എസ്.എച്ച്.യു.പി.എസ് അങ്ങാടിക്കടവ്/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
10:03, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14863 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയും മനുഷ്യനും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയും മനുഷ്യനും

നാം ഇന്ന് ജീവിക്കുന്നത് ഹൈടെക് യുഗത്തിലാണ്. സാമൂഹ്യമാധ്യമങ്ങളും സാങ്കേതികവിദ്യകളും മനുഷ്യന്റെ നിത്യജീവിതത്തിൽ എത്ര മാത്രം സ്വാധീനം ചെലുത്തുന്നു എന്ന് നിർണ്ണയിക്കാൻ കഴിയാത്ത കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ തിരക്കുകൾക്കിടയിൽ പലപ്പോഴും സ്വന്തം സ്വാർത്ഥ താൽപര്യത്തിനു വേണ്ടി നാം മറന്നുപോകുന്നു. ഇതിനിടയിൽ സ്വന്തം നേട്ടങ്ങൾ പോലും വേണ്ടെന്നു വച്ച് പ്രകൃതിയെ സ്നേഹിക്കുന്നവർ ഉണ്ട്. പ്രകൃതിയെ നാം ചൂഷണത്തിന് വിധേയമാക്കുകയാണ്. ഈ ചൂഷണങ്ങളുടെ പരിണിത ഫലങ്ങളാണ് വർഷംതോറും ഉണ്ടാകുന്ന അന്തരീക്ഷ ഊഷ്മാവ് വർദ്ധനവും വർഷംതോറും ഉണ്ടാകുന്ന പ്രളയവും.

'അന്യജീവനുതകി സ്വജീവിതം
ധന്യമാകുമമലെ വിവേകികൾ'

കുമാരനാശാൻറെ 'നളിനി' പറഞ്ഞ ഈ വരികൾ വളരെ അർത്ഥവത്താണ്.സ്വന്തം കാര്യം മാത്രം നോക്കാതെ മറ്റുള്ളവർക്ക് വേണ്ടി കൂടി നാം ജീവിക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്. മനുഷ്യർ തമ്മിലുള്ള കാര്യം മാത്രമല്ല പ്രകൃതിയോടുള്ള നമ്മുടെ കാഴ്ചപ്പാടിനെയും വലിയ കെട്ടിടങ്ങൾ പണിയുവാനും നാഗരികവൽക്കരണത്തിന്റെ ഭാഗമായി കുന്നുകൾ ഇടിക്കുമ്പോഴും പാടങ്ങൾ നികത്തുമ്പോഴും മണൽ വാരുമ്പോഴും വരാനിരിക്കുന്ന വിപത്തിനെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. ഇത്തരം പ്രവർത്തികൾക്കെതിരെ വലിയ പ്രസംഗങ്ങൾ നടത്തുന്നവരും പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്.

ഏതാനും നാളുകളായി തുടർന്നുകൊണ്ടിരിക്കുന്ന ലോക്ഡൗൺ മൂലം പ്രകൃതി ഒരു പുതു ജന്മത്തിലൂടെ കടന്നുപോകുന്നത് ഉത്തമ ഉദാഹരണമാണ്. ലോകത്തിൽ ഏറ്റവും അന്തരീക്ഷ മലിനീകരണ നിരക്ക് കൂടിയ സ്ഥലങ്ങളിൽ ഒന്നായിരുന്നു ഡൽഹി. ഇപ്പോൾ അവിടെ നിന്നുള്ള വാർത്തകൾ വളരെ ആശ്വാസം നൽകുന്നവയാണ്. പുതിയ പക്ഷികളും ആകാശത്ത് അൻപതോളം ഇനത്തിൽപ്പെട്ട നക്ഷത്രങ്ങളും കാണാൻ സാധിക്കുന്നതും മലിനീകരണം കുറയുന്നതും എല്ലാം സോഷ്യൽ മീഡിയയിലൂടെ അറിയാൻ സാധിക്കുന്നുണ്ട്. ഇറ്റലിയിലും പ്രകൃതിയിൽ സമീപകാലത്തുണ്ടായ മാറ്റങ്ങളെപ്പറ്റി നമുക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.ഇനി പഴയ രീതിയിലേക്ക് പ്രകൃതിയെ മാറ്റാതെ നിലനിർത്താൻ ശ്രദ്ധ വേണം. മരങ്ങൾ നടുന്നത് പരിസ്ഥിതി ദിനത്തിൽ മാത്രം ഒതുക്കരുത്. നമുക്ക് കഴിയും വിധത്തിൽ പ്രകൃതിക്കിണങ്ങി ജീവിച്ചാൽ പല വിപത്തുകളെയും നമുക്ക് ഒഴിവാക്കാൻ സാധിക്കും. അങ്ങനെ നമുക്ക് നമ്മുടെ പ്രകൃതിയെ സുരക്ഷിതമാക്കാം.

ട്രീസ ഷാജി
7 A സേക്രഡ് ഹാർട്ട് യു പി സ്കൂൾ അങ്ങാടിക്കടവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം