സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ലോക്ഡൗണിൽ സ്വാതന്ത്ര്യം കിട്ടിയ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ഡൗണിൽ സ്വാതന്ത്ര്യം കിട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ഡൗണിൽ സ്വാതന്ത്ര്യം കിട്ടിയ വീട്      

നിനച്ചിരിക്കാതെയുള്ള
 ലോക് ഡൗണിൽ
ഏറെ സന്തോഷിച്ചത്
 പകലിന്റെ ഭൂപടത്തിൽ
 തനിച്ചു നിൽക്കാറുള്ള
 വീടായിരുന്നു !!

കിട്ടിയ സന്തോഷത്തെ
 അപ്പാടെ,
 മൂടി തുറക്കാതെ,
 പതിവുകൾ തെറ്റിച്ച്
 തുറക്കപ്പെട്ട
 ജനൽപ്പാളികളിലൂടെ
അതൊഴുക്കിവിട്ടു.

ജാലകവിരികൾക്ക
 പ്പുറത്തേക്ക്
 ഒളിഞ്ഞും തെളിഞ്ഞും
 നോക്കിയിരുന്നു വെയിൽക്കുഞ്ഞുങ്ങൾ.

ഇരുൾക്കൂട്ടിൽ നിന്നും
പുലരി തുറന്നുവിട്ടൊരു
കുസൃതിക്കാറ്റ്
മലക്കം മറിഞ്ഞ്
ഇളകിയാർത്ത്
ജാലകവിരിയെ
 ഇക്കിളിയിട്ടകത്തു കയറി.

മുറിക്കുള്ളിൽ
തടവിലാക്കപ്പെട്ട
ചുടുകാറ്റിനെ
ആകെപ്പുണർന്നാ-
 ടിത്തിമിർത്തു
മുറികളായ മുറികളിലൂടെ
 ചുറ്റിയടിച്ച്
കണ്ടതെല്ലാം
 തട്ടിമറിച്ചിട്ടതൊന്നും
എടുത്തുവെക്കാൻ
നേരമില്ലെന്ന്
 പുലമ്പിക്കൊണ്ടത്
പുറത്തേക്കിറങ്ങിയോടി.

ചാനലുകൾ മാറ്റി മാറ്റി
 'ഇനി വയ്യെന്ന്'
 റിമോട്ടുകൾ
 പൊട്ടിത്തെറിക്കേ
 വീട് ഒച്ചയുണ്ടാക്കാതെ
  മുറ്റത്തേക്കിറങ്ങി.

ഇതുവരേയും കാണാത്ത
കാഴ്ചകളിലേക്ക് മിഴിനട്ട്,
ഉള്ളിലത്ഭുതം നിറച്ച്
 തൊടിയിലേക്ക് നടക്കുമ്പോൾ
ശീതികരണിക്കുള്ളിൽ കണ്ടിരുന്നവയിൽ ചിലത്
തിളക്കമുള്ള
 ഉടുപ്പുകളുരിഞ്ഞ്
 പ്രൈസ് ടാഗില്ലാതെ നിൽക്കുന്നുണ്ടായിരുന്നു.

ഇത്രയും നാൾ നീ
 എവിടെയായിരുന്നു
 എന്നവ പരിഭവം ചൊല്ലേ,
"ഞാൻ ലോക്ഡൗണി
 ലായിരുന്നല്ലോ സുഹൃത്തേ ' ന്ന്
 വിഷണ്ണനായി
 വീട് ആത്മഗതം ചെയ്ത്
 മുന്നോട്ടു നീങ്ങി.

അപ്പോഴേക്കും
ഇവിടേക്കൊന്ന്
 വന്നു പോകൂന്ന്‌
 പച്ചിലക്കൈകളാൽ
'മാടി മാടി വിളിച്ചു
 കദളിവാഴ .

 വാഴക്കൂമ്പ് പകർന്നേകിയ
 തേൻ നുകർന്ന്
ചേമ്പിലയ്ക്കുള്ളിലുരുണ്ടു
 കളിക്കുന്ന
ഹിമകണങ്ങളെ
 തൊട്ടെടുക്കുമ്പോഴേക്കും
ഊയലാടി വന്നൊരു
 വേനൽ മഴ,
 കൂടെപ്പോരുന്നോന്ന്
 ചോദിച്ചു.

ഉത്തരം പറയും മുമ്പേ
 ആകെനനച്ച്
 ഈറനുടുപ്പിച്ചത്
 പാഞ്ഞു പോയി.

ആലിപ്പഴത്തുണ്ടിന്റെ തണുവിലേക്കാഴ്ന്നിറങ്ങുന്ന
 കുരുന്നുകളോട്
 തല തോർത്താൻ
 ശാസിച്ചു കൊണ്ട്
 കാഴ്ച കണ്ട്
 കൊതിതീരാതെ ..
 വീട് ഇറയത്തു തന്നെ
 നിന്നു.

പുത്തനുടുപ്പുകൾ
 പറിച്ചെറിഞ്ഞ്
പാത്രങ്ങളോരോന്നും
ചുമരലമാര തുറന്ന്
 പുറത്തേക്കിറങ്ങി.

പരീക്ഷണ നിരീക്ഷണങ്ങളുടെ
 രസതന്ത്രത്തെ ,
കാലഹരണപ്പെട്ട
രസക്കൂട്ടുകളുടെ
 രാസസമവാക്യങ്ങ-
ളിലേക്ക്
 ചേർത്തുവെച്ച്
 'യുറേക്കാ' ന്ന് ഇടയ്ക്കിടെ ആർത്തു -
വിളിച്ചു അടുക്കള.

പക്ഷേ ...
രാത്രികൾ പകൽക്കുപ്പായം
കടം വാങ്ങിയതറിഞ്ഞ്
കള്ളൻമാർ കൂറകൾ പല്ലികൾ എലികൾ ഉറുമ്പുകൾ
എന്നിവ മാത്രം
നഷ്ടപ്പെട്ട
 സഞ്ചാര സ്വാതന്ത്ര്യത്തെ
ഓർത്തോർത്ത്
 തളർന്നിരിന്നു.
         **
     

സാഗ തോംസൺ റ്റി.
HST സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത