എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopnadalackal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൗൺ

ഒരു കിലോ ക്യാരറ്റു കൂടി താടോ..

ക്യാരറ്റ് ഇല്ല.. കിട്ടാൻ ഇല്ല..

ശ്ശോ.. ഈ കൊറോണ കാരണം മനുഷ്യന് ജീവിക്കാൻ പറ്റില്ല എന്ന് ആയി..

അത് ഒള്ളതാ.

ആകെ എത്ര ആയെടോ..

നൂറ്റി തൊണ്ണൂറു രൂപ.

ന്റെ ഈശോ. ഇത് എന്തൊരു വിലയാടോ.. മനുഷ്യനെ അങ്ങ് കൊല്ല്..

മൂത്തവന്റെ കെട്ടിയോള് ഗ്രേസിയുടെ ശബ്ദം ഉയർന്നു കേട്ടപ്പോൾ കിളിവാതിൽ തുറന്ന് എബ്രഹാം നോക്കി. പതിവ് വക്കാണം തന്നെ. രണ്ടു പേരെയും നോക്കി ആ കിളിവാതിൽ അടച്ചിട്ട് കണ്ണും പൂട്ടി അയാൾ കുറെ നേരം കൂടി കിടന്നു. രാവിലെ ഒരു ഇലച്ചായ പതിവാണ്. അതിന്‌ ശേഷം പത്ര പാരായണം.. വിസ്തരിച്ചു തന്നെ.. പിന്നെ പ്രാഥമിക കർമ്മങ്ങൾ.. ഈ സമയത്തെല്ലാം പഴയ ആ റേഡിയോ മുഴങ്ങി കൊണ്ടിരിക്കും.. എട്ടര മണിയോടെ ബ്രേക് ഫാസ്റ്റ്. മിതമായ രീതിയിൽ... പിന്നെ മരുന്നുകൾ കഴിച്ച് ടിവി ചാനലിന് മുന്നിൽ ഇരിക്കും ഉച്ച വരെ. ഊണും ഉറക്കവും കഴിഞ്ഞ് ചില ദിവസങ്ങളിൽ ലില്ലിക്കുട്ടിയെ കൂട്ടി പുറത്ത് ഒരു കറക്കം. എല്ലാത്തിനും അവൾ കൂടെ വേണം. ദൈവം അയാളെ ലോക് ഡൗണിൽ ആക്കിയിട്ടു കാലം ഒരുപാട് ആയി.

ഇന്ന്‌ പതിവ് എല്ലാം തെറ്റി. മകൻ സൗദിയിൽ നിന്ന് ഈയിടെ വന്നതേ ഉള്ളു. പിന്നെ ഹോം ക്വാറന്റൈനിൽ ആയിരുന്നു. അവന് രോഗം സ്ഥിതീകരിച്ചു. ബാക്കി ഉള്ളവർ നിരീക്ഷണത്തിലാണ്. ഇന്നലെ ലില്ലിക്കുട്ടിക്കും രോഗം ആണ്‌ എന്ന്‌ ഉറപ്പാക്കി അവളെ ഐസൊലേറ്റ് ചെയ്തു. അതോടെയാണ് എബ്രഹാം കഷ്ടത അറിഞ്ഞു തുടങ്ങിയത്. ദൈവം ശരീരം തളർത്തിയപ്പോൾ മനസ്സ് പിടിച്ചു നിർത്തിയത് അവൾ ആണ്‌. ഇപ്പോൾ ഒരു ഭിത്തിയുടെ അപ്പുറത്ത് അവളും ശയ്യാവലംബയായിരിക്കുന്നു.

രോഗം മൂർച്ഛിച്ചും കുറഞ്ഞും അവളുടെ നില തുടർന്നു. എബ്രഹാം ആകെ വെരളി പിടിച്ച മട്ടാണ്‌. അയാളുടെ ശരീരം വെള്ളം കണ്ടിട്ട് നാളേറെയായി. മുറിയിൽ മലമൂത്രങ്ങളുടെ തീഷ്ണമായ ഗന്ധം നിറഞ്ഞു കഴിഞ്ഞു, മുഖം താടി രോമങ്ങൾ കൊണ്ട്‌ മുമ്പൊരിക്കലും ഇല്ലാത്ത വിധം മൂടി. സ്വതവേ ഹൃദ്രോഗിയായ ലില്ലിക്കുട്ടി ക്ഷീണിത ആണ്. പ്രായവും പ്രശ്നം.. അത് കൊണ്ട് ആരോട് തന്റെ സങ്കടം പറയാൻ.. ആരോട് കയർക്കാൻ... അയാൾ മൗനം ദീക്ഷിച്ച് കിടന്നു . ദിവസങ്ങൾ നീണ്ട് ഇഴഞ്ഞു. ലില്ലിക്കുട്ടി സുഖം പ്രാപിച്ചു വരുന്നതായി അറിഞ്ഞു. ആശ്വാസം.

ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയി. രാവിലെ പതിവ് ഇലച്ചായ തയാറാക്കി എടുത്ത് കൊണ്ട് ലില്ലിക്കുട്ടി എബ്രഹാമിനെ വിളിച്ചു. രോഗം തിന്ന് തീർക്കുന്ന ലോകത്തിൽ നിന്ന് വിളിച്ചാൽ കേൾക്കാൻ പറ്റുന്ന ദൂരത്തിൽ അയാൾ ഉണ്ടായിരുന്നില്ല.. ലോക് ഡൗൺ ലംഘിച്ച് അയാൾ പ്രയാണം തുടങ്ങി കഴിഞ്ഞിരുന്നു,.

മുഖവും മനസ്സും മൂടിയ നിനക്ക് എന്തിനാ ഇനിയും ഒരു ആവരണം..

അർജ്ജുൻ പി
10 D നായർ സമാജം സ്കൂൾ,മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ