ഗവ. എൽ. പി. എസ്. തൃക്കാക്കര/നാടോടി വിജ്ഞാനകോശം
സ്ഥലനാമ ചരിത്രം
തൃക്കാക്കര എന്ന സ്ഥലനാമം “തിരു കാല് കര” യുടെ ചുരുക്കപേരാണ്. ക്ഷേത്രനിർമ്മാണത്തോടെയാകണം 'തിരു' വിശേഷണം സ്ഥലപേരിന്റെ മുമ്പിൽ വന്നുചേർന്നത്. കാൽകര നാടിന്റെ ഭരണസഭ തൃക്കാക്കരക്ഷേത്രത്തിലാണ് സമ്മേളിച്ചിരുന്നത്. ഭഗവാന്റെ പാദമുദ്ര പതിഞ്ഞ സ്ഥലമെന്നതിനാൽ ആവാം തിരുകാൽക്കര എന്ന പേർ ലഭിച്ചത് എന്നും പറയുന്നു.
തൃക്കാക്കര വാമനമൂർത്തിക്ഷേത്രം
ഇന്ത്യയിൽ വാമനൻ പ്രതിഷ്ഠയായി ഉള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിലുള്ള ക്ഷേത്രം കേരളത്തിലെ എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വാമനനോടൊപ്പം ശിവനും ഇവിടെ പ്രത്യേകം ക്ഷേത്രത്തിൽ വാഴുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള ചില താളിയോല ഗ്രന്ഥങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്. ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ്. ഓണസദ്യ ഈ ക്ഷേത്രത്തിൽ കെങ്കേമമായി നടത്തുന്നു. ജാതിമത ഭേദമന്യേ ധാരാളം ആളുകൾ ഇവിടത്തെ ഓണസദ്യയിൽ പങ്കെടുക്കുന്നു. തമിഴ് വൈഷ്ണവഭക്തകവികളായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നുകൂടിയാണ് തൃക്കാക്കര ക്ഷേത്രം.