ജി.എം.യു.പി.എസ് കാളികാവ് ബസാർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമുഖം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കാളികാവ് ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷ ത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്ന വിദ്യാലയമാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ. 2004-ൽ 319 വിദ്യാർത്ഥികൾ മാത്രമുണ്ടാ യിരുന്ന ഇവിടെ 2021-22 അധ്യയനവർഷം 1389 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.

ചരിത്രം

1915-ലാണ് ജി.എം.യു.പി.എസ് കാളികാവ് ബസാറിൻെറ തുടക്കം. ഒരു മാനേജ്‍മെന്റ് സ്കൂൾ എന്ന നിലയിലാണ് ആദ്യം തുടങ്ങിയത്. അങ്ങാടിയിൽ ആദ്യം തുടങ്ങിയ സ്‍കൂളിന് ശേഷം 1928 ൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ പൂന്താനത്ത് മൊയ്തീൻകുട്ടി പ്രതിമാസം അഞ്ച് രൂപ വാടകയ്ക്ക നൽകിയ കെട്ടിടത്തിലാണ് നിരവധി വർഷം സ്കൂൾ പ്രവർത്തിച്ചത്. 1930-ആയപ്പോൾ കാളികാവിൽ ഒരു പെണ്ണ് സ്കൂൾ കൂടി സ്ഥാപിക്കപ്പെട്ടു. അങ്ങാടി ഭാഗത്ത് ഉണ്ടായിരുന്ന രണ്ട് സ്‍കൂളുകൾ ഒന്നിപ്പിച്ച് അധികാരിയുടെ വീട് നിൽക്കുന്ന സ്ഥലത്ത് മിക്സഡ് സ്കൂളായി തുടർന്നു. മലബാർ ഡിസ്ട്രിക് ബോർഡി ന്റെ കീഴിലായിരുന്നു ഈ സ്കൂളിന്റെ പ്രവർത്തനം. 1956-ൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ ഡിസ്ട്രിക്ട് ബോർഡുകൾ ഇല്ലാതാകുകയും സ്കൂളിൻറ ഭരണം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.അന്നത്തെ പഞ്ചായത്ത് പ്രസിഡൻറായിരുന്ന സഖാവ് കുഞ്ഞാലിയുമായി സ്ഥലത്തെ പ്രമാണിമാരും അധ്യാപകരും ഭരണ കർത്താക്കളും കൂടി സംസാരിച്ചതിന്റെ ശ്രമഫലമായി കാളികാവ് പാലം മുതൽ കരുവാരകുണ്ട് റോഡ് വരെ നീണ്ടു കിടന്നിരുന്ന പഞ്ചായത്ത് വക സ്ഥലമായിരുന്ന 77 /-സെൻറ് സ്ഥലം വിദ്യാഭ്യാസ വകുപ്പിന് കൈമാറി. ഇവിടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുക്കാരുടെയും ശ്രമദാനഫലമായി അഞ്ച് ക്ലാസ്മുറികളുള്ള ഒരു വെട്ടുകൽത്തറ നിർമ്മിച്ചു. തറയ്ക്കുമുകളിൽ കെട്ടിയ കൽതൂണുകളിൽ മേൽക്കൂരയുണ്ടാക്കി ഓടുമേഞ്ഞ് അഞ്ചു ഡിവിഷനുകളിലെ കുട്ടികളെ അങ്ങോട്ട് മാറ്റി. അറുപതുകളുടെ അവസാനത്തിൽ അമ്പലക്കുന്ന് ഭാഗത്തെ ഭൂവുടമയായിരുന്ന അന്തരിച്ച യു.സി വലിയനാരായണൻ നമ്പൂതിരിയിൽ നിന്ന് സൗജന്യമായി ലഭിച്ച ഫുട്ബാൾ ഗ്രൗണ്ടിൽ നിന്ന് കുറച്ച് സ്ഥലവും വീണ്ടും യു.സി നമ്പൂതിരിയിൽ നിന്ന് സഖാവ് കുഞ്ഞാലിയുടെ ശ്രമഫലമായി ലഭിച്ച കുറച്ച് സ്ഥലവും കൂടിച്ചേർന്ന സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം നിർമ്മിച്ചത്. അതിനുശേഷം 1990-ൽ സർക്കാർ നിർമിച്ചു നൽകിയ പതിനാറു ക്ലാസ്സ് മുറികളോടുകൂടിയ ഇരുനില കോൺക്രീറ്റ് കെട്ടിടം ഉണ്ടായതോടെ വാടക കെട്ടിടത്തിലും താഴെ അങ്ങാടിയിലുമായി ഉണ്ടായിരുന്ന ക്ലാസ്സുകൾ മുഴുവൻ ഇങ്ങോട്ട് മാറ്റി ഒരു സ്ഥലത്തായി പ്രവർത്തനം നടന്ന് പോരുന്നു.

മികവുകൾ

ഭൗതിക അടിസ്ഥാന മേഖലയിലെ വിദ്യാലയ മികവുകൾ ഏറെ മികവുറ്റതാണ്. എസ്.എസ്.എ യുടെയും, എം.എൽ.എ, എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാലയ പി.ടി.എ യുടെനേതൃത്വത്തിൽ പൊതുജനപങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങളും നടപ്പാക്കുന്നു. ശിശുസൗഹൃദ വിദ്യാലയന്തരീക്ഷം, മികച്ച ക്ലാസ് മുറികൾ, മഴുവൻ ക്ലാസിലും ലൈറ്റും ഫാനും, ഹൈടെക്ക് ക്ലാസ് മുറികൾ, സയൻസ് ലാബ്, ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്, പൊടി രഹിത ക്ലാസ് മുറികൾ, സ്ക്കൂൾബസ് സൗകര്യം, മുറ്റം ലാൻറ് സ്കേപ്പ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. പൊതുജന പങ്കാളിത്തത്തോടെ സ്ഥാപിച്ച കുട്ടികളുടെ പാർക്ക്, കഥ പറയും ചുമരുകൾ, ത്രിമാന ചിത്രങ്ങൾ,10000ൽ പരം ലൈബ്രറിപുസ്തകങ്ങൾ,വിശാലമായ ലൈബ്രറി. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കെട്ടിട നിർമാണത്തിന് ഒരു കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. അവ പൂർത്തിയായാൽ ക്ലാസ് മുറികളുടെ അപര്യാപ്തത പരിഹരിക്കാനാവും, പി.ടി.എയുടെ നേതൃത്വത്തിൽ ഭക്ഷണ ഹാൾ നവീകരണ പ്രവൃത്തി പുരോഗമിക്കുകയാണ്. അവ കൂടി പൂർത്തിയായാൽ വിദ്യാലയത്തിന്റെ സ്ഥലപരിമിതി പരിഹരിക്കപ്പെടും. ഒപ്പം പഞ്ചായത്ത് അനുവദിച്ച നാലരലക്ഷം രൂപ ഉപയോഗിച്ച് വിദ്യാലയഹൈടെക് വത്ക്കരണം പൂർത്തിയാക്കാനുമാവും. മെയിൻറോഡിൻറ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്. പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂർവ്വ വിദ്യാർത്ഥികൾ നട്ട് പിടിപ്പിച്ച അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു.ഭൗതിക സൗകര്യങ്ങളിൽ അസൂയവഹമായ നേട്ടങ്ങളാണുള്ളത്.പൂർണ്ണമായി വൈദ്യൂതികരിച്ച ക്ലാസ്സ് മുറികൾ. എല്ലാം ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും. കുട്ടികളുടെ സൃഷ്ടികൾ, പോർട്ട്ഫോളിയോ, ക്ലാസ്സ് റും ലൈബ്രറി ഇവയ്‍ക്കാവശ്യമായ ഷെൽഫുകളും ഫർണിച്ചറുകളും സജ്ജീകരി ച്ചിരിക്കുന്നു. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് പി.റ്റി.എ യുടെ മേൽനോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. പതിനഞ്ച് കുട്ടികൾക്ക് ഒന്ന് എന്ന നിലയിലുള്ള ടോയ് ലറ്റ്സൗകര്യം സ്കൂളിനുണ്ട്. പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ അഡാപ്റ്റഡ്ടോയ്‍ലറ്റ്, കുളിമുറി, മൂത്രപ്പുര എന്നിവയും പ്രത്യേകമായുണ്ട്.

അഡ്‍മിഷൻ വർദ്ധനവ്

കുട്ടികളുടെ വർദ്ധനവ്

2004 ന്റെ തുടക്കത്തിൽ 314 കുട്ടികൾ മാത്രമുണ്ടായിരുന്ന വിദ്യാലയത്തിൽ ഇന്ന് 1384 കുട്ടികൾ പഠനം നടത്തുന്നു. സാമൂഹ്യപങ്കാളിത്തത്തോടെ വിദ്യാലയം നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ഓരോ വർഷവും വിദ്യാർഥികളെ വിദ്യാലയത്തിലേക്കാകർഷിക്കുന്ന തരത്തിലായിരുന്നു. 350 ൽ പരം കുരുന്നുകളാണ് ഈ വർഷം വിദ്യാലയത്തിൽ പ്രവേശനം നേടിയത്. ഉപജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ (265) പ്രീ - പ്രെെമറിയിൽ പഠനം നടത്തുന്ന വിദ്യാലയമാണിത്.

പുരോഗതിയുടെ പടവുകൾ

ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലക്കൊള്ളുന്ന വിദ്യാലയം തകർച്ചയുടെ പടുകുഴിയിൽ നിന്ന് മുന്നേറ്റത്തിന്റെ പാതയിലേക്ക് കടന്നെത്തിയപ്പോൾ നേടിയെടുത്ത അംഗീകാരങ്ങൾ ഏറെയാണ്. 319 കുട്ടികളിൽ നിന്ന് 1384 കുട്ടികളിലേക്കുള്ള വിദ്യാലയത്തിന്റെ വളർച്ചക്ക് ഏറെ കരുത്തു പകർന്നത് വിദ്യാലയം ആവിഷ്ക്കരിച്ച് നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളും അവയ്ക്ക് ലഭിച്ച അംഗീകാരങ്ങളുമായിരുന്നു. 2017-18 അധ്യയന വർഷത്തിൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സീസൺ 2 ലും പങ്കെടുക്കാൻ സാധിച്ചു, കഴിഞ്ഞ5 വർഷമായി വിദ്യാലയത്തിൽ നടപ്പാക്കി വരുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‍ക്കരിച്ച് നടപ്പാക്കുന്ന ടാലൻറ് ലാബ് പ്രവർത്തനങ്ങളുടെ മികച്ച മാതൃകയായി പരിഗണിച്ച് അവധിക്കാല അധ്യാപക പരിശീലനത്തിന്റെ മൊഡ്യൂളിൽ ഉൾപ്പെടുത്തിയതും, SSA പഠന സംഘം വിദ്യാലയത്തിലെത്തി പ്രവർത്തനത്തെ കുറിച്ചുള്ള ഡോക്യുമെന്റേഷൻ തയ്യാറാക്കിയതും കഴിഞ്ഞവർഷത്തെനേട്ടങ്ങളാണ്. 2016-17 ൽ മികവുത്സവത്തിന്റെ ഭാഗമായുള്ള ദേശീയ സെമിനാറിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചുക്കൊണ്ട് പങ്കെടുക്കാനായി. ഉപജില്ല, ജില്ലതലത്തിൽ മത്സരിച്ചാണ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്. 2015-16 അധ്യായന വർഷത്തിലും പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ മികവുത്സവത്തിൽ സംസ്ഥാനതലത്തിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും മലപ്പുറം ജില്ലയെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. ഇത് കൂടാതെ ജില്ലയിലെ മികച്ച രണ്ടാമത്തെ പി.ടി.എ ക്കുള്ള അവാർഡ്, കഴിഞ്ഞ 3 വർഷങ്ങളിൽ ഉപജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ്, മാതൃഭൂമി സീഡ് പുരസ്ക്കാരം, റെയിൻബോ എക്സലൻസ് അവാർഡ്, വിക്രം സാരാഭായ് സ്പെയ്സ് സെൻറർ അവാർഡ്,പഠനം മധുരം വിദ്യാലയ പുരസ്ക്കാരം, സഖാവ് കുഞ്ഞാലി സ്മാരക പുരസ്ക്കാരം, ഹരിത വിദ്യാലയം സീസൺ 1, സീസൺ 2, മികച്ച സയൻസ് ലാബിനുള്ള പുരസ്ക്കാരം, നാടക തിയേറ്റർ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം എന്നിവ ഇതിൽ ചിലതാണ്. ശക്തമായ സാമൂഹ്യ പിന്തുണാസംവിധാനത്തോടെ പുരോഗതിയുടെ പടവുകൾ കയറുകയാണ് വിദ്യാലയം