പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/സ്നേഹ സമ്മാനം
സ്നേഹ സമ്മാനം
നാളെയാണ് അമ്മേ വിനോദയാത്രയ്ക്കുള്ള 250 രൂപ കൊടുക്കാനുള്ള അവസാന ദിവസം. എനിക്ക് പോകാൻ കഴിയുമോ
അമ്മേ? എന്ന അപ്പുവിന്റെ വാക്കുകൾ കേട്ടുകൊണ്ടാണ് അച്ഛൻ വീട്ടിലേക്ക് കയറിവന്നത്. ശബ്ദമുണ്ടാക്കാതെ അച്ഛൻ
നാരായണേട്ടന്റെ വീട്ടിലേക്ക് പോയി. ഒരു അത്യാവശ്യം ഉണ്ടായിരുന്നു, കഴിയുമെങ്കിൽ ഒരു 250 രൂപ തരണം. ജോലിക്ക്
പോയി തുടങ്ങുമ്പോൾ തിരിച്ചു തരാം. അപ്പുവിന്റെ അച്ഛൻ പറഞ്ഞു. മകന് വിനോദയാത്രയ്ക്ക് പോകാനാണ് എന്ന് പറഞ്ഞില്ല.
അഥവാ തന്നില്ലെങ്കിലോ? എത്രയും വേഗം തിരികെ നൽകണം എന്ന് പറഞ്ഞുകൊണ്ട് നാരായണേട്ടൻ 250 രൂപ
നൽകിയതുമായി അച്ഛൻ വീട്ടിലേക്ക് പോയി. അന്ന് പഠിപ്പിച്ച പാഠങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പു. കുളിച്ചു
വൃത്തിയായ ശേഷം അവന്റെ കയ്യിൽ 250 രൂപ നൽകി. അവന്റെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു. മകന്റെ തലയിൽ
തലോടിയ ശേഷം അച്ഛൻ ആഹാരം കഴിക്കാൻ ഇരുന്നു. ഈ പ്രാരാബ്ധങ്ങൾക്കിടയിൽ കടം വാങ്ങി അവനെ വിനോദയാത്രയ്ക്ക്
അയക്കേണ്ടതില്ലായിരുന്നു എന്ന് ആഹാരം കഴിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു. അവൻ മിടുക്കനായി പഠിക്കുകയല്ലേ, അവൻ
പൊയ്ക്കോട്ടെ, സാരമില്ല, എന്ന് അച്ഛൻ പറഞ്ഞു.
അടുത്ത ദിവസം വളരെ സന്തോഷത്തോടെ അപ്പു വിനോദയാത്രയുടെ രൂപ അധ്യാപികയെ ഏൽപ്പിച്ചു. ക്ലാസ്സിലെ
മിടുക്കനായ കുട്ടിയായിരുന്നു അപ്പു. ചില ദിവസങ്ങൾക്കു ശേഷം ആ സുദിനം എത്തി. അപ്പു വളരെ സന്തോഷത്തോടെ
സ്കൂളിലെത്തി. ആദ്യമായി വിനോദയാത്രയ്ക്ക് പോകുന്ന സന്തോഷം അവന്റെ മുഖത്ത് കാണാമായിരുന്നു. പല കാഴ്ചകളും അവന്
സന്തോഷം നൽകിയെങ്കിലും ചില കാഴ്ചകൾ അവന് വളരെയധികം വിഷമം നൽകി.
അന്ന് രാത്രി ക്ഷീണം ഉണ്ടായിരുന്നിട്ടു പോലും അവന് നന്നായി ഉറങ്ങാനായില്ല. പിറ്റേ ദിവസം ക്ലാസിൽ
എത്തിയപ്പോൾ അധ്യാപിക യാത്രയെക്കുറിച്ച് അന്വേഷിക്കുകയും യാത്രാവിവരണം എഴുതി തരാൻ ആവശ്യപ്പെടുകയും ചെയ്തു.
എല്ലാവരും യാത്രാവിവരണം എഴുതി നൽകിയത് വായിച്ചു തീർന്ന ശേഷം ക്ലാസിലെത്തിയ അധ്യാപിക അപ്പുവിനോട്
യാത്രാവിവരണം ഉറക്കെ വായിക്കാൻ ആവശ്യപ്പെട്ടു. അപ്പു വായിച്ചത് മറ്റു കുട്ടികൾ ശ്രദ്ധയോടെ കേട്ടു. തങ്ങൾ ശ്രദ്ധിക്കാതെ
പോയ ധാരാളം കാര്യങ്ങൾ അപ്പുവിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മനുഷ്യൻ പ്രകൃതിയെയും പരിസ്ഥിതിയെയും ചൂഷണം ചെയ്യുന്നതും
മലിനമാക്കുന്നതും തങ്ങൾ ആരും ശ്രദ്ധിച്ചില്ലല്ലോ എന്നവർ ഓർത്തു. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ പുഴയും റോഡ് വക്കുകളും,
മരങ്ങൾ വെട്ടി നശിപ്പിച്ച് പണിതിരിക്കുന്ന കൂറ്റൻ കെട്ടിടങ്ങളും നമുക്ക് മാത്രമല്ല, സർവ്വ ജീവജാലങ്ങൾക്കും ഭീഷണി അല്ലേ?
ഇതിന് എന്താണ് ഒരു പരിഹാരം എന്നവർ കൂട്ടായി ചിന്തിച്ചു. അധ്യാപിക അപ്പുവിനെ അഭിനന്ദിച്ചു.
സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൽ ഇതൊരു ചർച്ചാവിഷയമായി. നമുക്ക് എന്ത് ചെയ്യാൻ കഴിയും? ഓരോരുത്തരുടെയും
മനസ്സിലെ ചിന്ത അതായി മാറി. നാം കണ്ട വിനോദസഞ്ചാരകേന്ദ്രങ്ങൾ എല്ലാം പരിസ്ഥിതി സൗഹൃദം ആക്കാൻ നമുക്ക്
കഴിയുമോ? നമ്മുടെ പരിസരമെങ്കിലും നമുക്ക് പരിപാലിക്കാൻ കഴിയുമല്ലോ.
വിപ്ലവകരമായ ഒരു മാറ്റത്തിനാണ് ഈ ചിന്ത തുടക്കം കുറിച്ചത് . സ്കൂളും പരിസരവും വിദ്യാർത്ഥി ഭവനങ്ങളും എല്ലാം
ശുചീകരിക്കപെട്ടു. ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. കൃഷി വകുപ്പും പഞ്ചായത്തും റസിഡൻസ്
അസോസിയേഷനുകളും വിദ്യാലയവുമായി സഹകരിച്ച് കർമ്മ പരിപാടികൾ സംഘടിപ്പിച്ചു. ഹരിതാഭമായ ഗ്രാമവും ജൈവ
കൃഷിയിടങ്ങളും ആ നാടിനെ സുന്ദരമാക്കുകയും സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും ചെയ്തു.
ഇന്ന് ജൂൺ 5. ലോക പരിസ്ഥിതിദിനം. പ്രഭാതത്തിൽ പത്രം വായിച്ച അധ്യാപികയ്ക്ക് തന്റെ കണ്ണുകളെ
വിശ്വസിക്കാനായില്ല. പരിസ്ഥിതിസൗഹൃദ പഞ്ചായത്തിനുള്ള പുരസ്കാരം തങ്ങളുടെ നാടിനു ലഭിച്ചിരിക്കുന്നു. "ഒരു വിദ്യാർഥിയുടെ
വ്യത്യസ്തമായ വീക്ഷണം ഒരു സമൂഹത്തിനാകമാനം വരുത്തിയ മാറ്റത്തിൽ നമുക്ക് അഭിമാനം കൊള്ളാം". സ്കൂൾ അസംബ്ലിയിൽ
അപ്പുവിനെ അഭിനന്ദിച്ച് പ്രഥമ അധ്യാപകൻ പറഞ്ഞ വാക്കുകൾ കേട്ട് ക്ലാസധ്യാപികയുടെ കണ്ണുകൾ നിറഞ്ഞു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ