ജി.എച്ച്. എസ്.എസ്. നിറമരുതൂർ/അക്ഷരവൃക്ഷം/ഓർമ്മകളിലെ ചാറ്റൽ മഴകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓർമ്മകളിലെ ചാറ്റൽ മഴകൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമ്മകളിലെ ചാറ്റൽ മഴകൾ

പുറത്ത് മഴയില്ല തെളിഞ്ഞ കാലാവസ്ഥ ‍‍‍ഡയറിയിൽ നിന്ന് തല പൊക്കിയപ്പോൾ അറിയാതെ മഴയോർമ്മകളിൽ ഊളിയിട്ടു പോയി ………

                               മഴയോർമ്മകൾ എനിക്ക് ധാരാളമൊന്നും ഉണ്ടായിരുന്നില്ല. മഴയെ അത്രയേറെ ഇഷ്ടപെട്ടിട്ടും കർട്ടൺ വലിച്ചുപൊക്കി മഴയെ ആസ്വദിച്ചും മഴയുടെ പൊടിക്കുഞ്ഞുങ്ങളെ പേറിയുള്ള ഇളം കാറ്റിനെ പുൽകിയുമൊക്കെയുള്ള മഴയോർമ്മകളേ എനിക്കുണ്ടായിരുന്നുള്ളു. എന്നാൽ ചിലഭ്രാന്തു മൂക്കുന്ന സന്ദർഭങ്ങളിൽ മഴയോട് അത്രയേറെ പ്രണയം തോന്നുമ്പോൾ കുളിക്കാനെന്ന വ്യാജേന പുറത്തേ കുളിമുറിയിൽ പോകുന്ന വഴിയിൽ ചുറ്റുമൊന്ന് കണ്ണോടിച്ചുകൊണ്ട് മഴയെ തൊട്ടറി‍‍ഞ്ഞ ഒാർമ്മകളും ഏറെയുണ്ട് .അഥവാ അമ്മ എങ്ങാനും കണ്ടാൽ "പനിപിടിച്ച് അവിടെ കിടന്നോണം’’ എന്ന് കണ്ണുരുട്ടികൊണ്ടുള്ള ലളിതമായ ഭീഷണിയിൽ അന്നത്തെ മഴക്കമ്പം ഏകദേശം കെട്ടടങ്ങിയുണ്ടാവും. പനിയെ ഒരു അനുഗ്രഹമായി കണ്ടകാലം ഉണ്ടായിരുന്നു .പത്താം ക്ലാസിലെ പരീക്ഷാപേടികൾക്കിടയിൽ ഒരു ചാറ്റൽമഴ കൊണ്ട് പനിപിടിച്ച് പാതിയടഞ്ഞ കണ്ണുകളോടെ പാരസെറ്റാ മോളിനേയും കൂട്ടുപിടിച്ച് ആകുലതകളെല്ലാം മഴയിൽ ഒഴുക്കിക്കളഞ്ഞ് ഒന്ന് കിടക്കാനൊക്കെ ഒത്തിരി കൊതിച്ചിട്ടുണ്ട് .പുറത്ത് ഒരു മഴകൂടി പെയ്താൽ കേമായി .
                                    വീണ്ടും മഴയുടെ ചരിത്രങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ, മനഃപൂർവം കുട മാറ്റിപ്പിടിച്ച് മഴനനഞ്ഞതും, സ്വയം നനഞ്ഞതിനു  ശേഷം മറ്റുള്ളവരുടെ കുട തട്ടിപ്പറിച്ചെടുത്ത് ഒാടിയതും, ആഹ്ലാദത്തിൽ റോഡിലെ വെള്ളം കാൽ കൊണ്ട് തട്ടിത്തെറിപ്പിച്ചതും, അന്നത്തെ വൈകുന്നേരം വർണാഭമാക്കി കൊണ്ട് ആർത്തുവിളിച്ചതും ,വീട്ടിൽ വന്നപ്പോൾ  അമ്മയുടെ കൈപ്രയോഗത്തിൽ മഴയുടെ കുളിര് പാടേ മാറിയതും  മഴ വെള്ളത്തിൽ മുങ്ങിപൊങ്ങുന്നു. ഇതിനെല്ലാം പുറമെ സന്തോഷം നൽകിയിരുന്നത് ക്ലാസ് മുറിയിലിരിക്കുമ്പോൾ പെയ്തിരുന്ന മഴയായിരുന്നു. ഒന്നും കേൾക്കുന്നുമില്ല കാണുന്നുമില്ല എന്ന വാക്യത്തിൽ ധാരാളം കണക്കു ക്ലാസുകളേയും മലയാളം ക്ലാസുകളേയും ഞങ്ങൾ വെള്ളത്തിലാക്കിയിരുന്നു തുടർന്ന് ക്ലാസുകളിൽ ആഹ്ലാദത്തിന്റെ പെരുമഴ പെയ്യിച്ചിരുന്നു……
                             മഴയിലേക്ക് വീണ്ടും ഒന്ന് ഉൗളിയിട്ടപ്പോഴാണ് സ്കൂളിലെ ഗ്രൗണ്ടിന്റെ നടുക്ക് നിന്ന് നനഞ്ഞ മഴ ഒാർമ വന്നത്. തികഞ്ഞ ഭ്രാന്തോടുകൂടി ഞാനും മഹ്റിയും നന‍ഞ്ഞ മഴ…… എന്തൊക്കെയേറെ മനസ്സിൽ ഒളിപ്പിച്ചുകൊണ്ട്  അവയിൽ ഒന്നും നനവ് പടർത്താതെ സ്വയം നനഞ്ഞ മഴ… വിജനമായ വിദ്യാലയത്തിലൂടെ അന്ന് നടന്നിറങ്ങുമ്പോൾ ജീവിതം കാലം മുഴുവൻ ചോർന്നൊലിക്കാൻ പാകത്തിനുള്ള ഒരു മഴയെ മനസ്സിൽ സൂക്ഷിച്ചുവച്ചിരുന്നു. പിന്നീട് വരുന്ന മഴയിൽ ഒരു വാകപ്പൂ പൊട്ടിച്ചു  അന്നത്തെ മഴയ്ക്ക് മൊത്തം സാക്ഷ്യം വഹിച്ചു തീർത്തും നനഞ്ഞ ഒരു ചുകപ്പ് വാക അത് അന്ന് തന്നെ ഡയറിയിൽ സൂക്ഷിച്ചുവച്ചിരുന്നു. പിന്നീട് ഇടയ്ക്കിടയ്ക്ക് എടുത്തുനോക്കി അന്നത്തെ മഴ ഒാർമ്മകളാൽ നനഞ്ഞിരുന്നു.
            ഇന്നത്തെ മഴ കാണുമ്പോൾ തോന്നും മഴയ്ക്ക് ആരോടൊക്കെയോ പ്രതികാരമാണെന്ന് ഒട്ടും കരുണയില്ലാത്ത മുഖമാണ് ഇന്നത്തെ മഴയ്ക്ക്.  വർഷത്തിൽ ധാരാളം പേരുടെ ജീവനുകളെ റാഞ്ചിയെടുത്ത് കൊണ്ട് ഇന്നത്തെ മഴ അരങ്ങൊഴിയുന്നു . മഴയുടെ പണ്ടത്തെ സന്തോഷമൊക്കെ ആരൊക്കെയോ മോഷ്ടിച്ചിരിക്കണം അല്ലെങ്കിൽ എവിടെയോ കളഞ്ഞു പോയിരിക്കണം…….
                                                                                                       -ഷാനിയ ദാസ്
ഷാനിയ ദാസ്
10 A ജി.എച്ച്. എസ്.എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ