ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വിഴിഞ്ഞം ഹാർബർ  ഏരിയ

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും നിന്നും ഏകദേശം 17 കി.മീ. ദൂരത്തായിട്ടാണ് വിഴിഞ്ഞം ഹാർബർ ഏരിയ സ്ഥിതിചെയ്യുന്നത്. നിലവിൽ തിരുവനന്തപുരം കോർപ്പറേഷനിലെ അറുപത്തിമൂന്നാം വാർഡിലാണ് ഈ പ്രദേശം.തിരുവനതപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തു നിന്നും 15 കിലോമീറ്റർ അകലവും ,തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 16 കിലോമീറ്റർ അകലവും ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ അകലവും ,തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നിന്നും 16 കിലോമീറ്റർ അകലവും, വിഴിഞ്ഞ ബസ്സ്റ്റാൻഡിൽ നിന്നും തെക്കുഭാഗത്തേക്ക് 1. 1 കിലോമീറ്റർ അകലവുമാണ് വിഴിഞ്ഞം ഹാർബർ ഏരിയയിലേക്ക് ഉള്ളത് .സേലം - കന്യാകുമാരി ദേശീയ പാതയിൽ {എൻ .എച്ച് 47} നിന്നും രണ്ടു കിലോമീറ്റർ തെക്കു പടിഞ്ഞാറു ഭാഗത്തും ,ലോക ശ്രദ്ധയാകർഷിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക പോർട്ടിൽ നിന്നും പടിഞ്ഞാറുഭാഗത്തേക്ക് കേവലം 550 മീറ്റർ അകലത്തിലുമാണ് ഈ ഗ്രാമ കേന്ദ്രം സ്ഥിതിചെയ്യുന്നത് .

ഭൂഘടന

കേരള സംസ്ഥാന രൂപീകരണ ശേഷം 2010 വരെ ഹാർബർ ഏരിയ വിഴിഞ്ഞം ഗ്രാമ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. പിന്നീട് അത് തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡ് നമ്പർ 63 ആയി മാറി. നിലവിൽ ഏകദേശം കാൽലക്ഷത്തിലധികം ആളുകൾ തിങ്ങിപാർക്കുന്ന ഈ പ്രദേശം പട്ടാണികോളനി ,മതിപ്പുറം ,മൈലാഞ്ചി കല്ല് ,താഴെവീട്ടുവിളാകം ,മേലെ വിളാകം ,വലിയപറമ്പ് ,കപ്പച്ചാല ,ചെറുമണൽ ,വലിയവിളമുസ്ലിം കോളനി ,ടൗൺഷിപ്പ് ,വടുവച്ചാൽ ,ചെമ്പവിളാകം ,റംസാൻകുളം എന്നിങ്ങനെയുള്ള ചെറു പ്രദേശങ്ങളുടെ സംഗമ ഭൂമിയാണ്.

ചരിത്രം

വിഴിഞ്ഞം ഹാർബർ ഏരിയ ചരിത്രപരമായി ഒരുപാട് പ്രാധാന്യമുള്ള പ്രദേശമാണ്. അത് ആയ് രാജാക്കന്മാരുടെ തുറമുഖനഗരവും അവരുടെ സൈനികകേന്ദ്രവും ആയിരുന്നു .പിന്നീടു ചോള രാജാക്കന്മാരിൽ രാജരാജ ചോളന്റെ കൈവശമെത്തി.പൗരാണികകാലത്ത് ദക്ഷിണഭാരതത്തിൽ പ്രമുഖ വാണിജ്യകേന്ദ്രം തുറക്കുവാൻ  അവിഭാജ്യഘടകമായിരുന്നു ഈ തുറമുഖം .  പിന്നീട് പാണ്ട്യ രാജാക്കന്മാരുടെയും, വേണാടിന്റെയും, ഒടുവിൽ തിരുവിതംകൂറിന്റെയും ഭാഗമായി മാറി. ഈ തുറമുഖത്തിന്റെ അവകാശത്തിനായി 7-ആം നൂറ്റാണ്ടിൽ ചോള -പാണ്ട്യ യുദ്ധം നടന്നതടക്കം വിവിധ രാജകുടുംബങ്ങൾ പരസ്പരമുള്ള ഒരുപാട്  യുദ്ധങ്ങൾക്ക് കാരണമായിട്ടുള്ള പ്രദേശംകൂടിയാണ് വിഴിഞ്ഞം ഹാർബർ ഏരിയ.പ്രസിദ്ധമായ പ്രാചീന ഗുഹാക്ഷേത്രങ്ങൾ ഇന്നും സുരക്ഷിതമായി നിലകൊള്ളുന്ന ഒരു സ്ഥലംകൂടിയാണ്‌ വിഴിഞ്ഞം.

അറബിക്കടലിന്റെ ലോകപ്രശ്തമായ തീരങ്ങളിൽ ഒന്നായ കോവളം വിനോദ സഞ്ചാര കേന്ദ്രത്തിനും , ലോകശ്രദ്ധയാകർഷിച്ച വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ ഔദ്യോകിക പോർട്ടിനും ഇടയിൽ ,മത്സ്യത്തൊഴിലാളികളും നിരക്ഷരരുമായ  ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ ചരിത്രംശേഖരിക്കുന്നത് തന്നെ വലിയ ബുദ്ധിമുട്ടുള്ള പ്രവർത്തനമായിരുന്നു .

സവിശേഷതകൾ

വിഴിഞ്ഞം, ബീമാപള്ളി,പെരുമാൾതുറ, പൂവാർ എന്നിങ്ങനെ വ്യത്യസ്ത മഹല്ലുകളിൽ നിന്നുള്ള വൈവാഹിക ബന്ധങ്ങളും കുടുംബങ്ങളുമാണ് ഇവിടെ കൂടുതലായി കാണപ്പെടുന്നത്. വിവാഹ ബന്ധങ്ങളിൽ അധികവും ഈ പ്രദേശങ്ങളിലെ കുടുംബങ്ങൾ തമ്മിലുള്ളവയാണ്. അളിവീട് ,ലബ്ബ കുടുംബം, തുടങ്ങിയവ ഈ പ്രദേശത്തെ  പൗരാണിക കുടുംബങ്ങളിൽ ഉൾപ്പെടുന്നു .

1.സാമൂഹികവും സാംസ്കാരികവും

ഇസ്ലാം മത വിശ്വാസികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. തെക്കുംഭാഗം മുസ്ലിം ജമാഅത്തിന്റെ ഭാഗമായി ഏകദേശം ആറായിരത്തോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു.മലയാളവും തമിഴും കൂടിക്കലർന്ന ഒരു പ്രത്യേക സംസാരരീതിയാണ്,പരസ്പരമുളള വിനിമയ ഭാഷയായി ഇവിടുത്തുകാർ ഉപയോഗിക്കുന്നത്.കടൽ തീരത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശമായതിനാൽ മത്സ്യതൊഴിലാളികളുടെ എല്ലാവിധ സംസ്കാരങ്ങളും ഇവരിൽ പ്രത്യക്ഷമാണ്.

2.സാമ്പത്തികം

ദിവസവും കടലിൽ പോയി മത്സ്യബന്ധനത്തിലൂടെ നിത്യവരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് ഇവർ ചെയ്യുന്നത്. കടലിൽ നിന്നും ഒന്നും ലഭിക്കാതെ പോകുന്ന കാലങ്ങളിൽ മുഴുപട്ടിണിയിൽ കഴിയാനും ശീലിച്ചവരാണ് ഇവിടെയുള്ള ആളുകൾ.1920-കളിൽ തന്നെ സിംഗപ്പൂർ പോലുള്ള വിദേശ നാടുകളിലേക്ക് ചില കുടുംബങ്ങളിൽ നിന്ന് ആളുകൾ ജോലി ആവശ്യാർത്ഥം പോയിട്ടുണ്ടെങ്കിലും ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ പുതുതലമുറയിലെ ആൺ കുട്ടികൾ 18 വയസ്സ് പൂർത്തിയാകുന്നതോടുകൂടി എന്തെങ്കിലുമൊക്കെ ഒരു ജോലി അന്വേഷിച്ചു വിദേശത്തേക്ക് പോകുന്ന പ്രവണത കൂടിവരികയാണ് ചെയ്തിട്ടുള്ളത്.കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയിൽ അൽപ്പം ആളുകൾ സീഫുഡ് വിതരണത്തിനായി ഹോട്ടലുകൾ തുറമുഖത്ത് ആരംഭിച്ചത് തുറമുഖത്തിന്റെ മുഖച്ഛായതന്നെ മാറ്റിയിട്ടുണ്ട് .കേവലം വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഇത്രയും കാലത്തിനിടയിൽ ഇവരിൽ നിന്നും സർക്കാർ സർവീസുകളിൽ പ്രവേശിച്ചിട്ടുള്ളത്

പുരോഗതികൾ

1.വിദ്യാഭ്യാസരംഗം

ഹാർബർ എൽ. പി. സ്കൂൾ മാത്രം ആശ്രയിച്ചു കഴിയുന്നവരായതിനാൽ പ്രൈമറി പഠനത്തിനു ശേഷം തുടർ വിദ്യാഭ്യാസം സാധ്യമാകാതെ വരുന്നു. ഹാർബർ ഏരിയയിൽ നിന്ന് ആറു കിലോമീറ്റർ അകലെയുള്ള എയ്ഡഡ് യു.പി. സ്കൂളാണ് ഉപരിപഠനത്തിനായി ആശ്രയിക്കുന്നത്. അതിനാൽ തന്നെ സാമ്പത്തികമായ പല ബാധ്യതകൾ കാരണവും പലപ്പോഴും എൽ.പി. സ്കൂളിന് മുകളിലേക്ക് പെൺകുട്ടികൾ പഠിക്കാതെ പോകുന്നത് വേദനയുളവാക്കുന്ന കാര്യമാണ്.ആൺകുട്ടികൾ അൽപ്പകാലം പഠനം നടത്തി പിന്നീട് മത്സ്യബന്ധനത്തിനോ, അനുബന്ധമായ എന്തെങ്കിലും കൂലി തൊഴിലുകൾക്കായോ ഇറങ്ങുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ ആകെ ജനസംഖ്യയുടെ ഒരു ശതമാനം പോലും പ്രീഡിഗ്രി / സെക്കന്ററി/ ബിരുദധാരികൾ ഇവിടെ ഇല്ല. എന്നാൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ പുതിയ തലമുറ അല്പം പഠനത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നത് ആശാവഹകമായ ഒരു കാര്യമാണ് .സാമൂഹികവും സാംസ്കാരികവുമായ പലവിധത്തിലുള്ള കാരണങ്ങൾ കൊണ്ടും സെക്കൻഡറി വിദ്യഭ്യാസത്തിനു മുകളിലേക്ക് പെൺകുട്ടികളിൽ അഞ്ചു ശതമാനം പോലും ഇപ്പോഴും എത്തിപ്പെടുന്നില്ല എന്നത് ഞെട്ടലോടെ മാത്രം കേൾക്കാൻ കഴിയുന്ന കാര്യമാണ് .

2. ആരോഗ്യരംഗം

ആരോഗ്യരംഗത്ത് 2020 - ൽ ഇവിടെ സ്ഥാപിതമായ പ്രാഥമിക ആരോഗ്യ കേന്ദ്രം അല്ലാതെ മറ്റൊരു ആശ്രയവും ഇവിടുത്തെ കാർക്ക് രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഇല്ലായിരുന്നു  എന്നുള്ളത് ഒരു വസ്തുതയാണ്. ഒമ്പതോളം അംഗനവാടികൾ ഈ വാർഡിന് അകത്തും തൊട്ടടുത്ത വാർഡിലുമായി ഈ പരിസരങ്ങളിൽ ഉണ്ട്. അവയിലൂടെ പോഷകാഹാരങ്ങൾ ഗർഭിണികൾക്കും കുട്ടികൾക്കുമുള്ളത് നൽകിക്കൊണ്ടിരിക്കുന്നു