എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ എടായ്‌ക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpsedaikkal (സംവാദം | സംഭാവനകൾ) ('കുന്നും മലയും കുറ്റിക്കാടുകളും നിറഞ്ഞ, പ്രശാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുന്നും മലയും കുറ്റിക്കാടുകളും നിറഞ്ഞ, പ്രശാന്ത സുന്ദരമായ ഭൂപ്രദേശം, മലകൾക്കിടയിലെ താഴ്വാരങ്ങൾ, നെൽപ്പാടങ്ങൾ നിറഞ് എന്തുകൊണ്ടും ശാലീനസൗന്ദര്യം വഴിഞ്ഞാടിയ, എടായിക്കൽ എന്ന കൊച്ചു ഗ്രാമം. ഇതിന്റെ തെക്കേ അറ്റത്തുള്ള പൂണോം കാടെന്നു വിളിക്കുന്ന മലയുടെ(ടിപ്പുവിന്റെ കോട്ട എന്നും ഇതിനെ വിളിക്കുന്നു.)  താഴ്വാരത്തുനിന്നുത്ഭവിക്കുന്ന കുഞ്ഞുതോട് ,വെള്ളംചാടുംകുണ്ടിലെ ചാട്ടവും കഴിഞ്‍, തച്ചംകോട് പാടത്തിന്റെ ഓരം പറ്റി തൂതപ്പുഴയിൽ എത്തിച്ചേരുന്നു .  വിദ്യാഭ്യാസം അന്യം നിന്ന 1900 കാലഘട്ടം,പാടത്തും പറമ്പിലും പണിയെടുക്കുക, അന്നന്നത്തെ വയറുനിറക്കാനുള്ള വകകണ്ടെത്തുക, എന്ന ഒറ്റ ലക്ഷ്യമേ ഈ കുഗ്രാമത്തിലുള്ളവർക്ക് വശമുണ്ടായിരുന്നുള്ളൂ. ജന്മികൾക് തൊഴിലെടുക്കലും അവരുടെ അടിയാന്മാരായി ജീവിച്ചുപോന്ന ഹരിജനങ്ങളാണ് ഇവിടുത്തെ പ്രത്യേകത.

    മറ്റൊരു രസകരമായ കാര്യം, ഇവിടെയുള്ളവരിൽ ഭൂരിഭാഗവും മറ്റു പ്രദേശങ്ങളിൽനിന്നും വന്ന്‌ ആധിപത്യം സ്ഥാപിച്ചവരായിരുന്നു എന്നുള്ളതാണ്.ഇതിൽ പ്രധാനികളാണ് ചെമ്മംകുഴിക്കാർ, കക്കാട്ടിക്കാർ എന്നിവർ . അത്തരത്തിൽ, ഈ എടായിക്കൽ ഗ്രാമത്തിലേക്കുവന്ന കുടുംബമാണ് ചെരക്കാട്ടിൽ കുടുംബം.എടായിക്കൽ പ്രദേശത്തെ ജനങ്ങൾക് മത- ഭൗതിക വിദ്യാഭ്യാസം നല്കുന്നതിനായിട്ടാണ് പോക്കർമൊല്ല എന്നവരെ കൊണ്ടുവന്നത്.കുടുംബ സമേതം താമസിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ഓത്തുപള്ളി തുടങ്ങുകയുമുണ്ടായി .

ഓത്തുപള്ളിയുടെ പിറവി .

    മതവിദ്യാഭ്യാസം ജനങ്ങൾക് നൽകുക എന്ന ഉദ്ദേശത്തോടെ അന്നത്തെ കാരണവന്മാർ കൂടിയാലോചിച്ചു ഒരുമൊല്ലാക്കയെ കൊണ്ടുവരിക എന്ന തീരുമാനത്തിൽ; ഏകദേശം 10 ഫർലോങ് ദൂരത്തുള്ള (സുമാർ 7 കിലോമീറ്റർ) പാലോളിപ്പറമ്പെന്ന പ്രദേശത്തു നിന്നും ശ്രീമാൻ .പോക്കർമൊല്ലയെയും കുടുംബത്തെയും,അന്നത്തെ നാട്ടുപ്രമാണികൾ ചേർന്നു കൂട്ടിക്കൊണ്ടുവന്നു. എല്ലാവിധ സൗകര്യങ്ങളും നൽകിപാർപ്പിച്ചു. എഴുത്തുപലകയും   എഴുത്താണിയുമായിരുന്നു അന്നത്തെ പഠനോപകരണം. സുമാർ 1905 കാലഘട്ടമായിരുന്നു അത് എന്ന് പഴമക്കാരുടെ സംസാരത്തിൽനിന്നും അറിയാൻ കഴിഞ്ഞു. ബ്രിടീഷ് സർക്കാർ അന്ന്, മത പഠനം നടത്തുന്ന മൊല്ലമാർക്ക് ഭൗതികപഠനം കൂടി നടത്താനുള്ള അംഗീകാരം നൽകുകയും, അങ്ങനെ “ഓത്തുപള്ളി” മത ഭൗതിക പഠനത്തിനുള്ള സമ്മിശ്ര വേദി യായിമാറുകയുമാണുണ്ടായത്. മതപഠനം നടത്തിയിരുന്ന മൊല്ലാക്ക മാർക്കും ,എഴുത്തച്ഛന്മാർക്കുമാണത്രെ അന്ന് ബ്രിടീഷുകാർ സ്‌കൂളുകൾ

അനുവദിച്ചിരുന്നത്.  ഈ അനുകൂല സാഹചര്യമാണ് എടായിക്കൽ എന്ന ഈ കുഗ്രാമത്തിൽ ഇത്തരത്തിലൊരു ഓത്തുപള്ളിക്കൂടത്തിന്റെ ഉത്ഭവത്തിന് ഇടയായത്. കാലത്തിൻ്റെ ഗതിക്കനുസരിച്ച് മാറിമറിയുന്ന വിദ്യാഭ്യാസ ചട്ടക്കൂടിൻ്റെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ശ്രമിച്ച് മറ്റു പ്രതികൂല സാഹചര്യങ്ങളെയെല്ലാം മറികടന്ന് (പൂർവികരുടെ അനുഗ്രഹങ്ങൾ കൊണ്ട്) ഭൗതിക, അക്കാദമിക തലങ്ങളിൽ മറ്റു വിദ്യാലയങ്ങൾക്കൊപ്പം നിൽക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു.