ജിഎച്ച്എസ്എസ് ചിറ്റൂർ/ഭൗതികസൗകര്യങ്ങൾ
1870 ൽ ചിറ്റൂർ താലൂക്ക് ആസ്ഥാനത്തിനടുത്ത് സ്ഥാപിച്ച വിദ്യാലയത്തിന് 10.86 ഏക്കർ സ്ഥലമാണുള്ളത്. വിശാലമായ രണ്ട് കളിമുറ്റങ്ങളും പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളും ഇവിടെയുണ്ട്. ചിറ്റൂർ ഉപജില്ലയിലെ കളിസ്ഥലത്തിന്റെ വിസ്‍തീർണത്തിൽ മുന്നിലാണ് ജിഎച്ച്എസ്എസ് ചിറ്റൂർ. 150 വർഷത്തെ പഴക്കമുള്ള കെട്ടിടങ്ങൾ ഇന്നും പ്രൗഢിയോടെ നിൽക്കുന്നു.ജില്ലാ കലോൽസവത്തിനുള്ള പ്രധാനവേദി അലങ്കരിച്ച തുറന്ന സ്റ്റേജ്, 14 കെട്ടിങ്ങൾ, മൂന്ന് കിണർ, ഒരു കുഴൽകിണർ, ഫുട്ബോൾ മൈതാനം, ക്രിക്കറ്റ് പരിശീലിക്കാനുള്ള നെറ്റ് പരിശീലന സ്ഥലം, ഓഡിറ്റോറിയം, കാന്റീൻ, യുപി, എച്ച്എസ്, എച്ച്എസ്എസ്, വിഎച്ച്എസ്ഇ വിഭാഗങ്ങൾക്കുള്ള ലാബുകൾ, ക്ലാസ് മുറികൾ എന്നിവ പ്രധാന ആകർഷണമാണ്. മികച്ച ലൈബ്രറിയും, ഉദ്യാനവും, കൃഷിയിടവുമെല്ലാം വിദ്യാർത്ഥികളുടെ എല്ലാവിധ ശേഷികൾക്കും പ്രയോജനപ്പെടുത്താൻ പാകത്തിലുള്ളതാണ്. 2016 ൽ സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചിറ്റൂർ നിയോജക മണ്ഡലത്തിലെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർത്തുന്ന വിദ്യാലയമായി ചിറ്റൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിനെ തിരഞ്ഞെടുത്തു. രണ്ടു ഘട്ടങ്ങളിലായി 13 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 33 ക്ലാസ് മുറികളും ചുറ്റുമതിലും ഒരു ആംഫി തിയറ്ററുമുണ്ടാകും. രണ്ടാം ഘട്ടത്തിൽ യുപി ബ്ലോക്ക്, എൽപി ബ്ലോക്ക്, മൈതാന നവീകരണം എന്നിവയുമാണ് പദ്ധതിയിൽ.