ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കരുവാരകുണ്ട് മോഡൽ സ്കൂളിനെ മലപ്പുറം ജില്ലയിലെ മികച്ച സ്കൂൾ ആക്കി ഉയർത്തുന്നതിൽ നമ്മുടെ സ്കൂളിൽ നടക്കുന്ന തനതു പ്രവർത്തനങ്ങളുടെ പങ്കു പറയാതെ വയ്യ . അക്കാദമികവും അല്ലാത്തതുമായ എല്ലാവിധ പ്രവർത്തനങ്ങളും ഒന്നിനൊന്നു മെച്ചപ്പെടുത്താൻ കഴിയുന്നത് ആസൂത്രണം മുതൽ നടത്തിപ്പിന്റെ ഓരോ ഘട്ടത്തിലും പുലർത്തുന്ന സൂക്ഷ്മതയാണ്.
എസ് .ആർ .ജി. തല പ്രവർത്തനങ്ങൾ
പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ആഴ്ചയിലൊരിക്കൽ സാധ്യമായ സമയം കണ്ടെത്തി കൃത്യമായി യോഗം ചേരുന്നു. ആസൂത്രണം ചെയ്യുന്ന പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കുകയും അടുത്ത യോഗത്തിൽ അവയുടെ അവലോകനം നടത്തുകയും ചെയ്യുന്നു. ഇങ്ങനെ പ്രവർത്തനങ്ങളിലെ ആസൂത്രണവും നടപ്പിലാക്കുന്നതിലെ കൃത്യതയുമാണ് സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കാൻ സഹായിക്കുന്നത്. ഇതിനുപുറമേ ഓരോ ക്ലാസുകാരും അവരവരുടെ ക്ലാസ് തലത്തിൽ എസ് .ആർ .ജി കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കുന്ന എല്ലാ പ്രവർത്തനങ്ങളും വിജയത്തിൽ എത്തുന്നു.
എസ്.ആർ.ജി. തലത്തിൽ നടത്തുന്ന ആസൂത്രണത്തിന് ശേഷമാണ് ക്ലാസ് പി.ടി.എ കൾ ചേരാറുള്ളത്. അതിനാൽ പഠന പ്രവർത്തനങ്ങളുമായി രക്ഷിതാക്കളെ ബന്ധിപ്പിച്ചു കൊണ്ടുപോകാൻ സാധിക്കുന്നു. മാസത്തിലൊരിക്കൽ ഇത്തരത്തിലുള്ള യോഗം ചേരുന്നതിനാൽ രക്ഷിതാക്കളുടെ പിന്തുണ ഉറപ്പുവരുത്താൻ സാധിക്കുന്നു.
നിലവിലെ എസ്.ആർ.ജി. കൺവീനർ ടി. സി. അബ്ദുൽ ലത്തീഫ് ആണ്.
ടാലൻറ് എക്സാം
ജി.കെയും പാഠപുസ്തകങ്ങളിലെ ചോദ്യങ്ങളും ഉൾപ്പെടുത്തി കുട്ടികൾക്കായി ലിറ്റിൽ സ്കോളർ ടാലൻറ് എക്സാം നടത്തിവരുന്നു . അവസാനത്തെ ടേമിൽനടത്തുന്ന ഈ പരീക്ഷയിൽ പങ്കെടുക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റും,മൊമന്റോയും നൽകിവരുന്നു .പഠനത്തിൽ താൽപര്യം വർദ്ധിപ്പിക്കാനും പൊതുവിജ്ഞാനസമ്പാദനത്തിനും, പാഠഭാഗത്തിന്റെ ആഴത്തിലുള്ള പഠനത്തിനും ഈ പരീക്ഷ സഹായകരമാകുന്നുണ്ട്. കരുവാരക്കുണ്ട് പഞ്ചായത്തിലെ മറ്റ് സ്കൂളുകളിലും നമ്മുടെ സ്കൂളിന്റെ ടാലൻറ് പുസ്തകമാണ് ഉപയോഗിക്കുന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ടാലൻറ് എക്സാം നടത്തിവരുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും നിർലോഭമായ പിന്തുണയാണ് ഈ സംരംഭത്തിന് കരുത്താവുന്നത് . നമ്മുടെ സ്കൂളിലെ അധ്യാപകർ തന്നെയാണ് ഈ പുസ്തകം തയ്യാറാക്കിയത്. അതുകൊണ്ടുതന്നെ തികച്ചും ലാഭകരവും കുട്ടികളുടെ നിലവാരത്തിന് യോജിക്കുന്നതും ആയ ഈ കുഞ്ഞു പുസ്തകം കുട്ടികളെ വിജ്ഞാനത്തിന്റെ ലോകത്തിലേക്ക് കൈപിടിച്ചു നടത്തുന്നു. ടാലൻറ് എക്സാം കൃത്യമായ ആസൂത്രണത്തോടെ കൂടിയാണ് നടപ്പിലാക്കുന്നത്. പരീക്ഷയിൽ മുന്നിലെത്തുന്നവർക്ക് കാഷ് അവാർഡ് നൽകുന്നതിനുപുറമേ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും നൽകുന്നു.
ഹോണസ്റ്റി ഷോപ്പ്
കുട്ടികൾക്ക് വേണ്ടി കുട്ടികളാൽ നടത്തപ്പെടുന്ന സ്കൂളിലെ ഒരു സംരംഭമാണ് ഹോണസ്റ്റി ഷോപ്പ്. പേന, പെൻസിൽ, പേപ്പർ, ക്രയോൺ ...... തുടങ്ങി കുട്ടികൾക്കുവേണ്ട എല്ലാ അവശ്യവസ്തുക്കളും സ്റ്റോറിൽ ലഭ്യമാണ്. രാവിലെ ബെൽ അടിക്കുന്നതിന് അരമണിക്കൂർ മുൻപ് തന്നെ സ്റ്റോറും വിൽപ്പനക്കാരും സജീവമാകും. ആവശ്യക്കാർക്ക് യഥേഷ്ടം സെലക്ട് ചെയ്യാനും വാങ്ങാനും സൗകര്യമുണ്ട്. കുട്ടികൾ അവർക്കാവശ്യമായ മുഴുവൻ വസ്തുക്കൾക്കും ഹോണസ്റ്റി സ്റ്റോറിനെയാണ് ആശ്രയിക്കുന്നത്. മാർക്കെറ്റിൽ ചുറ്റിക്കറങ്ങേണ്ട ആവശ്യം അവർക്കില്ല. മാത്രമല്ല പുറത്തുള്ളതിനേക്കാൾ കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാനും കഴിയുന്നു.
ഓരോ ദിവസവും തിരഞ്ഞെടുക്കപ്പെട്ട കുട്ടികച്ചവടക്കാരാണ് ഷോപ്പ് നിയന്ത്രിക്കുന്നത്. അതുകൊണ്ട് വിൽപ്പനയും പ്രായോഗിക കണക്കും പഠിക്കാൻ അവർക്ക് അവസരം ലഭിക്കുന്നു. കുട്ടിക്കൂട്ടത്തെ ഓൺലൈൻലോകം നിയന്ത്രിക്കാൻ തുടങ്ങിയ ഇക്കാലത്ത് സ്വന്തമായി പൈസ കൈകാര്യം ചെയ്യാനും, വിൽപ്പനയും വാങ്ങലും ശീലിക്കാനും, തദ്വാര ആത്മവിശ്വാസം ആർജ്ജിക്കാനും ഹോണസ്റ്റിഷോപ്പ് നിമിത്തമാകുന്നു.
എൻഡോവ്മെന്റ്
ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും സാമൂഹ്യപ്രവർത്തകനുമായിരുന്ന വട്ടമണ്ണിൽ സെയ്താലിക്കുട്ടിയുടെ പേരിൽ ടിയാന്റെ മക്കൾ സ്കൂളിലെ LSS വിജയികൾക്കായി എൻഡോവ്മെന്റ് (ക്യാഷ് പ്രൈസ്) നൽകിവരുന്നു. 2017-18 മുതൽ "വട്ടമണ്ണിൽ സെയ്താലിക്കുട്ടി എൻഡോവ്മെന്റ് " എന്ന പേരിലാണ് ഈ ക്യാഷ് അവാർഡ് നൽകിവരുന്നത്.
കരനെൽകൃഷി
കോവിഡ്കാലത്ത് സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ സ്കൂളിന്റെ സമീപത്തുളള ഒരു സ്വകാര്യവ്യക്തിയുടെ ഒരേക്കർ സ്ഥലത്ത് കരനെൽകൃഷി നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ കൃഷി വൻവിജയമായിരുന്നു. കരുവാരക്കുണ്ട് കൃഷിഭവന്റെ പിന്തുണയോടെ നടത്തിയ സ്കൂളിന്റെ കരനെൽകൃഷി ഏറെ ചർച്ച ചെയ്യപ്പെട്ടു. നാട്ടിൽ അന്യമായിക്കൊണ്ടിരിക്കുന്ന നെൽകൃഷിയെക്കുറിച്ച് സമൂഹത്തിൽ അവബോധം ഉണ്ടാക്കാനും സാധിച്ചു. നവംബർ 1 ന് സ്കൂൾ തുറന്നതിനുശേഷം കുട്ടികൾക്ക് ഈ ഇരിയുപയോഗിച്ച് പായസം, പലഹാരങ്ങൾ എന്നിവ ഉണ്ടാക്കി നൽകുകയും ചെയ്തു.
പ്രതിഭയെതേടി
2019-20 "പ്രതിഭയെതേടി" എന്ന പരിപാടി 'പ്രതിഭാദരം' എന്നപേരിൽ വിപുലമായി നടപ്പിലാക്കി. 18.11.2019ന് ചേർന്ന PTA യോഗത്തിൽ ചർച്ചചെയ്ത് പരിപാടി ആസൂത്രണം ചെയ്യുകയും കൃത്യമായി നടപ്പിലാക്കുകയും ചെയ്തു. സ്കൂളിന്റെ പരിസരത്ത് വിവിധ മേഖലകളിൽ അസാമാന്യ കഴിവ് തെളിയിച്ചവരെയാണ് സ്കൂളിൽവെച്ച് ആദരിച്ചത്. പൊതുവിജ്ഞാനരംഗത്തെ പ്രതിഭയായ 'കംപ്യൂട്ടർ ഹംസ' എന്ന പോരിൽ ആറിയപ്പെടുന്ന ശ്രീ. ഹംസ, മികച്ച കർഷകനായ ശ്രീ. N.P.ചോഴി, പരമ്പരാഗത തൊഴിൽ സംരക്ഷിച്ച് വരുന്ന ശ്രീമതി. തെക്കേമുക്കിൽ സരോജിനി, മികച്ചയുവമത്സ്യകർഷകൻ ശ്രീ. പുഴയ്ക്കൽ സുനിൽ, കരകൗശലനിർമ്മാണത്തിൽ അത്ഭുതം കാഴ്ചവെച്ച ശ്രീ. അൻവർബാവ, കരാട്ടയിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ശ്രീ. മുസ്തഫ മസ്കർ, ചെറുകിട വ്യവസായിയായ ഭിന്നശേഷിക്കാരൻ ശ്രീ. കല്ലായി മുഹമ്മദ്, പഴയകാലത്ത് നാട്ടിലെ മുഴുവൻ പ്രസവമെടുത്തിരുന്ന ശ്രീമതി.എം.ഫാത്തിമ, ചെറുകിടവ്യവസായി ശ്രീ.എം.എ.മാനു, പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവും ഈ വിദ്യാലയത്തിലെ മുൻ അധ്യാപകനുമായ ശ്രീ. ഒ.എം.കരുവാരക്കുണ്ട് എന്നിവരെയാണ് സ്കൂളിനുവേണ്ടി ആദരിച്ചത്.
പ്രതിഭോത്സവം
2018-19 വർഷത്തിൽ സ്കൂളും കുട്ടികളും നാട്ടുകാരുടെ ഇടയിലേക്കിറങ്ങി ചെന്ന,എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള, എല്ലാവരും പ്രതിഭകൾ ആയി മാറിയ പ്രതിഭോത്സവം പരിപാടി വളരെ ഭംഗിയായി . പൂളക്കുന്ന്, വീട്ടിക്കുന്ന്, പുന്നക്കാട്, ചുങ്കം, പൊടുവണ്ണി.കേമ്പിൻക്കുന്ന്, വാക്കോട് തുടങ്ങിയ കേന്ദ്രങ്ങളിൽ 'പ്രതിഭോത്സവം' ഉത്സവപ്രതീതിയിൽ നടത്തി. സ്കൂളിന്റെ മികവുകൾ ഇതിലൂടെ സമൂഹത്തെ പരിചയപ്പെടുത്തി. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും ഇവിടങ്ങളിൽ നടത്തി. പൊതുജനപങ്കാളിത്തം കൊണ്ട് ഈ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു.
കൂട്ടിനൊരോമന കുഞ്ഞാട്
കുട്ടികളിൽ പരിസരബോധവും ജന്തുസ്നേഹവും, സ്വാശ്രയസമ്പാദ്യശീലവും വളർത്താൻ സംസ്ഥാനമൃഗസംരക്ഷണ വകുപ്പിന്റെയും കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിന്റെയും സഹായത്താൽ നടപ്പിലാക്കി വരുന്ന ശ്രദ്ധേയമായ പരിപാടിയാണിത്. മലപ്പുറം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.കെ.എ.ജൽസീമിയ 4.01.2013.ന് മൂന്നാം ക്ലാസ്സിലെ ഷിംന.കെ (D/O മൊയ്തീൻ കൊപ്പത്ത് ഹൗസ്,ഇരിങ്ങാട്ടിരി.പി.ഒ.)യ്ക്ക് നൽകിയാണ് ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ആടിനെ ലഭിക്കുന്ന വീട്ടുകാർ പിന്നീട് പകരം മറ്റൊരു പെൺആടിനെ വിതരണത്തിനായി തിരിച്ചുതരുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടകം 106 ആടുകളെ ഇത്തരത്തിൽ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ ഭൂരിഭാഗം രക്ഷിതാക്കളും ആട് കൃഷി തുടർന്ന് കൊണ്ട് പോകുകയും സാമ്പത്തികമായി മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വിദ്യാലയത്തിൽ വിജയകരമായി നടന്നുവരുന്ന ഈ പദ്ധതി കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇനിയും ഒട്ടേറെ സാധാരണ കുടുംബങ്ങൾക്ക് ആശ്വാസമേകാൻ ഈ പദ്ധതിയ്ക്ക് സാധിക്കും.വരുമാനമാർഗം എന്നതിലുപരി കുട്ടികളിൽ സഹജീവിസ്നേഹം വളർത്താനും ഉപകരിക്കുന്ന പദ്ധതിയാണിത് .
രുചിഭേദം
വിദ്യാലയത്തിലെ ഉച്ചഭക്ഷണപദ്ധതി വൈവിധ്യവും ആകർഷകവുമാക്കുന്നതിനുവേണ്ടി ഒരു ദശാബ്ദംമുൻപ് തുടക്കം കുറിച്ച പരിപാടിയാണ് രുചിഭേദം.ഇതിന്റെ ഭാഗമായി പാചകം മുതൽ വിതരണം വരെയുള്ള ഘട്ടങ്ങൾ വിലയിരുത്തുന്നതിന് അമ്മമാരെ ചെറുഗ്രൂപ്പുകളായിത്തിരിച്ചു ചുമതലയേല്പ്പിച്ചു.പപ്പായ,മുരിങ്ങ,വാഴക്കൂമ്പ് പോലുള്ള പ്രാദേശിക വിഭവങ്ങൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.സാമ്പ്രദായികമായി വിതരണം ചെയ്തിരുന്ന ചോറ്,കറി എന്നതിനുപകരം രണ്ട്തരം അധികവിഭവങ്ങളും നിത്യേന മെനുവിൽ ഉൾപ്പെടുത്തി ഉച്ചഭക്ഷണം വിഭവസമൃദ്ധമാക്കി മാറ്റി.
വൈവിധ്യപൂർണ്ണമായ ഭക്ഷണം നൽകുക എന്നതിന് പ്രാധാന്യം നൽകിയാണ് ഇടയ്ക്കിടെ ഇറച്ചിയും മീനും പോലുള്ള സസ്യേതര വിഭവങ്ങളും സാധാരണ ചോറിനുപകരം തേങ്ങാചോറ്,കബ്സ തുടങ്ങിയവയും ഈ പരിപാടിയിലൂടെ വിളമ്പാൻ തുടങ്ങി.മുട്ട വെറുതെ പുഴുങ്ങി നൽകുന്നതിനു പകരം ചോറിനൊപ്പം മുട്ടറോസ്റ്റാക്കി നൽകാൻ തുടങ്ങിയത് പിന്നീട് മറ്റ് വിദ്യാലയങ്ങളും അനുകരിക്കാൻ തുടങ്ങി.സ്കൂളിൽ മെനുബാർ സ്ഥാപിച്ചതും ഇതിന്റെ ഭാഗമായിട്ടാണ്.മുമ്പ് ഒട്ടുമിക്ക കുട്ടികളുംവീട്ടിൽനിന്ന് എന്തെങ്കിലും കറികൾ കൊണ്ട് വന്നിരുന്ന പ്രവണത 'രുചിഭേദം'പരിപാടി നടപ്പിലാക്കിയതോടെ പൂർണ്ണമായും അവസാനിച്ചു.എല്ലാ കുട്ടികൾക്കും ആവശ്യമായത്ര പ്ലേറ്റുകളും ഗ്ലാസുകളും സ്കൂളിൽ തന്നെലഭ്യമാക്കി.മൂന്ന് വർഷങ്ങൾക്ക് മുൻപ് കുട്ടികൾക്ക് സൗകര്യപ്രദമായി ഇരുന്നു കഴിക്കാനുള്ള മേശയും ഇരിപ്പിടവും പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച് 'രുചിഭേദം'കൂടുതൽ വികാസം പ്രാപിച്ചതും സമീപവിദ്യാലയങ്ങളിൽ നിന്നും ഈ വിദ്യാലയത്തെമികവുറ്റരീതിയിൽ വേറിട്ടുനിർത്തുന്നു.
പാഴാക്കേണ്ട പണമാക്കാം....
സ്കൂളിന് ഒരു ബസ്സ് വാങ്ങുന്നതിനായി ബഹു: വണ്ടൂർ M.L.A.ശ്രീ .A.P.അനിൽകുമാർ അനുവദിച്ച പത്ത് ലക്ഷം രൂപയ്ക്ക് പുറമേ ഏതാണ്ട് രണ്ട് ലക്ഷത്തോളം അധികമായി സമാഹരിക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്നാണ് വിദ്യാർത്ഥികളുടെ വീടുകളിലുള്ള പഴയസാധനങ്ങൾ ശേഖരിച്ച് പരമാവധി പണം കണ്ടെത്താം എന്ന ആശയം പി.ടി.എ.യോഗത്തിൽ ഉയർന്നുവന്നത്. തൊട്ടടുത്ത അവധി ദിവസങ്ങളിൽ പി.ടി.എ കമ്മറ്റി അംഗങ്ങളും അധ്യാപകരും പാഴ് വസ്തുശേഖരണം നടത്തി. അഭൂതപൂർവമായ ഈ ഉദ്യമം നിറഞ്ഞമനസ്സോടെയാണ് കുട്ടികളും രക്ഷിതാക്കളുംഏറ്റെടുത്തത്. നാല് ദിവസത്തെ പ്രവർത്തനം കൊണ്ട് മാന്യമായ തുക സംഭരിക്കാൻ കഴിഞ്ഞുവെന്നതും സമൂഹത്തിൽ ഈ പ്രവർത്തനം ചർച്ചയായിയെന്നതും ശ്രദ്ധേയമാണ്.
സഹപാഠിക്കൊരു സഹായം
കൂടെ പഠിക്കുന്ന ഒട്ടേറെ കുരുന്നുകൾ വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ്.തങ്ങളാൽ കഴിയുന്ന സഹായം അവർക്ക് ചെയ്യണമെന്ന ആശയം കുട്ടികളുമായി പങ്കുവെച്ചത്.പിറന്നാൾ ദിനത്തിൽ ചെലവഴിക്കുന്ന തുക,വീട്ടുകാർ മിഠായിക്ക് നൽകുന്ന നാണയതുട്ടുകൾ തുടങ്ങിതങ്ങളുടെ കൈയിലെത്തുന്ന കുഞ്ഞു കുഞ്ഞു സമ്പാദ്യങ്ങൾ നിറഞ്ഞ മനസ്സോടെ നൽകാൻ തുടങ്ങിയത് സഹപാഠിക്കൊരു സഹായം എന്ന പിഞ്ചു മനസ്സുകൾ ഇത് ഏറ്റെടുത്തതിന്റെദൃഷ്ടാന്തമായി ഇതിനോടകം നിരവധി കുട്ടികൾക്ക് ചെറുതെങ്കിലും ഒരു സാമ്പത്തിക സഹായം നൽകാൻ കഴിയുന്നു എന്നത് ചാരിതാർത്ഥ്യമാണ്.
സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
കുട്ടികൾക്കു തെരഞ്ഞെടുപ്പിനെ പറ്റി ധാരണ ഉണ്ടാകാൻ വേണ്ടി നടത്തിയ പ്രവർത്തനം . 7 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.ഒരു പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രതീതിയും ഉണ്ടായിരുന്നു മത്സര രംഗം.എല്ലാംസ്ഥാനാർത്ഥികൾക്കും ചിഹ്നം അനുവദിച്ചു,പോസ്റ്റർ,ക്ലാസ്സിൽ കയറി യുള്ള പ്രചാരണം എന്നിവ നടന്നു.ഇലക്ഷൻ നടത്തിപ്പ്(പ്രിസെെഡിങ്ങ് ഓഫീസർ അടക്കം) കുട്ടികൾ ഏറ്റെടുത്തുക്രമസമാധാന പരിപാലനം G.H.S.Sലെ S.P.C ഏറ്റെടുത്തു. ഫലപ്രഖ്യാപനവും സ്റ്റുഡന്റ് ഓഫീഷ്യൽ നിർവ്വഹിച്ചു.ലിൻഹ സ്ക്കൂൾ ലീഡറായും,ഫാത്തിമ ഹിബ സി ഡപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു,മറ്റു കുട്ടികൾക്ക് ഓരോ ക്ലബുകളുടെയും ചുമതലകൾ നൽകി.
കൈത്താങ്ങായവർക്ക് ഒരു കൈത്താങ്ങ്
മഹാപ്രളയം കേരളത്തെ വിഴുങ്ങിയ കാലങ്ങളാണ് 2018 ,2019 .നാടൊട്ടുക്ക് മനുഷ്യസ്നേഹം പ്രകടിപ്പിച്ച ദുരിത കാലമായിരുന്നു അത്. ഒരിഞ്ചുപോലും പിറകോട്ട് മാറി നിൽക്കാതെയാണ് 2018ലെ പ്രളയത്തിനുശേഷം നിലമ്പൂരിലെ പോത്തുകല്ലിലേക്ക് വിദ്യാലയത്തിലെ അധ്യാപകർ ശുചീകരണ പ്രവർത്തനത്തിന് എത്തിയത് പതിമൂന്നോളം വീടുകൾ പരമാവധി വൃത്തിയാക്കി. രാവിലെ മുതൽമുതൽ തുടങ്ങിയ ശുചീകരണം.സൂര്യാസ്തമയത്തോടെ മതിയാക്കി മടങ്ങുമ്പോൾ എന്തിനേക്കാളും വലുതാണ് സഹജീവി സ്നേഹം എന്ന സന്ദേശംഎല്ലാവരും പ്രവർത്തിയിലൂടെ പങ്കുവെക്കുകയായിരുന്നു.
2019ലെ പ്രളയക്കെടുതിയുടെ ദുരിതങ്ങൾ പെയ്തിറങ്ങിയ നാളുകളാണ് ,കഴിയും വിധം നമ്മുടെ വിദ്യാലയവും കാരുണ്യത്തിൻ കരങ്ങൾ കഴിവതും കഷ്ടകാലം നേരിട്ടവർക്ക് നേരെ നീട്ടണമെന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളോട് പിടിഎയുടെ നേതൃത്വത്തിൽ സംവദിച്ചത്. നിറമിഴികളോടെ മാത്രം ഓർക്കാവുന്ന പ്രതികരണമായിരുന്നു ആ മഹാമനസ്കർ നൽകിയത് അടുക്കളയിൽ പാചകത്തിന് ആവശ്യമായ പാത്രങ്ങൾ, ഭക്ഷണം വിളമ്പാനുള്ള പ്ലേറ്റുകൾ ,തവി മുതൽ മൊബൈൽ ചാർജർ വരെയും കപ്പുകളും പാത്രങ്ങളും വെള്ള കുപ്പികളും എന്നുവേണ്ട ദൈനംദിന ജീവിതത്തിലെ എല്ലാ സാധനസാമഗ്രികളും കൊണ്ട് സ്കൂൾമുറ്റം നിറഞ്ഞത് മറക്കാൻ വയ്യ .മമ്പാട് ഗ്രാമപഞ്ചായത്തിലെ കുടുംബങ്ങൾക്ക് മുന്നിൽ ഇവയുമായി എത്തിയ സ്കൂൾ അധികൃതരുടെ അവിടുത്തെ പ്രകടിപ്പിച്ചത് നന്ദി ആയിരുന്നില്ല കൂടപ്പിറപ്പിന് നോടുള്ള സ്നേഹം ആയിരുന്നു .പ്രളയ ഫണ്ടിലേക്ക് സ്വർണ്ണ കമ്മൽ വരെ ഊരി തന്ന രക്ഷിതാക്കൾ ഉണ്ട്.
അമ്മക്കൊരുമ്മ
ഓൺലൈൻ പഠനകാലത്ത് വീടിനെ വിദ്യാലയമാക്കിയ അമ്മമാർക്ക് ആദരം നൽകി കരുവാരക്കുണ്ട് ഗവൺമെൻറ് മോഡൽ എൽപി സ്കൂൾ. മഹാമാരി കാലത്ത് കുട്ടികളെ വീടിനുള്ളിൽ തളച്ചപ്പോൾ കൈ പിടിക്കാൻ എത്തിയത് ഓൺലൈൻ വിദ്യാഭ്യാസമാണ് അതിന് കുട്ടികളെ പ്രാപ്തരാക്കുന്നതോ അമ്മമാരും. സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് കഴിഞ്ഞവർഷം എല്ലാ അമ്മമാരെയും ആദരിക്കാനും സ്നേഹിക്കാനും വിദ്യാലയം നടപ്പിലാക്കിയ പദ്ധതിയാണ് അമ്മയ്ക്കൊരുമ്മ.
ഒപ്പമുണ്ട് ഞങ്ങൾ
ഗവൺമെൻറ് മോഡൽ എൽപി സ്കൂളിലെ വിദ്യാർത്ഥികൾ സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളരാൻ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ ഒപ്പം കൂട്ടുന്നതിനായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പി. ടി. എ യുടെ നേതൃത്വത്തിൽ നടത്തി വരുന്ന പരിപാടിയാണിത്. വീട്ടിക്കുന്ന് നെല്ലിക്കലടി കോളനി നിവാസികളെ ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനായി സ്കൂളിലേക്ക് ക്ഷണിക്കുകയും അവരോടൊപ്പം ഓണസദ്യ കഴിക്കുകയും വരുന്ന എല്ലാ അതിഥികൾക്കും ഓണക്കോടി കൊടുക്കുകയും ചെയ്യുന്നു. തുടർന്ന് അവരോടൊപ്പം കലാപരിപാടികൾ അവതരിപ്പിക്കുകയും ഓണക്കളികളിൽ പങ്കെടുക്കുകയും ചെയ്യുന്നു. അവരുടെ വീടുകളിൽ ഓണം ആഘോഷിക്കുന്നതിനായി അരിയും പച്ചക്കറികളും മറ്റും അടങ്ങിയ ഓണക്കിറ്റ് സമ്മാനമായി നൽകുന്നു. ഇത്തരം പരിപാടികൾ സ്കൂളിൻറെ പ്രതിച്ഛായ വർധിപ്പിക്കുന്നുണ്ട്.
ശരവേഗം
മലായാള ഭാഷ പഠനത്തിൽ പിന്നിൽ നിൽക്കുന്നവരെ അധ്യയന വർഷം കഴിയുമ്പോഴേക്കും മുന്നിലെത്തിക്കാനുള്ള പ്രവർത്തന പരിപാടി അത്തരം കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകി മുന്നിലെത്തിക്കാനുള്ള വിദ്യാലയത്തിന്റെ സൂക്ഷ്‍മമായ ഇടപെടൽ.ഇതിന്റെ ഭാഗമായി സ്വരാക്ഷരങ്ങൾ ,ചിഹ്നങ്ങൾ ,വ്യഞ്ജനാക്ഷരങ്ങൾ എന്നിവ കട്ടിക്കടലാസിൽ വെട്ടിയെടുത്ത് കുട്ടികൾക്ക് നൽകുകയും അവരത് ശരിയായി ചേർത്ത് വെച്ച് വാക്കുകൾ ഉണ്ടാക്കുകയും വായിക്കുകയും ചെയ്യുന്നു. ചിത്രങ്ങളിലൂടെയും സൂചനകളിലൂടെയും കഥ വികസിപ്പിക്കുകയും .വരികൾ കൂട്ടിച്ചേർത്തു കവിത വികസിപ്പിക്കുകയും ചെയ്തു വരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ എഴുത്തിലും വായനയിലും ഉള്ള അടിസ്ഥാന ശേഷികൾ വളർത്തിയെടുക്കാൻ കഴിയുന്നു .