ജി.എം.യു.പി.എസ് കാളികാവ് ബസാർ/Recognition
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലക്കൊള്ളുന്ന വിദ്യാലയം തകർച്ചയുടെ പടുകുഴിയിൽ നിന്ന് മുന്നേറ്റത്തിന്റെ പാതയിലേക്ക് കടന്നെത്തിയപ്പോൾ നേടിയെടുത്ത അംഗീകാരങ്ങൾ ഏറെയാണ്. 319 കുട്ടികളിൽ നിന്ന് 1174 കുട്ടികളിലേക്കുള്ള വിദ്യാലയത്തിന്റെ വളർച്ചക്ക് ഏറെ കരുത്തു പകർന്നത് വിദ്യാലയം ആവിഷ്ക്കരിച്ച് നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളും അവക്ക് ലഭിച്ച അംഗീകാരങ്ങളുമായിരുന്നു. 2017-18 അധ്യയന വർഷത്തിൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സീസൺ 2 ലും പങ്കെടുക്കാൻ സാധിച്ചു,കഴിഞ്ഞ 3 വർഷമായി വിദ്യാലയത്തിൽ നടപ്പാക്കി വരുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ടാലൻറ് ലാബ് പ്രവർത്തനങ്ങളുടെ മികച്ച മാതൃകയായി പരിഗണിച്ച് അവധിക്കാല അധ്യാപക പരിശീലനത്തിന്റെ മൊഡ്യൂളിൽ ഉൾപ്പെടുത്തിയതും,SSA പoന സംഘം വിദ്യാലയത്തിലെത്തി പ്രവർത്തനത്തെ കുറിച്ചുള്ള ഡോക്യുമെന്റേഷൻ തയ്യാറാക്കിയതും കഴിഞ്ഞവർഷ ത്തെനേട്ടങ്ങളാണ്. 2016-17 ൽ മികവുത്സവത്തിന്റെ ഭാഗമായുള്ള ദേശീയ സെമിനാറിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചുക്കൊണ്ട് പങ്കെടുക്കാനായി. ഉപജില്ല, ജില്ല
തലത്തിൽ മത്സരിച്ചാണ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്.2015-16 അധ്യായന വർഷത്തിലും പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ മികവുത്സവത്തിൽ സംസ്ഥാനതലത്തിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും മലപ്പുറം ജില്ലയെ ഒന്നാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. ഇത് കൂടാതെ ജില്ലയിലെ മികച്ച രണ്ടാമത്തെ പി.ടി.എ ക്കുള്ള അവാർഡ്, കഴിഞ്ഞ 3 വർഷങ്ങളിലെ ഉപജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ്, മാതൃഭൂമി സീഡ് പുരസ്ക്കാരം, റെയിൻബോ എക്സലൻസ് അവാർഡ്, വിക്രം സാരാഭായ് സ്പെയ്സ് സെൻറർ അവാർഡ്,പ0നം മധുരം വിദ്യാലയ പുരസ്ക്കാരം, സഖാവ് കുഞ്ഞാലി സ് മാരക പുരസ്ക്കാരം, ഹരിത വിദ്യാലയം സീസൺ 1, മികച്ച സയൻസ് ലാബിനുള്ള പുരസ്ക്കാരം, നാടക തിയേറ്റർ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം എന്നിവ ഇതിൽ ചിലതാണ്.
ഓരോ കുട്ടിയും ഒന്നാമനാണ്( ടാലന്റ് ലാബ്) പദ്ധതിക്ക് വീണ്ടും അംഗീകാരം.
തുടർച്ചയായി മൂന്നാം വർഷവും ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിക്ക് സംസ്ഥാന അംഗീകാരം, പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന 'ടാലന്റ് ലാബ്' പ്രവർത്തനങ്ങളുടെ മികച്ച മാതൃകയായി സംസ്ഥാനത്തൊട്ടാകെ അധ്യാപകർക്ക് നൽകുന്ന അവധിക്കാല പരിശീലന പരിപാടിയിൽ അവതരിപ്പിക്കുന്നതിന് ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതി. തെരഞ്ഞെടുക്കുകയായിരുന്നു വിദ്യാലയത്തിലെ അദ്ധ്യാപകനായ ഗിരീഷ് മാരേങ്ങലത്ത് ആവിഷ്ക്കരിച്ച ഈ പദ്ധതിയിലൂടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അവരുടെ അഭിരുചിയെ അടിസ്ഥാനമാക്കി പരിശീലനങ്ങൾ നൽകി വരുന്നു. കഥ, കവിത, ഫുഡ്ബോൾ,പാചകം, ചെണ്ടക്കൊട്ട്, ഫോട്ടോഗ്രാഫി തുടങ്ങി 18 ൽ പരം മേഖലകളിലാണ് പരിശീലനം. അവധിദിനത്തിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. പ്രാദേശിക വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിന് പി.ടി.എ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മുഴുവൻ അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയാണ് പദ്ധതിയെ വിജയത്തിലെത്തിക്കുന്നത്.കഴിഞ്ഞ രണ്ടു വർഷമായി സംസ്ഥാനമികവുത്സവത്തിൽ ഈ പ്രവർത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരവും വിദ്യാലയത്തിന് ലഭിച്ചിരുന്നു
ഫേസ്ബുക്കിൽ കാളികാവ് ബസാർ സ്ക്കൂൾ വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി
മലപ്പുറം ജില്ലയിലെ കാളികാവ് ഗവ. യുപി സ്കൂളിൽ നിന്നുള്ള അധ്യാപക വിദ്യാർത്ഥി രക്ഷാകർത്തൃ സംഘം വീട്ടിൽ വന്നിരുന്നു. ഹരിതവിദ്യാലയം റിയാലിറ്റി ഷോയ്ക്കു വരുന്ന പല സ്കൂളുകളും ഇങ്ങനെ ബന്ധപ്പെടാറുണ്ട്. ഇവയിൽ കാളികാവ് സ്കൂളിനോട് പ്രത്യേക കൌതുകം തോന്നാൽ രണ്ടു കാരണങ്ങളുണ്ട്.
ഒന്ന്, കാളികാവ് ബസാറിലെ ചുമട്ടുതൊഴിലാളികളാണ് ഈ സ്കൂളിന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷികൾ. പിടിഎ, എസ്എംസി സമിതികളിൽ ആറു ചുമട്ടു തൊഴിലാളികൾ അംഗങ്ങളാണ്. ഇത് ചെറിയൊരു പങ്കു മാത്രം. വിഭവശേഖരണമടക്കമുള്ള സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കുന്നത് അവരാണ്. പഞ്ചായത്തു പ്രസിഡന്റു തന്നെ ഒരു ചുമട്ടു തൊഴിലാളിയാണ്.
രണ്ട്, സംഘത്തെ നയിച്ച പഞ്ചായത്ത് പ്രസിഡന്റ് നജീബ് ഐഎൻടിയുസി പ്രവർത്തകനാണ്. അക്കാദമിക് സമിതി ചെയർമാൻ ഭാസ്കരൻ പരിഷത്താണ്. പിന്നെ സിപിഎംകാരും. പാർടി സമ്മേളനവുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് സിപിഎമ്മുകാരുടെ എണ്ണം കുറഞ്ഞത് എന്ന് പ്രസിഡന്റുതന്നെ പറഞ്ഞു. സ്ഥലം നിലമ്പൂരല്ലേ, രാഷ്ട്രീയ വാശി കൂടുതൽ തന്നെയായിരിക്കും. പക്ഷേ, സ്കൂളിന്റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്.
103 വർഷത്തെ പാരമ്പര്യമുള്ള യുപി സ്കൂളിൽ ഒരുകാലത്ത് 1500ഓളം കുട്ടികൾ പഠിച്ചിരുന്നു. ഇപ്പോൾ പരിസരത്ത് എട്ട് അൺഎയിഡഡ് സ്കൂളുകളുണ്ട്. കൊഴിഞ്ഞുപോക്ക് കുട്ടികളുടെ എണ്ണത്തെ 2004-05ൽ 319 ആയി കുറച്ചു. അവിടുന്ന് പിന്നിങ്ങോട്ട് അനുക്രമമായ വർദ്ധനയാണ്. ഇപ്പോൾ 1055 കുട്ടികളുണ്ട്.
ഒരു പതിറ്റാണ്ടുകൊണ്ട് സ്കൂളിൽ വന്ന മാറ്റം വിസ്മയകരമാണ്. ശിശുസൌഹൃദ വിദ്യാലയം, സൌന്ദര്യവത്കരിക്കപ്പെട്ട ക്ലാസ് മുറികൾ, കഥ പറയും ചുമരുകൾ, മികച്ച സയൻസ് ലാബ്, എയർ കണ്ടീഷൻഡ് ഐടി ലാബ്, ബൃഹത്തായ ലൈബ്രറി, സ്കൂൾ ബസ്, മുഴുവൻ ക്ലാസ് മുറികളിലും ലൈറ്റും ഫാനും, പ്രീപ്രൈമറി സ്കൂൾ എന്നിവയൊക്കെ ഒരു പതിറ്റാണ്ടിന്റെ നേട്ടങ്ങളാണ്.
കഴിഞ്ഞ വർഷം നടപ്പാക്കിയ ഉറവ പദ്ധതി സംസ്ഥാനതല മികവുത്സവത്തിൽ ഒന്നാംസ്ഥാനം നേടി. ഉപജില്ലയിലെ ഏറ്റവും മികച്ച പിടിഎയ്ക്കുള്ള അവാർഡ്, വിക്രം സാരാഭായ് സ്പേസ് സെന്റർ അവാർഡ്, മാതൃഭൂമി സീഡ് പുരസ്കാരം, പഠനം മധുരം വിദ്യാലയ മികവ്, റെയിൻബോ എക്സെലൻസ് അവാർഡ്, ഹരിതവിദ്യാലയം അവാർഡ് ഇവയൊക്കെ നേടിയിട്ടുണ്ട്.
റിയാലിറ്റി ഷോയിൽ എന്താണ് പറയാൻ പോകുന്നത് എന്ന ചോദ്യത്തിന് കുട്ടികളാണ് മറുപടി പറഞ്ഞത് – ," ഓരോ കുട്ടിയും ഒന്നാമനാണ് എന്ന പദ്ധതിയെക്കുറിച്ച്”. എല്ലാ കുട്ടികൾക്കും എന്തെങ്കിലും പ്രത്യേക കഴിവുണ്ടാകും. അതു കണ്ടെത്തി പരിപോഷിപ്പിക്കണം. പാതി വാസന, പാതി അഭ്യാസം. സ്പോർട്ട്സും കരാട്ടെയും മുതൽ സാഹിത്യവും ലളിതകലയുടെ പരിധിയിൽ വരുന്ന ഇരുപതു വിഷയങ്ങളുടെ പട്ടിക തന്നെ അവർ പറഞ്ഞു. ഓരോ കുട്ടിയുടെയും വാസന കണ്ടെത്തി അവർക്കു പ്രത്യേക പരിശീലനം സ്കൂളിൽ നൽകുന്നു. ഇതിനൊക്കെ ആളുകളെവിടെ? മറുപടി ഇതായിരുന്നു – പുറത്തുള്ള ഒട്ടേറെ ആളുകൾ സൌജന്യമായി സഹായിക്കാൻ മുന്നോട്ടു വരുന്നു.
പക്ഷേ, ഒരു സങ്കടം അവർക്കു പറയാനുണ്ടായിരുന്നു. പഞ്ചായത്തു നൽകിയ 77 സെന്റിൽ 90ൽ പുതിയ സ്കൂൾ കെട്ടിടം പണിതതോടെ താഴെ അങ്ങാടിയിൽ ഉണ്ടായിരുന്ന ക്ലാസ് മുറികൾ മുഴുവൻ പുതിയ കെട്ടിടത്തിലേയ്ക്കു മാറ്റി. ഏതാനുംപേർ, ഇപ്പോൾ അങ്ങാടിയിലെ അറുപതു സെന്റു കൈയേറിയിരിക്കുകയാണ്. റവന്യൂ മന്ത്രിയെ ഇടപെടുത്തണം. അദ്ദേഹവുമായും അപ്പോയിൻമെന്റുണ്ട്. കൈയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് ഞാനുറപ്പു നൽകി. നാട്ടിൽ ഒരു അനീതി നടന്നാൽ അതു ചോദ്യം ചെയ്യപ്പെടണം. ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികവ് തെളിയിച്ച് കാളികാവ് ബസാർ സ്ക്കൂൾ.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പും, കൈറ്റ്സും (1T@School ) സംയുക്തമായി സംസ്ഥാനത്തെ മികച്ച പൊതു വിദ്യാലയങ്ങളെ പങ്കെടുപ്പിച്ചുക്കൊണ്ട് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ രണ്ടാം തവണയും പങ്കെടുക്കുവാൻ വിദ്യാലയത്തിനായി. സംസ്ഥാനത്തെ മികച്ച 100 വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടി വിക്ടേഴ്സ് ചാനലും, ദൂരദർശനും സംപ്രേഷണം ചെയ്തിരുന്നു. കൈറ്റ്സ് പ്രതിനിധികളുടെ വിദ്യാലയ സന്ദർശനത്തിന് ശേഷം തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടന്ന ഫ്ലോർ ഷൂട്ടിൽ വിദ്യാലയത്തെ പ്രതിനിധികരിച്ച് വിദ്യാർഥികളും, അധ്യാപകരും, പി.ടി.എ അംഗങ്ങളും പങ്കെടുത്തു. ഉറവ, ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതികൾ, സാമൂഹ്യ പങ്കാളിത്തം തുടങ്ങിയ മേഖലകളാണ് വിദ്യാലയ മികവായി അവതരിപ്പിച്ചത്.ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സീസൺ ഒന്നിലും നമ്മുടെ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.കഴിഞ്ഞ 2 വർഷമായി സംസ്ഥാന തല മികവുത്സവത്തിൽ പങ്കെടുത്ത വിദ്യാലയം എന്ന നിലയിൽ തുടർച്ചയായി മൂന്നാം വർഷവും സംസ്ഥാന തലത്തിൽ നമ്മുടെ വിദ്യാലയ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടു എന്നത് ഏറെ അഭിമാനകരമാണ്. വരും വർഷങ്ങളിലും മികവിന്റെ പാതയിൽ മുന്നേറാനുള്ള ശ്രമത്തിലാണ് വിദ്യാലയം.