എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/പ്രകൃതിക്കൊരു വാഗ്ദാനം

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിക്കൊരു വാഗ്ദാനം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിക്കൊരു വാഗ്ദാനം


നെല്ലിമരത്തിന്റെ കൊമ്പുകളും, വേരുകളും കുട്ടനെ വരിഞ്ഞു മുറുക്കി. അവനൊന്ന് അനങ്ങാനോ, ശ്വാസം വിടാനോ കഴിയുന്നില്ല. ശ്വാസം മുട്ടി അവൻ ചുമയ്ക്കാൻ തുടങ്ങി."അയ്യോ... അമ്മേ അച്ഛാ ഓടിവരണേ..... ചേട്ടനെ കൊറോണ പിടിച്ചേ..... ". മക്കളുടെ കരച്ചിൽ കേട്ട് അച്ഛനും അമ്മയും അപ്പുറത്തെ മുറിയിൽ നിന്നും ഓടിയെത്തി. "എന്തുപറ്റി മക്കളേ?"... ഒന്നുമില്ലമ്മേ ഞാനൊരു ദുഃസ്വപ്നം കണ്ടതാ. അവർക്ക് ആശ്വാസമായി. "പേടിക്കേണ്ട കുട്ടാ.... നാമം ചൊല്ലി കിടന്നോളൂ"അച്ഛൻ കുട്ടനോട് പറഞ്ഞു. ഉറങ്ങാനായി കണ്ണടച്ച് കിടന്ന കുട്ടന് ഉറക്കം വന്നില്ല. നെല്ലിമരമാണ് മുന്നിൽ തെളിയുന്നത്. നെല്ലിമരത്തിന്റെ തേങ്ങൽ തന്റെ കാതുകളിൽ മുഴങ്ങുന്നതായി അവന് തോന്നി. ആ നെല്ലിമരം അച്ഛന്റെ ഒന്നാം പിറന്നാളിന് നട്ടതാണെന്ന് മുത്തശ്ശി പറയുന്നത് അവൻ കേട്ടിട്ടുണ്ട്. നിറയെ കായ്കളും, കിളികളും, അണ്ണാറക്കണ്ണൻമാരും, അതിനിടയിൽ ആടിക്കളിക്കുന്ന തന്റെ ഊഞ്ഞാലും..... കുട്ടന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. രാവിലെ നേരത്തെ ഉണർന്ന് കുട്ടൻ തന്റെ ജോലികളെല്ലാം തീർത്തു. എന്നിട്ട് അവനേറ്റവും ഇഷ്ടപ്പെട്ട കുളക്കരയിൽ ചെന്നിരുന്നു. "എന്താ കുട്ടാ.. ഒരു വിഷമം? ആൽ മുത്തശ്ശി ചോദിച്ചു. അവൻ നടന്ന കാര്യങ്ങളെല്ലാം ആൽമുത്തശ്ശിയോട് പറഞ്ഞു. ഇന്നലെ മരംവെട്ടുകാരൻ ദാമുച്ചേട്ടൻ വന്ന് വീട്ടുമുറ്റത്തെ നെല്ലിമരം വെട്ടിക്കളഞ്ഞു. ഞാനും അനിയനും അച്ഛനോട് കരഞ്ഞു പറഞ്ഞതാ വെട്ടണ്ടാന്ന്...... "പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാൽ വെട്ടണം"ന്നാ അച്ഛൻ പറഞ്ഞത്. നിങ്ങൾ ബുദ്ധിശാലികളായ മനുഷ്യർ ഇങ്ങനെയായാൽ വല്ലാത്ത കഷ്ടാ ട്ടോ കുട്ടാ........ കഴിഞ്ഞ ആഴ്ചയല്ലേ നീയും നിന്റെ ടീച്ചറും കൂട്ടുകാരുമെല്ലാം എന്നേയും, കുളത്തേയും കണ്ടുപഠിക്കാൻ വേണ്ടി വന്നത്. ആവാസവ്യവസ്ഥ, ജീവീയഘടകം, അജീവീയഘടകം....അങ്ങനെ എന്തൊക്കെയോ നിങ്ങൾ പറഞ്ഞിരുന്നല്ലോ. അന്ന് നിങ്ങളുടെ പരിസരപഠന ക്ലാസ്സ്‌ എന്റെ ചുവട്ടിലായിരുന്നില്ലേ...നിന്റെ ടീച്ചറുടെ അന്നത്തെ ക്ലാസ്സ്‌ കേട്ടാൽ ഒരു തൈ പോലും പറിക്കാൻ ആർക്കും തോന്നില്ല. ഈ ഭൂമിയിൽ നിങ്ങൾക്ക് ജീവിക്കാൻ ഞങ്ങൾ വേണം. അതൊന്നും ഓർമ്മയില്ലാതെയല്ലേ ഓരോ മനുഷ്യന്റെയും പ്രവർത്തികൾ. മനോഹരമായ ഈ പ്രകൃതിയിൽ ഇന്ന് മലിനമാവാത്തതെന്താണ്?മണ്ണ്, ജലം, എന്തിനേറെ പറയുന്നു നമ്മുടെ ജീവവായു പോലും മലിനം........ പ്രളയത്തിന്റെയും, കൊടുങ്കാറ്റുകളുടെയും, ഉരുൾപൊട്ടലിന്റേയും രൂപത്തിൽ പ്രകൃതിയുടെ വിങ്ങിപ്പൊട്ടൽ നമ്മൾ അനുഭവിച്ചതല്ലേ... എന്നിട്ടും പഠിച്ചില്ല. ഇപ്പോൾ ഒരു വൈറസ് കാരണം നിങ്ങൾക്ക് പുറത്തിറങ്ങാൻ വയ്യാതായി. പ്രകൃതിയെ ദുഷിപ്പിക്കാതെയും നിങ്ങൾക്ക് ജീവിക്കാനാകുമെന്ന് നിങ്ങൾ തെളിയിച്ചിരിക്കുന്നു. കുട്ടാ.... ഇനിയെങ്കിലും കുട്ടികളായ നിങ്ങൾ സംഘടിച്ചു ശക്തരാകൂ.... നമ്മുടെ പ്രകൃതിക്കായി പോരാടൂ.... സ്കൂൾ തുറക്കട്ടെ പരിസ്ഥിതി ക്ലബ്ബിന്റെ കീഴിൽ കൂട്ടുകാരും, ടീച്ചർമാരുമൊത്ത് സ്കൂളിൽ ഒരുപാട് പ്രവർത്തനങ്ങൾ നടപ്പിലാക്കണം. തൈകൾ നടൽ, പൂന്തോട്ടനിർമ്മാണം...അങ്ങനെ പലതും. സ്കൂളിൽ മാത്രം പോരാ വീട്ടിലും വളർത്തണം തൈകളും, പച്ചക്കറികളും. ഞങ്ങളെല്ലാവരും ഒത്തുകൂടി പ്രകൃതിക്ക് നഷ്ടപ്പെട്ട പച്ചപ്പും, മനോഹാരിതയും തിരിച്ചു കൊടുക്കും. ഇത് പ്രകൃതിക്ക് ഞാൻ കൊടുക്കുന്ന വാക്കാണ്..... അത് ഞാൻ പാലിക്കും. ആൽമുത്തശ്ശിയോട് യാത്ര പറഞ്ഞ് മടങ്ങും വഴി റോഡരികിൽ അവനൊരു നെല്ലിത്തൈ കണ്ടു. അതാകെ വാടിത്തളർന്നിരിക്കുന്നു, ആരൊക്കെയോ അതിനെ ചവിട്ടി മെതിച്ചിട്ടുണ്ട്. വേര് പൊട്ടാതെ അവൻ ആ നെല്ലിത്തൈ പറിച്ചെടുത്തു. വീട്ടുമുറ്റത്തുനിന്നും മുറിച്ചു മാറ്റിയ നെല്ലിമരത്തിന്റെ അതേ സ്ഥാനത്തു നട്ടു.

സിദ്ധാർത്ഥ്. വി
4 A എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ