ഗവ യു പി എസ് പാലുവളളി/അക്ഷരവൃക്ഷം/ആ പക്ഷികളും പറന്നകന്നു
ആ പക്ഷികളും പറന്നകന്നു
സ്കൂൾ അനിശ്ചിതകാലം അവധിയാക്കിയതിന്റെ സന്തോഷത്തിലാണ് അവൻ. അവൻ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഇനിയുള്ള ദിവസം അടിച്ചുപൊളിക്കണം എന്നായിരുന്നു അവന്റെ ചിന്ത. എങ്കിലോ! കൊറോണ എന്ന പേരോടുകൂടി ലോകമെമ്പാടും പിടിച്ചടക്കിയ മഹാമാരി നമ്മുടെ കൊച്ചു കേരളത്തേയും തന്റെ കാൽക്കീഴിലാക്കിയ കാരണം ലോക് ഡൗൺ പ്രഖ്യാപിച്ചുവല്ലോ അതിനാൽ അവന്റെ മോഹങ്ങളെല്ലാം അസ്തമിച്ചു. സ്കൂളിനേയും കൂട്ടുകാരേയും ഓർത്ത് വിഷമിച്ചു. എല്ലാവരെയും ഫോണിൽ ആയി വിളി. സാധാരണ കാക്കയുടെ കരച്ചിൽ കേൾക്കുമ്പോൾ വിരുന്നുകാർ വരുമെന്ന് അവന്റെ രക്ഷിതാക്കൾ പറയാറുണ്ട്. ഇപ്പോൾ അത് കേൾക്കാറില്ല. ആരും വിരുന്നു വരാറില്ല. നേരം പോകാനായി അച്ഛൻ ഓരോ കാര്യങ്ങൾ നിർമ്മിച്ചു കൊടുക്കാറുണ്ട്. അവന് അതൊന്നും പോര. അപ്പൂപ്പന്റെവീട്ടിൽ പോകണം, ആറ്റിൽ നീന്തി മാറിയണം. കൊറോണയെ പ്രതിരോധിക്കാൻ അവനും രക്ഷിതാക്കളും അവരുടെ കുടുംബ വീട്ടിലേക്ക് മാറി.അവിടെ രണ്ടു വശങ്ങളും വനങ്ങളാൽ ചുറ്റപ്പെട്ടതാണ്. അവിടം ശരിക്കും ഒരു ഐസൊലേഷൻ തന്നെയാണ്.അവിടെ ചെന്നാൽ അവന്റെ അച്ഛന് ഒരുപാട് ജോലിയുണ്ട്. കാടു തെളിക്കണം, ചെടികൾ നടണം, വിത്ത് നടണം, വെള്ളമൊഴിക്കണം, അങ്ങോട്ടോടണം, ഇങ്ങോട്ടോടണം അച്ഛന്റെ വാലുപോലെ പിറകിൽ അവനും. അവന് പറ്റുന്ന ജോലി അവനും ചെയ്യുന്നുണ്ട്. വെള്ളം കോരും,കാട്തെളിക്കും. വെറുതെ ഇരിക്കുമ്പോൾ അവൻ കവിതകൾ എഴുതാറുണ്ട്. കവിതയെഴുത്തിൽ ധാരാളം സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. അവിടത്തെ കാഴ്ചകൾ കണ്ടാൽ ആരായാലും കവിതയെഴുതി പോകും. പുതുതായി കാണുമ്പോൾ ചിലച്ചു കൊണ്ട് ഓടി പോകുന്ന കിളികൾ, പതിയെ പതിയെ സൂര്യനെ വരവേറ്റു കൊണ്ട് ചുറ്റും നോക്കി വീടിന്റെ കാവൽക്കാരൻ എന്ന നിലയിൽ മറഞ്ഞു നിൽക്കുന്ന മരങ്ങൾ, വിഷു ആഘോഷങ്ങൾ ഇല്ലെങ്കിലും മഞ്ഞപ്പട്ടു ചാർത്തി പൂത്തു നിൽക്കുന്ന പാവം കണിക്കൊന്നകൾ, കൂട്ടിന് പുറത്തേക്ക് തലയിട്ടു നോക്കുന്ന കുരുവികൾ, പച്ചപ്പരവതാനി വിരിച്ച് മണ്ണിനു കുളിർമയേകുന്ന പുൽത്തകിടികൾ. എന്തുകൊണ്ടും സമ്പൽ സമൃദ്ധമാണ് ആ പ്രദേശം. അവന്റെ വിരസത കുറെയൊക്കെ മാറി. ജാമ്പ മരത്തലും കശുമാവിലും ഒക്കെ വലിഞ്ഞുകയറി സമയം തള്ളി നീക്കി. ഒരു സുപ്രഭാതത്തിൽ ഒരു കിളിയുടെ ചിലക്കൽ കേട്ടാണ് അവൻ ഉണർന്നത്. ഇതുവരെയും അത് പോലെ ഒരു ശബ്ദം കേട്ടിട്ടില്ല. കിളി ഏത് എന്നറിയാൻ വീടിന് പുറത്തേക്കിറങ്ങി നോക്കി.അതാ കത്രിക പോലെ വാലുള്ള ഒരു പക്ഷി അവന്റെ മുന്നിലൂടെ ബഹളം വച്ചുകൊണ്ട് കണിക്കൊന്നയുടെ ഒത്ത മുകളിൽ ചെന്നിരിപ്പായി. അതിന് കറുത്ത നിറമായിരുന്നു. അച്ഛനത് ` `ഇരട്ടവാലൻ´കിളി അഥവാ `കത്രികവാലൻ´എന്ന് പേരുള്ള കിളി ആണെന്ന് പറഞ്ഞു കൊടുത്തു. പിന്നെ അവൻ അതിന്റെ പിന്നാലെയായി. ജലം കിട്ടാഞ്ഞിട്ടാണ് എന്ന് തോന്നുന്നു അത് ഉറക്കെ ചിലക്കുന്നുണ്ട്. കുറച്ചുനെന്മണികളും ഒരു ചെറിയ പാത്രത്തിൽ ജലവും വെച്ചുകൊടുത്തു. പക്ഷേ, അതിന്റെ അരികിൽ പോലും അത് വന്നില്ല. അച്ഛനോട് കാര്യമന്വേഷിച്ചപ്പോൾ പറഞ്ഞത്.` എടാ നീ അതിന്റെ അടുത്ത് നിന്നാൽ എങ്ങനെ അത് അതിന്റെ അരികിൽ വരും? അതിന് നമ്മളെയൊക്കെ പേടിയല്ലേ´, എന്നായിരുന്നു. തിരികെ അവൻ എത്തിയപ്പോൾ നെന്മണികൾ അവിടെ ഉണ്ടായിരുന്നില്ല. പക്ഷിയേയും കാണാനില്ല. എന്നും ഇതാവർത്തിച്ചപ്പോൾ പതിയെ പതിയെ കിളി അവനോട് ഇണങ്ങി. അവന്റെ കൈയ്യിൽ വരെ അത് വന്നിരിക്കും. അവന്റെ സംശയം അതല്ലായിരുന്നു. അച്ഛൻ അവിടെ കുളം നിർമ്മിച്ചിട്ടുണ്ട്. എന്തുകൊണ്ട് പക്ഷി അതിലെ വെള്ളം കുടിക്കുന്നില്ല? കാരണമെന്തെന്നോ അതിൽ വല ഇട്ടിട്ടുണ്ട്! കുളം കണ്ടപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്. കുളത്തിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലയിൽ ഒരു കുരുവി കൂട്!അതിനകത്ത് അമ്മക്കിളിയും മൂന്നുകുഞ്ഞുങ്ങളും. വെള്ളം അടുത്തുള്ളതുകൊണ്ടാവാം അത് അവിടെ കൂട് വെച്ചത്. പക്ഷികളും മൃഗങ്ങളും എല്ലാം നല്ല സൗഹൃദത്തിൽ ആണല്ലോ ജീവിക്കുന്നത്. അനാവശ്യമായി അവ മറ്റുള്ളവരെ ഉപദ്രവിക്കാറില്ല. ഒരുദിവസം അവന്റെ അച്ഛൻ പുല്ലു വെട്ടികൊണ്ടിരിക്കെ വാൾ പുല്ലും മറികടന്ന് വലതുകാലിൽ വന്നു കൊണ്ടു. നല്ല ആഴത്തിലുള്ള മുറിവ് ആയിരുന്നു.അവൻ മുറിവ് കഴുകി മുറിവ് കൂടി പച്ച എന്നുപേരുള്ള ഔഷധ സസ്യത്തിന്റെ നീര് മുറിവിൽ ഒഴിച്ചു തുണി വെച്ച് കെട്ടി കൊടുത്തു. എന്നാലും അച്ഛൻ തോൽക്കാൻ തയ്യാറാകാതെ വീണ്ടും പണി തുടങ്ങി ഒരു സുപ്രഭാതത്തിൽ കണ്ട കാഴ്ച അവന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തന്റെ പ്രിയപ്പെട്ട ഇരട്ടവാലൻ മുറ്റത്ത് ചെടികൾക്കിടയിൽ മരിച്ചു കിടക്കുന്നു!അവൻ പൊട്ടിക്കരഞ്ഞു. അച്ഛന്റെ സഹായത്തോടുകൂടി അതിനെ മണ്ണിനുള്ളിൽ ആക്കി. അന്ന് നല്ല ഇടിമിന്നലോടുകൂടിയ മഴയുണ്ടായിരുന്നു, കൂടെ ശക്തമായ കാറ്റും. മഴ തെല്ലൊന്ന് ശമിച്ചപ്പോൾ ഇരട്ടവലനെ അടക്കം ചെയ്ത സ്ഥലത്ത് അവൻ കുറെ നേരം ഇരുന്നു. തന്റെ ഉറ്റ സുഹൃത്തിനെ നഷ്ടപ്പെട്ടിരിക്കുന്നു. ചിന്തകൾ അവനെ മൂടി അപ്പോഴാണ് അവൻ കണ്ടത്. കുരുവിക്കൂടു കുളത്തിൽ വീണു കിടക്കുന്നു! കാറ്റത്ത് വീണതാവാം. കൂട്ടിൽ മൂന്ന് പിഞ്ചു കുഞ്ഞുങ്ങൾ മരിച്ചു കിടക്കുന്നു. അമ്മ പക്ഷി കരഞ്ഞുകൊണ്ട് അടുത്തിരിക്കുന്നു. പ്രകൃതിയുടെ ക്രൂരത പാവമീ കിളികളോടും! അല്ല കഥ കേട്ട് മടുത്തുവോ? അവൻ ആരാണെന്ന് ഞാൻ ഇതുവരെയും പറഞ്ഞില്ല അല്ലേ? അത് ഞാൻ തന്നെ. വൈഭവ്.
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ