ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/മനുഷ്യനും കൊറോണയും
മനുഷ്യനും കൊറോണയും
പേടിച്ചരണ്ട ജനതയെ നിസ്സഹായാവസ്ഥയോടെ നോക്കി നിൽക്കുന്നു പ്രകൃതി. അവർക്ക് മനുഷ്യനെ സഹായിക്കുന്നതിന്റെ അതിർവരമ്പ് മുറിഞ്ഞിരിക്കുന്നു. നാടോടുമ്പോൾ നടുവേ ഓടണം. നടുവേ ഓടിയവരുടെ കൂട്ടത്തിൽ മരണമെന്ന പടുകുഴിയിലേക്ക് വീണത് ലക്ഷക്കണക്കിന് മനുഷ്യർ. അവരെ അതിൽ നിന്ന് കരകയറ്റാൻ ഇനി ദൈവത്തിനു പോലും ആവില്ല. ആധുനിക ജീവിതത്തിൽ ആർഭാടജീവിതം നയിക്കുന്ന മനുഷ്യർക്ക് മറ്റൊന്നിനെപ്പറ്റിയും ചിന്ത ഇല്ലാതെ പോയിരിക്കുന്നു. ചുറ്റും നടക്കുന്നതെന്തെന്ന് വിരൽ തുമ്പിലൂടെ അറിയാവുന്നത്ര ലോകം മാറിയിരിക്കുന്നു. ജാതി, മതം, വർഗം ചൊല്ലി തമ്മിൽ കലഹിക്കുന്ന മനുഷ്യർ പ്രതീക്ഷിച്ചിരുന്നില്ല നാളെ വരുന്ന വിപത്തുകളെ. ഇഷ്‌ട ഭക്ഷണം, വസ്ത്രം എല്ലാം വിരൽ തുമ്പിലൂടെ കൈകളിലെത്തിയ ലോകം വന്നു. സ്വതന്ത്രമായി സഞ്ചരിക്കാൻ വാഹനങ്ങൾ വാങ്ങിക്കൂട്ടുമ്പോൾ ഓർത്തില്ല വായുമലിനീകരണം കൂടുമെന്നത്. മലകളും കുന്നുകളും മരങ്ങളും നശിപ്പിച്ചു. പുഴകളിൽ മണൽ വാരിയും മാലിന്യങ്ങൾ നിറച്ചും ജലം നശിപ്പിച്ചു. ഇൻറർലോക്കും, കോൺക്രീറ്റും ചെയ്ത് മുറ്റവും പറമ്പും അലങ്കരിച്ചു. അപ്പോൾ അവർ ഓർത്തില്ല നാളെ മഴ വെള്ളം വീടിനകത്ത് കയറുമെന്ന്. സുഖമായി താമസിക്കാൻ ഫ്ലാറ്റുകൾ പടുത്തുയർത്തി. ലോകം എത്രത്തോളം വികസിച്ചിട്ടും ഇന്ന് വരുന്ന വിപത്തുകളെ മറികടക്കാൻ മനുഷ്യർ ഒരുപാട് കഷ്ടപ്പെടുന്നു. വിരൽ തുമ്പിൽ ഓടുന്ന ജീവിതങ്ങൾക്ക് ശ്വസിക്കാൻ ശുദ്ധവായുവും കുടിക്കാൻ ശുദ്ധജലവും കഴിക്കാൻ മായമില്ലാത്ത ഭക്ഷണവും കിട്ടാത്ത അവസ്ഥ വന്നെത്തി. നല്ല കമ്പനിയുടെ കുപ്പി വെള്ളവും ഏറ്റവും നല്ല റസ്റ്റോറന്റിലെ പാർസൽ ഭക്ഷണവും അമൃത് പോലെ കഴിച്ചിരുന്ന മനുഷ്യർക്ക് ശുചിത്വമെന്തെന്ന് അറിയാതെയായി. ചെറിയൊരു ജലദോഷത്തിനുപോലും മരുന്ന് കഴിച്ച് അവരുടെ പ്രതിരോധശേഷി നഷ്ടപ്പെട്ടു പോയിരിക്കുന്നു. നമ്മുടെ മുത്തശ്ശിമാരുടെ കാലത്തേക്കാൾ എത്രയോ മാറിയ ലോകം. പക്ഷേ കാലം നമുക്ക് മാറ്റി വച്ചത് വലിയൊരു വിപത്താണ്. ഓഖിയും നിപ്പയും പ്രളയവും കടന്നിതാ കൊറോണ അഥവാ കൊവിഡ് - 19 വന്നിരിക്കുന്നു. കണ്ണിൽ കാണാൻ പറ്റാത്ത ജീവികളെപ്പോലും ഭയന്ന് നിമിഷങ്ങളും ദിവസങ്ങളും എണ്ണിത്തീർക്കേണ്ട അവസ്ഥ സംജാതമായിരിക്കുന്നു. മാസ്കും കയ്യുറകളും ധരിച്ച് ജീവിക്കേണ്ടി വന്നിരിക്കുന്നു. ജനതാ കർഫ്യൂവും ലോക്ക് ഡൗണുകളും മനുഷ്യനെ വീടുകളിൽ പൂട്ടിയിട്ടിരിക്കുന്നു. മനുഷ്യന്റെ ആധുനിക ജീവിതത്തിന്റെ നെട്ടോട്ടം ഇന്ന് നിന്നിരിക്കുന്നു. ഇപ്പോഴാണ് എല്ലാവരും ഒന്ന് ചിന്തിക്കുന്നത് ആർഭാഡ ജീവിതമില്ലാത്ത ഒരു ലോകമായിരുന്നു നല്ലതെന്ന്. കൊറോണയെന്ന മഹാമാരി ലോകമെമ്പാടും പടർന്നു പിടിച്ച് ഓരോ ജീവനുകൾ പൊലിയുമ്പോഴും നമ്മൾ വരുത്തി വച്ച വിനയാണെന്നത് നാം ഓർക്കണം. ഈ വിപത്തിനെ വേരോടെ പിഴുതെറിഞ്ഞേ മതിയാകൂ. അത് ഓരോരുത്തരുടേയും ആവശ്യമാണ്. ഒരുപാടു പേർ അതിനായി കഷ്ടപ്പെടുന്നു. ആരോഗ്യ വകുപ്പും പോലീസുകാരും സർക്കാരുമെല്ലാം. നാളെയുടെ നന്മയ്ക്കായ് ഇന്ന് നമുക്ക് പൊരുതാം. ഈ വിപത്തിനെ ഇല്ലാതാക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ