ഗവ. എൽ പി എസ് ത്രിവിക്രമംഗലം/അക്ഷരവൃക്ഷം/നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
19:22, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43068 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നൊമ്പരം | color= 2 }} ഉറക്കത്തിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നൊമ്പരം

ഉറക്കത്തിന്റെ ആലസ്യം വിട്ട് എണീറ്റപ്പോഴാണ് മണി ഒമ്പത് ആയെന്നറിഞ്ഞത്.അടുക്കളയിൽ അമ്മ എന്തോ തിരക്കിട്ട് ചെയ്യുന്നു.എന്താണാവോ ഇന്ന് ഇത്രയും തിരക്ക്!.എന്തോ കാര്യം ഉണ്ട് അറിയുക തന്നെ.
മുഖവും കൈയ്യും കഴുകി പതിയെ അടുക്കളയിലേക്ക് ചെന്നു."അമ്മേ...ചായ".പെട്ടെന്ന് തന്നെ ചായ കിട്ടി.ഇതെന്തു പറ്റി,ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി രാവിലെ കുളിച്ച് ചന്ദനം തൊട്ട് പതിവിലും സുന്ദരിയായി തോന്നി.ഇതിനിടയിൽ അമ്മ പറഞ്ഞു."എടാ,അച്ഛൻ ഇന്നു വരുന്നു.ഇന്നലെ വൈകുന്നേരം വിളിച്ചു പറഞ്ഞു".
അച്ഛൻ വരുന്നോ അറിയാതെ എന്റെ മനസ്സിലും സന്തോഷത്തിന്റെ തിരയടിക്കാൻ തുടങ്ങി.സമയം ഇഴഞ്ഞു നീങ്ങി.മിനിറ്റുകൾ മണിക്കൂറുകളായി മാറുന്നുവോ?അച്ഛനെയും കാത്ത് ഉമ്മറപ്പടിയിൽ ഇരുപ്പുറപ്പിച്ചിട്ട് സമയം ഏറെയായി.
പെട്ടെന്ന് വാഹനത്തിന്റെ ഇരമ്പൽ കേട്ട് ഞാൻ ഓടിച്ചെന്നു.അതെ അച്ഛൻ തന്നെ.എന്നെ കോരിയെടുക്കും........ഉമ്മ വയ്ക്കും........കൈ നിറയെ സമ്മാനങ്ങൾ കിട്ടും........ഞാൻ തിടുക്കത്തിൽ അച്ഛനടുത്തേക്ക് ഓടി അടുത്തു.ഓടി വരുന്ന എന്നെ തടഞ്ഞു കൊണ്ട്
പറഞ്ഞു."അടുത്തു വരരുത്".
മുഖത്ത് മുഖാവരണം,കൈകളിൽ കൈയുറകൾ.ഇത് അച്ഛൻ തന്നെയോ ഞാൻ എന്നോടു തന്നെ ചോദിച്ചു പോയി.എന്നെ അകലങ്ങളിലേക്ക് ....... അകറ്റിക്കൊണ്ട് അച്ഛൻ നടന്നു നീങ്ങി.വീട്ടിലേക്കല്ല.വീടിനോട് ചേർന്ന ഷെഡിലേക്ക്......ഞാൻ വേദനയോടെ നോക്കി നിന്നു.രാവിലെ മുതൽ നെയ്തുകൂട്ടിയ സ്വപ്നങ്ങൾ തച്ചുടച്ച നിമിഷങ്ങളായിരുന്നു അത്.
നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി അമ്മയെന്നെ ചേർത്തു പിടിച്ചു.പതിഞ്ഞ സ്വരത്തിൽ അമ്മ പറയുന്നത് ഞാൻ കേട്ടു."അച്ഛൻ നിരീക്ഷണത്തിലാണത്രേ" എന്തിന്? സ്വന്തം നാടിനെയും കുടുംബത്തെയും തന്നിൽ നിന്ന് ഒന്നും വരാതിരിക്കാനുള്ള കരുതൽ.കോവിഡിൽ നിന്നുള്ള കരുതൽ.....
ലോകം മൊത്തം ഭീതിയിലാഴ്ത്തിയ ഇത്തിരി കുഞ്ഞൻ ഭീകരനെ മനസ്സിൽ അങ്ങേയറ്റം വെറുത്തു കൊണ്ട് ജനൽ പാളികളിലൂടെ ഞാൻ എന്റെ അച്ഛന്റെ സ്നേഹം അനുഭവിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

അഭിനവ് കൃഷ്ണ എസ്സ്
4, എം എസ് സി എൽ പി എസ് ത്രിവിക്രമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ