ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ലോകം കണ്ട വലിയ വിപത്തിലൊന്നാണ് കൊറോണ. അൻറാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളായ ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിൽ ഇപ്പോൾ വിനാശം വരുത്തിക്കൊണ്ടിരിക്കുകയാണ് ഈ മഹാമാരി. എന്താണീ കൊറോണ? ഒരു വൈറസ്സാണിത്. കൊറോണ വൈറസ് ഡിസീസ് 2019 അഥവാ കൊവിഡ് - 19 എന്ന പേരിലാണ് ഈ രോഗം അറിയപ്പെടുന്നത്. 2019 ഡിസംബർ മാസം ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്ന് അവിടെയുള്ള വിദേശീയരായ ആളുകളിലേക്ക് പരുകയും ഇവർ സ്വന്തം രാജ്യത്തേക്ക് മടങ്ങും വഴി വിമാനത്തിലുള്ളവർക്കും നാട്ടിലെത്തിയപ്പോൾ അവിടെയുള്ളവർക്കും രോഗം പടർന്നു പിടിക്കുകയുണ്ടായി. രോഗബാധിതരായ ആളുകൾ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതുമൂലം ആ രാജ്യങ്ങളിലെല്ലാം രോഗം വ്യാപിക്കുകയും അങ്ങനെ ലോകം മുഴുവൻ ഈ വൈറസ് പടർന്നുപിടിക്കുകയുമാണുണ്ടായത്. ശരീരസ്രവങ്ങളിൽ നിന്നാണ് കൊറോണ വൈറസ് പടരുന്നത്. രോഗബാധിതരായ ആളുകൾ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിൽ വൈറസ് ഉണ്ടായിരിക്കും. ഇവ വായുവിൽ പടരുകയും അടുത്തുള്ളവരിലേക്ക് എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴും ഹസ്തദാനം ചെയ്യുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പടരുന്നു. വൈറസ് ബാധിച്ചയാൾ സ്പർശിച്ച വസ്തുക്കളിൽ വൈറസിന്റെ സാന്നിധ്യം ഉണ്ടാകാം. ഈ വസ്തുക്കൾ മറ്റുള്ളവർ സ്പർശിക്കുകയും ആ കൈകൾ കൊണ്ട് കണ്ണിലോ മൂക്കിലോ തൊടുകയും ചെയ്യുമ്പോൾ രോഗം അയാളിലേക്ക് പടരുന്നതിന് കാരണമാവുകയും ചെയ്യുന്നു. ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു. മരണം സംഭവിച്ചവരുടെ എണ്ണമാവട്ടെ 1.5 ലക്ഷത്തിലധികവുമായി. ഇന്ത്യയിൽ ഏകദേശം 15000 ത്തോളം ആളുകൾക്ക് ലോകം സ്ഥിരീകരിക്കുകയും 480 ൽ കൂടുതൽ ആളുകൾക്ക് മരണം സംഭവിക്കുകയും ചെയ്തു. നമ്മുടെ കൊച്ചു കേരളത്തിൽ 397 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 3 പേർ മരിക്കുകയും ചെയ്തു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു. മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും രോഗവ്യാപനം കുറയാത്ത സാഹചര്യത്തിൽ മെയ് 3 വരെ ലോക് ഡൗൺ നീട്ടുകയുണ്ടായി. വൈറസിനെ തടയുന്നതിനായി ചില മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്. പൊതുസ്ഥലങ്ങളിലോ സ്ഥാപനങ്ങളിലോ പോകുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണം. കൈകൾ ഇടവിട്ട് ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് ക്ലീൻ ചെയ്യുകയോ വേണം. അനാവശ്യമായി പുറത്തിറങ്ങാതിരിക്കുന്നതോടൊപ്പം പുറത്ത് പോയി വന്നാലുടൻ കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് നേരം കഴുകുക. കഴുകാത്ത കൈകൾ ഉപയോഗിച്ച് മൂക്ക്, കണ്ണ്, വായ എന്നിവിടങ്ങളിൽ തൊടാതിരിക്കുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈറസ് ബാധ തടയാൻ നമുക്ക് സാധിക്കും. ലോകരാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകർ കൊറോണ വൈറസിനെ ശക്തമായി നേരിടുകയാണ്. ഈ വൈറസിനെതിരെ ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. മറ്റ് അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളാണ് നിലവിൽ കൊറോണ വൈറസിനെതിരെ ഉപയോഗിക്കുന്നത്. രോഗപ്രതിരോധശേഷി കൂടിയ ആളുകളിൽ കൊറോണ വൈറസ് ബാധിച്ചാൽ അവരുടെ ശരീരത്തിൽ വൈറസിനെതിരെയുള്ള ആന്റിബോഡി ഉൽപാദിപ്പിക്കപ്പെടുകയും വൈറസിനെ നേരിടാൻ ഉപയോഗിക്കുന്ന മരുന്നുകളുടെ സാന്നിധ്യം കൊണ്ട് കൊറോണ ബാധിതർ രോഗമുക്തരാകുകയും ചെയ്യുന്നു. എന്നാൽ രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും കുട്ടികൾക്കും കൊറോണ വൈറസ് ബാധയേറ്റാൽ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ടാണ് ലോകത്ത് മരണസംഖ്യ ഇത്രയും ഉയർന്നത്. സമീപഭാവിയിൽ തന്നെ കൊറോണ വൈറസിനെതിരെ ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. (സ്ഥിതിവിവരക്കണക്കുകൾ മാറ്റത്തിന് വിധേയമാണ്.)
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ