എം.എം.യു.പി.എസ്.പുതുപ്പരിയാരം/അക്ഷരവൃക്ഷം/കുട്ടന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21660 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടന്റെ കഥ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടന്റെ കഥ
ഇന്ന് കുട്ടന്റെ സ്കൂളിൽ "ഇൻസ്പെക്ഷൻ" ആണ്. ഓരോ ക്ലാസ്സിലും ഇൻസ്‌പെക്ടർ വരും; കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കും; ശരിയായ ഉത്തരം പറഞ്ഞാൽ നല്ല അഭിപ്രായം പറയും. ടീച്ചർ എല്ലാവരോടും തലേ ദിവസം തന്നെ പറഞ്ഞിരുന്നു. കുളിച്ചു കുറിയിട്ടു നല്ല വസ്ത്രങ്ങൾ ധരിച്ചു വേണം എല്ലാവരും വരാൻ എന്ന്.

കുട്ടൻ നേരത്തെ എഴുന്നേറ്റ് കുളിച്ചു കുറിയിട്ടു പ്രഭാതഭക്ഷണം കഴിച്ചു. കുറേ നേരമിരുന്ന് പാഠമെല്ലാം പഠിച്ചു. ഒമ്പതര മണിയായപ്പോൾ അമ്മയോട് ചോദിച്ചു തന്റെ പുതിയ ഉടുപ്പ് മേടിച്ചു ധരിച്ചു. കണ്ണാടിയിൽ തന്റെ രൂപം നോക്കി, അവനു തൃപ്തിയായി, എല്ലാം ശരിയായിരിക്കുന്നു.

കണ്ണാടിയിൽ നോക്കി നിൽക്കെത്തന്നെ കണ്ണാടിയിലെ രൂപം മാറിവരുന്നതായി അവനു തോന്നി. തന്റെ സ്ഥാനത്തു വേറൊരാൾ നിൽക്കുന്നു. ക്ലാസ്സിൽ തന്റെ അടുത്തിരിക്കുന്ന ഇബ്രാഹിം. എണ്ണ തേയ്ക്കാത്ത ജട പിടിച്ച തല, കരുവാളിച്ച മുഖം, ഓട്ടകൾ നിറഞ്ഞ ബനിയൻ, കിഴിഞ്ഞു തൂങ്ങുന്ന കീറ ട്രൗസർ.

ടീച്ചറുടെ നിർദ്ദേശങ്ങൾ കേട്ടപ്പോൾ ഇബ്രാഹിം ചങ്ങാതിയായ കുട്ടനോട് പറഞ്ഞു.

"കുട്ടാ , എനിക്ക് ഈ കീറ ട്രൗസറും കീറ കുപ്പായവുമല്ലേ ഉള്ളു, ഞാനെന്തു ചെയ്യും. ടീച്ചർ തീർച്ചയായും വഴക്കു പറയും, ഞാൻ വരില്ല." ഇത് പറയുമ്പോൾ അവൻ കരയുകയായിരുന്നു.

കുട്ടനും ഇബ്രാഹിമും ചങ്ങാതിമാരായിരുന്നു. അവർ ഒരുമിച്ചാണ് സ്കൂളിൽ പോകുന്നതും വരുന്നതും കളിക്കുന്നതും ഒക്കെ. ഇന്ന് പാവം ഇബ്രാഹിം വരില്ല ! അതും നല്ല ഉടുപ്പുകൾ ഇല്ലാത്തതു കൊണ്ട്.

കണ്ണാടി നോക്കി നിൽക്കേ കുട്ടന്റെ കണ്ണുകൾ അനുകമ്പ കൊണ്ട് നിറഞ്ഞു. അവന് ഒരു യുക്തി തോന്നി. പുസ്തകമെടുത്തു യാത്ര പറയാൻ അമ്മയുടെ അടുത്തു ചെന്നു.

അമ്മ പതിവ്പോലെ അടുത്തുവന്ന് അവനെ നോക്കി, എല്ലാം ശരിയായിരിക്കുന്നു.

"ഉം , എന്നാൽ പൊയ്‌ക്കോളൂ . നല്ല ചൊടിയോടെ ഉത്തരങ്ങൾ പറയണം കേട്ടോ."

എന്നും വേഗം തിരിഞ്ഞു പോകാറുള്ള അവൻ അമ്മയെ നോക്കി നിൽക്കുകയെ ചെയ്തുള്ളു. അവന് എന്തോ ആവശ്യമുണ്ടെന്ന് അമ്മയ്ക്ക് മനസ്സിലായി.

"എന്ത് വേണം കുട്ടാ?" അവർ തിരക്കി.

അവൻ മൗഢ്യം ഭാവിച്ചു പറഞ്ഞു, "ഇബ്രാഹിം ഇന്ന് സ്കൂളിലേയ്ക്ക് വരില്ല."

"ഇന്ന് പരിശോധനയല്ലേ ? അവനെന്താ വരാതിരിക്കാൻ?" അമ്മയ്ക്ക് ഇബ്രാഹിമിനെ കുറിച്ച് കുട്ടൻ പലപ്പോഴും പറഞ്ഞറിയാം.

"അവന് ആകെയുള്ളത് കീറിപ്പറിഞ്ഞ ഒരു ട്രൗസറും കുപ്പായവും മാത്രമാണ് പിന്നെ അവനെങ്ങനെ വരും."

"അതിനു ഞാനെന്തു വേണം?" ഒരു കുസൃതി ചിരിയോടെ അമ്മ ചോദിച്ചു.

"ഇന്നലെ തിരുമ്പിയിട്ട എന്റെ ട്രൗസറും ഷർട്ടും പുതിയതൊന്നുമല്ല. എനിയ്ക്കാണെങ്കിൽ വേറെയുമുണ്ട്, അത് അവനു കൊടുത്താൽ അവൻ ഇന്ന് സ്കൂളിലേയ്ക്ക് വരും." കുറച്ചു മടിയോടെയാണെങ്കിലും കുട്ടൻ തന്റെ ആഗ്രഹം പറഞ്ഞു.

"ശരി, അച്ഛൻ എന്ത് പറയുമോ !" ഇത്രയും പറഞ്ഞു അമ്മ വേഗം പെട്ടിതുറന്ന് ഒരു ട്രൗസറും ഷർട്ടും എടുത്ത് പൊതിഞ്ഞു മകന്റെ കയ്യിൽ കൊടുത്തു.

"എന്നാൽ വേഗം പോകൂ, നേരം വൈകി, അവന്റെ വീട്ടിൽ പോയി അവനെ കൂട്ടി വേണ്ടേ പോകാൻ." അമ്മ ധൃതികൂട്ടി. കുട്ടൻ ഒരോട്ടം വച്ചുകൊടുത്തു.

അവൻ പോകുന്നത് നോക്കി നിന്ന അമ്മ ഇങ്ങനെ പ്രാർത്ഥിച്ചു: "എന്റെ മകന്റെ ഈ നല്ല ബുദ്ധി വളർന്നു വരട്ടെ, അവനോടൊപ്പം".

വൈഷ്ണവ് . വി
7 A എം. എം. യു. പി. സ്കൂൾ, പുതുപ്പരിയാരം
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ