Schoolwiki സംരംഭത്തിൽ നിന്ന്
ദാമുവിന്റെവീട്
രാമുവും ദാമുവും അയൽക്കാരാണ്. ഒരു ദിവസം രാമു ദാമുവിന്റെ വീട്ടിൽ പോയി. എന്തെങ്കിലും വർത്തമാനം പറഞ്ഞിരിക്കാമല്ലോ. പക്ഷേ ദാമുവിന്റെ വീട് കണ്ട് രാമു നെറ്റി ചുളിച്ചു
"അയ്യേ !ഇതെന്താ ഇങ്ങനെ?"പരിസരം മുഴുവൻ ചപ്പും ചവറും പ്ലാസ്റ്റിക് കവറും ! രാമുവിന് അതൊന്നും ഒട്ടും ഇഷ്ടപ്പെട്ടില്ല. വീടിന് പുറത്തേക്ക് ഇറങ്ങി വന്ന ദാമുവിനോട് രാമു പറഞ്ഞു. "അല്ല ദാമു.. നിനക്കീ പരിസരമൊക്കെ ഒന്ന് വൃത്തിയാക്കി ഇട്ടൂടെ..? "
ആ പറഞ്ഞത് ദാമുവിന് അത്ര പിടിച്ചില്ല. അയാൾക്ക് ദേഷ്യം വന്നു. "താൻ എന്നെ ഉപദേശിക്കാൻ വരണ്ട. ഇപ്പൊ ഇറങ്ങിക്കോണം എന്റെ വീട്ടീന്ന് "അതും പറഞ്ഞ് ദാമു വീടിനുള്ളിലേക്ക് കയറിപ്പോയി.
രാമു ഒന്നും മിണ്ടാതെ ദാമുവിന്റെ വീട്ടിൽ നിന്ന് ഇറങ്ങി നടന്നു.
ദിവസങ്ങൾ കടന്നു പോയി.
ദാമു വീടും പരിസരവും വൃത്തിയാക്കിയതേയില്ല.
വൃത്തികേടായി കിടക്കുന്ന ആ വീട്ടിലേക്ക് ആരും വരാതായി. ഒരു ദിവസം ദാമു രാമുവിന്റെ വീട്ടിൽ പോയി.
ദാമു ആശ്ചര്യപെട്ടുപോയി. എന്തു ഭംഗിയുള്ള വീട് !മുറ്റത്തെങ്ങും കടലാസോ പ്ലാസ്റ്റിക് കവറോ ഒന്നുമില്ല. പൂന്തോട്ടത്തിൽ ഒരുപാട് പൂക്കൾ.. അവയ്ക്ക് മുകളിൽ പാറി നടക്കുന്ന ചെറു കിളികളും. അപ്പോൾ രാമു പുറത്തേക്കിറങ്ങി വന്നു. ദാമു ചമ്മലോടെ രാമുവിനെ നോക്കി. "ഇന്നു തന്നെ ഞാൻ എന്റെ വീടും പരിസരവും വൃത്തിയാക്കിക്കൊള്ളാം "എന്ന് ദാമു പറഞ്ഞു. അതുകേട്ട് രാമുവിന് സന്തോഷമായി. വീട് വൃത്തിയാക്കിയത് കൊണ്ട് നാട്ടുകാരൊക്കെ അവന്റെ വീട്ടിലേക്ക് വരാൻ തുടങ്ങി. പിന്നെ ഒരിക്കലും ദാമു വീടും പരിസരവും വൃത്തികേടാക്കിയില്ല.
|