എസ്.വി.എ.യു.പി.എസ് കാപ്പിൽ/അക്ഷരവൃക്ഷം/വീണ്ടും അറിവിൽ നിന്നും തിരിച്ചറിവിലേക്ക്
വീണ്ടും അറിവിൽ നിന്നും തിരിച്ചറിവിലേക്ക്
എന്റെ കുട്ടികാലത്ത് വീടിന്റെ ഉമ്മറ മുറ്റത്തോട് ചേർന്ന് തോടും ,കുളവും ഇരുവശത്തോട്ടും നോക്കിയാൽ കണ്ണെത്താ ദൂരത്ത് പാടവും ഉണ്ടായിരുന്നു. വിളഞ്ഞ നെൻ മണി കൊത്തി ത്തിന്നാൻ എത്തുന്ന തത്തകളെ തപ്പിൽ കൊട്ടി പാറിക്കുന്ന ഓർമ്മകൾ ,ഒരു കൂട്ടം തത്തകൾ ഒന്നിച്ചു വെട്ടി പറന്ന് പോകുന്ന കാഴ്ചകൾ എല്ലാം ഒരിക്കൽ കൂടി ഓർമ്മയിലെത്തുന്നു.വീടിന് ഇരുവശത്തോട്ടും 500 മീറ്റർ സഞ്ചരിച്ചാൽ എട്ട് കുളങ്ങൾ ഉണ്ടായിരുന്നു .ഇന്നതിൽ ഒരു കുളം മാത്രം അവശേഷിക്കുന്നു . തോടും നശിച്ചു കൊണ്ടിരിക്കുന്നു. നോക്കത്താ ദൂരത്തോളമുണ്ടായിരുന്ന പാടങ്ങൾക്കു പകരം തെങ്ങും ,കമുകും റബ്ബറും പകരക്കാരായി .ഡങ്കി ക്കൊതുക് വരാതിരിക്കാൻ പാടത്ത് പാള ശേഖരിച്ച് കത്തിക്കുമ്പോഴാണ് ഈയുള്ളവന് മനസ്സിൽ പല ഓർമ്മകളും ചിന്തകളും മിന്നി മറഞ്ഞത് .സമീപത്തുള്ള പാടത്ത് പുല്ല് വളരാതിരിക്കാൻ വിഷം അടിച്ചിട്ടുണ്ട് .ഇന്നും ഒരു പുൽനാമ്പു പോലുമില്ല . തോട് തേവി മീൻപിടിക്കൽ ,കുളം വറ്റിച്ച് മീൻപിടിക്കൽ ,പാടത്ത് ചവിട്ടി മീൻ പിടിക്കൽ അങ്ങനെ പാടവുമായി ബന്ധപ്പെട്ട് മീൻ പിടുത്തത്തിന്റെ രസകരമായ ഓർമ്മകൾ ....വിഷമടിച്ച് വിറങ്ങലിച്ച് കിടക്കുന്ന മണ്ണ്... അന്ന് കണ്ട ഞണ്ട് ,ചെള്ളി, ചെമ്മീൻ ,ഞവുഞ്ഞി ,ആരൽ ,ബ്രാല് ,മുജ്ജ് ,കടു ,കോട്ടി ,കോയാട്ടി ,കണ്ണാൻ ചുട്ടി ,ആമ ,നീർക്കോലി ,ചേര ,ചേറാൻ ,പൂസാൻ ,മണ്ണിര ,തവ,ള തുടങ്ങി സകല ജലജീവികളും അപ്രത്യക്ഷരായി .. ഒരാവാസ വ്യവസ്ഥ തന്നെ ഇല്ലാതായി .... തവള കൂത്താടിയെ തിന്നുന്നതിനു പകരം ഞാൻ നശിപ്പിക്കേണ്ട അവസ്ഥയെത്തി ....എന്തുകൊണ്ടാണ് അച്ഛ നടക്കമുള്ള ആളുകൾ പാടത്തു പോലും റബർ വെച്ചത് .. ഇപ്പോഴാണ് ഒന്നിരുത്തി ചിന്തിക്കുന്നത്.. പാലക്കാട് എട്ട് ലക്ഷം രൂപയുടെ നെല്ല് ആവശ്യക്കാരില്ലാതെ കെട്ടി കിടന്ന് നശിക്കുന്നുവെന്ന വാർത്ത ഈയിടെ പത്രത്തിൽ കണ്ടു .കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വരാൻ പോകുന്ന ഭക്ഷ്യ ദൗർലഭ്യത്തെക്കുറിച്ചും ദാരിദ്ര്യത്തെ കുറിച്ചും WHO മുന്നറിയിപ്പ് നൽകി കഴിഞ്ഞു .2020 തുടക്കത്തിൽ ദക്ഷിണാഫ്രിക്കയിലും സെനഗലലിലും മാത്രമായിരുന്നു വയറോളജി ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്ളത് എന്നത് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ പരിതാപകരമായ അവസ്ഥയെ കാണിക്കുന്നു. മുൻപും എബോള ,എയ്ഡ്സ്, സാർസ് തുടങ്ങി പല മഹാമാരികളും ഇവിടെ പട്ടിണി മരണങ്ങൾ കൊണ്ടുവന്നു.. പണ്ടൊരു ലേഖനത്തിൽ വായിച്ച ആഫ്രിക്കയുടെ അവസ്ഥ മനസ്സിൽ പല ആശങ്കകളും ഉയർത്തുന്നു .എബോള പടർന്ന് പിടിച്ച കാലത്ത് തുടക്കത്തിൽ പല രാജ്യങ്ങളിലെ ജനങ്ങൾക്കും മൂന്ന് നേരം കഴിക്കാനാവശ്യമായ ഭക്ഷ്യവസ്തുക്കൾ ലഭ്യമായിരുന്നു' .പിന്നീടത് രണ്ട് നേരത്തേക്കും ,പിന്നീട് ഒരു നേരത്തേക്കുമായി ചുരുങ്ങി .പിന്നീട് കുട്ടികൾക്കും പ്രായമായവർക്കും മാത്രമായി വീണ്ടും ചുരുങ്ങി. ഒന്നിടവിട്ട ദിവസങ്ങളിൽ ഭക്ഷണം ലഭ്യമാക്കുന്ന അവസ്ഥ നമുക്കൂഹിക്കാനാവുമോ. ഈയിടെ ഡൽഹി യമുന നദിക്കരയിൽ മൂന്ന് ദിവസം പട്ടിണി കിടക്കുന്ന അന്യസംസ്ഥാന അതിഥി തൊഴിലാളികളുടെ അവസ്ഥ കണ്ട് ശരിക്കും ഞെട്ടി. ഈ സാഹചര്യത്തിലാണ് ഒരു പരിധിവരെ സമ്പൂർണ്ണമായും ഭക്ഷ്യവസ്തുക്കൾക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന്റെ അവസ്ഥ വിശകലനം ചെയ്യേണ്ടത്. കുഞ്ഞൻ രാജ്യങ്ങളായ സ്പെയിനിലും ഇറ്റലിയിലും ഉണ്ടായ സമൂഹ വ്യാപനം ഇവിടെയെങ്ങാനും സംഭവിച്ചാലോ .കേന്ദ്ര-സംസ്ഥാനങ്ങളുടെ ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് 130 കോടി ജനങ്ങൾക്ക് എത്ര കാലത്തേക്ക് ലഭ്യമാകും. ഭക്ഷ്യവിളകൾ ഉല്പാദിപ്പിക്കുന്ന മേഖലകളിൽ കോവിഡ് പിടിമുറുക്കിയാൽ എന്തായിരിക്കും നമ്മുടെ അവസ്ഥ.ഇവിടെ ചിലർ ചിക്കൻ ബക്കറ്റ് ചലഞ്ചിലാണ്. മറ്റ് ചിലർക്ക് പേടിയില്ല. ഞങ്ങൾ കഞ്ഞിയും ചുട്ട ചമ്മന്തിയും രണ്ട് മാസം കുടിക്കാൻ തയ്യാറാണ് .. ഈ പറഞ്ഞ ആഫ്രിക്കയിലെ അവസ്ഥ ഇവിടെ വരില്ല എന്നുണ്ടോ .....കഞ്ഞികുടിക്കാൻ അരി ആന്ധ്രയിൽ നിന്നും വന്നില്ലെങ്കിലോ ... ഒരു പ്രതിസന്ധി ഘട്ടത്തിലെങ്കിലും നമ്മൾ കാര്യങ്ങൾ തിരിച്ചറിയണം. ജലസംരക്ഷണത്തിന്റെ സംഭരണികളായിരുന്ന വയലുകൾ നമുക്ക് നിലനിർത്തണം.നിലവിൽ നിരവധി നിയമങ്ങളും പദ്ധതികളും ഉണ്ടങ്കിൽ പോലും വിളഞ്ഞ നെല്ലും പാടവും സത്യൻ അന്തിക്കാട് സിനിമകളിലും ശ്രീനിവാസനിലുമായി ഒതുങ്ങി. കുട്ടനാടും പാലക്കാടുമാണ് ഒരു പരിധി വരെ പിടിച്ചു നിൽക്കുന്നത്. 1991 ൽ നരസിംഹറാവുവും മൻമോഹൻ സിങും പുത്തൻ സാമ്പത്തിക നയത്തിൽ ഒപ്പ് (ലിബറലൈസേഷൻ ,പ്രൈവറ്റെസേഷൻ , ഗ്ലോബലൈസേഷൻ) വെച്ചപ്പോൾ മുതൽ ഞങ്ങൾ ഇടതുപക്ഷ സഹയാത്രികർക്ക് ഉറപ്പായിരുന്നു ഇത് ഇന്ത്യൻ കാർഷിക മേഖലയുടെ കുഴി തോണ്ടുമെന്ന് ... 1991 ന് ശേഷം നിങ്ങൾ കേരളത്തിൽ കാർഷിക മേഖലയിൽ വന്ന മാറ്റം നോക്കു ... 1991 ന് മുൻപും പിമ്പും ശരിക്കും നമ്മൾ ശ്രദ്ധിക്കേണ്ടതാണ്.. നമ്മളറിയാതെ നമ്മുടെ ജീവിതത്തിലേക്ക് നുഴഞ്ഞു കയറി നമ്മൾ എങ്ങിനെ ജീവിക്കണമെന്നു വരെ ഈ കുത്തക മുതലാളിത്ത സംസ്ക്കാരം തിരുമാനിക്കും .നമുക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വികസിത രാജ്യങ്ങളായിരുന്ന അമേരിക്കയും ബ്രിട്ടനും അടക്കമുള്ള മുതലാളിത്ത രാജ്യങ്ങൾക്ക് ഇന്ത്യയെ പോലെ ജനസംഖ്യയുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ തലച്ചോറിന്റെ സോഫ്റ്റ് വെയർ മാറ്റി പ്രോഗ്രാം ചെയ്യുന്നതിന് ഒരു തടസ്സവുമില്ല .അതവർ വിജയകരമായി നടപ്പിലാക്കി .ഒരു സംസ്കാരത്തെ തന്നെ ഇല്ലാതാക്കി. കോവിഡ്നൽകുന്ന പാഠം കേരളത്തെ സംബന്ധിച്ച് വലുതാണ്.ഇവരുടെ ഹിഡൻ അജണ്ടയിലേക്കുള്ള ഒരെത്തിനോട്ടമാണ്. 1991 ന് ശേഷം റബർ ,ഇഞ്ചി ,ഏലം ,വാനില ,തേങ്ങ ,അടക്ക ,കുരുമുളക് തുടങ്ങിയ നാണ്യവിളകൾക്ക് സാമാന്യം നല്ല വില ലഭിക്കുന്ന സാഹചര്യം ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ടു .സ്വാഭാവികമായും പ്രോഗ്രാം ചെയ്യപ്പെട്ട ശരാശരി മലയാളിയടക്കം ഭക്ഷ്യ വിളകളിൽ നിന്നും നാണ്യവിളകളിലേക്ക് മാറും .ലാഭമാണ് പരമപ്രധാന ലക്ഷ്യമെന്ന മുതലാളിത്ത സോഫ്റ്റ് വെയർ പ്രവർത്തിക്കും .30 വർഷം നമ്മൾ പിന്നിടുമ്പോൾ LPG നയങ്ങൾ കൊണ്ടുവന്നവർ അവരുടെ അജണ്ട പൂർണ്ണമായും നടപ്പിലാക്കി.ഭക്ഷ്യവിളകൾ കേരളത്തിൽ ഇല്ലാതായി എന്ന് മാത്രമല്ല നിരവധി ഫ്രീട്രേഡ് എഗ്രിമെൻറുകളിൽ ഒപ്പുവെച്ച് കോൺഗ്രസ്സ് ,ബി ജെ പി ഗവർമെന്റുകൾ ഇറക്കുമതി ഉദാരമാക്കി. ഇന്ത്യയിലേക്ക് മലവെള്ളപാച്ചിൽ കണക്കെയാണ് റബ്ബറടക്കമുള്ള നാണ്യവിളകൾക്ക് ഇറക്കുമതി സംഭവിച്ചത്.നമ്മുടെ കാർഷികാടിത്തറ തകർത്ത് അവരുടെ ഉദ്ദേശ്യം നടപ്പിലാക്കി. ഉല്പാദകർ അവരാണ്. നമ്മൾ ഉപഭോക്താക്കൾ .അപ്പോൾ തൊഴിലും വരുമാനവും അവർക്ക് .നമ്മൾക്ക് കടിച്ചതും പോയി പിടിച്ചതും പോയി ... സായിപ്പിന്റെ ബുദ്ധി, വികസനത്തിൽ ശൈശവാവസ്ഥയിലുള്ള ഒരു രാജ്യം സ്വയംപര്യാപ്തമാകാനുള്ള അവസരത്തെ ക്രമേണ 30 വർഷം കൊണ്ട് തകർത്തു. ഇന്ന് കഞ്ഞി കുടിക്കാൻ അരി കിട്ടിയാൽ മതിയായിരുന്നു എന്നാണ് പ്രാർത്ഥന .. ആര് കേൾക്കാൻ സകല ദൈവങ്ങളും ലീവിലാണുതാനും .സബ്സിഡി എടുത്തുകളയൽ ,കർഷകർക്കുള്ള ആനുകൂല്യങ്ങൾ എടുത്ത് കളയൽ തുടങ്ങി മനോഹരമായ ആചാരങ്ങൾ ഇവർ നടപ്പിലാക്കുന്നുണ്ട്. '1990 കൾക്ക് മുൻപും പിൻപും നമ്മുടെ പാടവും പറമ്പും അതാണിവിടെ വിഷയം .ചതി നമ്മൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.ഇനിയന്ത് പ്രതിരോധം.. എങ്ങിനെ? .ബംഗാളിൽ പരമ്പരാഗത കൃഷിയിലൂന്നി സന്തോഷമായി ജീവിച്ചിരുന്ന ഒരു ജനതയെ, അവരുടെ സംസ്കാരത്തെ ,ഒരു ഭരണകൂടത്തെ എത്ര ബുദ്ധിപരമായാണ് അവർ തകർത്തത്. നൂറ് വർണ്ണങ്ങൾ വിതറാൻ കഴിയുന്ന ... നിറം പിടിപ്പിച്ച സ്വപ്നങ്ങൾ കാണാൻ സാധിക്കുന്ന മുതലാളിത്ത സോഫ്റ്റു വെയറാണ് ബംഗാളിയുടെ തലച്ചോറിലേക്ക് അപ് ലോഡ് ചെയ്തത്. ബംഗാളിലെ കമ്മ്യൂണിസ്റ്റ് നൻമയെ ഇല്ലായ്മ ചെയ്യാൻ 1991ലെ ഈ നയങ്ങൾ കാരണമായിട്ടുണ്ട് .തിരിച്ചറിവിനൊരു ദിനം വരും അന്ന് ബംഗാളും മാറി ചിന്തിക്കും ... ജനങ്ങളുടെ ക്ഷേമവും ,ഐശ്വര്യവും സമൃദ്ധിയുമാണ് ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം വിഭാവനം ചെയ്യുന്നത്. ഉള്ളവൻ ഇല്ലാത്തവന് നൽകുന്ന സംസ്കാരം .ഇവിടെ പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കുറവാണ് .ഈ സൈദ്ധാന്തിക അടിത്തറയിലാണ് പ്രതീക്ഷകൾ .... ഇന്ന് നെൽകൃഷി ചെയ്യുന്നവർക്ക് സർക്കാർ സബ്സിഡി നൽകുന്നുണ്ട്. മറ്റ് നിരവധി ആനുകൂല്യങ്ങളും ഉണ്ട് ... വാർഡ് അടിസ്ഥാനത്തിൽ അല്ലെങ്കിൽ പഞ്ചായത്തടിസ്ഥാനത്തിൽ പാടങ്ങൾ ഗവൺമെന്റ് ഏറ്റടുക്കണം .തൊഴിലുറപ്പ് ,കുടുംബശ്രീ ,അയൽക്കൂട്ടം തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ നെല്ല് നിറയുന്ന പാടങ്ങൾ ഉണ്ടാവട്ടെ .കൂടുതൽ തൊഴിലവസരങ്ങൾ ഒരുങ്ങട്ടെ. നിലമൊരുക്കുന്നത് മുതൽ വിളവെടുപ്പ് വരെ ഗവൺമെന്റ് നിയന്ത്രണത്തിൽ വരട്ടെ. . നമുക്കാവശ്യമുള്ള അരി നമുക്ക് തന്നെ ഉൽപ്പാദിപ്പിക്കാം ..പാടങ്ങൾ വിട്ട് നൽകാൻ പുതിയ വാട്സ് ആപ്പ് ചലഞ്ചുകൾ ചെയ്യാം .ജല ലഭ്യതക്ക് വേണ്ടി ,നിരവധി ജീവജാലങ്ങൾക്ക് വേണ്ടി, വരുംതലമുറക്ക് വേണ്ടി .. നമുക്ക് മണ്ണും വിണ്ണും സംരക്ഷിക്കാം . നൂതനമായ ആശയങ്ങളുള്ള .. ആർജവമുള്ള .... ആത്മാർത്ഥതയുള്ള ...ചാവേറുകളാകാൻ തയ്യാറുള്ള വിപ്ലവകാരികൾക്കായ് പ്രതീക്ഷകളോടെ .....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം