എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/ ആരോഗ്യസംരക്ഷണം
ആരോഗ്യസംരക്ഷണം
ആരോഗ്യമുളള ശരീരവും മനസ്സും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല.വ്യക്തിത്വത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന ഘടകങ്ങളാണിവ. ഒന്നിനും സമയമില്ലായെന്ന് പരാതിപ്പെടുന്ന ആധുനിക മനുഷ്യൻ ദിവസം അല്പനേരമെങ്കിലും തൻറെ ആരോഗ്യത്തെപ്പറ്റി ചിന്തിച്ചില്ലായെങ്കിൽ ഭാവിയിൽ വന്നുചേരുന്ന അതിഥിരോഗങ്ങളുടെ നിരയേ സ്വീകരിച്ചേ മതിയാകൂ. മാറ്റത്തിൽ നിന്നും മാറ്റത്തിലേക്ക് പറന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ ആരോഗ്യസംരക്ഷണമെന്നത് സവിശേഷ പ്രാധാന്യമർഹിക്കുന്ന വിഷയമാണ്. പത്ത് വർഷങ്ങൾക്ക് മുൻപുള്ള ജീവിതരീതികളിൽ നിന്നും വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളതാണ് ഇന്നത്തെ ജീവിതചര്യകൾ. പ്രത്യേകിച്ചും ഫാസ്റ്റ്ഫുഡ് സംസ്കാരത്തിൻറെ വക്താക്കളായി മലയാളികൾ മാറിക്കൊണ്ടിരിക്കുന്നു.യുവത്വത്തിൻറെ ആരംഭദശയിൽ തന്നെ ഇന്ന് നല്ലൊരു വിഭാഗം ആൾക്കാർ അമിതവണ്ണം,പ്രമേഹം,ഹൃദ്യസംബന്ധിയായ പ്രശ്നങ്ങൾ, കൊളസ്ട്രോൾ എന്നിവയ്ക്കടിമപ്പെടുന്നു.മാനസികപിരിമുറുക്കത്തിൻറെയും മത്സരയോട്ടത്തിൻറെയും ഫലമായി ഇന്ന് പല യുവതീയുവാക്കളും അകാലവാർദ്ധക്യത്തിൻറെ കരങ്ങളിൽ ഞെരിഞ്ഞമരുകയാണ്. ഇന്ന് പരസ്യവിപണി ശ്രദ്ധിച്ചാൽ മനസ്സിലാകും പണ്ട് സോപ്പുകളും തുണിത്തരങ്ങളും കൈയ്യടക്കിവാണിരുന്ന പരസ്യമേഖലയിൽ ഇന്ന് തെളിയുന്നത് ആരോഗ്യവർദ്ധകവസ്തുക്കളുടെയും വണ്ണം കുറക്കാനുള്ള മരുന്നുകളുടെയും വാഗ്ദാനപ്പെരുമഴയാണ്.എന്നാൽ ആരോഗ്യസംരക്ഷണത്തിൻറെ ലേബലിൽ ഇവയിൽ പലതും പരീക്ഷിച്ച് 'ഇടിവെട്ടേറ്റവന് പാമ്പുകടിയേറ്റ അവസ്ഥയാണ് പലർക്കും. ആരോഗ്യസംരക്ഷണമാർഗങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ടുന്നതായുള്ള ധാരാളം കാരണങ്ങളുണ്ട്.അവയിലൊന്നാണ് നമ്മുടെ ആഹാരശീലം.ഇന്നത്തെ മലയാളികളിൽ ഭൂരിഭാഗംപേരും ഭക്ഷണപ്രിയരാണ്.വിശക്കുമ്പോഴും അല്ലാത്തപ്പോഴും ധാരാളം നാവിന് രുചിയേറിയ ഭക്ഷണങ്ങൾ വയററിയാതെ കഴിക്കുകയാണ് അവരുടെ പതിവ്.ഈ ശീലം മാറ്റേണ്ടതുണ്ട്.കഴിവതും തൻറെ പ്രായത്തിനനുസരിച്ചുള്ള പോഷകപ്രദമായ ഭക്ഷണങ്ങൾ ആവശ്യമുള്ള അളവിൽ മാത്രം കഴിക്കുക.കഴിവതും കലോറികൂടിയ എണ്ണയിൽ വറുത്ത പദാർത്ഥങ്ങൾ, മാംസഭക്ഷണം എന്നിവ ഒഴിവാക്കുകയും ധാന്യത്തിനും പച്ചക്കറിയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്നതാണ് നല്ലത്. ആരോഗ്യമുള്ള ശരീരത്തിൻറെ അവിഭാജ്യമായ ഘട്ടങ്ങളിലൊന്നാണ് വ്യായാമം.ഒരു വ്യക്തി ഏറ്റവും ചുരുങ്ങിയത് പതിനഞ്ച് മിനിട്ടെങ്കിലും വ്യായാമത്തിനായി ചെലവഴിച്ചിരിക്കണം.ദിവസേനയുള്ള നടത്തം ഒരു നല്ല വ്യായാമശീലമാണ്.എന്തെങ്കിലും ശാരീരികാസ്വസ്ഥ്യങ്ങൾ ഉള്ളവർ വ്യായാമത്തിനു മുൻപ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതായിരിക്കും. ഭാരതീയസംസ്കൃതി ലോകജനതയ്ക്കായി സമർപ്പിച്ച യോഗ,ധ്യാനം,പ്രാണായാമം എന്നിവ ജീവിതചര്യയുടെ ഭാഗമായി സ്വീകരിക്കുന്നത് ആരോഗ്യകരമായ വ്യക്തിത്വത്തിൻറെ വളർച്ചയിലേക്കുള്ള വീഥിയാണ്.ശാരീരികവും മാനസികവുമായ സദ്പ്രയോജനങ്ങൾ സംഭാവന ചെയ്യുന്ന ഈ ശീലങ്ങൾ തീർത്തും പാർശ്വരഹിതമായ ചികിത്സാരീതികൾ കൂടിയാണ്.ശാരീരിക പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഈ ശീലങ്ങൾ ഒരു വ്യക്തിയെ സഹായിക്കുന്നു. ശാരീരികാരോഗ്യം പോലെ വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ് മാനസികാരോഗ്യം.മാനസികാരോഗ്യത്തിന് വിഘാതമായി നിലകൊള്ളുന്ന അനിയന്ത്രിതമായ കോപം, സങ്കടം,ഭയം എന്നിവയെ ഇല്ലാതാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.നല്ല സുഹൃദ്ബന്ധങ്ങൾ സൃഷ്ടിക്കുന്ന ആത്മവിശ്വാസം,സദ്ഗ്രന്ഥങ്ങളുടെ സൗഹൃദം,ദൈവവിശ്വാസം,യുക്തിചിന്ത എന്നിവയൊക്കെയും മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഘടകങ്ങളാണ്. ആരോഗ്യകരമായ മനസ്സും ശരീരവും ഒരു നാണയത്തിൻറെ ഇരുവശങ്ങൾപോലെയാണ്.ഒരു ഭാഗം ദുർബലമായാൽ അത് മറ്റേ ഭാഗത്തിനും സാരമായി ബാധിക്കുമെന്നതിനാൽ ശ്രദ്ധ നൽകുക-മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം