Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി (കോവിഡ് 19 )
കോവിഡ് ലോകത്ത് നാശം വിതച്ച് മുന്നേറുകയാണ്. ലോകം അടുത്ത കാലത്തൊന്നും ഇങ്ങനെ നടുങ്ങിയിട്ടില്ല. എല്ലാവരും ദുരിത ഭൂമിയിൽ പകച്ചു നിൽക്കുകയാണ്. ഇരുപത്തിരണ്ട് ലക്ഷത്തിൽപരം രോഗബാധിതരും ഒന്നര ലക്ഷത്തോളം മരണങ്ങളുമായി എളുപ്പം മറികടക്കാനാവാത്ത സമാനകളില്ലാത്ത ദുരന്തമായി കൊറോണ വൈറസ് മാറിയിട്ടുണ്ട്. വൈറസുമായി ശാരീരിക സമ്പർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുമില്ലാത്തവരെ വരെ മാനസികമായി അത് ബാധിച്ചു കഴിഞ്ഞു. നമ്മുടെ വാർത്തകളും വർത്തമാനങ്ങളും അത് കീഴടക്കിയിരിക്കുന്നു. അളന്നു തിട്ടപ്പെടുത്തുക സാധ്യമല്ലാത്ത വിധം നമ്മുടെ ജീവിതത്തെ കൊറോണ പിടികൂടി. ആഴ്ചകൾക്കുള്ളിൽ നഗരവും ജീവിതവും തീവ്രമായ നിയന്ത്രണത്തിലായി. സ്കൂളുകളും കോളേജുകളും അടച്ചുപൂട്ടി, യാത്രകൾ നിയന്ത്രിക്കുകയും കർഫ്യൂ പ്രഖ്യാപനങ്ങൾ ഉണ്ടാകുകയും ചെയ്തു. എൻ്റെ സുഹൃത്തുക്കളും അയൽവാസികളും ഈ അടിയന്തരാവസ്ഥയോട് പ്രതികരിച്ചു. ഈ രോഗത്തിൽ അകപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ വളരെ ഗൗരവത്തോടുകൂടി തന്നെ കൈക്കൊണ്ടിരിക്കുന്നു.എല്ലാ വീടുകളിലും പ്രവേശന കവാടത്തിന് സമീപം തന്നെ ഒരു ക്ലോറിൻ ഹാൻഡ് വാഷിങ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. പിന്നെ മാസ്ക്കും ഗ്ലൗസും ധരിക്കാതെ പുറത്ത് പോകാൻ പാടില്ല.ഈ രോഗം വന്നവരുമായി യാതൊരുവിധ സമ്പർക്കവും പാടില്ല.കൊറോണ വൈറസിനോട് പോരാടുമ്പോൾ വ്യക്തികളും സമൂഹവും എന്ന നിലയിൽ നമ്മുടെ മുൻകാല അനുഭവങ്ങളിൽനിന്ന് ചിലതൊക്കെ പഠിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..
|