എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
സ്വതന്ത്ര വിജ്ഞാനോത്സവം - 2023 (ഫ്രീഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ )

വിവരവിനിമയ സാങ്കേതികവിദ്യയുടെ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് ഇന്റർനെറ്റും മൊബൈൽഫോണും കമ്പ്യൂട്ടറും ഒന്നും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമല്ലായിരുന്നു. എന്നാൽ ഇന്ന് അതല്ല അവസ്ഥ. നൂതന സാങ്കേതികവിദ്യകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.സാങ്കേതികവിദ്യ ഓരോ ദിവസവും അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തിൽ നമ്മളും അതൊക്കെ മനസ്സിലാക്കിയാൽ മാത്രമേ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ. അതിനായി വിജ്ഞാനത്തിന്റെയും നൂതന ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം സമൂഹത്തിലെ എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ ഉപയോഗം പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കേരള ഗവൺമെന്റ് കൈറ്റിന്റെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിക്കുകയാണ്.
സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ഉപയോഗം പൊതുജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിനായി കേരള ഗവൺമെന്റ് കൈറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം സംഘടിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ വച്ച് ഓഗസ്റ്റ് 12ന് നടത്തപ്പെട്ടു. അതിന്റെ ഭാഗമായിട്ട് നമ്മുടെ സ്കൂളിലും ഓഗസ്റ്റ് 9 മുതൽ 11 വരെ സ്വതന്ത്ര വിജ്ഞാനോത്സവം വിവിധ പരിപാടികളോടുകൂടി ഭംഗിയായി നടത്തപ്പെട്ടു.
സ്വതന്ത്ര സോഫ്റ്റ്വെയറുകളെ പരിചയപ്പെടുത്തുക പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ കൈറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും നടത്തിയതിന്റെ ഭാഗമായി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വളരെ വിപുലമായ രീതിയിൽ ഫ്രീഡംഫെസ്റ്റ് സംഘടിപ്പിച്ചു. മാതാപിതാക്കളിലേക്കും നവതലമുറയായി വളർന്നുവരുന്ന കുരുന്നുകളിലേക്കും സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ പ്രാധാന്യം മനസ്സിലാക്കാൻ ഉതകുന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്.ഫ്രീഡം ഫെസ്റ്റിന്റെ എല്ലാ പ്രവർത്തനങ്ങളിലും ആദ്യം മുതൽ അവസാനം വരെ കുട്ടികൾ വളരെ സന്തോഷത്തോടെ പങ്കാളികളായി. പേര് പോലെ തന്നെ സ്വതന്ത്ര വിജ്ഞാനോത്സവം ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് സ്കൂളിൽ സൃഷ്ടിച്ചത്.
സ്പെഷ്യൽ അസംബ്ലി
ഓഗസ്റ്റ് ഒമ്പതാം തീയതി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു. ഫ്രീഡം ഫെസ്റ്റിന്റെ സ്കൂൾതല ഉദ്ഘാടനം സാങ്കേതികവിദ്യ ഉപയോഗിച്ച് സ്കൂൾ എച്ച് എം സിസ്റ്റർ റെജിമോൾ മാത്യു നിർവഹിച്ചു. തുടർന്ന് കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. കൈറ്റ് മിസ്ട്രസ് ആയ സിസ്റ്റർ ഷിജി സെബാസ്റ്റ്യൻ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.തുടർന്ന് സ്വാതന്ത്ര്യ വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട കൈറ്റ് നൽകിയ സന്ദേശം വായിച്ചു.
ഫ്ലാഷ് മോബ്

കുട്ടികൾ മനോഹരമായി ഒരു ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഫ്ലാഷ് മോബിലൂടെ സ്വതന്ത്ര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട ഒരുപാട് അറിവുകൾ കുട്ടികളിലേക്ക് പകർന്നുനൽകി.
ടെക്നോളജിക്ക് സോങ്

തുടർന്ന് കുട്ടികൾ ടെക്നോളജിക്ക് സോങ് ആലപിച്ചു. റോബോട്ടുകളുടെ വേഷവിധാനത്തിൽ കുട്ടികൾ വേദിയിൽ വന്നത് ഏറെ കൗതുകമുണർത്തി.
ഐറ്റി കോർണർ
സ്വതന്ത്ര വിജ്ഞാന ഉത്സവവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികളിൽ ഏറ്റവും വിജ്ഞാന പ്രദവും കുട്ടികളിൽ കൗതുകം ഉണർത്തുന്നതുമായ ഒന്നായിരുന്നു ഐ. ടി കോർണർ പ്രദർശനം.
നിരവധിയായ പുതിയ കണ്ടുപിടിത്തങ്ങളും റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്താൽ പ്രവർത്തിക്കുന്ന നിരവധി യന്ത്രങ്ങളും ഇതിൽ ഉണ്ടായിരുന്നു. എക്സ്പ് ഐസ് പ്രോഗ്രാം, ഡാൻസിങ് എൽ.ഇ.ഡി, ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്,റോബോ ഹെൻ ,ഓട്ടോമൊബൈൽ ഹെഡ് ലൈറ്റ് ഡിമ്മർ, സ്ക്രാച്ച് പ്രോഗ്രാമിംഗ് ഗെയിംസ്,വിവിധ മൊബൈൽ ആപ്പുകൾ എന്നീ നിരവധിയായ കാര്യങ്ങൾ അടങ്ങിയതായിരുന്നു ഐടി കോർണർ.പുതിയ സാങ്കേതികവിദ്യയിലുള്ള കുട്ടികളുടെ അറിവ് വിശാലമാക്കുന്നതായിരുന്നു ഐടി കോർണർ പ്രദർശനം.
മാതാപിതാക്കൾക്ക് - സെമിനാർ

ഉച്ചകഴിഞ്ഞ് 2 മണിയോടെ ഐടി ലാബിൽ വെച്ച് സെമിനാർ ക്ലാസ് നടന്നു. മാതാപിതാക്കൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ സെമിനാറിന്റെ ലക്ഷ്യം. മനോഹരമായ സ്ലൈഡ് പ്രസന്റേഷനോട് കൂടിയാണ് കുട്ടികൾ ക്ലാസ് എടുത്തത്.
പൊതുജനങ്ങൾക്കുള്ള ക്ലാസ്സുകൾ
മാതാപിതാക്കളോടൊപ്പം പൊതുജനങ്ങളും ഈ ക്ലാസ്സിൽ പങ്കെടുത്തു.റോബോട്ട് കളുടെ വേഷവിധാനങ്ങൾ ധരിച്ച കുട്ടികളാണ് മാതാപിതാക്കളെ ഐടി ലാബിലേക്ക് സ്വീകരിച്ചത്.അതിനോടൊപ്പം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച ഡിജിറ്റൽ പോസ്റ്ററുകളുടെയും പ്രദർശനവും ഉണ്ടായിരുന്നു.
പോസ്റ്റർ

സ്വതന്ത്ര സോഫ്റ്റ്വെയറുകൾ പ്രയോജനപ്പെടുത്തി സ്വതന്ത്ര സോഫ്റ്റ്വെയർ എന്താണെന്നും അതിന്റെ മികവുകൾ എന്താണെന്നും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ മനോഹരമായ പോസ്റ്ററുകൾ നിർമ്മിച്ചത്.
ഐടി ക്വിസ്
ഓഗസ്റ്റ് പത്താം തീയതി സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട നിരവധി മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഐടി ക്വിസ് സംഘടിപ്പിച്ചു. രണ്ട് തലങ്ങൾ ആയിട്ടാണ് മത്സരം നടത്തിയത്. ആദ്യത്തെ ലെവലിൽ താല്പര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കുകയും അതിൽനിന്ന് മികച്ച പോയിന്റ്സ് കരസ്ഥമാക്കിയ കുട്ടികളെ ലെവൽ 2 യിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. ലെവൽ 2 ൽ ഏറ്റവും കൂടുതൽ പോയിന്റ് കിട്ടിയ മൂന്നു കുട്ടികൾക്ക് സമ്മാനം നൽകുകയും അനുമോദിക്കുകയും ചെയ്തു.
സ്വതന്ത്ര സോഫ്റ്റ്വെയറുകളെ കുറിച്ചുള്ള അറിവ് കുട്ടികളിലേക്കും അധ്യാപകരിലേക്കും മാതാപിതാക്കളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കാൻ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് സാധിച്ചു എന്ന് നിസംശയം പറയാൻ സാധിക്കും.
