെ 750-ലധികം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ച ഇന്നസെൻ്റ് മലയാള സിനിമയിലെ മികച്ച ഹാസ്യതാരങ്ങളിലൊരാളാണ്.

1986 മുതലാണ് ഇന്നസെൻറ് സിനിമകളിൽ സജീവമായത്. 1989-ൽ റിലീസായ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിലെ മാന്നാർ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് ഗജകേസരിയോഗം, ഗോഡ്ഫാദർ, കിലുക്കം, വിയറ്റ്നാം കോളനി, ദേവാസുരം, കാബൂളിവാല എന്നിങ്ങനെ അനവധി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇന്നസെൻറിന് കഴിഞ്ഞു. കോമഡി റോളുകളും സീരിയസ് റോളുകളും ഒരേപോലെ കൈകാര്യം ചെയ്യുന്ന നടനാണ് ഇന്നസെൻ്റ്. വെള്ളിത്തിരയിൽ അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകരുടെ മനസിൽ എന്നെന്നും നിലനിർത്താൻ അദ്ദേഹത്തിന് കഴിവുണ്ട്. കോമഡി റോളുകളിലെ അഭിനയമാണ് ഇന്നസെൻറിനെ ജനപ്രിയ നടനാക്കി മാറ്റിയത്.

പുരസ്കാരങ്ങൾ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം

  • 1989 - മികച്ച രണ്ടാമത്തെ നടൻ - മഴവിൽ കാവടി

കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം

  • 2009 - മികച്ച നടൻ - പത്താം നിലയിലെ തീവണ്ടി

ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം

  • 2001 - മികച്ച സഹനടൻ - രാവണപ്രഭു
  • 2004 - മികച്ച സഹനടൻ - വേഷം
  • 2006 - മികച്ച ഹാസ്യനടൻ - രസതന്ത്രം, യെസ് യുവർ ഓണർ
  • 2008 - മികച്ച സഹനടൻ - ഇന്നത്തെ ചിന്താവിഷയം

മറ്റ് പുരസ്കാരങ്ങൾ

  • 2007 - സത്യൻ പുരസ്കാരം
  • 2008 - മികച്ച പ്രകടനത്തിനുള്ള വാർഷിക മലയാള ചലച്ചിത്ര പുരസ്കാരം (ദുബായ്)