എസ്. വി. ഹൈസ്കൂൾ പുല്ലാട്/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്











അറിവ് മറ്റൊരാളിൽ നിന്ന് പകർന്നു കിട്ടുക എന്ന് പരമ്പരാഗത രീതിയിൽ നിന്നു മാറി ഓരോരുത്തരും സ്വയം അറിവ് നിർമ്മിക്കേണ്ടത് ആണെന്നുള്ള തിരിച്ചറിവ് നമ്മുടെ വിദ്യാഭ്യാസരംഗത്തെ തെല്ലൊന്നുമല്ല മാറ്റിമറിച്ചത്. ഇതുമൂലം നമ്മുടെ വിദ്യാഭ്യാസ പ്രക്രിയ അധ്യാപകന്റെയും വിദ്യാർഥിയുടെയും സജീവവും സമ്പൂർണവുമായ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനാധിഷ്ഠിതവും ശിശു കേന്ദ്രീകൃതവുമായ പ്രക്രിയയായി മാറിയിരിക്കുന്നു. ഇത്തരമൊരു പ്രക്രിയയിൽ വിവരവിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾക്കും ഉപകരണങ്ങൾക്കും വളരെ വലിയൊരു പങ്കു വഹിക്കാൻ ആവുന്നുണ്ട്.വിവരവിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കുവാൻ വൈദഗ്ദ്ധ്യവും അഭിരുചിയും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തി എടുക്കേണ്ടത് അനിവാര്യമായിരിക്കുന്നു. പുതുതലമുറയുടെ സാങ്കേതികവിദ്യയോടുള്ള ആഭിമുഖ്യം ഗുണകരമായും സർഗാത്മക മായും പ്രയോജനപ്പെടുത്തുന്നതിന് ആയി കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ( കൈറ്റ്) ന്റെനേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐറ്റി കൂട്ടായ്മ ഹൈടെക്ക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ2018-19 അധ്യയന വർഷം മുതൽ നടപ്പിൽ ആക്കിയിരിക്കുകയാണ്. ഇതിൽ തുടക്കം മുതൽ തന്നെ നമ്മുടെ സ്കൂൾ അംഗത്വം നേടിയിട്ടുണ്ട്. പ്രസ്തുത പദ്ധതിയിൽ അംഗമായ വിദ്യാർത്ഥിക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നു പോകുന്നതിനുള്ള അവസരമാണ് ലഭിക്കുന്നത്. സാങ്കേതികരംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുക വഴി ഓരോ കുട്ടിയും തനിക്ക് അഭിരുചിയുള്ള മേഖലയിൽ എത്തപ്പെടുകയും അത് കുട്ടി പ്രായോഗിക പരിശീലനത്തിലൂടെ നേടുകയും ചെയ്യുന്നു.( മേഖലകൾ- ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, റോബോട്ടിക്, റാസ്ബെറി പൈ, പ്രോഗ്രാമിംഗ് തുടങ്ങിയവ) സ്കൂൾതലത്തിൽ മികവുപുലർത്തുന്ന ക്ലബ്ബ് അംഗങ്ങൾക്ക് സബ്ജില്ല, ജില്ല, സംസ്ഥാന തല ക്യാമ്പുകളിൽ മികച്ച പരിശീലനം ലഭിക്കുന്നതിനും എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതിനും ഈ പദ്ധതി അവസരമൊരുക്കുന്നു. വിവരവിനിമയ സാങ്കേതിക വിദ്യ സമൂഹത്തിലേക്ക് എത്തിക്കുന്നതിന് ഒരു മുഖ്യ കണ്ണിയായി വിദ്യാർത്ഥി സമൂഹത്തിന് ഈ പ്രസ്ഥാനത്തിലൂടെ മാറാൻ കഴിയും എന്നുള്ളത് ഇതിൻറെ മികച്ച ഒരു നേട്ടമാണ്.