എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/മലാല-വെടിയുണ്ടകൾക്ക് മുന്നിലൊരു ശലഭം
മലാല-വെടിയുണ്ടകൾക്ക് മുന്നിലൊരു ശലഭം
ഈ കൊറോണ അവധി കാലത്ത് എഴുത്തുകാരൻ ശ്രീ 'ബൈജു ഭാസ്കർ ' എഴുതിയ ' മലാല - വെടിയുണ്ടകൾക്ക് മുന്നിലൊരു ശലഭം ' എന്ന ജീവിത കഥ ഞാൻ വായിക്കാനിടയായി. മലാലയുടെ പൊള്ളുന്ന അനുഭവങ്ങളിലൂട എഴുത്തുകാരൻ നടത്തുന്ന യാത്രയാണ് ഈ പുസ്തകം. 1997 ജൂലൈ മാസം 12 ആം തിയതി മലാല എന്ന പെൺകുട്ടി പാകിസ്ഥാനിൽ ജനിച്ചു. ആ പെൺകുട്ടി എങ്ങനെ ആണ് രാജ്യത്തിന്റെ പ്രതീക്ഷയും പ്രതീകവുമായി മാറി എന്നതാണ് ഈ പുസ്തകത്തിന്റെ പ്രമേയം. താലിബാൻ എന്ന തീവ്രവാദികളുടെ ആക്രമണത്തിൽ നിന്നും അദ്‌ഭുതകരമായി രക്ഷപ്പെട്ട് മലാല യൂസഫ് സായ് ലോക ശ്രദ്ധ നേടി. പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും വ്യാപിച്ചുകിടക്കുന്ന പഷ്തൂൺ ഗോത്ര വിഭാഗത്തിലാണ് മലാലയുടെ ജനനം. പാകിസ്ഥാനിൽ ജീവിച്ചിരുന്ന വീര വനിത 'മലാലയ് 'യുടെ സ്മരണയിലാണ് പിതാവ് സിയാവുദ്ദീൻ യൂസഫ്സായ് തന്റെ മകൾക്ക് മലാല എന്ന പേര് നൽകിയത്. 'പാകിസ്താനിലെ ആൻഫ്രാങ്ക് ' എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ മലാലയെ വിശേഷിപ്പിച്ചിരുന്നത്. ജന്മനാട്ടിലെ ജനങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടിയാണ് ചെറുപ്രായത്തിൽ തന്നെ അവൾ പോരാട്ടം ആരംഭിച്ചത്. ജനിച്ചു വീണ മനോഹര ഭൂമിയായ സ്വാത് താഴ്വര തീവ്രവാദത്തിന്റെ വിളനിലമായി മാറുന്നത് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്വതന്ത്രമായ ജീവിതത്തിനും വേണ്ടിയായിരുന്നു മലാലയുടെ പോരാട്ടം. വഴിയിൽ പതുങ്ങിയിരിക്കുന്ന അപകടങ്ങൾ മുന്നിൽക്കണ്ടുകൊണ്ടുതന്നെയാണ് മലാല തീക്കളി തുടങ്ങിയത്. കുടുംബത്തിന്റെ പൂർണ പിന്തുണയും മലാലക്കുണ്ടായിരുന്നു. താലിബാനെതിരെ ആയുധമെടുക്കാൻ സൈനികർ പോലും ഭയന്നിരുന്ന കാലത്താണ് ബാല്യകാല കുതൂഹലങ്ങൾ വിട്ടുമാറാത്ത മലാല അക്ഷരങ്ങളിലൂടെയും ആശയങ്ങളിലൂടെയും പ്രതികരിക്കാൻ തുടങ്ങിയത്. അവളുടെ ആശയ പോരാട്ടം ചെറുതായൊന്നുമല്ല താലിബാനെ ഉലച്ചത്. തങ്ങൾക്കെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവരെ ശാരീരികമായി ഇല്ലാതാക്കുക എന്നതാണ് താലിബാൻ എല്ലാ കാലത്തും പിന്തുടരുന്നത്. മലാലയെയും ഇല്ലായ്മ ചെയ്യാൻ തീവ്രവാദികൾ തീരുമാനിച്ചു. എന്നാൽ തീവ്രവാദികൾ ഉതിർത്ത വെടിയുണ്ടകൾ തറച്ച് ഏതാനും ദിവസങ്ങളിൽ ബോധം നഷ്ടമായെങ്കിലും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അവൾ ഉയിർത്തെഴുന്നേറ്റു. ലോകത്തിനു മുന്നിൽ ഇന്ന് വീര നായികയാണ് മലാല. അവളുടെ ആശയങ്ങൾക്ക് ലോകത്താകമാനം വൻ സ്വീകാരിത ലഭിച്ചു. പതിനാലു വയസ്സിനുള്ളിൽ മലാല നടത്തിയ പോരാട്ടത്തെ കുറിച്ചാണ് ഈ പുസ്തകത്തിൽ പ്രദിപാദിക്കുന്നത്. തീഷ്ണമായ അനുഭവങ്ങളിൽ നിന്നും മലാല ഡയറിയിൽ കുറിച്ച യാഥാർഥ്യങ്ങളാണ് ഈ പുസ്തകത്തിന്റെ മർമ്മം. ഇന്നത്തെ സമൂഹത്തിൽ പെൺകുട്ടികൾക്ക് നേടിയെടുക്കാൻ കഴിയാത്തതായി ഒന്നുമില്ല എന്ന ആശയം മലാല നമുക്ക് പങ്കു വെയ്ക്കുന്നു. എന്നെ ഏറെ സ്പർശിച്ച ഒരു പുസ്തകം ആണിത്.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ