എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/വീണ്ടും ജീവിതത്തിലേക്ക്....

Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടും ജീവിതത്തിലേക്ക്....

ഇന്ന് വീട്ടിൽ വല്യ ബഹളമാണ്.പെണ്ണുങ്ങൾ അടുക്കളയിലും കാർണവർമാർ പൂമുഖത്തും കുട്ടികൾ മുറ്റത്തും വല്യ സന്തോഷത്തിലാണ്.കാരണം അച്ഛൻ ദുബായിൽ നിന്ന് ഇന്ന് രാത്രി വീട്ടിലേക്ക് വരും.എനിക്ക് ആറ് വയസ്സ് ഉള്ളപ്പോൾ കടക്കാരുടെ ശല്യം കാരണം അമ്മാവനും അമ്മയും ഉള്ളതൊക്കെ വിറ്റു പൊറുക്കി അച്ഛനെ ദുബായിലേക്ക് പറഞ്ഞു വിട്ടതാണ്.ഇപ്പം എനിക്ക് പതിനാറു വയസ്സായി.ആദ്യമൊക്കെ ഇടയ്ക്കിടെ വിളിക്കാറുണ്ടായിരുന്നു.ഇപ്പം അതും ഇല്ലാതായി.

 അച്ഛനെ എയർപോർട്ടിൽ നിന്ന് കൂട്ടി കൊണ്ട് വരാൻ അമ്മാവനും അമ്മയും വല്ല്യച്ഛനും പോയി.എനിക്ക് കയറാൻ സ്ഥലമില്ലാത്തതു കൊണ്ട് ഞാൻ പോയില്ല.ഏതായാലും അച്ഛൻ ഇങ്ങോട്ട് തന്നെയല്ലേ വരുന്നത്.കുറച്ച് കഴിഞ്ഞപ്പോൾ ചക്കിയും കണ്ണനും രശ്മിയും ഉറങ്ങി.എന്തെന്നറിയില്ല, എനിക്ക് ഉറക്കം വന്നില്ല.കുറച്ച് നേരം കഴിഞ്ഞപ്പോൾ അമ്മായി വിളിച്ചു പറഞ്ഞു.'ദേ...അവരെത്തി..'.ഞങ്ങളെല്ലാവരും ഓടി ചെന്നു.അച്ഛനെ കണ്ട് ഞാൻ അത്ഭുതപ്പെട്ടു പോയി.കറുത്ത് തടിച്ച് കൊഴുത്ത ശരീരം, കറുത്ത പാന്റും ഷർട്ടും, നീളമുള്ള താടിയും ഉണ്ട്.

  ബന്ധുക്കളുടെ തിരക്ക് കാരണം എനിക്ക് അച്ഛന്റെ അടുത്തേക്ക് പോവാൻ കഴിഞ്ഞില്ല.പെട്ടന്ന് അച്ഛൻ ചോദിച്ചു.ഉണ്ണി എവിടെ..? അവനെ കണ്ടിലല്ലോ? എല്ലാവരും മാറി തന്നു.ഞാൻ അച്ഛന്റെ അടുത്തേക്ക് ഓടി പോയി.അച്ഛനെ ഞാൻ കെട്ടി പിടിക്കുകയും ഒരുമ്മ കൊടുക്കുകയും ചെയ്തു.കുറച്ച് നേരം കഴിഞ്ഞപ്പോൾ എല്ലാവർക്കും അച്ഛൻ പെട്ടിയിൽ നിന്ന് ഓരോന്ന് എടുത്ത് കൊടുക്കാൻ തുടങ്ങി.മിഠായി, മുണ്ട്, കളിപ്പാട്ടം എന്നിങ്ങനെ പല പല സാധനങ്ങൾ.ബന്ധുക്കളെല്ലാവരും പോയി.അന്ന് രാത്രി ഞാൻ സുഖമായി കിടന്നുറങ്ങി.

  പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു.അടുത്ത ബുധനാഴ്ച സ്കൂളിൽ പരീക്ഷ തുടങ്ങും.അതിനുമുമ്പ് അച്ഛന്റെ കൂടെ എല്ലാ ബന്ധുക്കളുടെ വീട്ടിലും ഐസ്ക്രീം പാർലറിലും പോവാം എന്ന് അച്ഛൻ എനിക്ക് വാക്ക് തന്നു.അങ്ങനെ അച്ഛനും ഞാനും അമ്മയും കൂടി വല്യമ്മാവന്റെ വീട്ടിലേക്ക് പോയി.പിന്നെ ചിറ്റപ്പൻ,അമ്മാവൻ, വല്യച്ഛൻ അങ്ങനെ കുറേ പേരെ കാണാൻ പോയി.പിന്നെ അമ്മിണിക്കാവിലെ ഭഗവതിയെ തൊഴുതാനും ഐസ്ക്രീം കഴിക്കാനും പോയി.അന്ന് ഞങ്ങൾ രാത്രിയാണ് വീട്ടിൽ എത്തിയത്.പിറ്റേന്ന് അച്ഛന് പനിയും ചുമയും തുമ്മലും ജലദോഷവും വന്നു.അമ്മയും ഞാനും വല്ല്യച്ഛനും കൂടി അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

 കുറച്ചു നേരം കഴിഞ്ഞപ്പോൾ ഡോക്ടർ ഞങ്ങളോട് പറഞ്ഞു.'ഇയാൾക്ക് കോവിഡ്-19 ഉണ്ടോ എന്ന് പരിശോധിക്കണം.അതിന് ഒരു അഞ്ചോ ആറോ മണിക്കൂർ വേണം.അത് വരെ ഇവരുടെ അടുത്തേക്ക് ആരും പോവരുത് '.ഇത് കേട്ടതും അമ്മ കരഞ്ഞു.കൊറോണയെ പറ്റി പേടിപ്പെടുത്തുന്ന കുറേ വാർത്തകൾ അമ്മ കേട്ടിട്ടുണ്ട്.എന്റെ ക്ലാസ്സിലേക്ക് വന്ന രവീന്ദ്രൻ മാഷും കുറേ പറഞ്ഞു തന്നിട്ടുണ്ട്.ഞാനും അമ്മയും ഉള്ളുരുകി പ്രാർത്ഥിച്ചു.പക്ഷേ വിധിയെ മറികടക്കാൻ ആർക്കും കഴിയില്ലല്ലോ.അച്ഛന് കൊറോണ ഉണ്ടെന്ന് ഡോക്ടർമാർ നിശ്ചയിച്ചു.അങ്ങനെ അച്ഛനെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

 ആശുപത്രിയിലേക്ക് എന്റെ ബന്ധുക്കൾ വന്നു.ഞങ്ങളെ ആശ്വസിപ്പിക്കാൻ ആയിരിക്കും അവർ വന്നത് എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്.പകരം ഞങ്ങളെ ആക്ഷേപിക്കാനായിരുന്നു അവർ വന്നത്.അവരുടെ കൂട്ടത്തിൽ നിന്ന് അമ്മാവൻ പറഞ്ഞു.'എന്തിനാ അവൻ ഈ നാട്ടിൽ കാലു കുത്തിയത്.? വേറെ ഉള്ളവരുടെ ജീവനും കൂടി കളയാനാണോ.? അങ്ങനെ പലരും പലതും പറയാൻ തുടങ്ങി.ഞാനും എന്റെ അമ്മയും ചങ്ക് പൊട്ടി കരയാൻ തുടങ്ങി.ഞാനും അമ്മയും കൂടി അമ്മയുടെ വീട്ടിലേക്ക് പോയി.പരീക്ഷക്ക് വേണ്ടി ഞാൻ ഒന്നും പഠിച്ചിട്ടില്ലായിരുന്നു.പകരം ആ സമയം ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു.

 പിറ്റേന്ന് രാവിലെ ഞാൻ സ്കൂളിലേക്ക് പരീക്ഷ എഴുതാൻ പോയി.വഴിയിൽ പല ആളുകളും എന്നെ കണ്ട് മാറി നിന്നു.എനിക്ക് വളരെ അധികം വിഷമം തോന്നി.സ്കൂളിലെത്തിയപ്പോൾ പലരും എന്നെ കണ്ട് ഓടാനും മാറി നിൽക്കാനും തുടങ്ങി.ഇത് കണ്ട് പ്രധാന അധ്യാപകൻ എന്നെ ഒരു അടച്ചിട്ട മുറിയിൽ ഇരുത്തി.എന്നിട്ട് ചോദ്യ പേപ്പർ തന്നു.ഞാൻ വളരെ വിഷമത്തോടെ പരീക്ഷ എഴുതി.എന്നിട്ട് വീട്ടിലേക്ക് കരഞ്ഞു കൊണ്ട് ഓടി പോയി. വീട്ടിലെത്തിയപ്പോൾ അമ്മ എന്നോട് പറഞ്ഞു.'നമ്മളോട് നിരീക്ഷണത്തിനായി ഡോക്ടർ വരാൻ പറഞ്ഞിട്ടുണ്ട്.അങ്ങനെ എന്നെയും അമ്മയെയും ബന്ധുക്കളെയും എല്ലാം അവർ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

 റിപ്പോർട്ട് വന്നപ്പോൾ എനിക്കും ചിറ്റപ്പനും അമ്മായിക്കും നെഗറ്റീവ് ഫലമായിരുന്നു.പക്ഷേ ബാക്കി ഉള്ളവർക്കെല്ലാം കോവിഡ് സ്ഥിരീകരിച്ചു, എന്റെ അമ്മയ്ക്കും.ഞാൻ ചെറിയമ്മയുടെ വീട്ടിൽ ആയിരുന്നു പിന്നെ താമസിച്ചിരുന്നത്.എപ്പോഴും കരഞ്ഞും പ്രാർത്ഥിച്ചും ഞാൻ ദിവസങ്ങൾ കഴിച്ചുക്കൂട്ടി.
 
 ഈ സമയം കേരളത്തിൽ ഇരുന്നൂറോളം പേർക്ക് കോവിഡ് സ്ഥിതീകരിച്ചിരുന്നു.കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം മൂന്നാഴ്ച്ചത്തേക്ക് ലോക്ക് ഡൗൺ ആയി പ്രഖ്യാപിച്ചു.മൂന്ന് ദിവസത്തിനു ശേഷം എന്റെ ബന്ധുക്കളിൽ ആറു പേർക്ക് രോഗം മാറി.പക്ഷേ എന്റെ അച്ഛനും അമ്മയും ഐസൊലേഷൻ വാർഡിൽ തന്നെ കിടന്നു.കേരളത്തിന്റെ അവസ്ഥ മെച്ചപ്പെട്ടു.ഒരു ദിവസം ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു എന്നാൽ ഇരുപത്തി ഏഴ് പേർ രോഗമുക്തർ ആയി.അതിൽ എന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.എന്റെ കുടുംബത്തിന്റെ സന്തോഷം തിരിച്ചു തന്ന ദൈവത്തിനും കേരള സർക്കാറിനും ആരോഗ്യ വകുപ്പിനും നന്ദി.
 ഈ രോഗം ഈ ലോകത്തിൽ നിന്ന് വിട പറയാൻ നമുക്ക് സുരക്ഷിതരായി വീട്ടിൽ ഇരിക്കാം..

അംന കെകെ
8 L എസ് എസ് എച്ച് എസ് എസ് മ‍ൂർക്കനാട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ