ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
മുഹമ്മദ് അജ്നാസ് സംസ്ഥാന ടീമിൽ
ദേശീയ സ്കൂൾ ഗയിംസിന്റെ ഭാഗമായി ശ്രീനഗറിൽ നടക്കുന്ന അണ്ടർ 19 - ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർഥി മുഹമ്മദ് അജ്നാസ് തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ജി.വി രാജ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ നിന്നും ദേശീയ മത്സരത്തിനുള്ള ടീമിലേക്ക് സെലക്ഷൻ ലഭിച്ച ടീമിലെ ഏക വയനാട് സ്വദേശിയാണ്. വടുവഞ്ചാൽ ചേര്യാട്ടിൽ മുസ്തഫ - സജ്ന ദമ്പതികളുടെ മകനാണ്.
ജനയുഗം അറിവുത്സവം അനുശ്രീക്ക് ഒന്നാം സ്ഥാനം
ജനയുഗം ദിനപത്രവും അധ്യാപക സംഘടനയായ എ.കെ.എസ്.ടി യുവും ചേർന്ന് ജില്ലാ തലത്തിൽ സംഘടിപ്പിച്ച അറിവുത്സവത്തിൽ എം.എം അനുശ്രീ ഒന്നാം സ്ഥാനം നേടി. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് . എ.കെ. എസ്.ടി .യു ട്രഷറർ ഷാനവാസ് ഖാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീജിത്ത് കൊയ്ലോത്ത് ഉപഹാരം സമ്മാനിച്ചു.
അഖില വയനാട് ക്വിസ്
കൽപറ്റ മുണ്ടേരിയിൽ പ്രവർത്തിക്കുന്ന കാരുണ്യം സ്വാശ്രയ സംഘം ഹൈസ്കൂൾ - ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അഖില വയനാട് ക്വിസ് മത്സരത്തിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ടീം രണ്ടാം സ്ഥാനം നേടി. അനുശ്രീ എം.എം , ഹിഷാം മുഹമ്മദ് എന്നിവരുൾപ്പെട്ട ടീമാണ് ജേതാക്കളായത്.
ജില്ലാ തല ഐ.ടി ക്വിസ്
IHRD മോഡൽ കോളേജ് സംഘടിപ്പിച്ച ജില്ലാ തല ഐ.ടി ക്വിസ് മത്സരത്തിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജോസ് സി ജോൺ , മുഹമ്മദ് അസ്ലം എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. സെപ്തംബർ 30 ഒക്ടോബർ 1 തിയ്യതികളിലായി നടക്കുന്ന ഇന്റർ നാഷണൽ കോൺക്ലേവിന്റെ ഭാഗമായാണ് മത്സരം. വിജയി കൾക്ക് ക്യാഷ് അവാർഡും ട്രോഫിയും പ്രശസ്തി പത്രവും സമ്മാനിച്ചു.
സബ് ജില്ലാ ഫുട്ബോൾ മീനങ്ങാടിക്ക് ഓവറോൾ
സുൽത്താൻ ബത്തേരി ഉപജില്ലാ സ്കൂൾ ഗയിംസിന്റെ ഭാഗമായ സീനിയർ ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ടീം ചാമ്പ്യൻമാരായി.ബത്തേരി സെന്റ് ജോസഫ് സ്കൂൾ ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്കൂൾ ടീം ജേതാക്കളായത്. ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവികൃഷ്ണൻ വിജയി കൾക്കുള്ള ട്രോഫി സമ്മാനിച്ചു.
വയനാട് ജില്ലാസബ്‌ജൂനിയർ ഫുട്ബാൾ ടീമിനെ അനന്ദു സുരേഷ് നയിക്കും
വയനാട് ജില്ലാസബ്‌ജൂനിയർ ഫുട്ബാൾ ടീമിനെ മീനങ്ങാടി സ്കൂളിലെ അനന്ദു സുരേഷ് നയിക്കും .അനന്ദുവിനെക്കൂടാതെ മുഹമ്മദ് ഫാസിൽ പി ,ജിബിൻ പിബി ,അനൂജ് വി എസ് ,അഥുൻ വി എസ് വാസുദേവ് കെ വി , എന്നീ അഞ്ചുകുട്ടികൾ കൂടി മീനങ്ങാടി സ്‌കൂളിൽ നിന്ന് ടീമിലിടം നേടി .കുട്ടികളെ പി ടി എ യുടെ നേതൃത്തത്തിൽ അഭിനന്ദിച്ചു
ദേശഭക്തിഗാന മത്സരം ; മീനങ്ങാടിക്ക് രണ്ടാം സ്ഥാനം
വയനാട്ടിലെ പ്രമുഖ പ്രാദേശിക ടി.വി ചാനലായ മലനാട് ന്യൂസ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടത്തിയ ദേശഭക്തിഗാനാലാപന മത്സരത്തിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് രണ്ടാം സ്ഥാനം. സ്കൂളിലെ വിദ്യാർഥികളായ ചിൻമയി , അഭിനന്ദ , അനന്തശ്രീ , ധ്യാൻ, ഇഷ, അമയ, ഹിമലക്ഷ്മി എന്നിവർ ചേർന്നാലപിച്ച ഗാനമാണ് നേട്ടത്തിനർഹമായത്. സ്വാന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു സ്കൂൾ അസംബ്ലിയിൽ നടന്ന പ്രത്യേക ചടങ്ങിൽ ഇവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂളിലെ സംഗീതാധ്യാപിക സിന്ധു ആണ് കുട്ടികളെ പരിശീലിപിച്ചത്
രാമായണമാസാചരണം സബ്‌ജില്ലയിൽ തിളങ്ങി മീനങ്ങാടി
സബ് ജില്ലാ സംസ്കൃതം കൗൺസിൽ നടത്തിയ രാമായണ പ്രശ്നോത്തരി ,രാമായണ പാരായണം എന്നിവയിൽ മീനങ്ങാടിക്ക് ഉജ്വല വിജയം! പ്രശ്നോത്തരി UP ,HS പാരായണം HS എന്നിവയിൽ ഒന്നാം സ്ഥാനം.
ഹയർ സെക്കണ്ടറി ഫലം : ഒന്നാം സ്ഥാനക്കാരിയായി ഹൃദ്യ മരിയ
2023 മാർച്ചിൽ നടന്ന ഹയർ സെക്കണ്ടറി പരീക്ഷയിൽ റാങ്ക് നഷ്ടപ്പെട്ട ഹൃദ്യ മരിയ ബേബിക്ക് പുനർ മൂല്യനിർണയത്തിന്റെയും , ഇംപ്രൂവ്മെന്റിന്റെയും ഫലം പുറത്തുവന്നപ്പോൾ മിന്നുന്ന വിജയം. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയായിരുന്ന ഹൃദ്യ 1200 - ൽ 1200 മാർക്കും നേടിയാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനക്കാരുടെ പട്ടികയിലിടം പിടിച്ചത്. മെയ് മാസത്തിൽ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ഇത്തവണ ജില്ലയിലെ ഒരു വിദ്യാർത്ഥിക്കും മുഴുവൻ സ്കോർ ലഭിച്ചിരുന്നില്ല. ഇതോടെ ജില്ലയിലെ ഒന്നാം സ്ഥാനക്കാരി എന്ന ബഹുമതിയും ഈ മിടുക്കിക്കാണ് . ഒന്നാം വർഷ പരീക്ഷയിൽ മുഴുവൻ സ്കോറും ലഭിച്ചിരുന്നെങ്കിലും, രണ്ടാം വർഷ ഫലത്തിൽ ഇംഗ്ലീഷിൽ ആറ് മാർക്ക് കുറഞ്ഞതിനാൽ ജില്ലയിലെ ആദ്യ മൂന്ന് റാങ്കുകാരുടെ പട്ടികയിലും ഉൾപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ മുഴുവൻ സ്കോറും ലഭിക്കുന്നവർ സംസ്ഥാന തലത്തിൽ തന്നെ വിരളമാണ്.
കൽപ്പറ്റ എമിലി സ്വദേശിയും പൊഴുതന ഗ്രാമ പഞ്ചായത്തിലെ റിട്ടയേർഡ് സൂപ്രണ്ടുമായ എ.എം ബേബിയുടെയും , റിട്ടയേർഡ് അധ്യാപിക കെ.പി മേരി ക്കുട്ടിയുടെയും മകളാണ്.
സുബ്രതോ കപ്പ് ഫുട്ബാളിൽ മീനങ്ങാടിക്ക് തിളക്കമാർന്ന വിജയം
സുൽത്താൻ ബത്തേരി സബ്‌ജില്ലാ സുബ്രതോ കപ്പ് അണ്ടർ 17 പെൺകുട്ടികൾ ,അണ്ടർ 14 ആൺകുട്ടികൾ എന്നീ വിഭാഗങ്ങളിൽ ചമ്പ്യാന്മാരായി
- അണ്ടർ 14 ആൺകുട്ടികൾ
- അണ്ടർ 17 പെൺകുട്ടികൾ
ഹയർ സെക്കണ്ടറി പരീക്ഷയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം.
ഹയർ സെക്കണ്ടറി പരീക്ഷയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം. പരീക്ഷയെഴുതിയ 319 വിദ്യാർഥികളിൽ 287 പേർ വിജയിച്ചു. കൊമേഴ്സ് വിഭാഗത്തിൽ 100 ശതമാനവും, സയൻസിൽ 97 ശതമാനവും, ഹ്യുമാനിറ്റീസിൽ 80 ശതമാനവുമാണ് വിജയം. 34 പേർക്ക് എല്ലാ വിഷയങ്ങളിലും എ. പ്ലസുണ്ട്. സയൻസ് ഗ്രൂപ്പിലെ പവിത്ര സുരേഷും, ഹ്യുമാനിറ്റീസിലെ ഫാത്തിമ നഫ്‌ലയും 1200 - ൽ , 1196 മാർക്ക് നേടി സ്കൂൾ തലത്തിൽ ഒന്നാമതെത്തി. ഹൃദ്യ മരിയ ബേബി (1194 ) ,ദേവ്ന എം. ശങ്കർ (1193) എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. സയൻസ് ഗ്രൂപ്പ് വിദ്യാർഥിനി എം.എസ് ശ്രീലക്ഷ്മി 1187 മാർക്ക് നേടി പട്ടികവർഗ വിഭാഗത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി.
മീനങ്ങാടിക്ക് അഭിമാന നേട്ടം
2023 മാർച്ചിൽ നടന്ന എസ് എസ് .എൽ . സി പരീക്ഷയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് വിജയത്തിളക്കം. 92 ഗോത്രവർഗ വിദ്യാർഥികളുൾപ്പെടെ 392 പേരാണ് ഈ വർഷം പരീക്ഷയെഴുതിയത്. ഇവർ മുഴുവൻ പേരും വിജയിച്ചു. ജില്ലയിൽ തന്നെ കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയത്തിന് അഭിമാനിക്കാൻ കാരണങ്ങളേറെ. 57 വിദ്യാർഥികൾക്ക് ഇത്തവണ എല്ലാ വിഷയങ്ങളിലും എ. പ്ലസുണ്ട്. ഒരു വിഷയത്തിൽ മാത്രം എ.പ്ലസ് നഷ്ടമായ വർ 16 പേരാണ്. കലാ കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ മികവു പുലർത്തുന്ന വിദ്യാലയം അക്കാദമിക മേഖലയിലും മികവു പുലർത്തി വയനാടിന് മാതൃകയായി.