എം.എ.എം.എച്ച്.എസ്സ്. ചെങ്ങമനാട്/അക്ഷരവൃക്ഷം/അമ്മ - ഭൂമിയുടെ നാഴിക താളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:14, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishekkoivila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മ - ഭൂമിയുടെ നാഴിക താളുകൾ <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ - ഭൂമിയുടെ നാഴിക താളുകൾ

കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതി പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുന്നു. കരയും, കടലും, മഞ്ഞും, മഴയും എല്ലാം ഭൂമിയെ മറ്റു ആകാശഗോളങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാക്കി. പ്രപഞ്ച പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ ജീവൻറെ ആദ്യകണം ഭൂമിയിൽ നാമ്പെടുത്തു. ദശലക്ഷക്കണക്കിന് വർഷങ്ങളുടെ സഞ്ചാരത്തിന് ഒടുവിൽ ഭൂമി ഇന്ന് കാണുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയായി മാറി. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും എല്ലാം ഭൂമിയെ സുന്ദരമാക്കി തീർത്തു. വിശാലമായ ഭൂമിയുടെ മേഖലകളും, ഭൂമിയുടെ ജീവകണങ്ങളായ സസ്യജന്തുജാലങ്ങളുടെ അഭയകേന്ദ്രമായി മാറി. ജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപെട്ടു കഴിയുന്ന ഇത്തരം വാസസ്ഥലങ്ങളെയും ചുറ്റുപാടുകളെയും നമുക്ക് പരിസ്ഥിതി എന്ന് വിളിക്കാം. ആധുനിക കാഴ്ചപ്പാടുകൾ അനുസരിച്ച് മനുഷ്യൻറെ അമിതമായ കൈകടത്തലുകളില്ലാത്ത പ്രകൃതിയും അതിലെ ജീവജാലങ്ങളും പരസ്പരാശ്രയത്തിൽ കഴിയുന്ന ഇടങ്ങൾ സന്തുലിത പരിസ്ഥിതി എന്ന സങ്കൽപ്പത്തിന് ചേർന്നതാണ്. ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. മണ്ണ്, ജലം, വായു, അനുഭവപ്പെടുന്ന കാലാവസ്ഥ തുടങ്ങിയവ ഓരോ വിഭാഗത്തിലെയും പരിസ്ഥിതിയുടെ അവിഭാജ്യഘടകങ്ങളാണ്. ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാവിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നതു തന്നെ ഇതിന് കാരണം. പരിസ്ഥിതിയുടെ സംതുലിനാവസ്ഥയെ ആധുനിക മനുഷ്യൻറെ വികസനപ്രവർത്തനങ്ങൾ, തകിടം മറയുമ്പോൾ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെട്ടു പ്രകൃതിയുടെ താളംതെറ്റുന്നു. പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചും, ഇന്ന് ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും, നമുക്ക് മനസ്സിലാക്കാം. ജീവീയഘടകങ്ങളും, അജീവീയഘടകങ്ങളും നിലനിൽക്കുന്ന ചുറ്റുപാടാണ് പ്രകൃതി. ഒരു ജീവിയുടെ ജീവിത ചക്രവും അതിൻറെ സ്വഭാവസവിശേഷതകളും രൂപപ്പെടുത്തുന്നതിൽ പരിസ്ഥിതി വലിയ പങ്കുവഹിക്കുന്നു. ജീവീയഘടകങ്ങളും പ്രകൃതിയും തമ്മിലുള്ള സുസ്ഥിര ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനഘടകം. ജീവികൾ തമ്മിലുള്ള ബന്ധവും അവയ്ക്ക് അജീവീയഘടകങ്ങളുമായുള്ള ബന്ധവും പരിസ്ഥിതിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണത്രേ. ഘടകങ്ങളാണത്രേ. ചുരുക്കത്തിൽ ജീവനുള്ളവയും ജീവനില്ലാത്തവയും സ്ഥിതി ചെയ്യുന്ന ചുറ്റുപാടുകളും അവയെ സ്വാധീനിക്കുന്ന ഘടകങ്ങളും ചേരുമ്പോൾ ഒരു പ്രത്യേക പരിസ്ഥിതി രൂപപ്പെടുന്നു എന്ന് പറയാം. വിവിധ ശാസ്ത്രശാഖകൾ പലതരത്തിലാണ് പരിസ്ഥിതിയെ നിർവചിച്ചിരിക്കുന്നത്. ഒരു ജീവിയെയോ അതിൻറെ ആവാസവ്യവസ്ഥയെ വലയം ചെയ്തിരിക്കുന്നതും അവയിൽ പ്രവർത്തിക്കുന്നതുമായ ഭൗതികം രാസപരവും ജൈവപരവുമായ ഘടകങ്ങൾ ചേർന്നതാണ് പരിസ്ഥിതി. എന്നാൽ ഊർജ്ജത്തിന്റെയും പദാർത്ഥത്തിന്റെയും അവയുടെ സവിശേഷതകളുടെയും ശേഖരം എന്നാണ് ഭൗതികശാസ്ത്രവും രസതന്ത്രവും പരിസ്ഥിതിയെ നിർവചിക്കുന്നത്. ഒരു വ്യക്തിയുടെയോ സമൂഹത്തിൻറെയോ വികസനത്തെ സ്വാധീനിക്കുന്ന പ്രാഥമിക ഘടകം അവയുടെ പൊതു പരിസ്ഥിതിയും സാമൂഹിക പരിസ്ഥിതിയുമാണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് സമൂഹ്യശാസ്ത്രം പരിസ്ഥിതിയെ നിർവഹിചിച്ചിരിക്കുന്നത്. പരിസ്ഥിതി വിജ്ഞാനം മനുഷ്യവർഗ്ഗത്തിൻറെ നിലനിൽപ്പിനുതന്നെ അനിവാര്യമാണ്. ലോകമെങ്ങും ജനസംഖ്യ വർധിച്ചു വരുന്ന ഈ നാളുകളിൽ പരിസ്ഥിതിക്കും പരിസ്ഥിതി വിജ്ഞാനത്തിനും ഉള്ള പ്രാധാന്യം എടുത്തു പറയത്തക്കതുതന്നെ. തൻറെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്കു മനുഷ്യൻ ശ്രദ്ധതിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടു ത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമാണ്.വൻതോതിലുള്ള ഉൽപ്പാദനത്തിന് വൻതോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമായതിൻറെ ഫലമായി ഗുരുതര പ്രതിസന്ധിയിലേക്ക് പരിസ്ഥിതി നിലംപതിച്ചു പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ ജീവിതരീതി എന്നിവ നമുക്ക് വേണ്ട എന്ന സ്വയം തിരിച്ചറിവ് ഉണ്ടാകത്തിടത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സാധ്യമല്ല. പരിസ്ഥിതി സൗഹൃദമായ ജീവിതം നയിക്കാൻ നാം ഓരോരുത്തരും സ്വയം തയ്യാറാകണം. നമ്മുടെ പാഠ്യപദ്ധതിയിൽ പരിസ്ഥിതി സംരക്ഷണത്തിൻറെ ആഴത്തിലുള്ള പഠനം ഏർപ്പെടുത്തണം. സാംസ്കാരിക രാഷ്ട്രീയ ആത്മീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ പരിസ്ഥിതി സംരക്ഷണത്തിൻറെ മുന്നണിപോരാളികളാവണം. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസനം നമുക്ക് വേണ്ട എന്ന് പറയാനുള്ള ഇച്ഛാശക്തി നാം ആർജിക്കണം. ഈയൊരു സാഹചര്യത്തിൻറെ ഗൗരവം മനസ്സിലാക്കി മുന്നോട്ടു നീങ്ങിയില്ലെങ്കിൽ ആസന്നഭാവിയിൽ സുന്ദരകേരളം മറ്റൊരു മണൽകാടായി രൂപാന്തരപ്പെടും.

“മാതാ ഭൂമി പുത്രോ ഹം പൃഥിവാഃ”

ജ്യോതിഷ്. ബി. കുമാർ
11 Science എം.എ.എം.എച്ച്.എസ്സ്. ചെങ്ങമനാട്
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം