അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ആരോഗ്യ പരിപാലനം
ആരോഗ്യ പരിപാലനം
വൃത്തി വിശ്വാസത്തിന്റെ പാതിയാണെന്നാണ് നബിവചനം. ശുചിത്വവും ആരോഗ്യ പരിപാലനവും വിശ്വാസപരമായ കടമ കൂടിയാണെന്ന് മുഹമ്മദ് നബി(സ) പഠിപ്പിച്ചു. പരിസരം വൃത്തിയായും ഭംഗിയായും സൂക്ഷിക്കണമെന്ന് ഓർമിപ്പിച്ചു. പശ്ചാത്തപിക്കുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യുമെന്ന് ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യനിന്ന് ശുചിത്വത്തിന് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നുള്ളത് സമകാലികാവസ്ഥയിൽ ചിന്തിക്കേണ്ടതാണ്. രോഗങ്ങളും പകർച്ചവ്യാധികളും മനുഷ്യനെ ഒഴിയാതെ പിന്തുടരുന്നു. പ്രാചീന കാലത്ത് ഈ വ്യാധികൾ ദൈവകോപം കൊണ്ടാണ് ഉണ്ടാകുന്നത് എന്നാണ് മനുഷ്യൻ വിശ്വസിച്ചിരുന്നത്. ഈ ഒരു വിശ്വാസത്തെ അന്ന് മതങ്ങളും പിന്താങ്ങിയിരുന്നു എന്നുള്ളതാണ് സത്യം. എന്നാൽ നൂറ്റാണ്ടുകളിലൂടെ വികസിച്ചുവന്ന വൈദ്യശാസ്ത്ര രംഗം നിരന്തരമായ നിരീക്ഷണ- പരീക്ഷണങ്ങളിലൂടെ അതിനൊരുത്തരം നൽകി. നമുക്ക് ചുറ്റുമുള്ള ചില സൂക്ഷ്മാണുക്കളാണ് രോഗത്തിന് കാരണമാകുന്നതെന്ന വസ്തുത ഗവേഷകർ ലോകത്തോട് വിളിച്ചുപറഞ്ഞു. ശുചിത്വമില്ലായ്മയാണ് പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തുന്നതെന്ന് ആ ഗവേഷകർ കണ്ടെത്തി. ആന്തരികവും ബാഹ്യവുമായ ശുചിത്വത്തിലൂടെ ദൈവീകതയിൽ എത്തിച്ചേരാമെ ന്ന് മഹാത്മാഗാന്ധിജി അഭിപ്രായപ്പെടുന്നു. ഈയൊരു മഹത് വചനത്തിലൂടെ തന്നെ നമുക്ക് ശുചിത്വം പാലിക്കേണ്ടതിന്റെ അനിവാര്യത മനസ്സിലാക്കാം. വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ പരിപാലനത്തിന്റെ മുഖ്യഘടകങ്ങൾ. ഒരു വ്യക്തി പാലിക്കേണ്ട ശുചിത്വമാണ് വ്യക്തിശുചിത്വം. ശരീരം ശുദ്ധമാക്കുന്നതുവഴി ഹൃദയ ശുദ്ധീകരണത്തിന് സാഹചര്യം ഒരുക്കുക എന്നതാണ് ഇസ്ലാമിക കാഴ്ചപ്പാട്. കൊറോണ വൈറസ് ലോകത്തെ കാർന്നുതിന്നുന്ന ഈ വേളയിൽ വ്യക്തി ശുചിത്വത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ ഇതിനു കാരണമായ വൈറസിനെ പ്രതിരോധിക്കാൻ കഴിയും. വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഈയവസരത്തിൽ നാം ഓരോരുത്തരും മനസ്സിലാക്കി; ജീവിക്കുന്നു. വ്യക്തി ശുചിത്വത്തെപ്പറ്റി ചിന്തിക്കുന്ന അവസരത്തിൽ വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടിതിന്റെ ആവശ്യകത നാം മറന്നുപോകരുത്. ഒരു വ്യക്തി തന്റെ ദൈനംദിന പ്രവൃത്തികളിലേർപ്പെടുന്നത് വഴി വിയർക്കുകയും വസ്ത്രങ്ങൾ മുഷിയുകയും ചെയ്യുന്നു. ഉപയോഗിച്ച വസ്ത്രങ്ങൾ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കണം. ഇതുവഴി ഒരു പരിധിവരെ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ കഴിയും. കൂടാതെ ഈർപ്പമുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക വഴി ബാക്ടീരിയ- ഫംഗസ്- രോഗങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നതിന് കാരണമാകും. അതുകൊണ്ട് വസ്ത്രം സൂര്യപ്രകാശത്തിൽ ഉപയോഗിക്കുന്നതാണ് അഭികാമ്യം. ചുരുക്കത്തിൽ വ്യക്തിശുചിത്വം സാമൂഹികമായ കടമയാണ്. ഒരാൾ അതിൽ പരാജയപ്പെട്ടാൽ പ്രയാസം ഒരു സമൂഹത്തിനാകെയാണ്. വൃത്തിയുള്ളതും മാലിന്യ മുക്തവുമായ ഒരു ചുറ്റുപാടിൽ വേണം നാം ജീവിക്കേണ്ടത്. ദരിദ്രരായ ആളുകൾക്ക് വൃത്തിയുള്ള വീടും ചുറ്റുപാടും സാധ്യമല്ലെന്നു ചിലർ കരുതുന്നു. എന്നാൽ അത് അങ്ങനെയാവണമെന്നില്ല. ദാരിദ്ര്യം, ശുചിത്വം പാലിക്കുന്നതിനെ ബുദ്ധിമുട്ടിലാ ക്കിയേക്കാം. ഒരു സ്പാനിഷ് പഴമൊഴി പറയുന്നതുപോലെ 'ദാരിദ്ര്യവും ശുചിത്വവും പരസ്പരം ചേരാത്ത രണ്ടു കാര്യങ്ങളല്ല'. ഗൃഹ ശുചിത്വം പാലിക്കുവാൻ കുടുംബാംഗങ്ങളുടെ സഹകരണം ആവശ്യമാണ്. 'എല്ലാറ്റിനും ഒരു സ്ഥാനം, എല്ലാം അതതിന്റെ സ്ഥാനത്ത്' എന്ന വ്യവസ്ഥ ഗൃഹത്തിൽ കൊണ്ടുവരുന്നത് കുട്ടികൾ മാത്രമല്ല കുടുംബാംഗങ്ങൾ മുഴുവൻ ശുചിത്വം പാലിക്കുന്നതിന് സഹായകമാണ്. ക്രമമായ ഇടവേളകളിൽ അടുക്കള, ബാത്ത്റൂം, കിടപ്പുമുറി ഇവയൊക്കെ വൃത്തിയാക്കുന്നതിലൂടെ രോഗാണുക്കളെ നമുക്ക് അകറ്റി നിർത്താം. വ്യക്തിയും ഗൃഹവും ശുചിയായതുകൊണ്ട് മാത്രമായില്ല, വീടിന്റെ പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഏതുവിധേനയുള്ള വീട്ടിലാ യിരിക്കട്ടെ നാം ജീവിക്കുന്നത് അതിന്റെ പരിസരം വൃത്തിയാക്കുകയും കേട് പോക്കി സൂക്ഷിക്കുകയും വേണം. മാലിന്യസംസ്കരണത്തിന് പ്രാധാന്യം നൽകണം. ഗാർഹിക മാലിന്യങ്ങൾ ആസൂത്രിതമായ രീതിയിൽ സംസ്കരിച്ച് ബയോഗ്യാസായി ഉപയോഗപ്പെടുത്തണം. കഴിവതും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണം. പ്ലാസ്റ്റിക്ക് കൊണ്ടുള്ള ക്യാരിബാഗുകൾ ഉപയോഗിക്കാതെ തുണിസഞ്ചികൾ ഉപയോഗിക്കണം. കാടുപിടിച്ചുള്ള സ്ഥലങ്ങളും വെള്ളക്കെട്ടുള്ള പരിസരവും രോഗത്തെ ക്ഷണിച്ചുവരുത്തും. ക്രമമായി നിരീക്ഷിച്ച് ഇത്തരത്തിലൊരു സാഹചര്യം സംഭവ്യമാകുന്നില്ലെന്ന് ഓരോ വ്യക്തിയും ഉറപ്പിക്കണം. അതല്ലെങ്കിൽ അത്തരത്തിലുള്ള സ്ഥലങ്ങൾ കൃഷിക്കായി പ്രയോജനപ്പെടുത്തണം. വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം ഇവ പാലിക്കുന്നതിലൂടെ നമുക്ക് പൂർണ്ണ ആരോഗ്യത്തോടെ, രോഗ മുക്തരായി, സന്തോഷത്തോടെ ജീവിക്കാൻ സാധിക്കും. ആരോഗ്യമുള്ള തലമുറയ്ക്കേ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ കഴിയൂ. അതിനാൽ ആരോഗ്യ പരിപാലനത്തിൽ വ്യക്തി, ഗൃഹം, പരിസരം എന്നിവയ്ക്ക് തുല്യ പ്രാധാന്യമാണുള്ളത്.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത