ജി.എച്ച്.എസ്.എസ്.മാതമംഗലം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
                                                                പൂർവ സ്മൃതിയിലേക്കൊരു യാത്ര


    പ്രൊജക്ട്-ഘട്ടങ്ങൾ

1.ആമുഖം 2.ലക്ഷ്യം 3.പഠനരീതി 4.സാമഗ്രികൾ 5.വിവരശേഖരണം 6.വിശകലനം 7.നിഗമനം

 ആമുഖം
  മാനവസംസ്കാരചക്രവാളം ഒന്നിനൊന്ന് വിപുലമായിക്കൊണ്ടിരിക്കുന്ന കാലമാണിത്.ആധുനിക മനുഷ്യനെ പരിഭ്രാന്തനാക്കിക്കൊണ്ടിരിക്കുന്ന ജീവിതസങ്കീർണതകളിൽ നിന്ന് മോചനം നേടാൻ മനുഷ്യൻ പല മാർഗങ്ങളും ആരാഞ്ഞുക്കൊണ്ടിരിക്കുകയാണ്.ഈ അന്വേഷണം തന്റെ വേരുകൾ കണ്ടെത്തുന്നതിന് അവനെ പ്രേരിപ്പിക്കുന്നു.അവിടെയാണ് നാടോടി സംസ്ക്കാരത്തിന്റെ പൊരുൾ തേടിയുള്ള യാത്രയുടെ പ്രസക്തി.ഗ്രാമീണ വിശ്വാസങ്ങൾ,ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ,ഉത്സവാഘോഷങ്ങൾ,കാർഷിക വൃത്തി,വാമൊഴിവഴക്കങ്ങൾ,നാട്ടറിവ്,നാടൻപാട്ട് എന്നിവയെക്കുറിച്ചുള്ള അന്വേഷങ്ങളാണ് നാടോടി വിജ്ഞാനീയത്തിൽ ഉൾപ്പെടുന്നത്.

അരിപ്പോ തിരിപ്പോ കളിയിൽ ഏർപ്പെടുന്ന കുട്ടികൾ വട്ടത്തിലിരുന്ന് മധ്യത്തിൽ ഇരുകൈകളും ചേർത്ത് പരത്തി കമിഴ്ത്തി വെക്കും.കൂട്ടത്തിൽ ഒരാൾ ഒരോ കൈയും തൊട്ട് ഇങ്ങനെ പറയുംഅരിപ്പോ തിരിപ്പോ തോരണി മംഗലം, പരിപ്പും പന്ത്രണ്ടാനീം കുതിരീം ചെക്കിട്ട മടക്കിട്ട പതിനാം വള്ളിക്കെന്തും പൂ? മുരിക്കിൻ പൂ പാടുന്നതിനിടയിൽ ഒരോരാളുടെയും കൈകൾ ക്രമത്തിൽ തൊടുന്നുണ്ടാകും.പറഞ്ഞവസാനിക്കുമ്പോൾ തൊട്ട കൈ എടുത്ത് മാറ്റും.വായ്ത്താരി തുടരും.മുരിക്കീ ചെരിക്കീ കിടന്നോളെ ,അഞ്ഞായെണ്ണ കുടിച്ചോളെ, അക്കരെയുള്ളൊരു മാടോപ്രാവിന്റെ കൈയോ കാലോ ചെത്തി കൊത്തി മടങ്കാട്ട്..ഇപ്പോൾ തൊട്ട കൈയും എടുത്ത് മാറ്റും.തുടർന്ന് ഡാ.... ഡീ...ഡും.. എന്നു പറഞ്ഞ് തീരുമ്പോൾ തൊടുന്ന കൈയും എടുത്ത് മാറ്റും.ഇത് ആവർത്തിച്ച് ചൊല്ലി കൈകൾ ഒരോന്നായി എടുത്ത് മാറ്റി അവസാനം ബാക്കി വരുന്ന കൈ ഉടമ വിജയിച്ചതായി പ്രഖ്യാപിക്കുന്നു.അവശേഷിക്കുന്ന കൈയുടമയാണു അടുത്തവട്ടം വായ്ത്താരി ചൊല്ലേണ്ടത്. അരിയുഴിച്ചിൽ മാന്ത്രികമായൊരു ചടങ്ങ്. ശരീരത്തിൽ നിന്ന് ബാധകളെ നീക്കാനുള്ള ഒരു മന്ത്ര-തന്ത്രപ്രയോഗം.കണ്ണേറ്,നാവേറ് തുടങ്ങിയ ദോഷങ്ങൾ അരിയും,ഭസ്മവും മന്ത്രിച്ച് ശരീരത്തിലുഴിഞ്ഞു കളയുന്ന പതിവ് ഇന്നുമുണ്ട്.

ഈർക്കിൽകളി വ്യത്യസ്ത നീളങ്ങളിലുള്ള മൂന്നുതരം ഈർക്കിലുകളാണ് ഈ കളിയിൽ ഉപയോഗിക്കുന്നത്. നാലിഞ്ചോളം നീളത്തിലുള്ള പത്ത് എണ്ണവും. ആറിഞ്ചോളം നീളത്തിൽ രണ്ടെണ്ണവും പത്തിഞ്ചോളം വലിപ്പമുള്ള ഒരീർക്കിലുമാണ് കളിക്കു വേണ്ടത്.ഓരോ തരം ഈർക്കിലിനും വ്യത്യസ്ത വിലയാണുള്ളത്. ചെറിയ ഈർക്കലിനു 10-ഉം ഇടത്തരത്തിനു 50-ഉം ഏറ്റവും വലിയ ഒരു ഈർക്കലിനു 100-ഉം ആണ് വില. ഈ ഈർക്കിലുകൾ പകുത്ത് കുരിശുരൂപത്തിൽ പിടിച്ച് നിലത്തേക്ക് ചെറിയ ശക്തിയിൽ ഇടും. ചിതറിക്കിടക്കുന്ന ഈർക്കിലുകൾ മറ്റു ഈർക്കിലുകൾ അനങ്ങാതെ സൂക്ഷ്മതയോടെ ഓരോന്നായി എടുക്കണം. ഏറ്റവും വലിയ ഈർക്കിലിനു മുകളിൽ ഒരു ഈർക്കിലെങ്കിലും വന്നില്ലെങ്കിൽ ആ കളിക്കാരൻ അവസരം അടുത്ത കളിക്കാരനു കൈമാറണം. നിലത്ത് വീണിരിക്കുന്ന ഈർക്കലുകൾ ഓരോന്നായി മറ്റുള്ള ഈർക്കലുകൾ അനങ്ങാതെ എടുക്കണം.പുറത്തേക്ക് ഒറ്റയായി തെറിച്ചു വീണിരിക്കുന്ന ഈർക്കിലുകളെ ആദ്യം കൈക്കലാക്കുന്നു. പിന്നീട് ഏതെങ്കിലും ഈർക്കിൽ ഉപയോഗിച്ച് സൂക്ഷ്മതയോടെ മറ്റു ഈർക്കിലുകളെ ചിള്ളി മാറ്റി പുറത്തെടുക്കണം. കൂടെയുള്ള കളിക്കാർ ഈർക്കിൽ അനങ്ങുന്നുണ്ടോ എന്നു നിരീക്ഷിക്കും.അനങ്ങിയാൽ കളിനിർത്തി അടുത്തയാൾക്കു കളിക്കാം. അനങ്ങുന്നതുവരെ സ്വന്തമായി കിട്ടിയ ഈർക്കിലിന്റെ വില കൂട്ടി വെക്കും. മുഴുവൻ ഈർക്കിലുകളും എടുക്കാനായാൽ 300 വില ആ കളിക്കാരനു ലഭിക്കും.കളിയിൽ വിദഗ്ദ്ധനായാൽ ഉയരത്തിൽ നിന്നും, ശക്തിയിലും ഈർക്കിൽ കൂട്ടം താഴോട്ടിട്ട് ഏറ്റവും വലിയ ഈർക്കിലിനു മുകളിൽ ഒന്നോ രണ്ടൊ ഈർക്കിൽ മാത്രം വരുന്ന വിധം ചിതറി ഇടാനും മറ്റുള്ള ഈർക്കലുകൾ പരസ്പരം തൊടാതെ അകന്നു വീഴ്താനും സാധിക്കും. ഉപ്പ് കളി

വിശാലമായ വീട്ടുപറമ്പുകളിലാണു ഈ കളി നടത്തുക. പറമ്പിനെ രണ്ടായി പകുത്ത് ഓരോ ഭാഗവും ഓരോ ടീം സ്വന്തമാക്കും. തങ്ങൾക്ക് അനുവദിച്ച ഭാഗത്ത് മറുപക്ഷം കാണാതെ കൈയിൽ കരുതിയ പൂഴി മണൽ കൊണ്ട് കുഞ്ഞ് കൂനകളുണ്ടാക്കണം. ഇതിനു ഉപ്പ് വെക്കുക എന്നാണു പറയുക. അത് ഓലകൊണ്ടോ ഇലകൾ കൊണ്ടോ മറച്ച് വെക്കും. ക്ലിപ്ത സമയത്തിനുള്ളിൽ ഈ പണി ചെയ്തു തീർക്കണം. സമയം കഴിഞ്ഞാൽ 'ആയോ' എന്നു മറു സംഘം വിളിച്ച് ചോദിക്കും.'ആയി' എന്നു മറുപടി കിട്ടിയാൽ ഓരോ സംഘവും മറുപക്ഷം വെച്ച ഉപ്പ് കണ്ടു പിടിച്ച് മായ്ച്ച് കളയാനുള്ള ശ്രമം തുടരും. കണ്ടു പിടിക്കാത്തത് മറു പക്ഷത്തിന്റെ കടമായി കൂട്ടും. അത് മറുപക്ഷത്തിന്റെ സാന്നിദ്ധ്യത്തിലാണു എണ്ണി തിട്ടപ്പെടുത്തുക. അതിനായവരെ "നായും കുറുക്കനും ബിയോ ബിയോ.." എന്ന് അധിക്ഷേപിച്ചാണു വിളിക്കുക. മറുപക്ഷത്തിനു കണ്ടു പിടിക്കാൻ കഴിയാത്തത്; ഇരു പക്ഷത്തേയും കണ്ടേത്തി കൂടുതൽ ഉള്ളത് മറുപക്ഷത്തിന്റെ കടമായി കണക്കാക്കും. തുടർന്ന് അടുത്ത സ്കൂൾ അവധി ദിവസം കളി തുടരും


ഉഴിഞ്ഞിടൽ

കണ്ണേറു ദോഷം മാറാൻ നടത്തുന്ന ചടങ്ങ്.സന്ധ്യയ്ക്ക് വിളക്കുവെച്ചശേഷം നെല്ല്,ഉപ്പ്,കടുക്, ഉണക്കമുളക്,മണ്ണ്എന്നിവകൊണ്ട് ദേഹം ഉഴിഞ്ഞ് അടുപ്പിലെ തീയിലിടും.

ഉഴിഞ്ഞുവെക്കൽ

എന്തെങ്കിലും പ്രാർഥനയോ,കർമമോ,പരിഹാരക്രിയയോ തത്സമ‍യം ചെയ്യാൻകഴിയാതെ വരുമ്പോൾ ,പിന്നീട് ചെയ്യാമെന്ന നിശ്ചയപ്രകാരം അരിയും,പണവും, തലയ്കുഴിഞ്ഞ് പ്രത്യേകം സൂക്ഷിച്ചു വെക്കാറുണ്ട്.ഇതാണ് ഉഴിഞ്ഞുവെയ്ക്കൽ.

ഏർപ്പ് മകരമാസാന്ത്യത്തിൽ നടത്താറുള്ള ആഘോഷമാണിത്.ഏർപ്പ് മകരപ്പൊങ്കൽ ആഘോഷം തന്നെയാണ്.തണുത്തതും,ശക്തവുമായ ൿാറ്റടിക്കുന്ന കാലമാണ് ഏർപ്പുകാലം.ആ കാറ്റിനെ ഏർപ്പുകാറ്റ് എന്നാണ് പറയുക.ഏർപ്പുദിവസം(മകരം 28) വീടുകളിൽ തുവര,പയറ്,ഉഴുന്ന്,അരി തുടങ്ങിയ ധാന്യങ്ങൾ പുഴുങ്ങുക പതിവുണ്ടായിരുന്നു. ഒളിച്ചുകളി

ഒരു കൂട്ടം കുട്ടികൾ ഒരുമിച്ചു കളിക്കുന്ന കളിയാണ്. അതിൽ ഒരാൾ കണ്ണടച്ച് ഒരു സംഖ്യവരെ എണ്ണുന്നു. ഈ സമയത്തിനുള്ളിൽ മറ്റുള്ളവർക്ക് ഒളിക്കാം. എണ്ണിത്തീരുന്നതനുസരിച്ച് എണ്ണിയാൾ മറ്റുള്ളവരെ കണ്ടെത്തണം. എല്ലാവരേയും കണ്ടെത്തിയാൽ ആദ്യം കണ്ടെത്തപ്പെട്ടയാളാണ് തുടർന്ന് എണ്ണേണ്ടത്. എന്നാൽ മറ്റുള്ളവരെ കണ്ടെത്താനായി നീങ്ങുന്നതിനിടയിൽ ഒളിച്ചിരുന്നവരിൽ ആരെങ്കിലും പെട്ടെന്ന് വന്ന് മൂലസ്ഥാനത്ത് എത്തി തൊട്ടാൽ എണ്ണിയ ആൾ വീണ്ടും എണ്ണേണ്ടി വരുന്നു.