സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ഒരമ്മ കിളിയും നാല് കുഞ്ഞുങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26038 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരമ്മ കിളിയും നാല് കുഞ്ഞുങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരമ്മ കിളിയും നാല് കുഞ്ഞുങ്ങളും

മഹാഭാരതത്തിൽ നിന്ന് ഈ കൊറോണ ലോക്ക് ഡൗൺ കാലത്ത് എന്ത് ചെയ്യണം എന്ന് ഉപമിക്കാവുന്ന ഒരു കഥയുണ്ട്. കുരുക്ഷേത്ര യുദ്ധം തുടങ്ങാനുള്ള പുറപ്പാടായി. യുദ്ധ ഭൂമി തയാറാക്കേണ്ടത് ഭഗവാൻ കൃഷ്‌ണൻ. യുദ്ധ ഭൂമിയിൽ നിരവധി മരങ്ങളുണ്ടായിരുന്നു, അതിലൊരു മരത്തിലേ കിളിക്കൂട്ടിൽ ഒരമ്മ കിളിയും നാല് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. കുഞ്ഞു കിളികൾക്ക് ചിറക് മുളച്ചിട്ടില്ല, പറക്കാനുമാവില്ല.യുദ്ധ ഭൂമി തയ്യാറാക്കാനും, അവിടെയുള്ള മരങ്ങളെല്ലാം പിഴുതെറിയാനും കൃഷ്ണ ഭഗവാൻ നിയോഗിച്ചത് നിരവധി ആനകളെയാണ്. അവരൊന്നൊന്നായി ഓരോ മരങ്ങളും പിഴുതെറിഞ്ഞു തുടങ്ങി. കിളിക്കൂടുള്ള മരവും ഒരാന പിഴുതെറിഞ്ഞു, കൂടും, അമ്മക്കിളിയും, കുഞ്ഞുങ്ങളും നിലത്തു വീണു. അപകടം തിരിച്ചറിഞ്ഞ അമ്മക്കിളി കൃഷ്ണ ഭഗവാന്റെ അടുത്തേയ്ക്ക് പറന്നെത്തി സഹായമഭ്യർത്ഥിച്ചു. അദ്ദേഹം മറുപടി പറഞ്ഞു, ഇത് പ്രകൃതി നിയമമാണ്, എനിക്കിത് തടയാനാവില്ല, വിശ്വാസത്തോടെ തിരിച്ചു കൂട്ടിലേക്ക്‌ പോകുക, സുരക്ഷിതമായി ഇരിക്കുക, കുഞ്ഞുങ്ങളെ സംരക്ഷിക്കുക.പിറ്റേന്ന് കുരുക്ഷേത്ര യുദ്ധം തുടങ്ങാൻ പോകുന്നതിന് മുന്നേ ഭഗവാൻ കൃഷ്ണൻ അർജുനനനോട് അമ്പും, വില്ലും കടം വാങ്ങി തലേന്ന് കിളിക്കൂട് ഉണ്ടായിരുന്ന മരം പിഴുതെറിഞ്ഞ ആനയുടെ കഴുത്തിലേയ്ക്ക് ഉന്നം പിടിച്ച് അമ്പെയ്തു. അമ്പ് കൊണ്ടത് ആനയുടെ കഴുത്തിലുണ്ടായിരുന്ന വലിയ ഒരു മണിയിലാണ്. ആനയ്ക്ക് പരിക്കൊന്നും പറ്റിയില്ല എന്ന് മാത്രമല്ല, മണി നേരെ വീണത് കിളിക്കൂടിന് ഒരു കവചമായാണ്. പതിനെട്ട് നാൾ നീണ്ടു നിന്ന ഘോര യുദ്ധത്തിന് ശേഷം കൃഷ്ണ ഭഗവാൻ അർജ്ജുനനുമായി യുദ്ധക്കെടുതിയുടെ കണക്കെടുക്കാൻ യുദ്ധ ഭൂമിയിലെത്തി. നിരവധി മൃതദേഹങ്ങൾക്കിടയിൽ അവർ ആ മണിയും കണ്ടെത്തി. ഭഗവാൻ അർജ്ജുനനോട് മണി എടുത്തുമാറ്റാൻ നിർദ്ദേശിച്ചു. ആശ്ചര്യം എന്ന് പറയട്ടെ അമ്മക്കിളിയും, ചിറക് മുളച്ച നാല് കുഞ്ഞി കിളികളും സുരക്ഷിതരായി അവിടെ ഉണ്ടായിരുന്നു, സന്തോഷത്തോടെ അവർ പറന്നു പോകുകയും ചെയ്തത്രേ.ഒന്നാലോചിച്ചാൽ ഈ കഥയും ഇന്ന് നമ്മുടെ സാഹചര്യവും ഒരു പോലെയല്ലേ? നമ്മൾ വീട്ടിനകത്തു പെട്ടിരിക്കുകയാണ്, ആ കിളികൾ മണിക്കുള്ളിൽ പെട്ടതുപോലെ. പക്ഷെ പുറത്തു കുരുക്ഷേത്ര യുദ്ധത്തിന് സമാനമായ സാഹചര്യമാണ് കൊറോണ വൈറസ് മൂലം. ആ മണി കിളികളെ സംരക്ഷിച്ച പോലെ ഇന്ന് ഏറ്റവും സുരക്ഷിതം നമ്മുടെ വീട് തന്നെയാണ്. *നമ്മുടെ കുഞ്ഞുങ്ങളെയും ചേർത്ത് പിടിച്ച് വിശ്വാസത്തോടെ, പ്രതീക്ഷയോടെ കാത്തിരിക്കാം ആ നല്ല നാളേയ്ക്കായി, സ്വാതന്ത്ര്യത്തിനായി. നമ്മുടെ നന്മയ്ക്കായി, ജീവ രക്ഷയ്ക്കായി ചില ദൈവ ദൂതർ പുറത്തു പൊരുതുന്നുണ്ട്, അവർക്കായി പ്രാർത്ഥിക്കാം. 🙏

ഗൗരി M കുമാർ
8 C സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ