എസ്.വി.എ.എൽ.പി.എസ് എടയൂർ/അക്ഷരവൃക്ഷം/മീനുവിന്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
മീനുവിന്റെ സ്വപ്നം

മീനു സൻമനസുള്ള ഒരു കുട്ടിയാണ് ആർക്ക് എന്ത് സഹായം ആവശ്യം വന്നാലും അവളാൽ കഴിയുന്ന സഹായം അവൾ ചെയ്തു കൊടുക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ് നോവൽ കൊറോണ വൈറസ് ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെടുന്നത്. പല സോഷ്യൽ മീഡിയകളിലൂടെയും മീനു അതിന്റെ ദുരവസ്ഥയെക്കുറിച്ചറിഞ്ഞു ദു:ഖിച്ചു. ഈ വൈറസിന്റെ പകർച്ചയുടെ രീതിയും ഇതിന് മരുന്ന് കണ്ടു പിടിക്കാത്തതും അവളെ ഏറെ സങ്കടത്തിലാഴ്ത്തി. തന്റെ നാട്ടിലേക്കും മറ്റുള്ള നാടുകളിലേക്കും അതിനെ വ്യാപിപ്പിക്കല്ലേ ഭഗവാനേ.... എന്നവൾ ഉള്ളുരുകി പ്രാർത്ഥിച്ചു. പക്ഷേ ദൈവം അത് കേട്ടില്ലെന്ന് മാത്രമല്ല പല രാജ്യങ്ങളിലും കേരളത്തിൽ വരെ അത് വ്യാപിച്ചു. ഇറ്റലി, അമേരിക്ക പോലുള്ള സാമ്പത്തിക രാജ്യങ്ങൾക്കു പോലും അതിനെ നേരിടാനായില്ല. ഇതെല്ലാം കൂടി മീനുവിന്റെ മനസിനെയാകമാനം ഇളക്കി മറിച്ചു. അവളുടെ കുഞ്ഞു മനസ്സിന് അത് താങ്ങാനുള്ള ത്രാണിയുണ്ടായിരുന്നില്ല. അന്നവൾ ഒരുപാടു നേരം പ്രാർത്ഥിച്ചു. വളരെ വൈകിയാണ് കിടന്നുറങ്ങിയത്. ഉറക്കം അവളുടെ കണ്ണുകളിൽ തഴുകിയതേയുള്ളൂ അവൾ ഒരു സ്വപ്നത്തിലേക്ക് വഴുതി വീണു.

അവൾ ഒരു തടാകക്കരയിലിങ്ങനെ ഇരിക്കുകയായിരുന്നു. പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന മഹാമാരി അവളുടെ ഹൃദയത്തെ പിടിച്ചുലച്ചു കൊണ്ടിരുന്നു. ഹൃദയാഘാതം വരെ വന്നു പോകുമോ എന്നവൾ ഭയന്നു.

പെട്ടെന്ന് തടാകത്തിൽ ഒരു പ്രകാശം പോലെ അവൾ കണ്ടു. അതെന്താണെന്ന് നോക്കാൻ അവൾ എഴുന്നേറ്റു നിന്നു .അതൊരു തിളങ്ങുന്ന വടിയായിരുന്നു കൂടെ എവിടെ നിന്നോ ഒരു ശബ്ദവും " നീ തടാകത്തിൽ പോയി ആ വടിയെടുക്ക് ഇപ്പോൾ പടർന്നു പിടിച്ചിട്ടുള്ള മഹാമാരിയെ തടുത്തു നിർത്താൻ അതുകൊണ്ട് സാധിക്കുന്നതാണ്. ഉം വേഗമാകട്ടെ..." പെട്ടെന്ന് ശബ്ദം നിലച്ചു. ഉടൻ തന്നെ മീനു തടാകത്തിലിറങ്ങി ആ വടിയെടുത്തു. വടി കൈയിൽ എടുത്തതും അവൾക്ക്‌ രണ്ട് നീളമുള്ള ഭംഗിയുള്ള ചിറകു മുളച്ചു. പെട്ടെന്ന് തന്നെ അവൾ ആകാശത്തേക്കുയർന്നു. ആ ചിറകുകൾ അവളെ രോഗം ഉള്ളവരുടെ അടുത്തെത്തിച്ചു. ആ വടി കൊണ്ട് സ്പർശിച്ചതും അവരുടെ രോഗം എല്ലാം ഭേദമായി. ആ ചിറകു വെച്ച് അവൾ എല്ലാ രാജ്യത്തേക്കും പറന്നു കൊണ്ടിരുന്നു. ലോകം മുഴുവനും പറന്ന് നടന്ന് ആ വൈറസിനെ അവൾ ആട്ടിയോടിച്ചു. സന്തോഷത്തോടെ അവൾ വീട്ടിലെത്തിയതും വടിയും ചിറകും അപ്രത്യക്ഷമായി.

പെട്ടെന്നവൾ ഞെട്ടിയുണർന്നു നേരം പുലർന്നിട്ടില്ലായിരുന്നു. ഇരുട്ടിൽ അവൾ ഭയപ്പെട്ടു. കണ്ട സ്വപ്നത്തെ കുറിച്ചവൾ ചിന്തിച്ചു. ഒരിക്കലും നടക്കാത്ത സ്വപ്നം. എങ്കിലും ആ സ്വപ്നം സത്യമായിരുന്നുവെങ്കിൽ എന്നവൾ ആശിച്ചു. വീണ്ടും നിദ്രാദേവി അവളുടെ കണ്ണുകളെ തലോടിക്കൊണ്ട് കടന്നുപോയി.

സെജിയ മെഹ്റിൻ എം.പി
2 എ എസ്. വി. എ. എൽ.പി സ്കൂൾ എടയൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ