അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചേരാനല്ലൂരും സാംസ്കാരിക ചരിത്രവും[1]

ഫ്യൂഡൽ സഞ്ചയത്തിന്റെ സർവ്വാഭിലാഷങ്ങളും നിറഞ്ഞുനിന്ന ഗ്രാമമായിരുന്നു ചേരാനല്ലൂർ. നമ്മുടെ നാടിന്റെ പുരാഗതികൾക്ക് സഹസ്രങ്ങളുടെ കഥകൾ പറയാനുണ്ട്. തെങ്ങും നെല്ലും സമൃദ്ധിയായി വളരുന്ന ഊര് എന്ന അർത്ഥത്തിലാണ് ചേരാനല്ലൂരിന്റെ സ്ഥലനാമോല്പത്തി എന്ന് കോമാട്ടിൽ അച്ചുതമേനോൻ പറയുന്നു.പ്രാചീന തമിഴകത്തിന്റെ ചേരം-ചോളം-പാണ്ഡ്യം എന്നീ മൂന്നു ഘടക രാജ്യങ്ങളെ സംബന്ധിച്ച് തമിഴ് സംഘം കൃതികളിൽ മികച്ച വിവരങ്ങൾ നൽകുന്നുണ്ട്. തമിഴകത്തിന്റെ ഭാഗമായിരുന്നകാലത്ത് കേരള ഭൂപ്രദേശം അറിയപ്പെട്ടിരുന്നത് “ചേരം" എന്ന പേരിലായിരുന്നു. ചേര ശബ്ദവാചിയായ സ്ഥലനാമം നമുക്ക് അന്യമല്ല ചേരമാൻ പെരുമാളിന്റെ നല്ല ഊര് ലോപിച്ചാണ് “ചേരാനല്ലൂർ” എന്ന പേര് ഉണ്ടായതെന്ന് പ്രസിദ്ധ സ്ഥലനാമചിത്രകാരൻ വി. വി. കെ. വാലത്ത് പറയുന്നതാണ് ഇവിടെ പ്രസക്തമാവുന്നത്.

എ. ഡി. 14-ാം ശതകം, കോകസന്ദേശകാലത്ത് കോഴിക്കോട്ടുനിന്നു ഇടപ്പള്ളിയിലേക്കും അവിടെനിന്ന് തെക്കോട്ട് കൊല്ലത്തേയ്ക്കും പോയിരുന്ന പെരുവഴിയിലാണ് ചേരാനല്ലൂർ സ്ഥിതിചെയ്തിരുന്നത്. ഇരുവശത്തും തണൽവൃക്ഷങ്ങളും ദാഹശമനത്തിനായി തണ്ണീർ പന്തലുകളും വഴിവക്കിലെ വലിയ ചതുരക്കുളങ്ങളും അന്നത്തെ വികസന പാതയിൽ ഉണ്ടായിരുന്നു. ഇപ്പോൾ കണ്ടെയ്നർ റോഡ് എടുത്തുപോയ പാലയ്ക്കൽ ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന രാമൻകുളവും ചിറ്റൂർ-ചേരാനല്ലൂർ റോഡ് ചേരാനല്ലൂർ ഭഗവതിക്ഷേത്രം ബസ് സ്റ്റോപ്പിനടുത്തുള്ള കണ്ണൻകുളവും ഈ ചതുരക്കുളങ്ങളായിരുന്നു.കോഴിക്കോട്ടുനിന്ന് കൊച്ചി ആക്രമിക്കാൻ പോയ സാമൂതിരി സൈന്യം ആണ് സാമൂതിരി പക്ഷത്തായിരുന്ന ഇടപ്പള്ളി രാജാവിന്റെ സൈന്യവുമായി ചേരാൻ നീക്കം നടത്തിയത് ഈ വഴിയായിരുന്നു. ഈ നീക്കത്തെ പ്രതിരോധിക്കാൻ കൊച്ചിയുമായി തിരുവിതാംകൂർ നടത്തിയ ഉടമ്പടി പ്രകാരം കെട്ടിയ കോട്ടകളിൽ ഒന്ന് ചേരാനല്ലൂരിന്റെ വടക്കേ അറ്റത്ത് ഉണ്ടായിരുന്നു.50- 60 വർഷങ്ങൾക്കു മുൻപ് വരെ ഈ കോട്ടയുടെ അവശിഷ്ടങ്ങൾ അവിടെ ഉണ്ടായിരുന്നു.നാണയ വ്യവസ്ഥിതി ദൃഢമാക്കുന്നതിന് മുൻപ് ചരക്ക് കൈമാറ്റ ചന്തകൾ ഉണ്ടായിരുന്നതായി കാണുന്നു. ഇതിന്റെ സൂചകമായി വിഷുവിൻ നാൾ വിഷു മാറ്റചന്ത ഈ അടുത്ത കാലം വരെ ചേരാനല്ലൂരിന്റെ വടക്ക് നടക്കുമായിരുന്നു.

വർണ്ണാധിഷ്ഠിതമായ സാമൂഹ്യബന്ധത്തിനകത്ത് ജാത്യാചാരത്താൽ പിന്തള്ളപ്പെട്ടിരുന്നു മഹാഭൂരിപക്ഷവും, ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്ന ഒരുപിടി ജന്മിമാരും കുടുംബക്കാരുമായിരുന്നു സാമൂഹ്യജീവിതത്തെ നിയന്ത്രിച്ചിരുന്നത്. ഉല്പാദനാത്മകമായ പ്രവർത്തനവുമായി ബന്ധപ്പെട്ടിരുന്ന മഹാഭൂരിപക്ഷം ജനങ്ങൾക്കും പെരുവഴികൾ നിഷിദ്ധമായിരുന്നു. കീഴ്ജാതിക്കാർക്കു മാത്രം പ്രത്യേകം വഴികൾ ഉണ്ടായിരുന്നത് ചേരാനല്ലൂരിൽ ഇന്നും കാണാം.സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകം ചേരാനല്ലൂരിനുണ്ട്. കടലുവച്ച വൈപ്പിൻ ദ്വീപിന് എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ചേരനല്ലൂരിന്റെ ഭൂപരിധി രൂപപ്പെടുകയും സാംസ്കാരിക ജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്തു. കൊച്ചിരാജ്യത്തെ ഇടപ്രഭുക്കന്മാരായ അഞ്ചികൈമൾമാരിൽപ്പെട്ട ചേരാനല്ലൂർ കർത്താവ് കൊച്ചി രാജ്യത്തിന്റെ സൈനികതലവനും ദേശവാഴിയും ആയിരുന്നു.എഡി പതിനാലാം നൂറ്റാണ്ടിൽ രചിച്ച കോക സന്ദേശത്തിൽ ചേരാനല്ലൂരിനെ സംബന്ധിച്ച് വ്യക്തമായ സൂചന നൽകുന്നുണ്ട്.

“ചേരാനല്ലൂർ വഴി കുറുതിതക്കാൽ നടപ്പോമവർക്കും ചേരുന്നല്ലീ നഭസ്സി പതതാം ത്വദൃശാം കാകഥൈവ
ആരാൻ കാണാമവിടെ വഴിമേൽ മാഹിഷേ മൂർധിതിർക്കാ ലാരാച്ചേരും നിഖില ഭുവനാ
തങ്ക സിദ്ധൗഷധം തേ!

അതാതു കാലഘട്ടത്തിന്റെ നാട്ടാചാരങ്ങളിൽ ചേരാനല്ലൂരിന്റെ സാംസ്കാരികവും ചരിത്രപരവുമായ പങ്ക് ലിഖിതരേഖകളിൽ സൂക്ഷ്മ നിരീക്ഷണം നടത്തിയാൽ ലഭ്യമാകുന്നതാണ്. ചേരാനല്ലൂരിലെ ചിരപുരാതനമായ ക്ഷേത്രം മാരാപ്പറമ്പ് ക്ഷേത്രമാണ്. പുനർനിർമ്മാണത്തിനു മുമ്പുള്ള ക്ഷേത്രത്തിന്റെ കരിങ്കൽത്തറയുടെ നിർമ്മിതിയുടെ ശില്പ രീതി വച്ച് നോക്കുമ്പോൾ ജൈനക്ഷേത്ര മാതൃകയാണെന്ന് കാണാം.കോകസന്ദേശത്തിൽ വ്യക്തമായി സൂചന നൽകുന്ന ചേരാനല്ലൂർ ഭഗവതി ക്ഷേത്രത്തിന് സഹസ്ര വർഷം പഴക്കമുണ്ട്. നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിൽ ഒന്നായ ഈ ക്ഷേത്രം അതിസൂക്ഷ്മവും സുന്ദരവുമായ ചുവർശില്പങ്ങൾകൊണ്ട്ധന്യമാണ്. കവിയപ്പിള്ളി മനക്കാരുടെ പൂർവ്വികരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ഇവർ തൃശ്ശൂരിലെ പെരുവനം ദേശക്കാരായിരുന്നു. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരുന്ന പണിയാളർ ആരാധിച്ചുപോന്ന ദേവിമൂർത്തിയെ പിൻമുറക്കാർ ആരാധിക്കുന്നതിനായി പിന്നീടു സ്ഥാപിച്ചതാണ് കുന്നത്തു ഭഗവതിക്ഷേത്രം എന്ന് വിശ്വസിക്കുന്നു. കളമെഴുത്തും പാട്ടും സർപ്പം തുള്ളലും തുടങ്ങി അനുഷ്ടാനപരമായ

ആചാരങ്ങൾ നടത്തിപോരുന്ന അമ്പലക്കടവ് ദൈവത്തും പറമ്പ് ക്ഷേത്രം ഈ മൂർത്തിയോടുള്ള വിശ്വാസാധിഷ്ഠിത പ്രേരണയാൽ സ്ഥാപിച്ചതാണ്. സ്വസമുദായമായ ധീവരരുടെ കൂട്ടായ്മയ്ക്കായി പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച 10 സഭകളിൽ ഒന്ന് “ബാലകൃഷ്ണാനന്ദമിഷൻ” എന്ന പേരിൽ ഈ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയാണ് സ്ഥാപിച്ചത്. നിലവിൽ ഈ നാമം ഇല്ല.തെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന പ്രസിദ്ധമായ ചിറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു നൂറ്റാണ്ടിനു മുമ്പാണ് ഇടയകുന്നം വിഷ്ണുപുരം വിഷ്ണുക്ഷേത്രവും പതിറ്റാണ്ടുകളുടെ പഴക്കത്തോടുകൂടി ശ്രീ കാളീശ്വരിദേവി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.കാവുകളും ക്ഷേത്രങ്ങളും പള്ളികളും ഒരു പൊതു നന്മയുടെ ഭാഗമായി പരസ്പരം സഹവർത്തിച്ചു പോരുന്ന ചരിത്രം ഇവിടെയുണ്ട്. സ്പർദ്ധയോ വിദ്വേഷജനകമായ വിധ്വംസകപ്രകടനമോ ഇല്ലാത്ത ഒരു സാമൂഹിക ജീവിത പരിസരമാണ് ചേരാനല്ലൂരിന്റെത്.

നാട്ടിലെ ആദ്യത്തെ ക്രിസ്തീയ ദേവാലയം ചേരാനല്ലൂർ സെൻറ് ജെയിംസ് പള്ളിയാണ്.' ഹോർത്തൂസ് മലബാറിക്കൂസ്' എന്ന സസ്യശാസ്ത്ര ഗവേഷണ ഗ്രന്ഥവു മായി ബന്ധമുള്ള മത്തേവുസ് പാതിരിയാണ് വരാപ്പുഴ സെന്റ് ജോസഫ് ദേവാലയം പണികഴിപ്പിക്കുവാൻ നേതൃത്വം കൊടുത്തത്. ചേരാനല്ലൂർ കർത്താവായ വരേ ക്കാട് രാമൻ കുമാരകൈമൾ പെരിയാർ തീരത്ത് സൗജന്യമായി കൊടുത്ത ഭൂമിയിൽ 1673 ൽ പണിത ദേവാലയമാണ് ഇത്. വരാപ്പുഴ സെന്റ് ജോസഫ് ദേവാലയത്തിന്റെ കുരിശുപള്ളി എന്ന നിലയിൽ 1880 ൽ തുടങ്ങിവച്ച് 1930 ൽ ഇടവക പദവി ലഭിച്ച സെന്റ് ജയിംസ് പള്ളി ആത്മീയ സിരാകേന്ദ്രമായി ഉയർന്നു നില്ക്കുന്നു. 1973 ൽ ഈ ഇടവകയിൽ നിന്ന് ഭാഗം പിരിഞ്ഞാണ് ചേരാനല്ലൂർ നിത്യസഹായ മാതാപള്ളി സ്ഥാപിക്കുന്നത്. 2005 ൽ ഇടയക്കുന്നത് സെന്റ് സെബസ്ത്യനോസ് പള്ളിയും ഇതേ രീതിയിൽ രൂപീകൃതമായി. 1940 ൽ സ്ഥാപിച്ചതാണ് തെക്കൻ ചിറ്റൂർ തിരുകുടുംബ ദേവാലയം. മാതൃ ഇടവക മൂലമ്പിള്ളി ഇടവക പള്ളിയാണ്. മറ്റൊരു ക്രിസ്തീയ ദേവാലയം സെന്റ് മേരീസ് ചർച്ച് ആണ്.

ചേരാനല്ലൂരിൽ മഹൽ പദവിയുള്ള മുസ്ലീം ആരാധനാലയമാണ് 1869ൽ സ്ഥാപിതമായ ചേരാനല്ലൂർ ജുമാമസ്ജിദ്. അതിനുശേഷമാണ് ഇടയകുന്നത്തും പിന്നീട് തൈക്കാവിലും ജുമാപള്ളികൾ ഉയർന്നുവന്നത്.

കലാസാംസ്കാരിക രംഗത്ത് നൂറ്റാണ്ടുകളുടെ പാരമ്പര്യം നമുക്ക് അവകാശപ്പെടാവുന്നതാണ്. ചേരാനല്ലൂരിലെ ഒരു കൃഷ്ണൻ കർത്താവ് കൊച്ചി രാജ്യത്ത് സംസ്കൃത സദസ്സിൽ ഉണ്ടായിരുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ മാന്ത്രികനായ കുഞ്ചുകർത്താവിനെ സംബന്ധിച്ച് പറയാനുണ്ട്.

പണ്ഡിറ്റ് കെ പി കറുപ്പൻ

കേരളത്തിന്റെ നവോത്ഥാന സദസ്സിൽ സൂര്യശോഭയായി തിളങ്ങിയ കവി തിലകൻ പണ്ഡിറ്റ് കെ. പി. കറുപ്പൻ ഇവിടെയാണ് ജനിച്ചത്. 1885 മെയിലാണ് കറുപ്പൻ മാസ്റ്ററുടെ ജനനം. 1905 ൽ കൊല്ലൂർ കോവിലകത്ത് ചെന്ന് വിദ്യ അഭ്യസിച്ചു. വൈദ്യവും തർക്കശാസ്ത്രവും പഠിച്ചു. “ജാതിക്കുമ്മി' എഴുതിയത് ഇക്കാലത്താണ്. എറണാകുളം സെന്റ് തെരാസ്സാസ്സിൽ സംസ്കൃതം മുൻഷിയായും സർക്കാർ ഫിഷറീസ് വകുപ്പിൽ ഗുമസ്തനായി അധഃകൃത സംരക്ഷണ വകുപ്പിൽ അധഃസ്ഥിതോപസംരക്ഷകനായും ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെന്റിൽ ഉപാധ്യക്ഷനായും കൊച്ചി രാജ്യനിയമസഭാസാമാജികനായും പ്രവർത്തിച്ചു. പ്രാഥമിക വിദ്യാഭ്യാസ പരിഷ്കരണ കമ്മറ്റി മെംബർ, നാട്ടുഭാഷാസൂപ്രണ്ട്, ഭാഷാപരിഷ്കരണ കമ്മറ്റി കാര്യദർശി, മദിരാശി യൂണിവേഴ്സിറ്റി മെമ്പർ, ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1932 ൽ എറണാകുളം മഹാരാജാസ് കോളേജിൽ ലക്ചററായി. രാജ്യഭരണ വിഷയങ്ങളിൽ ജനായത്ത സമ്പ്രദായങ്ങൾ നടപ്പാക്കണമെന്ന് അധികാരികളെ ഉദ്ബോധിപ്പിച്ചു. പൊതു നിരത്ത് നിഷേധിച്ചതിനാൽ വള്ളങ്ങൾ കൂട്ടികെട്ടി “പുലയ മഹാസമ്മേളനം” (കായൽ സമ്മേളനം) നടത്താൻ നേതൃത്വം കൊടുത്തു. 1938 മാർച്ചിൽ കറുപ്പൻ മാസ്റ്റർ അകാലത്തിൽ വിട പറയുമ്പോൾ അധസ്തിത മോചനത്തിന്റെ രൂപരേഖ തയ്യാറാക്കി കഴിഞ്ഞിരുന്നു.

വി വി കെ വാലത്ത്

സ്വാതന്ത്യ പ്രേരിതമായ കവിതകളെഴുതിയും വൈജ്ഞാനിക സാഹിത്യരംഗത്ത് പ്രശോഭിതനുമായി തീർന്ന സ്ഥലനാമചരിത്രകാരൻ വി. വി. കെ. വാലത്ത് മാസ്റ്റർ ജനിച്ചത് ചേരാനല്ലൂരിലാണ്. 1919 ഡിസംബർ 25 നാണ് ജനനം. ചേരാനല്ലൂർ ലിറ്റിൽ ഫ്ളവർ യു. പി. സ്കൂൾ, അൽ-ഫറൂഖിയ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ചരിത്രഗവേഷണത്തിലും സാഹിത്യരചനയിലും തനതു മുദ്ര പതിപ്പിച്ച വാലത്ത് മാസ്റ്ററെ ഗദ്യകാവ്യശാഖയുടെ പിതാവായി വിശേഷിപ്പിക്കുന്നു. കേരള സാഹിത്യ അക്കാദമിയുടെ സ്കോളർഷിപ്പ് ലഭിച്ചിട്ടുള്ള മാസ്റ്ററുടെ ഒരു കൃതി മഹാത്മാഗാന്ധി സർവ്വകലാശാലാ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും മറ്റൊന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഹിന്ദിയിലേയ്ക്ക് തർജ്ജമചെയ്തിട്ടുമുണ്ട്. 2000 ഡിസംബർ 31 ന് ദിവംഗതനായി.

ക്ലാസ്സിക്കൽ കലയായ കഥകളി രംഗത്ത് ലോകപ്രസിദ്ധനായ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ ജന്മനാടാണ് ചേരാനല്ലൂർ. കേരളാ ടൈംസ് പത്രാധിപർ ഫാദർ വെളിപ്പറമ്പിൽ ഈ നാടിന്റെ പുത്രനാണ്. കലാസാംസ്കാര മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ ചിറ്റൂർ ഗോപി, മോപ്പസാങ്ങ് വാലത്ത്, അലക്സ് പോൾ, പീറ്റർ ചേരാനല്ലൂർ, സോക്രട്ടീസ് വാലത്ത്, രാജേഷ് ജയറാം, കൊച്ചിൻ മൻസൂർ, കെ. ജെ. ഗിഫ്റ്റി, പത്രപ്രവർത്തകനായ ജെക്കോബി, യുവകവി നൂറൂൽ അമീൻ, എം. എൽ. മാത്യു, നൃത്ത കലാകാരൻ ദുർഗ്ഗാനന്ദ്, ഗായകൻ പ്രതാപ് വാലത്ത്, ബോണി നിക്സൺ, കെ. ജി. പോൾ, വിമൽ പങ്കജ്, നൃത്ത ബാലെ രചയിതാവ് ടി. എൻ. സുദർശനൻ, നാടക നടൻ മാനുവൽ, കഥാകാരൻ അബ്ദുള്ള തുടങ്ങി അറിയപ്പെടുന്ന പ്രശസ്തരും അപ്രശസ്തരുമായ നിരവധി കലാകാരന്മാർക്ക് ജന്മം നൽകിയ നാടാണ് ചേരാനല്ലൂർ.

1953ലാണ് പണ്ഡിറ്റ് കറുപ്പൻ ഗ്രാമീണ വായനശാല സ്ഥാപിതമായത്. കച്ചേരിപ്പടി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വായനശാല വിഷ്ണുപുരത്ത് ഇന്നു കാണുന്ന സ്വന്തം കെട്ടിടത്തിലേയ്ക്ക് മാറി വികസിച്ചു വന്നത് പിന്നീടാണ്. നാടിന്റെ പൊതുസാംസ്കാരിക രംഗത്ത് ഇടപെടൽ നടത്താൻ ഈ വായനശാല പ്രവർത്തനത്തിന് കഴിയുന്നുണ്ട്. ജോയ് അമ്പാട്ട്, കെ. ജെ. വക്കച്ചൻ എന്നിവരുടെ സേവനം എടുത്തുപറയാവുന്നതാണ്.ഒരു നൂറ്റാണ്ടിനു മുമ്പേതന്നെ ചേരാനല്ലൂരിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതായി കാണാം. 1920 ലാണ് ചിറ്റൂർ സെന്റ് മേരിസ് എൽ. പി. സ്കൂൾ ആരംഭിച്ചത്. ബർണബാസ് മെത്രാപ്പോലീത്ത മൂൻകൈയ്യെടുത്തു സ്ഥാപിച്ചതാണ് 1924 ൽ ചേരാനല്ലൂർ ലിറ്റിൽ ഫ്ളവർ എൽ. പി. സ്ക്കൂൾ, 1943 ൽ ആണ് അൽഫാറൂഖിയ ഹൈസ്ക്കൂൾ സ്ഥാപിതമാകുന്നത്. വി. കെ. കുട്ടി സാഹിബ് ആയിരുന്നു ഇതിന്റെ ആദ്യ മാനേജർ. ഇതിനുശേഷമാണ് ചിറ്റൂരും ചേരാനല്ലൂരിലുമായി ഗവഃ എൽ. പി. സ്കൂളും ചേരനല്ലൂരിലെ സെന്റ് മേരീസ് എൽ. പി., യു. പി. സ്കൂളും സ്ഥാപിച്ചത്.

സഹകരണ മേഖലയിൽ നാട് ചിന്തിച്ചു തുടങ്ങുന്ന കാലയളവിൽ തന്നെ ചേരാനല്ലൂരിലും അതിന്റെ അലകൾ സാധിതമായി തുടങ്ങി. ചേരാനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രവർത്തനം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. കൂടുതൽ ജനകീയമായ പ്രവർത്തനത്തിന് തുടക്കം കുറിച്ചതിൽ സ്മരിക്കാവുന്നത് ദീർഘകാലം പ്രസിഡന്റായി പ്രവർത്തിച്ച അബ്ദുൾഖാദർ മാസ്റ്ററെയാണ്.പൊതുജനാരോഗ്യ മേഖലയിൽ പതിറ്റാണ്ടുകൾക്കു മുമ്പ് തന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം ചേരാനല്ലൂരിൽ തുടങ്ങി. ഗവഃ ആയുർവേദ ആശുപത്രിയും ഹോമിയോ ഡിസ്പെൻസറിയും വളരെ നേരത്തേ തന്നെ സ്ഥാപിതമായി കഴിഞ്ഞിരുന്നു. ഒരു നാടിന്റെ വികസന കുതിപ്പിനായി എല്ലാ വികസന മേഖലകളിലും അടിസ്ഥാനപരമായ തെയ്യാറെടുപ്പുകൾ വളരെ മുമ്പേതന്നെ ചേരനല്ലൂരിൽ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. വിവിധ വീക്ഷണങ്ങൾ വച്ചുപുലർത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എല്ലാംതന്നെ ഈ കാര്യത്തിൽ അനുകൂല മനോഭാവം പുലർത്തിയിട്ടുണ്ട്.


സഹായകരമായ ഗ്രന്ഥങ്ങൾ

1. സമഗ്രവികസന രേഖ. ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്, 1995

2. കൂടാരം. ചേരാനല്ലൂർ സെന്റ് ജെയിംസ് ദേവാലയാ ശീർവാദ സ്മരണിക, 2014

3. തദ്ദേശകം. 2018 കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്

4. വിവധ വ്യക്തികളുമായുള്ള സംഭാഷണങ്ങൾ.

5. പാദമുദ്ര - ചേരാനല്ലൂർ സഹകരണ സഹകരണ ബാങ്ക് നൂറാം വാർഷിക സുവനീർ .

ദേശപ്പെരുമയുടെ ധ്രുവ നക്ഷത്രങ്ങൾ

ചേരാനല്ലൂരിന്റെ ദേശചരിത്രം ആഖ്യാനം ചെയ്യുമ്പോൾ ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്ന യുഗപ്രഭാവൻമാരായ മഹായശസ്വികളുടെ ഒരു ചെറുനിരതന്നെയുണ്ട്.

വി വി കെ വാലത്ത്[2]

അതിശയിപ്പിക്കുന്ന ശൈലി ഭംഗിയിലും കാല്പനികതയിലും അർഥകൽപനയിലും അലങ്കാരചാതുരിയിലും ആശയമഹത്വത്തിലും ചങ്ങമ്പുഴ [3]യുമായി തുലനം ചെയ്യപ്പെട്ടിരുന്ന കവിയാണ് വി വി കെ വാലത്ത്. ചേരാനല്ലൂർ വടക്കേ വാലത്ത് പൂജാരിയും കുടിപ്പള്ളിക്കൂടത്തിൽ ആശാനും ആയിരുന്ന വേലുവിന്റെയും പാറുവിന്റെയും ആറുമക്കളിൽ അഞ്ചാമനായി ജനിച്ച കൃഷ്ണൻ  കൊടും പട്ടിണിയുടെയും ദുരിതങ്ങളുടെയും ലോകത്താണ് വളർന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിൽ ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡിൽ അമ്യൂനിഷൻ ഡിപ്പാർട്ട്മെന്റിന് കീഴിൽ  ക്ലർക്കായി ജോലി ചെയ്തു സ്വാതന്ത്ര്യസമരത്തിന് ആവേശം ഒരുക്കുന്ന രചനകളുടെ പേരിൽ പട്ടാളത്തിൽ നിന്നും പിരിച്ചു വിട്ടു. ഇന്ത്യ സ്വതന്ത്രമായതിനു തുടർന്ന് 27 വർഷം അധ്യാപകവൃത്തിയിൽ ഏർപ്പെട്ടു ദാമോദരൻ പത്രാധിപത്യത്തിൽ ആരംഭിച്ച നവയുഗം വാരികയിൽ സഹപത്രാധിപരായി.

സ്ഥലചരിത്ര പ്രതിപാതനത്തിന് സാഹിത്യ സരസമായ ഒരു ആഖ്യാന ശൈലി രൂപപ്പെടുത്തിയ വാലത്തിന് കേരള ചരിത്ര പഠനങ്ങൾക്കായി കേരളസാഹിത്യഅക്കാദമി പ്രതിമാസം 900 രൂപയുടെ സ്കോളർഷിപ്പ് അനുവദിച്ചിരുന്നു. ചരിത്ര കവാടങ്ങൾ, ഇടിമുഴക്കം, മിന്നൽ വെളിച്ചം ,ഞാൻ ഇനിയും വരും ,ചക്രവാളത്തിനപ്പുറം ,കവിതകൾ ഇനി വരില്ല, അയക്കാത്ത കത്തുകൾ ,  ഇവിടെ ഒരു കാമുകൻ മരിക്കുന്നു ,നോവൽ പണ്ഡിറ്റ് കറുപ്പൻ ജീവചരിത്രം ,സംഘകാല കേരളം , ശബരിമല മൂന്നാർ യാത്രാവിവരണം എന്നിവയാണ് പ്രധാന കൃതികൾ .അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ ഐൻസ്റ്റീൻ അൽഫാറൂഖിയ്യ ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായി സർവീസിൽനിന്ന് പിരിഞ്ഞതാണ്. കേരളത്തിലെ സ്ഥലനാമചരിത്രം പൂർത്തിയാക്കുന്നതിനു മുൻപേ 2000 ഡിസംബർ 31ന് 82  വയസ്സിൽ അദ്ദേഹം അന്തരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടാനായത് അദ്ദേഹത്തിന്റെ വലിയ നേട്ടമാണ്.

വാര്യത്ത് ചോറി പീറ്റർ

പരിഷ്കാര വിജയം എന്ന മലയാളം നോവൽ സാഹിത്യ ചരിത്രത്തിൽ ഇടം പിടിക്കുന്നത് കേരളതീരത്തെ ലത്തീൻ സമുദായത്തിന്റെ സാമൂഹികജീവിതത്തുടിപ്പുകളും  സുവിശേഷങ്ങളും ആദ്യമായി ആവിഷ്കരിച്ച നോവൽ എന്ന സവിശേഷത മുൻനിർത്തിയാണ്. ചേരാനല്ലൂർ സ്വദേശിയും ഫോർട്ടുകൊച്ചി സാന്താക്രൂസ് ഹൈസ്കൂൾ അധ്യാപകനുമായിരുന്ന വാര്യത്ത് ചോറി പീറ്റർ എഴുതി 1906 ൽ കൊച്ചിൻ യൂണിയൻ പ്രസിൽ പ്രസിദ്ധീകരിച്ചതാണ് ഈ നോവൽ. ലത്തീൻ കത്തോലിക്കാ സമുദായത്തിലെ ആചാരാനുഷ്ടാനങ്ങളുടെ തുറന്ന പുസ്തകമാണ് ഈ നോവൽ.അന്നത്തെ സാമൂഹിക ചുറ്റുപാടിൽ നിലനിന്നിരുന്ന ദുരാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ഈ നോവൽ സാമൂഹ്യപരിഷ്കരണത്തിന് തുടക്കംകുറിച്ചു.

പണ്ഡിറ്റ് കെ. പി. കറുപ്പൻ[4]

കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ സുപ്രധാന സ്ഥാനമലങ്കരിക്കുന്ന പണ്ഡിറ്റ് കെ.പി. കറുപ്പൻ ദേശപ്പെരുമയുടെ വീരേതിഹാസത്തിൽ നിറഞ്ഞുനിൽക്കുന്ന നാമമാണ്. ജാതിയിലെ ഉച്ചനീചത്വങ്ങൾക്കും തൊട്ടുകൂടായ്മയ്ക്കും സാമൂഹിക അനീതിക്കുമെതിരെയും അധഃസ്ഥിത സമുദായങ്ങളുടെ ശാക്തി കരണത്തിനും കൂട്ടായ്മയ്ക്കുമായും തന്റെ കവിത്വവും  ഉന്നത സ്ഥാനമാനങ്ങളും പരമാവധി ഉപയോഗപ്പെടുത്തിയ സാമൂഹ്യപരിഷ്കർത്താവും യുനിയന്താവുമാണ് കെ.പി. കറുപ്പൻ.

ജാതിയുടെ അനാശാസ്യം ജാതി വിവേചനത്തിന് അർഥശൂന്യവും വ്യക്തമാക്കാൻ അദ്ദേഹം രചിച്ച വിഖ്യാതമായ 'ജാതിക്കുമ്മി 'എന്ന കാവ്യശില്പം അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് എന്നും ഉണർവിന്റെ ഗീതമാണ്.ധീവരസമുദായ പ്രമാണിയും വിഷവൈദ്യനുമായ ചേരാനല്ലൂർ കണ്ടത്തിൽപറമ്പിൽ അയ്യപ്പൻ-കൊച്ചുപെണ്ണ് എന്നിവരുടെ മകനായി 1886 മെയ് 19 കറുപ്പൻ ജനിച്ചു. കൊടുങ്ങല്ലൂർ ഗുരുകുലത്തിൽ അന്തേവാസിയായി ഭട്ടൻ തമ്പുരാനിൽ നിന്ന് തർക്കവും വലിയ കൊച്ചുണ്ണി തമ്പുരാനിൽ നിന്ന് തച്ചുശാസ്ത്രവും, ചെറിയ കൊച്ചുണ്ണിത്തമ്പുരാനിൽ നിന്ന് അഷ്ടാംഗഹൃദയവും പഠിച്ചു. കൊച്ചി രാജാവ് രാജർഷി നിർദേശിച്ചതനുസരിച്ച് കറുപ്പൻ തൃപ്പൂണിത്തുറയിൽസഹൃദയതിലകൻ രാമപ്പിഷാരടിയുടെ ശിഷ്യനായി വ്യാകരണം പഠിച്ച് സാഹിത്യദർപ്പണാദി, കാ വ്യശാസ്ത്രഗ്രന്ഥങ്ങളും അഭ്യസിച്ചു. സ്വപ്രയത്നത്താൽ ഇംഗ്ലീഷിലും വൈഭവം നേടി. കേരളവർമ്മ വലിയകോയിത്തമ്പുരാൻ അദ്ദേഹത്തിന് വിദ്വാൻ പദവി നൽകി; കൊച്ചി മഹാരാജാവ് 1919ൽ കവിതിലകൻ എന്ന ബിരുദവും. ശ്രീമൂലം തിരുനാൾ വജ്രമോതിരം സമ്മാനിച്ചു.കൊടുങ്ങല്ലൂർ കളരിയിൽ വളർന്ന കറുപ്പൻ പതിനാലാം വയസിൽ കവിതകളെഴുതിത്തുടങ്ങി. അദ്ദേഹം ഇരുപതോളം കാവ്യങ്ങൾ രചിച്ചു. ലങ്കാമർദ്ദനം നാടകം ആദ്യകാല രചനയാണ്.

തീണ്ടൽ, തൊടിൽ അനാചാരങ്ങളെ നിയമംകൊണ്ട് നിരോധിക്കുക, അധഃകൃതർക്കു വിദ്യാഭ്യാസം നിഷേധിക്കുന്നതും വിദേശത്തുനിന്ന് ഉദ്യോഗസ്ഥരെ ഇറ ക്കുമതി ചെയ്യുന്നതും അവസാനിപ്പിക്കുക എന്നീ സന്ദേശവുമായി കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ' ബാലാകലേശം' എന്ന രാഷ്ട്രീയ സാമൂഹ്യനാടകം അവതരിപ്പിച്ച കറുപ്പൻ തീരമേഖലകളിൽ അങ്ങോളമിങ്ങോളം അരയസമൂഹത്തെ സംഘടിപ്പിച്ചു ശക്തിപ്പെടുത്താനും പുരോഗമനാശയങ്ങളാൽ പ്രബുദ്ധരാക്കാനുമായി സുസ്ഥിര സംവിധാനമെന്ന നിലയിൽ അർത്ഥസമ്പുഷ്ടവും കാവ്യ ഭംഗിയുമുള്ള നാമങ്ങളോടെ സുതാര്യമായ നിയമാവലിയും സംഘടനാദാർഢ്യവുമുള്ള സമിതികൾ രൂപവത്കരിച്ചു. തേവരയിൽ 1910ൽ വാലസമുദായപരിഷ്കരണി സഭയും, 1912-ൽ ആനാപുഴയിൽ കല്യാണദായിനി സഭയും സ്ഥാപിച്ചു. പിന്നാക്ക സമുദായങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി പറവൂരിൽ പ്രബോധനചന്ദ്രോദയം സഭ, ഇടകൊച്ചിയിൽ ജ്ഞാനോദയം സഭ, കുമ്പളത്ത് സന്മാർഗ പ്രദീപ സഭ, ഏങ്ങണ്ടിയൂരിൽ അരയവംശോദ്ധാരണ മഹാസഭ എന്നീ സാമൂഹ്യസംഘടനകൾ സ്ഥാപിച്ചു. 1938 മാർച്ച് 23ന് സ്വഗൃഹമായ സാഹിത്യകുടീരത്തിൽ അന്തരിച്ചു.

മോൺസിഞ്ഞോർ ജോർജ് വെളിപ്പറമ്പിൽ

ആധുനിക മലയാള പത്രപ്രവർത്തനചരിത്രത്തിൽ, പത്രശില്പി എന്ന നിലയിൽ തന്റെ ഉജ്വല പ്രതിഭ തെളിയിച്ച മോൺസിഞ്ഞോർ ജോർജ് വെളിപ്പറമ്പിൽ ചേരാ നല്ലൂരിന്റെ സന്താനമാണ്. എറണാകുളത്തു നിന്ന് പ്രസിദ്ധീകരിച്ചുവന്ന കേരള ടൈംസ് ദിനപത്രത്തിന്റെ മാനേജിംഗ് എഡിറ്റർ എന്ന നിലയിൽ കേരളത്തിലെ ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹിക നീതിക്കും അധികാര പങ്കാളിത്തത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ മൂന്നു പതിറ്റാണ്ട് മുന്നിൽ നിന്നു നയിച്ച വരാപ്പുഴ അതിരൂപതാംഗമായ ഫാ. വെളിപ്പറമ്പിൽ മലയാള പത്രങ്ങളുടെ ആധുനീകണം, പ്രിന്റിംഗ് ടെക്നോളജിയുടെ വളർച്ച, പത്രഭാഷയുടെ നവീകരണം, വാർത്താവിന്യാസശൈലി പരിഷ്കരണം എന്നിങ്ങനെ ന്യൂസ്പേപ്പർ മാനേജ്മെന്റിന്റെയും പത്രവ്യവസായത്തിന്റെയും പ്രതാധിപധർമ്മത്തിന്റെയും മേഖലകളിൽ തന്റെ കൈയൊപ്പു ചാർത്തി. ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ്, സൗത്ത് ഏഷ്യൻ കാത്തലിക് പ്രസ് അസോസിയേഷൻ പ്രസിഡന്റ്, യൂനിയോ ഇന്റർനാഷണൽ കാത്തലിക് പ്രസ് എന്ന ആഗോള സംഘടനയിൽ ഏഷ്യൻ ആഫ്രിക്കൻ മേഖലയുടെ പ്രത്യേക പ്രതിനിധി എന്നീ നിലകളിൽ രാജ്യാന്തരതലത്തിലും മാധ്യമശുശ്രൂഷാ രംഗത്ത് ശ്രദ്ധേയനായിരുന്നു അദ്ദേഹം. പള്ളിനിർമാണത്തിൽ വിഖ്യാതനായ വാസ്തുശില്പി വെളിപ്പറമ്പിൽ പേറു മേസ്തിരിയുടെ മകനാണ് ജോർജ് വെളിപ്പറമ്പിൽ .

കുഞ്ചുക്കർത്താവ്.[5]

നിലവിലെ മൂപ്പിൽ കർത്താ

ചേരാനല്ലൂർ ആസ്ഥാനമായുള്ള ചേരാനല്ലൂർ കർത്താവിന്റെ കുടുംബത്തെ ചേരാനല്ലൂർ സ്വരൂപം എന്ന് പറഞ്ഞ് വരുന്നു. 1941 വരെ ഈ സ്വരൂപം ചേരാനല്ലൂർ സ്ഥാനം എന്നാണ് അറിയപ്പെട്ടിരുന്നത്. 28-11-1941 അന്നത്തെ കൊച്ചി മഹാരാജാവ് വിളംബരം അതനുസരിച്ച് സ്ഥാനം ഭരണം സർക്കാർ ഏറ്റെടുത്തു. അതിനുശേഷം സ്വരൂപം എസ്റ്റേറ്റ് എന്ന പേരിൽ ഔദ്യോഗികമായി അറിയപ്പെടാൻ തുടങ്ങി .കൊച്ചി രാജ്യത്തെ ഇടപ്രഭുക്കന്മാർ ആയിരുന്ന അഞ്ചി കൈമൾമാരിൽ ഒരാളും കൊച്ചി രാജാവിന്റെ സൈനികത്തലവനും പടിഞ്ഞാറ്റ്യേടത്ത് പടനായർ , കുന്നത്ത് രാമകുമാര കൈമൾ എന്ന സ്ഥാനപ്പേരുള്ള ചേരാനല്ലൂർ കർത്താക്കന്മാരിൽ പ്രമുഖനാണ് കുഞ്ചുക്കർത്താവ്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കവിതയിൽ (ജാലവിദ്യ ) കുഞ്ചുക്കർത്താവ് കൊച്ചിയിലെ ശക്തൻ തമ്പുരാന്റെ സമീപകാലികനായിരുന്നു എന്ന പരാമർശമുണ്ട്. ഏ ഡി 1790 -1805 ശക്തൻ തമ്പുരാന്റെ ഭരണകാലം. ആ കാലത്തായിരുന്നു കുഞ്ചുക്കർത്താവ് ജീവിച്ചിരുന്നതെന്ന് അനുമാനിക്കാം.ചെറുപ്പത്തിൽ നാടുവിട്ടുപോയി പരദേശങ്ങളിൽ സഞ്ചരിച്ച് മന്ത്രവാദം, വൈദ്യം, പാട്ട്, വീണവായന, ഇന്ദ്രജാലം മുതലായ പല വിദ്യകളിൽ അനിതരസാധാരണമായ പാണ്ഡിത്യം സമ്പാദിച്ച കുഞ്ചുക്കർത്താവിന്റെ വേഷഭൂഷാദികൾ പരദേശീയമായിരുന്നുവെന്ന് കൊട്ടാരത്തിൽശങ്കുണ്ണി തന്റെ ഐതിഹ്യമാലയിൽ എഴുതുന്നു. ഹനുമാനെ സേവിച്ചു പ്രത്യക്ഷമാക്കിയിരുന്നതിനാൽ ഏതൊരു കാര്യവും സാധിച്ചിരുന്ന കുഞ്ചുക്കർത്താവ് തറവാട്ടിൽ മൂപ്പുസ്ഥാനം ലഭിച്ചശേഷവും കൂടുതൽ സമയം ചെലവഴിച്ചത് രാജസന്നിധിയിലാണ്. കൊച്ചി സംസ്ഥാനത്ത് വടുതലപ്പുഴയ്ക്കു വടക്കുള്ള നികുതി മുഴുവനും പിരിച്ചു സർക്കാരിലടയ്ക്കുന്നതിന് അധികാരപ്പെടുത്തിയിരുന്നത് കർത്താവിനെയാണ്.

ഇന്ദ്രജാലത്തിൽ ഏറെ പ്രസിദ്ധനായ കുഞ്ചുക്കർത്താവിന്റെ പ്രത്യേക സിദ്ധി വർണിക്കാൻ ഐതിഹ്യമാലയിൽ അവതരിപ്പിക്കുന്ന ആഖ്യാനങ്ങളിലൊന്ന് ഇതാണ്. ഒരാണ്ടിൽ  നികുതി അടച്ചുതീർക്കേണ്ടതിന് സർക്കാരിൽ നിന്ന് ആളെ അയച്ചു. കർത്താവിന്റെ കാര്യാന്വേഷണക്കാരനായ അനന്തരവൻ അപ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. കുഞ്ചുകർത്താവ് അകത്തുനിന്ന് ഒരു പെട്ടിയെടുത്തുകൊണ്ട് വന്ന് തുറന്ന് സർക്കാറിലേക്ക് ചെല്ലുവാൻ ഉണ്ടായിരുന്ന സംഖ്യ മുഴുവൻ ഇരട്ടി പുത്തനായി എണ്ണിക്കൊടുത്തു രശീതു വാങ്ങി . പുത്തനെ കുറിച്ച് വല്ല സംശയവും ഉണ്ടെങ്കിൽ വെട്ടിമുറിച്ചോ ഉരുക്കിയോ നോക്കി കൊള്ളണം എന്ന ഉപദേശവും നൽകിയാണ് വന്നയാളെ തിരിച്ചയച്ചത്.

ഇന്ദ്രജാലം കൊണ്ടാണ് കാരണവർ പണമുണ്ടാക്കി ക്കൊടുത്തയച്ചതെന്ന് മനസിലാക്കിയ അനന്തരവൻ, അതിന്റെ ഭവിഷ്യത്ത് ഗുരുതരമാകുമെന്ന് കണ്ട് ക്ഷണത്തിൽ പണവും കൊണ്ട് എറണാകുളത്തേക്ക് പോയി.  കാരണവർ കൊടുത്തയച്ച പണം വേറൊരിനമാണന്നും  അതു തിരിച്ചെടുത്ത് മാറ്റിവച്ചിരുന്ന നികുതിത്തുക  അടയ്ക്കുകയാണെന്നും അനന്തരവൻ ബോധിപ്പിച്ചു. തിരിച്ച് വാങ്ങിയ പണം നോക്കിയപ്പോഴാണ് സംഗതി വെളിച്ചത്തായത് കുഞ്ചുക്കർത്താവ് നൽകിയത് മുഴുവൻ നാട്ടി പുത്തന്റെ വലുപ്പത്തിൽ വൃത്താകാരമായി മുറിച്ച് ഓല കഷണങ്ങളായിരുന്നു.

അകത്തൂട്ട് മഠം -കുഞ്ചു കർത്താവിന്റെ തറവാട്

പിന്നീടൊരിക്കൽ തൃപ്പൂണിത്തുറ രാജകൊട്ടാരത്തിൽ നിന്നു കൊച്ചുതമ്പുരാക്കന്മാർ ചേരാനല്ലൂരെത്തി കുഞ്ചുക്കർത്താവിന്റെ ചില വിദ്യകൾ കണ്ടാൽക്കൊള്ളാമെന്നു പറഞ്ഞു. കർത്താവ് നാലു തോക്കെടുത്തു നിറച്ച് നാലു ഭൃത്യന്മാർക്കു നൽകി അവരെ വലിയ കുളത്തിന്റെ കരയിൽ നിർത്തി. ഞാൻ കുളത്തിൽ മുങ്ങി പൊങ്ങിവരുമ്പോൾ വെടിവയ്ക്കണം,” എന്നു നിർദേശം നൽകി വെള്ളത്തിൽ മുങ്ങി. മുന്നേമുക്കാൽ നാഴിക കഴിഞ്ഞ് തല വെള്ളത്തിനു മുകളിൽ കണ്ട് അവർ വെടിവച്ചു. തല പൊട്ടിച്ചിതറി. കുളത്തിലെ വെള്ളം രക്തമയമായി. മൃതദേഹം പൊങ്ങി വന്നു. മന്ത്രവിദ്യകൊണ്ട് കുഞ്ചുകർത്താവ് രക്ഷപ്പെടും എന്നു കരുതി നിറയൊഴിച്ച് ഭൃത്യന്മാരും ദുരന്തത്തിനു സാക്ഷികളാകേണ്ടിവന്നതിൽ ദുഃഖിതരായി കൊച്ചുതമ്പുരാക്കന്മാരും കുളക്കരയിൽ വിഷമിച്ചു നിൽക്കുമ്പോൾ മാളികയിൽ നിന്നൊരു വീണ വായന കേട്ടു. അവർ ചെന്നുനോക്കുമ്പോൾ കുഞ്ചുക്കർത്താവ് മുറിയിലിരുന്ന് വീണ വായിക്കുകയാണ്.

മഠത്തിൽ ചതുരംഗം കളിച്ചുകൊണ്ടിരുന്ന കർത്താവിനെ സ്നേഹിതർ നിർബന്ധിച്ച് വള്ളംകളിക്കു കൊണ്ടുപോയി. വള്ളത്തിൽ കൊമ്പത്തിരുന്ന കർത്താവ് വെള്ളത്തിൽ വീണു മുങ്ങിത്താണുപോയി. എത്ര തപ്പിയിട്ടും കർത്താവിനെ കണ്ടെത്താനായില്ല. ഒടുവിൽ വിവരം അറിയിക്കാൻ തറവാട്ടിലെത്തിയ സുഹൃത്തുക്കൾ കാണുന്നത് കർത്താവും നമ്പൂതിരിയും ചതുരംഗം വച്ചു കൊണ്ടിരിക്കുന്നതാണ്.

ഐതിഹ്യത്തിൽ നിന്നും ദേശചരിത്രത്തിലേക്ക് വരുമ്പോൾ ദേശ വാഴിയായ ചേരാനല്ലൂർ കർത്താവിന്റെ കയ്യൊപ്പുകൾ കാണാം . ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം എറണാകുളം ശിവക്ഷേത്രം ,എറണാകുളം പരാമരാ ക്ഷേത്രം എന്നിവയുടെ നിർമ്മിതിയിൽ കർത്താക്കന്മാർ പങ്കുണ്ട്. ചേരാനല്ലൂർ കർത്താവിന്റെ അകത്തൂട്ട് മഠം എന്ന പുരാതന ഭവനത്തിന് 600 വർഷത്തിലധികം പഴക്കമുണ്ട്. ചേരാനല്ലൂർ കർത്താക്കന്മാരുടെ ഗസ്റ്റ് ഹൗസ് ഇരുന്ന സ്ഥലത്താണ് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷൻ വന്നത്. എറണാകുളം ടൗൺ ഹാൾ ഉയർന്നത് ചേരാനല്ലൂർ കർത്താക്കന്മാരുടെ പശുക്കൾ മേഞ്ഞുനടന്ന പറമ്പിലാണ്. മിഷനറി പ്രവർത്തനങ്ങൾക്ക് സിരാകേന്ദ്രം സ്ഥാപിക്കുന്നതിന് വിശാല ഹൃദയത്തോടെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും എറണാകുളം കേന്ദ്രീകരിച്ച് കൊച്ചി നഗര വികസനത്തിന്റെ അടിസ്ഥാനശില പാകുകയും ചെയ്ത ചേരാനല്ലൂർ കർത്താക്കന്മാരുടെ പൈതൃക മഹിമ നമ്മുടെ ദേശപ്പെരുമയാണ്.

ചേരാനെല്ലൂരിലെ ഗവണ്മെന്റ് സ്ഥാപനങ്ങൾ

  • ഗവണ്മെന്റ്  ഹോസ്പിറ്റൽ ചേരാനെല്ലൂർ
  • ഹോമിയോ ഹോസ്പിറ്റൽ ചേരാനെല്ലൂർ
  • ആയുർവേദ ഹോസ്പിറ്റൽ ചേരാനെല്ലൂർ
  • വെറ്റിനറി ഹോസ്പിറ്റൽ ചേരാനെല്ലൂർ
  • കൃഷി ഭവൻ
  • പോലീസ് സ്റ്റേഷൻ
  • ഇലെക്ട്രിസിറ്റി ഓഫീസ്

ചേരാനെല്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ചേരാനെല്ലൂരിലെ മറ്റു സ്ഥാപനങ്ങൾ

പഞ്ചായത്തിന്റെ ചരിത്രം

പഞ്ചായത്ത് ഭരണത്തിന്റെ സാമ്പ്രദായിക രൂപങ്ങൾക്ക് ചിരപുരാതന കാലത്തോളം തന്നെ പഴക്കമുണ്ട്. വേദകാലത്ത് കുലവും ഗോത്രവും ശ്രേണിയും നിലനിന്നിരുന്നതായി കാണാം. ഘോഷം, ഗ്രാമം എന്നിങ്ങനെ തിരിച്ചുള്ള ഗണരൂപങ്ങളെ സംബന്ധിച്ച് ഇതിഹാസങ്ങളിൽ വിവരിക്കുന്നുണ്ട്. കാലാന്തരങ്ങൾ കഴിഞ്ഞിട്ടും സമൂല ജീവിത മണ്ഡലത്തിൽ നിന്ന് കൂട്ടായ്മയുടെ ഈ പൗരാണിക ഭാവം പിഴുതുമാറ്റാൻ കഴിഞ്ഞില്ല. കൊച്ചി രാജ്യത്ത് ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് ഗ്രാമത്തിന്റെ സാമൂഹ്യജീവിതത്തിൽ സ്വാധീനം ചെലുത്തിയിരുന്ന തറക്കുട്ടങ്ങൾ ആയിരുന്നു നമ്മുടെ പഞ്ചായത്തിന്റെ മുൻഗാമി. അയ നൂറ്, നാട്ടുകൂട്ടം, കഴകം എന്നിങ്ങനെ ഈ തറകൂട്ടങ്ങൾ അറിയപ്പെട്ടിരുന്നു. കൊല്ലവർഷം 1083 ലെ (1908) വില്ലേജ് സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം 3464 ഏക്കർ 52 സെന്റ് വിസ്തീർണ്ണമുള്ള പ്രദേശമായിരുന്നു ചേരാനല്ലൂർ .ചേരാനല്ലൂർ ചിറ്റൂർ എടയക്കോണം (ഇടയക്കുന്നം) വടുതല ഇങ്ങനെ ആറ് റവന്യൂ പ്രദേശങ്ങളാണ് അന്ന് ചേരാനല്ലൂർ വില്ലേജിൽ ഉൾപ്പെട്ടിരുന്നത്. എറണാകുളം പ്രവശ്യയിൽ ഉൾപ്പെട്ടിരുന്ന 3 വില്ലേജുകളിൽ ഒന്ന് ചേരനല്ലൂർ വില്ലേജ് ആയിരുന്നു. അന്ന് ഈ വില്ലേജിൽ 1162 സർവ്വനമ്പരുകളും അവയിൽ 900 സബ് ഡിവഷനുകളും ഉണ്ടായിരുന്നു.

1913 ലാണ് കൊച്ചിയിൽ വില്ലേജ് പഞ്ചായത്തുകൾ നിലവിൽ വന്നത്. 1914 ൽ വില്ലേജ് പഞ്ചായത്ത് ആക്ട് നിലവിൽ വന്നു. ഒരു താലൂക്കിൽ ഒന്ന് എന്ന നിലയിൽ 5 പഞ്ചായത്ത് നിലവിൽ വന്നു. സർക്കാർ നിർദ്ദേശിക്കുന്ന 4 പേരും എക്സ് ഒഫിഷ്യോ എന്ന നിലയിൽ വില്ലേജ് ആഫീസറും ഉൾപ്പെടുന്ന 5 അംഗസമിതിയാണ് പഞ്ചായത്ത് നിയന്ത്രിച്ചിരുന്നത്. അംഗീകൃത സർവ്വകലാശാല ബിരുദധാരികൾക്കും 50 രൂപയുടെ കരം തീരുവയുള്ളവർക്കും പഞ്ചായത്ത് അംഗങ്ങളാകമായിരുന്നു .പിന്നീട് 3 വർഷങ്ങൾക്കു ശേഷം പഞ്ചായത്തിന് നീതി ന്യായാധികാരങ്ങൾ നൽകി.തിരുക്കൊച്ചി സംയോജനത്തെ തുടർന്ന് 1950 ൽ തിരു കൊച്ചി പഞ്ചായത്ത് ആക്ട് നിലവിൽ വന്നു. നിലവിലുള്ള പഞ്ചായത്തുകളുടെ സംയോജിതവും പരിഷ്കൃതവുമായ രൂപമായിരുന്നു അത്. 1956 ൽ കേരള സംസ്ഥാനം രൂപീകൃതമാകുമ്പോൾ ഒട്ടാകെ 892 പഞ്ചായത്തുകൾ ഉണ്ടായിരുന്നു. 1959 ൽ സംസ്ഥാന ഗവൺമെന്റ് നിയമിച്ച കമ്മീഷന്റെ റിപ്പോർട്ട് പരിഗണിച്ച് 1962 ജനുവരിയിൽ 922 പഞ്ചായത്തുകൾ രൂപീകൃതമാകുകയും പഞ്ചായത്തുകളിൽ ചിലതിനെ വിഭജിക്കുകയും ചിലത് മുനിസിപ്പാലിറ്റിയാകുകയും ചെയ്തു. പിന്നീട് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളെ തരംതിരിച്ച് 990 പഞ്ചായത്തുകൾ നിലവിൽവന്നു.

1914 ൽ വില്ലേജ് പഞ്ചായത്ത് ആക്ട് നിലവിൽ വന്നതിനു ശേഷം കൊച്ചി രാജ്യത്ത് നിലവിൽ വന്ന 5 വില്ലേജ് പഞ്ചായത്തുകളിൽ ഒന്ന് ചേരാനല്ലൂർ പഞ്ചായത്ത് ആയിരുന്നു.നീതിന്യായ അധികാരങ്ങളോട് കൂടിയ ഈ വില്ലേജ് പഞ്ചായത്തിൻെറ പ്രസിഡണ്ട് 1930കളിൽ കണവുള്ളിൽ നാരായണമേനോൻ അവർകളായിരുന്നുവെന്ന് രേഖകളിൽ കാണുന്നു.ഇന്നത്തെ പഞ്ചായത്ത് ഭൂപരിധി വരുന്നതിനു മുമ്പ് മുപ്പതുകളിൽ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചത് മാ. രാ. രാ. കണവിള്ളി നാരായണമേനോനും, പിന്നീട് വി. കെ. കുട്ടിസാഹിബ്ബും ഫ്രാൻസിസ് സഫറൻസും ആണെന്ന് തെളിയുന്നു.ആണ്ടിൽ രണ്ടുവട്ടം വിളവെടുത്തിരുന്ന, കണവിള്ളി ശങ്കരമേനോന്റെ ഉടമസ്ഥതയിലായിരുന്ന കൃഷിനിലം വാങ്ങി നികത്തിയെടുത്താണ് വി. കെ. കുട്ടി സാഹിബിന്റെ കാലത്ത് പഞ്ചായത്ത് ആഫീസ് പ്രവർത്തിക്കുന്നതിന് ഒറ്റമുറി കെട്ടിടം പണിതീർത്തത്.

1994 - പഞ്ചായത്ത് രാജ് നിലവിൽ വരുന്നതിനു മുമ്പ് വി. കുട്ടി സാഹിബ്, ഫ്രാൻസിസ് സഫറൻസിനു ശേഷം ഭാസ്ക്കരമേനോൻ, എം. ആർ. റോക്കി, കെ. ചീക്കുട്ടി ചീതൻ, വി. എ. നൈന (അബ്ബാസ്), കെ. എം. ജോർ എം. എ. മാത്യു എന്നിവരായിരുന്നു പ്രസിഡന്റുമാർ 1994 ൽ കേരളാ പഞ്ചായത്ത് രാജ് നിയമം വന്ന ശേഷം സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളു ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തും 87 മുനിസിപ്പാലിറ്റികളും 6 കോർപ്പറേഷനുകളും നില വന്നു. കൂടുതൾ അധികാരവും ചുമതലകളും വിഭവ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വത്തോട യുള്ള പ്രാദേശിക സർക്കാരുകളായി തദ്ദേശ ഭരണ ധാനം മാറി. 9-ാം പദ്ധതി ജനകീയാസൂത്രണത്തി വികേന്ദ്രീകരിച്ചു നടപ്പാക്കിയതോടെ കേരളത്തിലെ പഞ്ചായത്തുകളുടെ ഭരണം കൂടുതൽ സുതാര്യവും ജനകീയവും ശക്തവുമായി തീർന്നു.

1995 ഒക്ടോബർ മാസം 4-ാം തിയതി ശ്രീമതി വിജയലക്ഷ്മി സദാനന്ദൻ പ്രസിഡന്റായി വന്നു. അന്ന് 10 വാർഡുകൾ ഉണ്ടായിരുന്നു. അതിനുശേഷം ശ്രീമതി സരസ്വതീമേനോൻ, എം. എ. മാത്യു, കെ. കെ. സുരേഷ് ബാബു, ശ്രീമതി. സോണിചിക്കു എന്നിവർ ചേരാനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റുമാരായി പ്രവർത്തിച്ചു. ഇപ്പോൾ 17 വാർഡുകളിലായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണ സമിതിയുടെ പ്രസിഡന്റ് കെ. ജി. രാജേഷ് 2020 ഡിസംബറിൽ ചുമതലയേറ്റു. 50% സ്ത്രീസംവരണം വന്നതോടുകൂടി ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിയിൽ 9 വനിതകളുടെ പ്രാതിനിധ്യം ഉണ്ടായിരിക്കുന്നു. നാടിന്റെ സമഗ്രവികസനത്തിനായി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ക്രിയാത്മകമായി പ്രവർത്തിക്കുമെന്നും ഈ വികാരമ്പര്യം മനസ്സിലാക്കി മുന്നോട്ടുപോകുന്ന സമീപനങ്ങൾ സ്വീകരിക്കുമെന്നും പ്രത്യാശിക്കുന്നു.

  1. പാദമുദ്ര - ചേരാനല്ലൂർ സഹകരണ സഹകരണ ബാങ്ക് നൂറാം വാർഷിക സുവനീർ .
  2. https://en.wikipedia.org/wiki/V._V._K._Valath
  3. https://en.wikipedia.org/wiki/Changampuzha_Krishna_Pillai
  4. https://www.manoramaonline.com/news/kerala/2020/05/24/pandit-karuppan-birthday.html
  5. പാദമുദ്ര - ചേരാനല്ലൂർ സഹകരണ സഹകരണ ബാങ്ക് നൂറാം വാർഷിക സുവനീർ .