എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ പരിസ്ഥിതി അന്യമാകുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി അന്യമാകുമ്പോൾ


പരിസ്ഥിതിയെ കുറിച്ച് പറയുമ്പോൾ മനസ്സിൽ ആദ്യം എത്തുന്നത് പച്ചപ്പാൽ സമൃദ്ധമായ ഒരു ദൃശ്യമാണ്. പൂക്കളും ചെടികളും നിറഞ്ഞുനിൽക്കുന്ന തൊടികളും വയലേലകളും കളകളാരവനാദം വഹിച്ചുകൊണ്ട് എത്തുന്ന പുന്നാര പുഴയും ആസ്വദിക്കപ്പെടേണ്ടതാണ്. എന്നാൽ ഇതെല്ലാം അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം എല്ലാം ഇപ്പോൾ ജീവിച്ചു വരുന്നത്. പുഴകൾ ഇല്ല , പാടങ്ങൾ ഇല്ല , പുൽമേടുകൾ ഇല്ല. എന്നാൽ എന്തിനു വേണ്ടിയാണ് നമ്മൾ പരിസ്ഥിതിയെ ഇപ്രകാരം ദ്രോഹം ഏൽപ്പിക്കുന്നത്? എന്ത് തെറ്റാണ് അത് നമ്മോട് ചെയ്തത്?


പച്ചപ്പും പുഴകളും എല്ലാം നിറഞ്ഞുനിന്ന ഒരു കാലമുണ്ടായിരുന്നു പണ്ട്; ഒരു പഴയകാലം. എന്നാൽ ആധുനിക ലോക ജീവിതം എല്ലാം അട്ടിമറിച്ചു കളഞ്ഞു. അതേക്കുറിച്ച് ഈ അവസാന ഘട്ടത്തിൽ എന്തുപറയാനാണ്. വയലുകളും പുഴകളും കുന്നുകൾ ഇടിച്ചു നിരത്തുന്നു. എന്തിനുവേണ്ടി? വെറുമൊരു ഒരു ഫാക്ടറിക്കു വേണ്ടി അല്ലെങ്കിൽ ഒരു ഫ്ലാറ്റിനുവേണ്ടി ആകാം അത്. എന്നാൽ പരിസ്ഥിതിയുടെ ഓരോ അംശവും അപ്പോൾ നിലക്കുകയാണെന്ന സത്യം നാം മനപ്പൂർവ്വം മറക്കുന്നു. മനുഷ്യനാണ് പ്രകൃതിയിലെ നിയമം തെറ്റിച്ചു കളിക്കുന്ന ഏക ജീവി. പരിസ്ഥിതി അത് മനുഷ്യന് അധികപ്പറ്റായി കൊണ്ടിരിക്കുകയാണ് ഇന്ന്.


പരിസ്ഥിതിയുടെ സംഭാവനകൾ ആയ പുഴയും വയലും നാം നമ്മുടെ സ്വന്തം താല്പര്യത്തിനു വേണ്ടി നശിപ്പിക്കുമ്പോൾ നാം സ്വയം അപകടത്തിലേക്ക് ഉള്ള കുഴി കുഴിക്കുകയാണ് എന്ന് ആരും അറിയുന്നില്ല. വരുന്നിടത്ത് വെച്ച് കാണാം എന്നുള്ള ഒരു പ്രേരണയാണ് നാം പലരും പലപ്പോഴായി കൈക്കൊള്ളാറുള്ളത്. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾക്കായി ഓരോ വൃക്ഷ തൈകൾ നൽകാറുണ്ട്. എന്നാൽ ആ ചെടികൾ കുട്ടികൾ നന്നായി നോക്കുന്നുണ്ടോ എന്ന് തീർച്ചയില്ല.


വൃക്ഷങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ അവ നമ്മുടെ ജീവിതത്തോട് ഇണങ്ങി ചേരേണ്ടതാണ്. വൃക്ഷങ്ങൾ നമുക്ക് ഫലങ്ങൾ നൽകുന്നു. തണലും കുളിരും ഏകുന്നു. കൂടാതെ അവർ മണ്ണൊലിപ്പ് തടയുന്നു. ഇത്രയും ഗുണം ചെയ്യുന്ന വൃക്ഷങ്ങളെ നാം നന്നായി പരിപാലിക്കേണ്ടത് അനിവാര്യം ആണ്. വൃക്ഷങ്ങൾ പരിസ്ഥിതിയുടെ ജീവനാണ്. മരങ്ങൾ വെട്ടിനശിപ്പിക്കുന്നതിലൂടെ അന്തരീക്ഷത്തിലെ ചൂട് ക്രമാതീതമായി വർദ്ധിക്കുന്നു. അവയെ നശിപ്പിക്കാതിരിക്കാം. ഒരു തൈ നടാം ഒരു തണൽ വരട്ടെ, കുളിരേകട്ടെ. ജലസ്രോതസ്സുകളിൽ മാലിന്യം കെട്ടികിടക്കുന്നത് നാം സ്ഥിരം കാണുന്ന കാഴ്ചയാണ്. ഇങ്ങനെ ചെയ്യുന്നത് മൂലം ജലക്ഷാമവും വരൾച്ചയും ഉണ്ടാകുന്നു. അതിനാൽ അവയെ നമുക്ക് സംരക്ഷിക്കാം. അടുത്ത തലമുറയ്ക്കായി, വൃത്തിയായി എന്നെന്നും.


ഇന്ന് പുഴകളും തോടുകളും കുറവ് ആണ്. അതെല്ലാം ഇപ്പോൾ വെറും തരിശുഭൂമി മാത്രം. വയലേലകളും കുന്നുകളും എല്ലാം ഒരുകാലത്ത് നാടിൻറെ തനിമ എടുത്തു കാണിക്കുന്ന ഏടായിരുന്നു. പക്ഷേ ഇന്ന് അതെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോയാൽ ഈ പരിസ്ഥിതിയുടെ സ്ഥിതി എന്താവും? ഇതു നാം നമ്മുടെ ദോഷത്തിന് വേണ്ടിയാണ് ചെയ്യുന്നത് ;തീർച്ച. വയലുകൾ മഴവെള്ള സംഭരണികൾ ആണ്. കൂടാതെ ചെളിയുടെ നിക്ഷേപവും ഇവിടെ ധാരാളം ഉണ്ട്. ചെളി ഇല്ലെങ്കിൽ വയൽ ഇല്ല. കുന്നുകളിൽ ഉരുൾപൊട്ടലുകൾ ഉണ്ടാവുന്നു. കൂടാതെ നാം എപ്പോഴും കേൾക്കുന്ന ഒന്നാണ് നദികളിൽ നിന്ന് മണൽവാരൽ. നദികളിൽ നിന്നും മണൽ വാരി എടുക്കുമ്പോൾ സമീപമുള്ള മറ്റു കിണറുകളിലെയും വെള്ളം കുറയുന്നു. അങ്ങനെ ആവശ്യത്തിന് വെള്ളം കിട്ടാത്ത ഒരു അവസ്ഥ ഉണ്ടാകും. അങ്ങനെ അത് പരിസ്ഥിതിക്ക് വലിയൊരു ദോഷം ആയേക്കാം.


ഈ വരുന്ന പരിസ്ഥിതി ദിനത്തിൽ നമുക്ക് ഒത്തുചേരാം. "പരിസ്ഥിതിയെ സംരക്ഷിക്കൂ, ഒരു തൈ നടൂ" ഇതാവട്ടെ നമ്മുടെ ഈ പ്രാവശ്യത്തെ പരിസ്ഥിതി ദിന സന്ദേശം.


ഗൗരിനന്ദന. കെ
7 C എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം