ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/വീഡിയോ കാൾ

Schoolwiki സംരംഭത്തിൽ നിന്ന്
 വീഡിയോ കാൾ    

അച്ചുവിന് ആറ് വയസ്സേ ആയിട്ടുള്ളു.എന്നാലും പ്രവർത്തികൾ അതുപോലൊന്നുമല്ല.അവനെല്ലാവരേയും സഹായിക്കാൻ എപ്പോഴും ഉണ്ടാകും .അവൻ വെക്കേഷനു വേണ്ടി കാത്തിരിക്കുകയാണ്.പരീക്ഷ ഇന്നലെ തുടങ്ങിയിട്ടേയുള്ളൂ.സന്ധ്യ ആയപ്പോൾ പുസ്തകവും എടുത്ത് അവൻ പഠിക്കാനിരുന്നു.കണ്ടിട്ട് ഒന്നും തലയിൽ കയറുന്ന ലക്ഷണമില്ല.അമ്മ അടുക്കള വിട്ടിട്ടില്ല.പ്പെട്ടന്ന് ചേച്ചി ഓടിവന്നവനെ തൂക്കിയെടുത്തിട്ടു പറഞ്ഞു,അച്ചൂ പരീക്ഷകളൊന്നും ഇല്ല.സ്കൂൾ അടച്ചു.ഒന്നും മനസ്സിലാവാതെ അവൻ ചോദിച്ചു ചേച്ചി എന്താ പറയുന്നത്,പരീക്ഷ തുടങ്ങിയിട്ടല്ലേയുള്ളൂ.ശരിയാടാ..പക്ഷേ ലോകമൊട്ടാകേ ഒരു വൈറസ് ഭീതിയിലാണ്.അതിനാലാണ് പരീക്ഷകൾ നിർത്തിവച്ചതും സ്കൂൾ പൂട്ടിയതും.അവൻറെ കണ്ണുകളിൽ വെള്ളിവെളിച്ചം മിന്നി മറഞ്ഞു.അവൻ ഓടിച്ചെന്ന് അമ്മയോട് പറഞ്ഞു,നമുക്ക് ഇന്നുതന്നെ തടവാട്ടിലേക്ക് പോകാം.അവിടെയെത്തിയാൽ കളിക്കാൻ ഒത്തിരി കൂട്ടുകാരെ കിട്ടുമല്ലോ.സ്കൂൾ പൂട്ടിയപ്പോൾ കഴിഞ്ഞ തവണ നാട്ടിൽപ്പോയി കുട്ടുകാരുമൊത്ത് രണ്ടു മാസം അടിച്ചുപൊളിച്ച രസകരമായ ദിവസങ്ങൾ അവൻ ഓർത്തു.അച്ഛനും ഗൾഫിൽ നിന്നും വരുമോ അമ്മേ..അവൻ ചോദിച്ചു .ഇല്ല മോനേ അച്ഛന് വരാൻ പറ്റില്ല.നമുക്ക് നാട്ടിലേക്ക് പോകാനും കഴിയില്ല .ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.അരും പുറത്തിറങ്ങാൻ പാടില്ല .രോഗം തടയാനുള്ള മാർഗ്ഗം അതു മാത്രമാണ്.അടുത്ത അവധിക്ക് നമുക്ക് നാട്ടിൽ പോയി കൂട്ടുകാരോടൊത്ത് കളിക്കാം,കേട്ടോ മോനേ.അവനൊന്നും മനസ്സിലായില്ലെങ്കിലും അവൻ തലയാട്ടി. എങ്കിലും അവൻ ചോദിച്ചു .അച്ഛൻ എന്നു വരുമമ്മേ .എനിക്കറിയില്ല മോനേ.അമ്മയുടെ വാക്കുകൾക്ക് വിറയലുള്ളതുപോലെ അച്ചുവിനു തോന്നി.അവനും സങ്കടമായി.മധ്യവേനലവധിക്കാലത്താണ് അച്ഛനും നാട്ടിലെത്താറുള്ളത്.എന്തു രസമാണ് അക്കാലം.എന്നാൽ അവൻറെ മുഖത്ത് മേഘപാളികൾ വന്നുമുടി.കണ്ണുകൾ നിറഞ്ഞൊഴുകി.ചേച്ചി കാര്യം പറഞ്ഞ് അവനെ സമാധാനിപ്പിച്ചു.അമ്മയെക്കാളും ചേച്ചിയെക്കാളും അവനേറെയിഷ്ടം അച്ഛനോടാണ്.അച്ഛൻ വാങ്ങിക്കൊടുത്ത കളിപ്പാട്ടങ്ങളും പാവകളും അവൻ നിധിപോലെ കാത്ത് വച്ചിട്ടുണ്ട് .
പിറ്റേന്ന് ഉച്ച മയങ്ങിയപ്പോഴാണ് ഒരു ഫോൺ വന്നത്.അമ്മയുടെ മുഖത്തെ പരിഭ്രമം അവനെ വല്ലാതെ അലട്ടി. എതോ വാർത്താചാനലിൽ കഴിഞ്ഞ ദിവസത്തെ മരണക്കണക്കുകൾ പറയുന്ന റിപ്പോർട്ടറുടെ രസം കൊല്ലി കണക്കുകൾ കേൾക്കാതെ കാർട്ടൂൺ ചാനലുകൾ മാറ്റി മാറ്റി കാണുന്ന ചേച്ചി ഇതൊന്നും കണ്ടില്ല.അമ്മയുടെ മുഖം സങ്കടം കൊണ്ട് ചുവക്കുന്നത് അവനറിഞ്ഞു.മുറിയിലേക്ക് പോയി അമ്മ കതകുകളടച്ചു.ഞെരിഞ്ഞടയുന്ന കതകുകളുടെ ശബ്ദം അവനെ പേടിപ്പെടുത്തി.ജെറിക്ക് പിന്നാലെ പായുന്ന ടോമിൻറെ മിടുക്കിൽ ലയിച്ചിരിക്കുന്ന ചേച്ചി അപ്പോഴും ഇതൊന്നും അറിയുണ്ടായിരുന്നില്ല.അച്ഛൻ വരും ചിലപ്പോൾ നാളെ അല്ലെങ്കിൽ മറ്റന്നാൾ,ചേർത്തുപിടിച്ച് കിടക്കുമ്പോൾ രാത്രി അമ്മ പറഞ്ഞു.അത് അവനിൽ ഏറെ സന്തോഷമുണ്ടാക്കി.എന്നാൽ അമ്മയുടെ കണ്ണുകളിലെ ഭീതീ അവൻറെ സന്തോഷം പ്പെട്ടന്നില്ലാതാക്കി.രാത്രി പലപ്രാവശ്യം ഞെട്ടിയുണരുമ്പോഴും ഉറങ്ങാതെ കിടക്കുന്ന അമ്മയെ കണ്ടു!പിറ്റേന്ന് വീണ്ടും ഫോൺ വന്നു.ആ ഫോൺ സന്ദേശം അത്ര നന്നല്ല എന്ന് അമ്മയുടെ ഇടറിയ ശബ്ദത്തിലൂടെ അവന് മനസ്സിലായി.അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.ഫോൺ കൈയ്യിൽ നിന്നും താഴെ വീണു.ടോമിൻറെ കൈയ്യിൽപ്പെട്ട് പിടയുന്ന ഞെറിയുടെ നിലവിളി സമയത്ത് കറണ്ട് പോയ സങ്കടത്തിൽ എഴുന്നേറ്റുവന്ന ചേച്ചിക്ക് ഒന്നും മനസിലായില്ല. അച്ഛൻ വരില്ല മക്കളേ എന്ന് തേങ്ങിക്കരഞ്ഞുകൊണ്ട് അവനേയും ചേച്ചിയേയും അമ്മ ചേർത്തുപിടിച്ചു.അച്ഛൻ വരില്ല എന്നു പറഞ്ഞതിന് അമ്മെയന്തിനാണ് ഇങ്ങനെ കരയുന്നത്,ഞാനല്ലേ കരയേണ്ടത് അവന് ഒന്നും മനസ്സിലായില്ല.അവൻ മുറിയിൽ പ്പോയി അവസാനം അച്ഛൻ അവനയച്ച കത്ത് ഒന്നുകൂടി വായിച്ചു.'അച്ഛനിവിടെ സുഖമാണ്.മോൻ നന്നായി പഠിക്കുന്നുണ്ടല്ലോ.അച്ഛൻ വരും വേനലവധിക്ക് '
അവനാ കത്ത് നെഞ്ഞോട് ചേർത്തുവച്ചു.
അടുത്ത ദിവസം അവൻ ഉറക്കമെഴുന്നേറ്റ് വന്നപ്പോൾ കാണുന്നത് അമ്മയും അമ്മുമ്മയും ചേച്ചിയും കലങ്ങിയ കണ്ണുകളുമായി നിലത്തിരിക്കുന്നതാണ്.അവൻ ഓടിച്ചെന്ന് അമ്മയോട് ചോദിച്ചു എന്തിനാണമ്മേ കരയുന്നത്? അച്ഛൻ വരില്ല മോനേ.. അച്ഛന് പനിയും ചുമയുമാണ്.അമ്മയുടെ വാക്കുകളിലേക്ക് ചേച്ചിയുടേയും അമ്മുമ്മയുടേയും കണ്ണീര് വീണ് നനയുന്നത് അവനറിഞ്ഞു.
കുറച്ച് കഴിഞ്ഞപ്പോൾ അമ്മയുടെ ഫോണിലേക്ക് ഒരു കാൾ വന്നു,അല്ല വീഡിയോ കാൾ.അച്ഛനാ അത് അവൻ പ്പെട്ടന്ന് പറഞ്ഞു.അച്ഛൻറേ ദേഹം മുഴുവൻ പൊതിഞ്ഞു വച്ചിരിക്കുന്നു.കുറച്ചാളുകൾ അടുത്തുണ്ട്.ആരുടേയും മുഖം കാണാനില്ല.അവനാകെ ആശയക്കുഴപ്പത്തിലായി.അച്ഛനെന്താ അമ്മേ ഉറങ്ങുകയാണോ?നമ്മളെ കാണാത്തതെന്ത് ? അവൻ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു.പക്ഷേ ആരും ഒന്നും മിണ്ടിയില്ല.അമ്മയും ചേച്ചിയും അമ്മൂമ്മയുമെല്ലാം വിതുമ്പിക്കരയുന്നു.അവൻ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു.കഴിഞ്ഞ തവണ അച്ഛൻ വാങ്ങിത്തന്ന പാവയെ കെട്ടിപ്പിടിച്ചു.അച്ഛനെന്താ എന്നോട് മിണ്ടാത്തത്.അവന്റേയും കണ്ണുകൾ നിറഞ്ഞു. പാതി തുറന്നിരുന്ന ജാലകത്തിലൂടെ വന്ന ഇളം കാറ്റ് അവനെ മെല്ലെ തഴുകിക്കടന്നുപോയി.

ഋതുപർണ.പി.എസ്.
7A ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ