സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
അവർ നടന്ന് സ്കൂൾ ഗേറ്റ് കടന്ന് പുറത്തെത്തി. സ്കൂളിലേക്കന്ന ധാരണയിൽ പുത്തൻ ഉടുപ്പും വാട്ടർ ബോട്ടിലുമായി വന്നിരുന്ന 5 വയസ്സുകാരി കൊച്ചു മിടുക്കി അമ്മയുടെ കണ്ണു നിറയുന്നത് കണ്ടില്ല... റോഡിനിരുവശവും ഉള്ള കാഴ്ചകളിലായിരുന്നുഅവൾ. വീട്ടിൽ എത്തിയപ്പോൾ ആ അഞ്ചു വയസുകാരിക്ക് കൗതുകം. "അമ്മേ, ഇന്ന് സ്കൂളി ലേക്ക്എന്ന് പറഞ്ഞിട്ട് എന്തിനാ വീട്ടിലേക്കു തിരിച്ചു വന്നത് ". അത് കേട്ടപ്പോൾ കരച്ചിൽ അടക്കാൻ പാട് പെട്ട് അവർ പറഞ്ഞു :"മോളെ അമ്മു.... ഇന്ന് സ്കൂളില്ല. " അത് കേൾക്കെ തുള്ളിചാടിക്കൊണ്ട് അവൾ പുറത്തേക്ക് പോയി. രാധ മുറ്റത്തേക്കിറങ്ങി. പഴയ കാലത്തെ കുറിച്ചുള്ള ഓർമകൾ അവളുടെ മനസ്സിൽ തങ്ങി നിന്നു. പൊട്ടി പൊളിഞ്ഞ വീടിന്റെ ഉമ്മറത്ത് നിൽക്കുന്ന രാധയെ കണ്ട് വഴിയേ പോയ പെണ്ണുങ്ങൾ അടക്കം പറഞ്ഞു. "ദേ, രാധയെ കണ്ടില്ലേ, ഓൾക്ക് എന്താടി സൂക്കേട്? " "ന്റെ മാധവി, നീ ഒന്നും അറിഞ്ഞില്ലേ, ഓൾക്ക് എയ്ഡ്സ് എന്ന് പറയുന്ന വല്ല്യ സൂക്കേഡാ.. ഓൾടെ അടുത്ത് പോയിതന്നെ അത് പകരൂ ന്നാ നാട്ടാർ പറയണേ." "അങ്ങനെ ആണേൽ ഓൾടെ കുട്ടിക്ക് ണ്ടാകൂലേ." "ണ്ടാകാതിരിക്കോ? അത് വന്നാ മരിക്കും എന്നാ കേട്ടത്, നീ അവരുടെ അടുത്തെക്കൊന്നും പോയേക്കണ്ട ". "നീ പറഞ്ഞത് നന്നായി അറിയാതെ അതിങ്ങളെ അടുത്തെങ്ങനും പോയിരുന്നു എങ്കിൽ,... ഓഹ്, ഓർക്കാനേ വയ്യ". രാധ കരഞ്ഞു പോയി. നാട്ടുകാരെല്ലാം പറയുന്നത് ഇത് തന്നെയല്ലേ? എനിക്കും മോൾക്കും എയ്ഡ്സ് ആണത്രേ ! മരിക്കാൻ എനിക്ക് പേടിയില്ല. നാട്ടുകാരുടെ പുച്ഛവും സഹതാപവും കലർന്ന കണ്ണുകൾക്ക് ഇടയിൽ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാ. ഇന്ന് അമ്മുവിനെ സ്കൂളിൽ ചേർക്കാൻ പോലും അവർ സമ്മതിച്ചില്ല. എന്റെ മോൾടെ കൂടെ പഠിച്ചാൽ മറ്റു കുട്ടികൾക്കും അസുഖം വരുമെന്നാ അവരുടെ വാദം. ദൈവമേ ഞാനും എന്റെ മോളും എന്ത് തെറ്റാ ചെയ്തത്....? അമ്മുവിന്റെ അച്ഛൻ മുരളി ഒരു ലോറി ഡ്രൈവർ ആയിരുന്നു. പല നാടുകളിലൂടെയുള്ള യാത്രക്കിടയിൽ ഒരിക്കൽ ഒരു ആക്‌സിഡന്റ് ഉണ്ടായി. അന്ന് വളരെ അധികം രക്തം നഷ്ടപ്പെട്ടു. അത് കൊണ്ട് മറ്റൊരു ആളിൽ നിന്ന് രക്തം സ്വീകരിക്കേണ്ടി വന്നു. അയാൾ ഒരു എയ്ഡ്സ് രോഗി ആയിരുന്നു. അയാളുടെ രക്തത്തിൽ നിന്ന് മുരളി ഏട്ടനും ഏട്ടനിൽ നിന്ന് രാധയ്ക്കും അവരിൽ നിന്ന് നിന്ന് അമ്മുവിനും... ഒരു വർഷം മുൻപ് പെട്ടെന്ന് മുരളി മരിച്ചു. രോഗം എന്തെന്ന് അറിഞ്ഞപ്പോൾ മോളെ പോലും നാട്ടുകാർ അവരിൽ നിന്ന് അകറ്റാൻ തുടങ്ങി. ഒരിക്കൽ അയൽവീട്ടിൽ കളിക്കാൻ പോയ അമ്മു കരഞ്ഞു കൊണ്ടാണ് വന്നത്. കാരണമന്വേഷിച്ചപ്പോൾ ഞെട്ടി പോയി. അവളെ അവിടെ കയറ്റിയില്ലത്രേ! അന്ന് അവളെ സമാധാനിപ്പിക്കാൻ നന്നേ പാട് പെട്ടു. മുരളി ഏട്ടന്റെ മരണ ശേഷം ഈ വീടിനെ ഒരു പ്രേതാലയമായാണ് ആളുകൾ കാണുന്നത്. തന്നെ കണ്ടാൽ ആളുകൾ മുഖം തിരിക്കും. ഒഴിഞ്ഞു മാറും. പരിഹാസവാക്കുകൾ പറയും. ഈ അവഗണന സഹിച്ചത് മോൾക്ക് വേണ്ടി ആയിരുന്നു. അവളെ പഠിപ്പിക്കണം എന്നതായിരുന്നു ഒരേയൊരു ആശ. അതും തകർന്നു. ഇതു വരെ ആർക്കും ഞങ്ങൾ ഒരു ദ്രോഹവും ചെയ്തിട്ടില്ല. എന്നിട്ടും എന്തിനി ക്രൂരത ഇനി ജീവിച്ചിരുന്നിട്ട് എന്താണ് നേടാൻ ഉള്ളത്. ഇത്രയും കാലം അമ്മുവിന് വേണ്ടി എന്ന് സമാധാനിച്ചു. പക്ഷെ ഇനി..? വേണ്ട മറ്റുള്ളവർക്കു മുൻപിൽ ഒരു പരിഹാസ പാത്രമായി എന്റെ മകൾ വളരേണ്ട. കരഞ്ഞു കൊണ്ടിരുന്ന അമ്മയെ നോക്കി അമ്മു ചോദിച്ചു " എന്താ അമ്മേ, എന്തു പറ്റി.. " കരച്ചിൽ അടക്കാൻ പാട് പെട്ടു കൊണ്ടവൾ പറഞ്ഞു "ഒന്നുല്ല മോളെ, മോൾക്ക് വിശക്കുന്നില്ലേ, ബാ അമ്മ ചോറ് തരാം." പെട്ടന്നവൾ ചോദിച്ചു, "അമ്മേ, അമ്മയല്ലേ പറഞ്ഞത് ഇന്ന് സ്കൂളില്ല എന്ന്, പക്ഷെ അപ്പുറത്തെ കുട്ടൻ സ്കൂളിൽ പോയി വരുന്നത് ഞാൻ കണ്ടല്ലോ " മകളുടെ ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ അവൾ നീറി. "അ.. അത് അവർ കവലയിൽ പോയതാ, അല്ലാതെ സ്കൂളിലേക്കല്ല " എന്നാ സ്കൂൾ ഉള്ളത് അമ്മേ... ഞാൻ സ്കൂളിൽ പോയി പഠിച്ചു വല്ല്യ കുട്ട്യായി ഒരു ഡോക്ടർ ആകും. ന്നിട്ട് നമ്മക്ക് ഈ വീട് മാറ്റി അപ്പുറത്തെ വീട് പോലെ നല്ല മേൽക്കൂരയുള്ള, നല്ല കട്ടിലും ജനലും ഉള്ള വീടുണ്ടാക്കി അവിടെ സുഖമായി ജീവിക്കണം.... " മകളുടെ പിഞ്ചു മനസ്സിൽ നിന്നുയരുന്ന ആഗ്രഹങ്ങൾക്ക് മുന്നിൽ നിസ്സഹായവസ്ഥയിൽ സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി പുഞ്ചിരിച്ചു നിൽക്കുക എന്നല്ലാതെ ഒന്നും രാധക്ക് ചെയ്യാൻ കഴിഞ്ഞില്ല. തന്റെ മകൾക്ക് മുന്നിൽ കരച്ചിൽ അടക്കി പിടിക്കാൻ കഴിയാതെ രാധ അകത്തേക്ക് നടന്നു. "ഞാൻ എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നത്," പെട്ടെന്ന് അവൾ ഓർത്തു. " ജനിച്ചാൽ മരണം ഉറപ്പാണ്, അതിനൊരു മാറ്റവും ഇല്ല.ഈ സൂക്കേട് വന്നത് കൊണ്ട് അത് കുറച്ചു നേരത്തെ ആകും എന്ന് മാത്രം. എന്റെ മോൾക്ക് ഇത് വരെ അവൾ ആഗ്രഹിച്ചത് ഒന്നും നേടികൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല, മറ്റുള്ളവരുടെ കാഴ്ചപ്പാട് എന്തായാൽ എന്താ, എന്റെ അമ്മു അല്ലെ എനിക്ക് വലുത്. " പെട്ടന്ന് അവൾക്ക് ഒരു ഊർജം കിട്ടിയ പോലെ തോന്നി. രാധ തന്റെ മകളുടെ അടുത്തേക്ക് ചെന്നു. കളിച്ചു കൊണ്ടിരുന്ന അമ്മുവിനോടായി പറഞ്ഞു. "അമ്മു, നമ്മൾ ജീവിക്കും, അതിജീവിക്കും. " അമ്മ പറഞ്ഞത് എന്താണെന്ന് മനസിലാകാതെ അമ്മു രാധയെ നോക്കി ഒന്ന് ചിരിച്ചു. ദുഃഖിച്ചിരിക്കാതെ രാധ മകൾ അമ്മുവിന് ഒപ്പം കളിച്ചു ചിരിച്ചു നടന്നു. ഇന്ന് വരെ ഇല്ലാത്ത സന്തോഷവും ആഹ്ലാദവും കണ്ട് നാട്ടുകാർ പരസ്പരം പറഞ്ഞു :" ഇത് അവരുടെ അവസാന ചിരിയാണ്, ചിരിക്കട്ടെ. " അതൊന്നും വക വയ്ക്കാതെ അവർ കഴിഞ്ഞു. രാധ പഠിച്ചത് ഒരു കുഗ്രാമ വിദ്യാലയത്തിലാണ് എങ്കിലും സാമാന്യ ബോധവും വിദ്യാഭ്യാസവും അവൾക്കുണ്ടായിരുന്നു . അവൾ അവിടെ ഉണ്ടായിരുന്ന പത്രങ്ങളും പുസ്തകങ്ങളും വിടാതെ വായിച്ചു. അതിലുടെയാണ് എയ്ഡ്സ് പ്രതിരോധ നടപടികളെ കുറിച്ചും ചികിൽസയെക്കുറിച്ചും അവൾ അറിഞ്ഞത് . മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചു കൊണ്ട് എയ് ഡ്സ് നിയന്ത്രണം, അണു ബാധിതർക്കുള്ള ചികിത്സ, സംരക്ഷണം, പിന്തുണ എന്നിവ എല്ലാവർക്കും പ്രാപ്യമാക്കും എന്ന വിവരവും സമൂഹ മാധ്യമങ്ങളിലൂടെ അവൾ അറിഞ്ഞു. അങ്ങനെ അവർ തങ്ങളുടെ രോഗമുക്തിക്ക് വേണ്ടി ആരുമറിയാതെ മറ്റൊരു സ്ഥലത്തേക്ക് യാത്ര തിരിച്ചു. [വർഷങ്ങൾക്ക് ശേഷം ] "എടീ മാധവി, ആ രാധയും കുട്ടീം നാട് വിട്ട് പോയത് നന്നായി അല്ലെ, അല്ലേൽ ആ സൂക്കേട് എല്ലാർക്കും പകരുമായിരുന്നു" "ശെരിയാ.. എന്നാലും അവരിപ്പോൾ ജീവിച്ചിരിപ്പുണ്ടോ.. അതോ.. ! " "ഏയ് .. ആ മുരളി തന്നെ രോഗംപിടിച്ചു 1വർഷമേ കിടന്നിട്ടുള്ളൂ... ഇതിപ്പോ 3 വർഷമായില്ലേ.. " "ഹാ.. ശരിയാ.. " "അമ്മേ......ദേ.. നോക്കിക്കേ.. അമ്മുവിനെ പോലെ ഉള്ള ഒരു കുട്ടി.. " കുട്ടന്റെ ശബ്ദം കേട്ട് അവർ അവനെ നോക്കി. "ഏയ് നിനക്ക് തോന്നിയതായിരിക്കും " അവർ തറപ്പിച്ചു പറഞ്ഞു. "അല്ല അമ്മേ.. അതവർ തന്നെയാ.. രാധ ചേച്ചിയും അമ്മുവും... വന്നു നോക്കിക്കേ.. " ഞെട്ടലോ ടുകൂടി അവർ വന്നു നോക്കി. പഴയതിലും വെടിപ്പോടെ, സൗന്ദര്യത്തോടെ, ഊർജത്തോടെ തന്റെ വീട്ടിലേക്ക് എന്ന മട്ടിൽ വരുന്ന അമ്മയെയും മകളെയും കണ്ട് അവർ സ്തംഭിച്ചു പോയി. മറ്റുള്ളവരുടെ മുമ്പിൽ പരിഹാസപാത്രമായി നിന്നിരുന്ന രാധയും അമ്മുവും ലോകത്തിന് മുന്നിൽ ചോദ്യ ചിഹ്നമായി നിൽക്കാതെ രോഗ മുക്തരായി പുഞ്ചിരി തൂകി നിൽക്കുന്നത് പരിഹസിച്ചു നിന്നവർക്ക് തിരിച്ചടിയായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ